Tuesday, July 28, 2015

ആറ്റുകാല്‍ പൊങ്കാലയുടെ ഐതീഹ്യം


ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം. പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്നആനന്ദം പ്രതീകാത്മാകമായ ഒന്നാണ്. പൊങ്കാല മഹോത്സവത്തില്‍ ഭക്തരായ സ്ത്രീജനങ്ങള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി പൊങ്കാല നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമര്‍പ്പിച്ച് സായൂജ്യമടയുന്നു

കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച് സൂര്യതാപം സഹിച്ചുകൊണ്ട് സൂര്യന് അഭിമുഖമായി സ്ത്രീജനങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ ശരീരത്തിലുള്ള വിഷാംശങ്ങള്‍ മാറികിട്ടും എന്നാണ് ആയൂര്‍വേദാചാര്യന്‍മാരുടെ അഭിമതം. അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു. പൊങ്കാല നെവേദ്യം സമര്‍പ്പിക്കുന്നതിന്‍റെ ഉദ്ദേശ്യത്തെപ്പറ്റി പല അഭിപ്രായങ്ങളും ഐതീഹ്യങ്ങളും നിലവിലുണ്ട്. മഹിഷാസുര വധത്തിനു ശേഷം ഭക്തജനങ്ങളുടെ മുന്‍പില്‍ പ്രത്യപ്പെടുന്ന ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാല നെവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്ന് ഒരു സങ്കല്പമുണ്ട്. തന്‍റെ നേത്രാഗ്നിയില്‍ മധുരാനഗരം ചുട്ടെരിച്ച കണ്ണകിയെ സാന്ത്വനപ്പെടുത്തുന്നതിന് സ്ത്രീകള്‍ നെവേദ്യം അര്‍പ്പിക്കുന്നുവെന്ന ഐതീഹ്യവും പ്രസിദ്ധമാണ്. 

പാര്‍വതിയായി അവതരിച്ച ദാക്ഷായണി തന്‍റെ ഭര്‍ത്താവായ പിനാകിയെ ലഭിക്കുവാന്‍ ചെയ്ത തപസ്സിനോട് സ്ത്രീകളുടെ പൊങ്കാലയിടല്‍ കര്‍മ്മത്തെ താരതമ്യപ്പെടുത്താവുന്നതാണ്. സൂര്യനഭിമുഖമായി സൂര്യതാപം ഏറ്റുകൊണ്ട് വായുമാത്രം ഭക്ഷണമായി കഴിച്ച് ഒറ്റക്കാലില്‍ തപസ്സനുഷ്ടിച്ച പാര്‍വ്വതിദേവി തന്‍റെ അഭീഷ്ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയില്‍ തുടര്‍ന്നുവെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്. അതുപോലെ സര്‍വ്വാഭിഷ്ടദായിനിയായ ആറ്റുകാലമ്മയുടെതിരുമുമ്പില്‍ വ്രതശുദ്ധിയോടെ തപസ്സനുഷ്ടിച്ച് അഭീഷ്ട സിദ്ധി കൈവരിക്കാന്‍ വേണ്ടിയാണ് സ്ത്രീകള്‍ പൊങ്കാല ഇടുന്നത് എന്ന പ്രതീകാത്മകമായ ഭാവം ഇതിനുണ്ട്. 


സര്‍വ്വശക്തയും സര്‍വ്വാഭീഷ്ടദായിനിയും സര്‍വ്വമംഗള മംഗല്യയുമായ ആറ്റുകാലമ്മയ്കᅤ് ഇത് തിരുവുത്സവവേള. ഭക്തകോടികള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ആശ്രയിക്കുന്നവര്‍ക്ക് അഭയമരുളി സദാകാരുണ്യാമൃതം പകരുന്ന ആറ്റുകാലമ്മ കലികാല രക്ഷകയാണ്. ഗണപതി, നാഗരാജാവ്, മാടന്‍ തന്പുരാന്‍ എന്നിവരാല്‍ പരിസേവിതയാണ് ആറ്റുകാല്‍ ഭഗവതി. കുംഭമാസത്തിലെ കാര്‍ത്തികയ്ക്ക് ഓലപ്പുര കെട്ടി "പച്ചപ്പന്തല്‍' എന്ന ഉത്സവം ആരംഭിക്കുന്നു. ഇതിന് പത്താം ദിവസം രാത്രി ഉത്രം നക്ഷത്രത്തില്‍ കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കുന്നു. മണക്കാട് ശാസ്താവ് ദേവിയുടെ സഹോദരനാണെന്നും വിശ്വാസമുണ്ട്. കുഴിക്കാട്ട് പോറ്റിയാണ് പ്രധാന താന്ത്രികള്‍. പഴയ കാലത്ത് 10 ഊരാളമാരായിരുന്നു ക്ഷേത്രം കൈയ്യാളിയിരുന്നത്. പുരാതനവും പാവനവുമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് തെക്കുകിഴക്ക് രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആറ്റുകാല്‍ അതിമനോഹരമായ പ്രദേശമാണ്. കിള്ളിയാറിന്‍റെ തീരത്തുള്ള സ്ഥലം-കിള്ളിയാറ്റിന്‍റെ കാല്‍ ആറ്റുകാല്‍ ആയെന്നു ചുരുക്കം. നോക്കെത്താദൂരത്തോളം വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് മനോഹരമാണ് ഈ പ്രദേശം. തിരുവനന്തപുരത്ത് കിഴക്കെക്കോട്ടയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ തെക്കാണ് ആറ്റുകാല്‍ ക്ഷേത്രം. ഇവിടെയുള്ള ദേവീവിഗ്രഹം ഒരു ദാരു ശില്പനിര്‍മ്മിതമാണ്. കുംഭത്തിലെ പൂരം നാളില്‍ ലക്ഷകണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവം നടക്കുന്നു. 

ആറ്റുകാല്‍ പൊങ്കാല


കുംഭമാസത്തിലെ കാര്‍ത്തികനാളില്‍ ആറ്റുകാലില്‍ പൊങ്കാലമഹോത്സവത്തിന് തുടക്കം കുറിക്കും. ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല. പൂരം നാളിലാണു പൊങ്കാല. ഉത്സവത്തിന്‍റെ തുടക്കമായി ഭഗവതിയുടെ കൈയില്‍ ആദ്യം കാപ്പുകെട്ടും. തുടര്‍ന്ന് മേല്‍ശാന്തിയുടെ കൈയിലും. കാപ്പുകെട്ടി കുടിയിരുത്തി കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഒന്പതു ദിവസങ്ങളില്‍ കണ്ണകീ ചരിതം തോറ്റംപാട്ട്. കണ്ണകിയുടെ കണവനായ പാലകനെ തോറ്റുന്നത് ഒന്പതാം ദിവസമാണ്.

അന്നപൂര്‍ണ്ണയ്ക്ക് സമര്‍പ്പിതം പൊങ്കാല


പൊങ്കാല മഹോത്സവം അതിന്‍റെ സവിശേഷത കൊണ്ട് ലോകശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞു. ലക്ഷക്കണക്കിന് സ്ത്രീകള്‍ നിറഞ്ഞ ഭക്തിയോടെയും ശ്രദ്ധയോടെയും പൊങ്കാലയിട്ട്, തോളോട് തോളുരുമി മുന്നില്‍ ദേവിക്ക് പരിദേവനങ്ങള്‍ സമര്‍പ്പിച്ച് അനുഗൃഹങ്ങള്‍ ഏറ്റ് വാങ്ങി, സംതൃപ്തിയോടെ സ്വഗൃഹങ്ങളിലേക്ക് മടങ്ങുന്നു. 

ഇതൊരു അപൂര്‍വ്വ കാഴ്ചയാണ്. ക്ഷേത്രത്തിന്‍റെ കിലോമീറ്റര്‍ കണക്കിന് ചുറ്റളവുകളില്‍ വരെ പൊങ്കാലയടുപ്പുണ്ടാകും. അന്ന് പുരുഷന്മാര്‍ക്ക് പ്രവേശനമില്ല.ശര്‍ക്കരയും അരിയും പഴവും ചേര്‍ത്ത പൊങ്കാലപ്പായസമാണ് ദേവിക്ക് ഭക്തകള്‍ ആദരപൂര്‍വം സമര്‍പ്പിക്കുന്നത്. കൂടാതെ മണ്ടപ്പുറ്റ്, വയണയിലയില്‍ അപ്പം തുടങ്ങിയതും അമ്മയ്ക്ക് പിയങ്കരമാണ്. രാവിലെ കുളിച്ച് ശുദ്ധമായി, ശുഭ്രവസ്ത്രധാരിണികളായി അടുപ്പു കൂട്ടുവാന്‍ വേണ്ട സാമഗ്രികളുമായി സ്ത്രീകള്‍ ക്ഷേത്ര നടയിലെത്തുന്നു. അന്പലത്തിന് വെളിയില്‍ പൊങ്കാലയടുപ്പില്‍ നിന്ന് കത്തിക്കുന്ന അഗ്നിയില്‍ നിന്ന് പകര്‍ന്ന് പൊങ്കാലയടുപ്പുകള്‍ കത്തിക്കുന്നു . പൊങ്കാല വെന്തു കഴിയുന്പോള്‍ അത് ദേവിക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് നടക്കുന്നു. തീര്‍ത്ഥം തളിച്ച് ദേവി അത് സ്വീകരിക്കുന്നതോടെ, പൂര്‍ണ്ണതൃപ്തമായ മനസ്സോടെ സ്ത്രീകള്‍ വീടുകളിലേക്ക് തിരിക്കുന്നു.

ഉത്സവത്തിന്‍റെ മൂന്നാം ദിവസം 12 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളെ നടയില്‍ പള്ളിപ്പലകയില്‍ പണം വച്ച് ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് നടക്കുന്നു. ഒറ്റത്തോര്‍ത്തുടുത്ത്, കുട്ടികള്‍ ഓലക്കീറില്‍ കിടന്നുറങ്ങും. ഉത്സവത്തിന്‍റെ അവസാനദിവസം ഈ കുട്ടികളെ അലങ്കരിച്ച് വേഷമിട്ട് "ചൂരലൂത്തുക' എന്ന ചടങ്ങ് നടക്കുന്നു. എളിയില്‍ കെട്ടുന്ന ചൂരലിന്‍റെ അറ്റത്തുള്ള കൊളുത്ത് കൊണ്ട് ചോര വരുത്തുകയാണ് ചൂരലൂത്തല്‍. അവസാന ദിവസം ഗുരുസി നടക്കുന്നു. ഗുരുസി കഴിഞ്ഞാല്‍ അടുത്ത ദിവസം വൈകിമാത്രമേ നട തുറക്കുകയുള്ളു.

No comments:

Post a Comment