Monday, May 21, 2018

എന്താണ് ബ്രഹ്മചര്യം?



തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം.

ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്.

വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്.

ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്മത്തിനുവേണ്ടിയാണ് - ശിവനുവേണ്ടിയാണ് എന്ന് സാരം.

 ശിവനുള്ളപ്പോൾ നാം ശരീരത്തെ കുളിപ്പിച്ച് വൃത്തിയാക്കിവെയ്ക്കണം. ഈ ശിവനില്ലങ്കിലോ അത് ശവമായി. ശിവം ഇല്ലാത്തതാണ് ശവം. ഉള്ളിലുള്ള ബ്രഹ്മത്തെ കുളിപ്പിച്ചു കഴിഞ്ഞാൽ പൊട്ടു തൊടീക്കണം, പൗഡറിടീക്കുന്നു, പൂമാല ചൂടിക്കുന്നു, ചിലർ സുഗന്ധദ്രവ്യങ്ങൾ വാരി പൂശുന്നു. ഇതെല്ലം ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടയാണെന്ന ബോധത്തോടെ ചെയ്യണം.

 അതുകഴിഞ്ഞാൽ ഉള്ളിലെ ബ്രഹ്മത്തിനു ഭക്ഷണം നൽകണം. അതും ശ്രദ്ധയോടെ ബോധപൂർവ്വം ഭക്ഷണം കഴിക്കുന്നു. ഉള്ളിലെ ബ്രഹ്മത്തെ, ശിവനെയാണ് ഊട്ടുന്നത്. അതുകൊണ്ടാണ് ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുതെന്നും, എഴുനെൽക്കരുതെന്നും പറയുന്നത്. ഭക്ഷണം കഴിക്കുന്നത് തന്നെ ഒരു അഗ്നിഹോത്രമാണ്.

ഉള്ളിലെ ബ്രഹ്മത്തിനായി, അഗ്നിക്കായി അഞ്ചാഹുതികൾ നൽകുന്നു. പ്രാണായ സ്വാഹാ, അപാനായ സ്വാഹാ, വ്യാനായ സ്വാഹാ, ഉദാനായ സ്വാഹാ, സമാനായ സ്വാഹാ എന്നിങ്ങനെ. എല്ലാം വളരെയേറെ ബോധപൂർവ്വം ചെയ്യണം. ഇങ്ങനെ ജീവിതത്തിൽ ഓരോ കാര്യവും ബോധപൂർവ്വം ചെയ്യുമ്പോൾ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി ചെയ്യുമ്പോൾ ആ ചര്യകളെ നാം എന്തുവിളിക്കും.

 ബ്രഹ്മത്തിനുവേണ്ടി ചെയ്യുന്ന ചര്യ ബ്രഹ്മചര്യമെന്ന പേരിൽ അറിയപ്പെടും. എന്നാൽ ചിലർ ബ്രഹ്മചര്യമെന്നാൽ സ്ത്രീവിരുദ്ധസമീപനമാണെന്നു തെറ്റിദ്ധരിച്ചു.


No comments:

Post a Comment