Friday, October 12, 2018

നവരാത്രി ആഘോഷത്തിന്‍റെ കാതല്‍

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതുമേ സദാ'
തമസ്സകറ്റി വിദ്യയുടെ വെളിച്ചം വരികയാണ്. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവീസങ്കല്‍പങ്ങളെ കേന്ദ്രീകരിച്ച് ഭാരതമാകെ നവരാത്രിപൂജയുടെ നാളുകള്‍. മലയാളനാട്ടില്‍ മുഖ്യമായും സരസ്വതീ ദേവിയെ കേന്ദ്രീകരിച്ചാണ് നവരാത്രി.എന്നാല്‍ ദേശീയ തലത്തില്‍ നവരാത്രിയാഘോഷത്തിനു വ്യത്യസ്ത ഭാവതലങ്ങളാണ്. കേരളത്തില്‍ വിദ്യാരംഭം, തമിഴ്നാട്ടില്‍ കൊലു വയ്പ്, കര്‍ണാടകയില്‍ ദസറ, ഉത്തരഭാരതത്തില്‍ രാമലീല, ബംഗാളില്‍ ദുര്‍ഗാപൂജ, അസമില്‍ കുമാരീപൂജ...
ഭാരതീയ സംസ്കാരത്തിന്റെ ശോഭനമുഖമാണു ദേശീയ ഐക്യത്തിന്റെ പ്രതീകം കൂടിയായ നവരാത്രി. പ്രാദേശികത്തനിമകളോടെ നവരാത്രിയാഘോഷം മുഴുവന്‍ ഭാരതത്തിന്റേതുമാകുന്നു. ദേവീ ഉപാസനയാണു നവരാത്രി ആഘോഷത്തിന്റെ കാതല്‍. ഉത്തരഭാരതത്തില്‍ ഇതു രാവണ നിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണെങ്കിലും രാവണനെ നിഗ്രഹിക്കാനുള്ള ശക്തി സംഭരിക്കാന്‍ ശ്രീരാമന്‍ ഒന്‍പതു ദിവസം ദേവിയെ ഉപാസിച്ചു വരം വാങ്ങി എന്ന സങ്കല്‍പമാണ് അടിസ്ഥാനം. ഒന്‍പതു ദിവസം ദേവീ ഉപാസനയും പിറ്റേന്നു വിജയദശമിയും എന്നതാണ് മിക്കയിടത്തും ആഘോഷ രീതി. ശരത്കാലത്തിലും വസന്തകാലത്തിലുമാണു വിധിപ്രകാരം നവരാത്രി പൂജ ചെയ്യേണ്ടത്. മേടം, തുലാം എന്നീ മാസങ്ങളില്‍ ഇൌ വ്രതം അനുഷ്ഠിക്കണമെന്നാണ് വിധി.
ആദിശക്തിയുടെ മൂന്നു സങ്കല്‍പങ്ങളായ ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവതകളെ ഉപാസിച്ചാണ് നവരാത്രി ആരാധന. ആഘോഷത്തിന്റെ ആദ്യ മൂന്നു ദിനങ്ങള്‍ ദുര്‍ഗാദേവി, രണ്ടാമത്തെ മൂന്നു ദിനങ്ങള്‍ ലക്ഷ്മീദേവി, അവസാന മൂന്നു ദിനങ്ങള്‍ സരസ്വതീദേവി എന്നിങ്ങനെയാണു മിക്കയിടത്തും പൂജാ ക്രമം.
മൂന്നു ലോകവും അടക്കിവാണ അസുരരാജാവായിരുന്നു മഹിഷാസുരന്‍. സ്വര്‍ഗത്തില്‍ നിന്ന് ഇന്ദ്രാദി ദേവകളെ ആ അസുരന്‍ ആട്ടിപ്പായിച്ചു. ത്രിമൂര്‍ത്തികളുടെ നിര്‍ദേശപ്രകാരം മഹിഷനിഗ്രഹത്തിനായി ദേവകളുടെ എല്ലാം തേജസ് ഒന്നായി ചേര്‍ന്നു രൂപമെടുത്തതാണ് ദുര്‍ഗാദേവി. ഇരുവരും യുദ്ധം ആരംഭിച്ചു. യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെ എല്ലാം ഒന്നൊന്നായി ദേവി കൊന്നൊടുക്കി. ഒടുവില്‍ മഹിഷാസുരന്‍ തന്നെ നേരിട്ടെത്തി. യുദ്ധത്തില്‍ ദേവി വിഷ്ണുചക്രത്താല്‍ മഹിഷാസുരനെ വധിച്ചു. ദേവി വിജയം വരിച്ച കാലമാണു വിജയദശമി. വിദ്യയുടെ ആവിര്‍ഭാവത്തോടെ അജ്ഞാനത്തിന്റെ ഇരുളകന്നു എന്നതിന്റെ സൂചന കൂടിയാണിത്.
അതിനാല്‍ ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളുടെയും അഭ്യാസസംരംഭത്തിന് ഏറ്റവും അനുയോജ്യമായ സന്ദര്‍ഭമായി ഇതിനെ പരിഗണിക്കുന്നു. ദുര്‍ഗയുടെ തന്നെ രൂപാന്തരസങ്കല്‍പമാണല്ലോ സരസ്വതി. ദേവിയുടെ വിജയദിനമായി കരുതപ്പെടുന്ന വിജയദശമി വിദ്യാരംഭദിനമായി ആചരിക്കപ്പെടുന്നു. യോദ്ധാവ് തന്റെ ആയുധങ്ങളെയും സാഹിത്യകാരന്‍ തന്റെ ഗ്രന്ഥങ്ങളെയും തൂലികയെയും സംഗീതജ്ഞര്‍ സംഗീതോപകരണങ്ങളെയും ദേവിയുടെ പാദത്തില്‍ സമര്‍പ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭമുഹൂര്‍ത്തത്തില്‍ പ്രാര്‍ഥനാപൂര്‍വം അവ തിരികെ എടുക്കുന്നു.
നവരാത്രി, വിജയദശമി ആഘോഷത്തില്‍ അവസാനത്തെ മൂന്നു ദിവസങ്ങള്‍ക്കാണു കൂടുതല്‍ പ്രാധാന്യം. അഷ്ടമിദിവസം ദുര്‍ഗാഭഗവതിയും നവമിദിവസം ലക്ഷ്മീദേവിയും ദശമിദിവസം സരസ്വതീ ദേവിയും വിശേഷാല്‍ ആരാധിക്കപ്പെടുന്നു. കേരളത്തില്‍ ദുര്‍ഗാഷ്ടമി ദിവസത്തെ പൂജവയ്പോടെയാണ് ആഘോഷങ്ങളുടെ തുടക്കം. പണിയായുധങ്ങളും പാഠപുസ്തകങ്ങളും ഗ്രന്ഥങ്ങളും എല്ലാം സരസ്വതീ വിഗ്രഹത്തിനു മുന്നില്‍ പൂജയ്ക്കായി സമര്‍പ്പിക്കുന്നു. മഹാനവമി അനധ്യായ ദിവസമാണ്. വിജയദശമി വിശേഷാല്‍ പൂജയ്ക്കുശേഷം വിദ്യാരംഭത്തോടെ ആഘോഷങ്ങള്‍ സമാപിക്കുന്നു.

No comments:

Post a Comment