ഓരോഹൈന്ദവനും ഏതൊരറിവും സ്വതന്ത്രമായി പങ്ക് വെയ്ക്കാവുന്ന ലോകം സങ്കൽപ്പിക്കൂ. അതാണ് എന്റെ പ്രതിബദ്ധത അറിവാണ് സര്വധനത്താല് പ്രധാനം ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്റെ പരമ വൈഭവത്തിനായി , ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി...!
Monday, August 12, 2019
തുളസിയുടെ വിവാഹം
രാധയുടെ ശാപംകൊണ്ട് സുദാമാവ് എന്ന ഗോപാലന് ശംഖചൂഡനായ അസുരനായി ജനിച്ചു. അയാള്‍ ബദരികാശ്രമത്തില്‍ച്ചെന്ന് തപസ്സു ചെയ്തു. തുളസിയെ വിവാഹം ചെയ്യണമെന്നുള്ളത് ശംഖചൂഡന്റെ തപോലക്ഷ്യമായിരുന്നു. തപസ്സു ചെയ്ത് അയാള്‍ വിഷ്ണുകവചവും സമ്പാദിച്ചു. വിഷ്ണുകവചം ശരീരത്തില്‍നിന്ന് മാറുകയും ഭാര്യയുടെ പാതിവ്രത്യം നശിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ശംഖചൂഡന് മരണം സംഭവിക്കുകയുള്ളൂ എന്ന വരവും ബ്രഹ്മാവില്‍നിന്ന് വാങ്ങി അയാള്‍ തിരിച്ചുവന്നു. വനാന്തരത്തില്‍വച്ച് പരസ്പരം കണ്ട ശംഖചൂഡനും തുളസിയും തമ്മില്‍ വിവാഹവും നടന്നു. ദേവഗണങ്ങള്‍ക്ക് പോലും അസൂയ തോന്നത്തക്ക പ്രഭാവത്തോടുകൂടി തുളസിയും ശംഖചൂഡനും രമിച്ചുനടന്നു-ദേവന്മാര്ക്ക് അയാളില്‍നിന്നും പല കഷ്ടതകളും അനുഭവിക്കേണ്ടിവന്നു.ഗത്യന്തരമില്ലാതെ ബ്രഹ്മാവും ശിവനും ദേവഗണങ്ങളുംകൂടി മഹാവിഷ്ണുവിനെ അഭയംപ്രാപിച്ചു. ശംഖചൂഡനെ വധിക്കാന്‍വേണ്ടി മഹാവിഷ്ണു തന്റെ ശൂലം പരമശിവന്റെ പക്കല്‍ കൊടുത്തയച്ചു. പക്ഷെ ഒരു പ്രശ്നം- തുളസിയുടെ പാതിവ്രത്യത്തിന് ഭംഗം വന്നാലേ ശംഖചൂഡന് മരണം സംഭവിക്കുകയുള്ളൂ. അതിനെന്താണ് പോംവഴി? തുളസിയുടെ പാതിവ്രത്യത്തിന് ഭംഗം വരുത്താനുറച്ച് വിഷ്ണുവും ഭൂമിയിലേക്ക് പുറപ്പെട്ടു. ശംഖചൂഡന്, ശിവനുമായി യുദ്ധം ചെയ്യുന്നതിന്, തുളസിയോട് യാത്രാനുവാദവും വാങ്ങി പടക്കളത്തിലേക്ക് തിരിച്ചു. ആ തക്കം നോക്കി, മഹാവിഷ്ണു ശംഖചൂഡന്റെ വേഷം ധരിച്ച് തുളസിയുടെ സമീപത്തെത്തി. അവര്‍ വിനോദങ്ങള്‍ പറഞ്ഞ് ആര്‍ത്തുല്ലസിച്ച് കുറേ സമയം ചെലവാക്കി. ഒടുവില്‍ അവര്‍ ശയനമുറിയില്‍ പ്രവേശിച്ചു. ശംഖചൂഡന്റെ രീതികണ്ട് തുളസിക്ക് അയാളില്‍ സംശയം തോന്നി. കൃത്രിമശംഖചൂഡനെ ശപിക്കാന്‍ അവള് ചാടിയെഴുന്നേറ്റു. അപ്പോള്‍ മഹാവിഷ്ണു സ്വന്തം രൂപത്തില്‍ തുളസിയുടെ മുന്പില് പ്രത്യക്ഷപ്പെട്ടു. ഭഗവാന് തുളസിയോട് ഇപ്രകാരം പറഞ്ഞു: ഞാന്‍ നിനക്ക് ഭര്‍ത്താവായി വരാന്‍വേണ്ടി വളരെക്കാലം തപസ്സു ചെയ്തവളാണല്ലോ നീ- നിന്റെ ഭര്‍ത്താവായ ശംഖചൂഡന് എന്റെ പാര്ഷദന്മാരില് പ്രധാനിയായ സുദാമാവാണ്. അവന് ശാപമോക്ഷം കിട്ടി തിരിച്ചുപോകേണ്ട സമയം ആസന്നമായിരിക്കുന്നു. നിനക്ക് എന്റെ പത്നിയാകാനുള്ള സമയവും വന്നിരിക്കുന്നു. ശിവന് ശംഖചൂഡനെ നിഗ്രഹിച്ചു കഴിഞ്ഞിരിക്കുന്നു. അവര്‍ സുദാമാവായിത്തന്നെ ഗോലോകത്ത് ചെന്നു ചേര്‍ന്നുകഴിഞ്ഞു. നിനക്കും ഇനി ഈ ദേഹമുപേക്ഷിച്ച് എന്നോടൊത്തം വൈകുണ്ഠത്തില്‍ വന്ന് രമിക്കാം: ബദരികാശ്രമത്തില്‍ ബ്രഹ്മാവ് തന്നോടു പറഞ്ഞതെല്ലാം തുളസി ഓര്‍ത്തു. തുളസിക്ക് എല്ലാം മനസ്സിലായി. ഭഗവാന് വിഷ്ണു വീണ്ടും പറഞ്ഞു: നിന്റെ ശരീരം ഇവിടെ കിടന്ന് ദ്രവിച്ച് ഗണ്ഡകി എന്ന പുണ്യനദിയാകും. നിന്റെ തലമുടി ഈ ലോകത്തില്‍ തുളസിച്ചെടിയായിത്തീരും-തുളസീദളം മൂന്നുലോകത്തിലും ദേവപൂജയ്ക്ക് ശ്രേഷ്ഠമായ പുഷ്പമായിത്തീരും. ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ തുളസി ലക്ഷ്മിയുടെ രൂപം ധരിച്ചു- മഹാവിഷ്ണുവും ലക്ഷ്മീദേവിയും വൈകുണ്ഠത്തിലേക്ക് തിരിച്ചുപോയി.
Labels:
പുരാണകഥകള്‍
Subscribe to:
Post Comments (Atom)

No comments:
Post a Comment