🕉🕉🕉🕉
സീതയുടെ ജനനത്തെപ്പറ്റി പല രാമായണങ്ങളിലും പുരാണങ്ങളിലും വ്യത്യസ്തമായ കഥകളാണു പറയുന്നത്. വാല്മീകീരാമായണത്തില്‍ ജനകന്‍ വിശ്വാമിത്രനോടു പറയുന്നു. ''ഞാന്‍ ഒരിക്കല്‍ യാഗത്തിനായി നിലം ഉഴുത സമയത്ത് ഉഴവുചാലില്‍നിന്ന് ഒരു പെണ്‍കുട്ടി ഉയര്‍ന്നുവന്നു. നിലം ഉഴുത സമയത്തു ലഭിച്ചതിനാല്‍ അവള്‍ക്ക് സീതയെന്നു പേരിട്ടു. സീത എന്നതിന് ഉഴവുചാല്‍ എന്നര്‍ത്ഥം. അയോനിജയായ ഈ മകളെ ഞാന്‍ വീരനുള്ള പ്രതിഫലമായി നിശ്ചയിച്ചു വളര്‍ത്തി.'' അദ്ധ്യാത്മരാമായണം മുലത്തിലും ഇതേകഥ തന്നെ ജനകന്‍ പറയുന്നു. ഒരിക്കല്‍ ഞാന്‍ യജ്ഞഭൂമിയുടെ ശുദ്ധിക്കായി നിലം ഉഴുകയായിരുന്നു. എന്റെ കലപ്പയുടെ സീതയില്‍ നിന്ന് ശുഭലക്ഷണയായ ഈ കന്യക പ്രകടയായി. അവളെക്കണ്ടപ്പോള്‍ എനിക്ക് പുത്രിയോടെന്നപോലെ സ്‌നേഹം തോന്നി. അങ്ങനെ ഞാന്‍ ഈ ചന്ദ്രമുഖിയെ എന്റെ പ്രിയപത്‌നിക്കു സമര്‍പ്പിച്ചു. (ഇവിടെ സിത എന്നതിന് കലപ്പയുടെ അഗ്രഭാഗം എന്നര്‍ത്ഥം) എഴുത്തച്ഛന്‍ ഇതുതന്നെ ആവര്‍ത്തിക്കുന്നു. യാഗഭൂദേശം വിശുദ്ധ്യര്‍ത്ഥമായുഴുതപ്പോ- ളേകദാ സിതാമധേ്യ കാണായി കന്യാരത്‌നം ജാതയായൊരു ദിവ്യകന്യക തനിക്കു ഞാന്‍ സീതയെന്നൊരു നാമം വിളിച്ചേനതുമൂലം. ലക്ഷ്മീദേവിയുടെ അവതാരമായ സീത എങ്ങനെ ഭൂപുത്രിയായി അഥവാ മണ്ണിനടിയിലെത്തി എന്നൊരു ചോദ്യമുദിക്കുന്നു. എന്തെങ്കിലുമൊരു കാരണം വേണമല്ലോ. ദേവീഭാഗവതം, ഉത്തരരാമായണം, ആനന്ദരാമായണം, അത്ഭുതരാമായണം എന്നിവയിലൂടെ ഒരനേ്വഷണം നടത്താം. ആദ്യം ദേവീഭാഗവതം:- വിഷ്ണുവിന്റെ അംശത്തില്‍ ജനിച്ച ദക്ഷസാവര്‍ണ്ണി എന്ന മനുവിന്റെ പുത്രപരമ്പരയില്‍ രഥധ്വജന്‍ എന്ന രാജാവിന്റെ പുത്രന്മാരായിരുന്നു ധര്‍മ്മധ്വജനും കുശധ്വജനും. ഇവര്‍ മഹാലക്ഷ്മി പുത്രിയായി ജനിക്കണ ആഗ്രഹത്തോടെ തപസ്സാരംഭിച്ചു. തപസ്സില്‍ പ്രീതയായി ലക്ഷ്മീദേവി പ്രത്യക്ഷപ്പെട്ട് രണ്ടുപേരുടെയും പുത്രിയായി ജനിക്കാമെന്നു വാഗ്ദാനം ചെയ്തു. ധര്‍മ്മധ്വജന് മാധവി എന്ന ഭാര്യയില്‍ ലക്ഷ്മി പുത്രിയായി ജനിച്ചു. കുഞ്ഞിന് തുളസി എന്നുപേരിട്ടു. ഈ തുളസിയായിയാണ് പിന്നീടൊരു ശാപം മൂലം തുളസിച്ചെടിയായിത്തീര്‍ന്നത്. അക്കഥയ്ക്ക് ഇവിടെ പ്രസക്തിയില്ല. ധര്‍മ്മധ്വജന്റെ സഹോദരനായ കുശധ്വജനും ഭാര്യ മാലാവതിയും പുത്രി ജനനത്തിനു വേണ്ടി സദാ വേദമന്ത്രങ്ങള്‍ ജപിച്ചുകൊണ്ടിരുന്നു. ഈ അവസരത്തില്‍ കുശധ്വജന്റെ വായില്‍നിന്നും ഒരു ശിശു അവതരിച്ചു. വേദത്തില്‍ നിന്നുണ്ടായതിനാല്‍ വേദവതിയെന്നും ദൈവീകമായി ലഭിച്ചതിനാല്‍ ദേവഗതി എന്നും പേരുണ്ടായി. ഈ വേദവതി യൗവനയുക്തയായപ്പോള്‍ മഹാവിഷ്ണു ഭര്‍ത്താവായിത്തീരണമെന്നാഗ്രഹിച്ചു. ഒരിക്കല്‍ ശംഭുവെന്ന ഒരസുരന്‍ കുശധ്വജന്റെ ആശ്രമത്തിലെത്തി ദേവവതിയെക്കണ്ട് മോഹിച്ച് ഭാര്യയായി നല്‍കാന്‍ ആവശ്യപ്പെട്ടു. കുശധ്വജന്‍ വഴങ്ങിയില്ല. കുപിതനായ ശംഭു അദ്ദേഹത്തെ വെട്ടിക്കൊന്നു. ഇതുകണ്ട് ജ്വലിച്ച കോപത്തോടെ വേദഗതി അസുരനെ ഒന്നുനോക്കി. അയാള്‍ അവളുടെ കോപാഗ്നിയില്‍ ഭസ്മമായിപ്പോയി. ദുഃഖിതയായ ദേവഗതി വിഷ്ണുവിനെ ലഭിക്കാന്‍ തപസ്സാരംഭിച്ചു. ഈ ഘട്ടത്തിലാണ് ദ്വിഗ്വിജയത്തിനു പുറപ്പെട്ട രാവണന്‍ തപസ്സനുഷ്ഠിക്കുന്ന വേദഗതിയെക്കാണുന്നത്. തന്നെ ഭര്‍ത്താവായി വരിക്കാന്‍ രാവണന്‍ ആവശ്യപ്പെടുന്നു. താന്‍ വിഷ്ണുഭക്തയാണെന്നുപറഞ്ഞ് കന്യക അതു നിഷേധിച്ചു. കാമാന്ധനായ രാവണന്‍ അവളുടെ കൈയില്‍ പിടിച്ച് ബലാല്‍ക്കാരമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ ദുഷ്ടന്റെ സ്പര്‍ശംകൊണ്ട് അശുദ്ധമായ ശരീരം ഇനി വേണ്ടയെന്നു പറഞ്ഞ് ദേവഗതി തന്റെ യോഗാഗ്നിയില്‍ ശരീരം ആഹുതി ചെയ്തു. അഗ്നിയില്‍ ചാടുന്നതിനുമുമ്പ് താന്‍ വീണ്ടും ജനിക്കുമെന്നും മഹാവിഷ്ണുവിന്റെ ഭാര്യയായിത്തീരുമെന്നും രാവണന്റെ മരണത്തിനു കാരണക്കാരിയാകുമെന്നും വേദഗതി ശപിച്ചു. ഭയന്നുപോയ രാവണന്‍ അവളുടെ ചാരം ഒരു പെട്ടിയിലടച്ച് ലങ്കയിലേക്കുകൊണ്ടുപോയി. പെട്ടി വന്നതുമൂലം ചില അനര്‍ത്ഥങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. നാരദന്റെ ഉപദേശപ്രകാരം ആ പെട്ടി കടലിലൊഴുക്കി. അതു മിഥിലയിലെ നദീതീരത്തെത്തി. ഈ സ്ഥലത്ത് യാഗം ചെയ്യാനായി ജനകന്‍ ഉഴുതപ്പോള്‍ സീതയെ ലഭിച്ചു. ആനന്ദരാമായണത്തില്‍ ഏതാണ്ട് ഇതിനു സമാനമായ കഥ മറ്റൊരുരൂപത്തില്‍ പറയുന്നു. പത്മാക്ഷന്‍ എന്ന രാജാവ് ലക്ഷ്മീകടാക്ഷമുണ്ടാകാന്‍ വേണ്ടി തപസ്സുചെയ്തു. അതിന്റെ ഫലമായി ലക്ഷ്മീദേവി മകളായി ജനിച്ചു. അവര്‍ക്ക് പത്മഎന്നു പേരിട്ടു. മകള്‍ യൗവയയുക്തയാകുംതോറും രാജ്യം ഐശ്വര്യ സമൃദ്ധമാകാന്‍ തുടങ്ങി. പത്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് നിരവധി രാജാക്കന്‍മാര്‍ എത്തി. പത്മയ്ക്ക് ഇഷ്ടമുള്ളയാളെ വരിക്കാനായി പത്മാക്ഷന്‍ സ്വയംവരം പ്രഖ്യാപിച്ചു. സ്വയംവര ദിവസം രാവണന്‍ രാക്ഷസപ്പടയുമായെത്തി എല്ലാ രാജാക്കന്മാരെയും പരാജയപ്പെടുത്തി. പത്മയാകട്ടെ ദുഷ്ടനായ രാവണനെ വരിക്കാന്‍ വിസമ്മതിച്ചു. കുപിതനായ രാവണന്‍ പത്മാക്ഷനെ വധിച്ച് കൊട്ടാരമെല്ലാം നശിപ്പിച്ച് ബലാല്‍ക്കാരമായി കന്യകയെ കൊണ്ടുപോകാന്‍ ശ്രമിച്ചു. പത്മ പെട്ടെന്ന് അഗ്നികുണ്ഡത്തില്‍ മറഞ്ഞു. രാവണന്‍ നിരാശനായി മടങ്ങി. കുറച്ചുനാള്‍ കഴിഞ്ഞ് പുഷ്പമവിമാനത്തില്‍ സഞ്ചരിക്കുന്ന രാവണന്‍ അഗ്നികുണ്ഡത്തില്‍നിന്നും പുറത്തുവന്ന പത്മയെക്കണ്ട് വീണ്ടും അടുത്തെത്തി ബലാല്‍ക്കാരമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. അടുത്തജന്മത്തില്‍ ഞാന്‍ കാരണം നിനക്കു മരണമുണ്ടാകുമെന്നും ശപിച്ചിട്ട് അഗ്നിയില്‍ ചാടി ഭസ്മമായി. അവിടെ ചാരത്തില്‍ അഞ്ചു രത്‌നങ്ങള്‍ കണ്ട് രാവണന്‍ എടുത്ത് പെട്ടിയിലടച്ച് ലങ്കയിലേക്കു കൊണ്ടുപോയി. ഒരുദിവസം മണ്ഡോദരി ആ പെട്ടി തുറന്നപ്പോള്‍ മനോഹരിയായൊരു പെണ്‍കുഞ്ഞിനെ കണ്ടു. താന്‍ രാവണനാശത്തിനായി വന്നതാണെന്ന് ആ കുഞ്ഞു പറഞ്ഞതുകേട്ട് രാവണന്‍ കുഞ്ഞിനെ പെട്ടയില്‍ അടച്ച് കടലിലെറിഞ്ഞു. അത് മിഥിലാ തീരത്തെത്തി ജനകനു കിട്ടി. കുറച്ചുകൂടി വിചിത്രമായ കഥയാണ് അത്ഭുതരാമായണത്തില്‍. ലോകകണ്ടകനായ രാവണന്‍ മുനിമാരെ സദാ ഉപദ്രവിച്ചുവന്നു. തപോനിഷ്ഠരായിരിക്കുന്ന മഹര്‍ഷിമാരെ കണ്ടാല്‍ ബാണം തൊട്ടടുത്ത് അവരെക്കൊല്ലും. കുറച്ചു രക്തമെടുത്ത് ഒരു കുടത്തിലെടുത്തുവയ്ക്കും. ഇങ്ങനെ പലരുടെയും രക്തം ശേഖരിച്ചു. ഇക്കാലത്ത് ഗ്യത്സമന്‍ എന്നൊരു മഹര്‍ഷി ലക്ഷ്മിക്കു തുല്യയായ ഒരു പുത്രിയുണ്ടാകാന്‍ തപസ്സനുഷ്ഠിക്കുകയായിരുന്നു. നിത്യവും അല്പം പാല്‍ മന്ത്രം ജപിച്ച് ഒരു പാത്രത്തില്‍ ശേഖരിക്കും. ഇതറിഞ്ഞ രാവണന്‍ രഹസ്യമായി ഗ്യത്സമന്റെ ആശ്രമത്തിലെത്തി. പാല്‍പാത്രം മോഷ്ടിച്ചുകൊണ്ടുവന്ന് രക്തപാത്രത്തിലൊഴിച്ച് മണ്ഡോദരിക്ക് കുടിക്കാന്‍ കൊടുത്തു. ആ മിശ്രിതം കുടിച്ച് മണ്ഡോദരി ഗര്‍ഭിണിയായി. മണ്ഡോദരി ആ ഗര്‍ഭത്തെ ആവാഹിച്ച് പെട്ടിയിലടച്ചു കുഴിച്ചിട്ടു. അതില്‍നിന്നുണ്ടായ മകളാണ് സീത. അതു മണ്ണിനടിയില്‍ നിന്ന് കനകനു കിട്ടി.
No comments:
Post a Comment