Friday, June 22, 2018

നിർജല ഏകാദശി




 നിർജല ഏകാദശി പേരുപോലെ, (നിർജല) ജലം പോലും സേവിക്കാതെ തികഞ്ഞ ഭക്തി നിർഭരമായി അനുഷ്ഠിക്കുകയാണെങ്കിൽ നാം ഈ ജന്മം ചെയ്തു കൂട്ടിയ പാപങ്ങളിൽ നിന്ന് മുക്തി ലഭിക്കുന്നു.

ഹിന്ദുമതവിശ്വാസികൾക്കിടയിൽ ഏകാദശിക്ക് പ്രഥമ സ്ഥാനമാണുള്ളത്. എന്തെന്നാൽ ഏകാദശി വ്രതം ഭഗവാൻ വിഷ്ണുവുമായി ബന്ധപ്പട്ടതാണ്. അതിനാൽ വിഷ്ണുഭഗവാൻെറ കൃപാകടാക്ഷം ലഭ്യമാകുന്നതിനു ഏവരും ഏകാദശി വ്രതം അനുഷ്ഠിക്കുക. ഇതിലൂടെ ലക്ഷ്മീദേവിയുടെ കൃപാകടാക്ഷത്തിനും യോഗ്യരായി തീരുന്നു.

നിർജല ഏകാദശി വൃതം നോൽക്കുമ്പോൾ ജലം, ഫലങ്ങൾ, അന്നം (ഭക്ഷണം) എല്ലാം പൂർണ്ണമായി ഉപേക്ഷിച്ച് ഉപവാസം അനുഷ്ഠിക്കുകയാണെങ്കിൽ എല്ലാ കഷ്ടതകളും, കടങ്ങളും, പാപങ്ങളും തീരും. അഥവാ പൂർണ്ണ ഉപവാസം സാദ്ധ്യമല്ലെങ്കിൽ പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ഉപവസിക്കുക. ദിവസം മുഴുവൻ ഭക്ഷണം ഉപേക്ഷിക്കാൻ കഴിയാത്തവർ രാവിലെ കുളിച്ച് വിഷ്ണു വിഗ്രഹത്തിലോ ഫോട്ടോയിലോ 108 തുളസിയിലയെടുത്ത് വിഷ്ണു ഗായത്രി മന്ത്രം ചൊല്ലി ഓരോ തുളസിയില വീതം അർപ്പിക്കുക.
നാരായണായ വിദ്മഹേ
വാസുദേവായ ദീമഹീ
തന്നോ വിഷ്ണു പ്രചോദയാത്!!!

ഇത് 108 പ്രാവശ്യം ചൊല്ലി തുളസിയില വിഷ്ണു പാദത്തിങ്കൽ അർപ്പിക്കുക.(ഭക്തരുടെ പ്രത്യേക ശ്രദ്ധക്ക് )
ഏകാദശി ദിവസം തുളസിയില നുള്ളരുത്
ഈ പൂജ വ്രതാനുഷ്ഠാനത്തോടെ ചെയ്യുകയാണെങ്കിൽ അതി ഉത്തമം .

*നിർജല വ്രതം*

ഒരു ദിവസം ഭീമൻ വ്യാസമഹർഷിയോടു ചോദിച്ചു,
എൻെറ സഹോരന്മാരും,ദ്രൗപതിയും, അമ്മ കുന്തിയും ഏകാദശി ദിവസം ഉപവസിക്കുന്നു. അവർ എന്നോടും ഉപവസിക്കാൻ പറയുന്നു. ഞാൻ അവരോടു പറഞ്ഞു എനിക്ക് വിശപ്പ് സഹിക്കാൻ പറ്റില്ല എന്ന്. ഞാൻ  ദാനം നൽകിയും ഭഗവാൻ വാസുദേവനെ അർച്ചന ചെയ്തും സന്തോഷിപ്പിച്ചു കൊള്ളാം .
ഹേ മഹർഷേ, വൃതമെടുക്കാതെ ഏകാദശിയുടെ ഫലം കിട്ടാൻ ഒരു ഉപായം പറഞ്ഞു തന്നാലും.

വേദവ്യാസൻ പറഞ്ഞു
ഭീമാ, നരകത്തിൽ പോകാതെ സുരക്ഷിതമായി സ്വർഗ്ഗത്തിൽ പോകണമെങ്കിൽ ഏകാദശി വൃതമെടുക്കണം.

ഭീമൻ പറഞ്ഞു
ഓ മഹർഷേ,
ഒരുനേരം ഭക്ഷണം കഴിച്ചിട്ട് തന്നെ എൻെറ കാര്യം നടക്കുന്നില്ല. എൻെറ ഉദരത്തിൽ വൃക് എന്ന അഗ്നി കത്തിക്കൊണ്ടിരിക്കും. ആവശ്യത്തിന് ഭക്ഷണം കഴിച്ചിട്ടും എൻെറ വിശപ്പ് മാറുന്നില്ല. ഹേ ഋഷീശ്വരാ, കൃപ ചെയ്ത് അങ്ങനെയൊരു ഉപവാസം പറഞ്ഞു  തരൂ, ഏത് ചെയ്താൽ അതിൽ എനിക്ക് നല്ലത് മാത്രം ഉണ്ടാകും.

വ്യാസമഹർഷി പറഞ്ഞു
ഇടവ(ജ്യേഷ്ഠ)മാസത്തിലെ ഏകാദശിക്ക് വെള്ളം കുടിക്കാതെ ഉപവസിക്കു. കുളി, തേവാരത്തിനു വെള്ളം ഉപയോഗിക്കാം. പഴവർഗ്ഗങ്ങളും മറ്റ് ഭക്ഷണങ്ങളും കഴിക്കരുത്. വായുവല്ലാതെ എന്തു ഭക്ഷിച്ചാലും ഉപവാസം മുടങ്ങും. നീ ജീവിതത്തിൽ ഈ വൃതത്തിൻെറ അനുഷ്ഠാനം ചെയ്യൂ. അതുകൊണ്ട് മുമ്പുള്ള ഏകാദശികളിൽ അന്നം കഴിച്ചതിൻെറ പാപം തീരും. ഈ ദിവസം മുഴുവൻ
 *ഓം നമോ ഭഗവതേ വാസുദേവായ* എന്ന മന്ത്രം ചൊല്ലുക. പശുക്കളെ ദാനം ചെയ്യുക.

മഹർഷി വേദവ്യാസൻെറ ആജ്ഞാനുസരണം ഭീമൻ ഭയങ്കര സാഹസപൂർവ്വം നിർജല വൃതമെടുത്തു. ദ്വാദശീ ദിവസം കാലത്ത് തളർന്നു ബോധം മറഞ്ഞ് കിടക്കുന്ന ഭീമനെയാണ് സഹോദരന്മാർ കണ്ടത്. അവർ ഗംഗാജലം, തുളസി, ദേവൻെറ ചരണാമൃതം പ്രസാദം ചേർത്ത് ഭീമനു് നൽകി. ഭീമൻ ഊർജ്വസ്വലനായി എഴുന്നേറ്റു. ഭീമൻ തൻെറ സർവ്വ പാപങ്ങളിൽ നിന്നും മുക്തനായി.
ഇത്രയും ശക്തിയുള്ള വൃതാനുഷ്ഠാനമാണ് നിർജല ഏകാദശി

No comments:

Post a Comment