Friday, June 28, 2019

കൊല്ലൂരിലെ മൂകാംബി ക്ഷേത്ര വിവരണം

 കുടജാദ്രി മലനിരകളിൽ നിന്ന് ഒഴുകു എത്തുന്ന സൗ‌പണ്ണിക നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രത്തേക്കുറിച്ച് കേട്ടിട്ടില്ലാത്ത സഞ്ചാ‌രികൾ കുറവായിരിക്കും. വിദ്യാദേവതയെ ആരാധിയ്ക്കുന്നവരുടെയെല്ലാം ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. മൂകാംബിക ദേവിയെ നേരില്‍ തൊഴാന്‍ കഴിയുകയെന്നത് ജന്മസൗഭാഗ്യമായിട്ടാണ് ഭക്തര്‍ കരുതുന്നത്.
കുട്ടികളുടെ വിദ്യാരം‌ഭത്തിനും കലാരംഗ‌ങ്ങളിലെ അരങ്ങേറ്റത്തിനുമൊക്കെ ആളുകൾ ‌തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഈ ക്ഷേത്രം. പറഞ്ഞറിയിക്കാൻ പറ്റാത്ത ചൈതന്യമുണ്ട് കര്‍ണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയില്‍ സ്ഥിതിചെയ്യുന്ന കൊല്ലൂര്‍ എന്ന ഈ ക്ഷേത്ര നഗരത്തിന്.

ഒരിക്കല്‍ വന്നുപോയാല്‍ വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മായാജാലമുണ്ട് ഈ സ്ഥലത്തിന്, ഭക്തര്‍ അത് ദേവീയുടെ ശക്തിയായും അല്ലാത്തവര്‍ അത് കൊല്ലൂരിന്റെ പ്രകൃതിയുടെ പ്രത്യേകതയായും കാണുന്നു. സരസ്വതീ ഭക്തര്‍ക്കൊപ്പം പ്രകൃതിസ്‌നേഹികളായ സഞ്ചാരികളും എത്തുന്നുവെന്നതാണ് കൊല്ലൂരിന്റെ പ്രത്യേകത.

പ്രതി‌ഷ്ഠ
പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നും അതല്ല ആദിശങ്കരനാണ് പ്രതിഷ്ഠ നടത്തിയതെന്നും കഥകളുണ്ട്. എന്തായാലും ശങ്കരാചാര്യരുടെ കഥയ്ക്കാണ് കൂടുതല്‍ പ്രചാരമുള്ളത്.
രാജ്യത്ത് ശക്തി ആരാധന നടക്കുന്ന പ്രമുഖ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് മൂകാംബിക ക്ഷേത്രം.മൂകാസുരനെന്ന അസുരനെ ദേവി ഇവിടെവച്ചാണ് വധിച്ചതെന്നും അതിനാലാണ് മൂകാംബികയെന്ന പേരുവന്നതെന്നുമാണ് കഥകള്‍.
 ജ്യോതിർ ലിംഗം
ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ജ്യോതിര്‍ലിംഗമാണ് പ്രതിഷ്ഠ. സ്വര്‍ണരേഖയെന്ന് പറയുന്ന സ്വര്‍ണ വര്‍ണത്തിലുള്ള ഒരു രേഖ ജ്യോതിര്‍ലിംഗത്തിലുണ്ട്. ഈ രേഖ ലിംഗത്തെ രണ്ടായി പകുക്കുകയാണ്. ഈ രണ്ടു ഭാഗങ്ങളില്‍ ചെറിയ ഭാഗം ത്രിമൂര്‍ത്തി ശക്തിയുള്ളതും വലിയ ഭാഗം സൃഷ്ടിയുടെ അടിസ്ഥാനായ സരസ്വതി, പാര്‍വ്വതി, ലക്ഷ്മീ എന്നീ ദേവതാ സങ്കല്‍പ്പങ്ങളുമാണ്
ഈ ജ്യോതിര്‍ലിംഗത്തിന് പിന്നിലായിട്ടാണ് ദേവി മൂകാംബികയുടെ ലോഹവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇത് ആദിശങ്കരനാണ് പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. കുടജാദ്രിയില്‍ തപസുചെയ്ത ശങ്കരന് മുന്നില്‍ ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ പിന്തുടര്‍ന്ന് കേരളത്തിലേയ്ക്ക വരാന്‍ ശങ്കരന്‍ ദേവിയെ ക്ഷണിച്ചു.
 കേരളത്തില്‍ എത്തിച്ച് അവിടെ ദേവിയെ കുടിയിരുത്തുകയായിരുന്നു ശങ്കരന്റെ ഉദ്ദേശം. ശങ്കരന്റെ ഇംഗിതം അംഗീകരിച്ച ദേവി ഒരു നിബന്ധന വച്ചു. താന്‍ പിന്നാലെ നടക്കുമെന്നും എന്നാല്‍ പിന്നില്‍ത്തന്നെയുണ്ടോയെന്നറിയാന്‍ ശങ്കരന്‍ തിരിഞ്ഞുനോക്കരുതെന്നുമായിരുന്നു നിബന്ധന, അഥവാ നോക്കിയാല്‍ ആ സ്ഥലത്ത് താന്‍ ഇരിപ്പുറപ്പിയ്ക്കുമെന്നും ദേവി പറഞ്ഞു.ഈ വ്യവസ്ഥ അംഗീകരിച്ച് ശങ്കരന്‍ മുമ്പിലായി നടന്നു. പിന്നില്‍ നടക്കുന്ന ദേവിയുടെ പാദസരത്തിന്റെ കിലുക്കമാണ് ദേവിയൊപ്പമുണ്ടെന്ന് ശങ്കരന് ഉറപ്പ് നല്‍കിക്കൊണ്ടിരുന്നത്. കുറച്ചുകഴിഞ്ഞപ്പോള്‍ പാദസരക്കിലുക്കം കേള്‍ക്കാതായി ദേവി പിന്നിലുണ്ടോയെന്നറിയാന്‍ തിടുക്കമായ ശങ്കരന്‍ നിബന്ധന ലംഘിച്ച് തിരിഞ്ഞുനോക്കി. ഇതോടെ ദേവി നേരത്തേ പറഞ്ഞതുപ്രകാരം ആ സ്ഥലത്ത് കുടിയിരിയ്ക്കുകയായിരുന്നുവത്രേ.ഈ സ്ഥലമാണ് കൊല്ലൂരിലെ മൂകാംബികാ സന്നിധിയെന്നാണ് വിശ്വാസം. പിന്നീട് ശങ്കരന്‍ ആത്മലിംഗത്തിന് പിന്നിലായി ദേവിയെ പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ചതുര്‍ബാഹുവായ ദേവീരൂപമാണ് ഇവിടുത്തേത്.
108 ശക്തി പീഠങ്ങൾ
നൂറ്റിയെട്ട് ശക്തിപീഠങ്ങളില്‍ വിശേഷസ്ഥാനമാണ് കൊല്ലൂര്‍ മൂകാംബികയ്ക്ക് നല്‍കുന്നത്. സിദ്ധി ക്ഷേത്രമായതിനാല്‍ ദേവിയുടെ മുന്നില്‍ നിന്നും പ്രാര്‍ത്ഥിയ്ക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം. ഇവിടെ എഴുത്തിനിരുത്തുന്ന കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നതങ്ങളിലെത്തുമെന്നും, ആദ്യത്തെ കലോപാസന ഇവിടെ നടത്തുന്ന കലാകാരന്മാര്‍ നൈപുണ്യം കൈവരിയ്ക്കുമെന്നുമെല്ലാം വിശ്വസിക്കപ്പെടുന്നു.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കൊലാപുര ആദി മഹാലക്ഷ്മി ക്ഷേത്രമെന്നും അറിയപ്പെടുന്നുണ്ട്. മലനിരകള്‍ക്കും കാടിനും നടുവിലായിട്ടാണ് മൂകാംബികയുടെ വാസം. നവരാത്രികാലമാണ് ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട സമയം. ഈ സമയത്ത് ഇവിടെ നന്നേ ഭക്തജനത്തിരക്കനുഭവപ്പെടാറുണ്ട്. ഈ സമയത്തെ ഇവിടത്തെ വിശേഷാല്‍ പൂജകളെല്ലാം കണ്ടിരിക്കേണ്ടതുതന്നെയാണ്.

ശങ്കരപീഠത്തില്‍ നവാക്ഷരീകലശ പ്രതിഷ്ഠ നടത്തുന്നതാണ് നവരാത്രി പൂജയിലെ പ്രത്യേകത. പരമ്പരാഗതമായി ഈ പൂജ നടത്തിവരുന്ന കുടുംബങ്ങളിലെ വിവാഹിതരായ യുവതികള്‍ക്ക് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം വരെ ചെല്ലാന്‍ ഈ സമയത്ത് അവസരം ലഭിയ്ക്കുന്നത് പ്രത്യേകതയാണ്.
നവരാത്രികാലത്താണ് വിദ്യാരംഭം കുറിയ്ക്കാനായി കുട്ടികളെത്തുന്നത്. മഹാനവമി ദിവസമാണ് നവാക്ഷരീകലശം സ്വയംഭൂ ലിംഗത്തില്‍ അഭിഷേകം ചെയ്യുന്ന വിശേഷ ചടങ്ങ് നടക്കുന്നത്. നവരാത്രി കാലത്ത് മൂകാംബികാ ദര്‍ശനത്തിന് അവസരമൊക്കുകയെന്നാല്‍ വലിയ ഭാഗ്യമാണെന്നാണ് കരുതപ്പെടുന്നത്.
എത്രതവണ നമ്മള്‍ യാത്രയ്‌ക്കൊരുങ്ങിയാലും ദേവിതന്നെ വിചാരിച്ചെങ്കില്‍ മാത്രമേ മുടക്കം കൂടാതെ ഭക്തര്‍ സന്നിധിയിലെത്തുകയുള്ളുവെന്നാണ് വിശ്വാസം.

ഗരുഡ ഗുഹ
ഇസ്‌കോണിന് കീഴിലുള്ള പരശുരാമ ക്ഷേത്രത്തിനടുത്തായിട്ടാണ് ഗരുഡ ഗുഹയുള്ളത്. ഗരുഡന്‍ ഇവിടെ തപസ്സനുഷ്ഠിച്ചിട്ടുണ്ടെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. മൂകാംബിക ക്ഷേത്രത്തില്‍ നിന്നും അടുത്തായിട്ടാണ് ഇത്. കൊല്ലൂരിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ് ഗരുഡ ഗുഹ.

അരിഷ്ണ ഗുണ്ടി വെള്ളച്ചാട്ടം

മൂകാംബിക വന്യജീവി സങ്കേതത്തിനുള്ളിലാണ് മനോഹരമായ ഈ വെള്ളച്ചാട്ടമുള്ളത്. നടന്നു മലകയറിയെങ്കില്‍ മാത്രമേ ഇതിനടുത്ത് എത്താന്‍ കഴിയുകയുള്ളു. ഇവിടത്തെ വനംവകുപ്പ് അധികൃതരില്‍ നിന്നും അനുമതി വാങ്ങിവേണം യാത്ര തുടങ്ങാന്‍
വെയില്‍ വെള്ളച്ചാട്ടത്തിലേയ്ക്ക് വന്നുവീഴുമ്പോഴുണ്ടാകുന്ന പ്രത്യേക മഞ്ഞ നിറത്തിന്റെ പേരിലാണ് ഇതിന് അരിഷ്ണയെന്ന് പേരുവന്നത്. അരിഷ്ണയെന്നാല്‍ മഞ്ഞളിന്റെ പോലെയുള്ള മഞ്ഞനിറമെന്നാണ് അര്‍ത്ഥം. വെയില്‍ വന്നുവീഴുമ്പോഴുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതിമനോഹരമാണ്. വേനല്‍ക്കാലത്തും മഞ്ഞുകാലത്തുമെല്ലാം ഒരുപോലെ മനോഹരമാണ് ഈ വെള്ളച്ചാട്ടം.

സരസ്വതി, ലക്ഷ്മി, ദുർഗ എന്നീ സാന്നിദ്ധ്യങ്ങൾ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമാണ് ഇവിടെ എന്നാണ് വിശ്വാസം. ഇവിടത്തെ പ്രധാന വഴിപാടുകൾ നിറമാല, അലങ്കാരപൂജ, ഗുരുതി തർപ്പണം, ഉമാമഹേശ്വര പൂജ, വിദ്യാരംഭം എന്നിവയാണ്. വാവ്, പ്രതിപദം, കുട്ടിയുടെ ജന്മനക്ഷത്രം എന്നിവ ഒഴിച്ചുള്ള ദിവസങ്ങളിൽ വിദ്യാരംഭം നടത്താം. രാവിലെ 8 മുതൽ 9.30 വരെയാണ് എന്നും ഇത് നടത്തുന്നത്.


No comments:

Post a Comment