Tuesday, July 14, 2015

ശ്രീ ലളിതാസഹസ്രനാമം 1-15

സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലീസ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണരത്നചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത് പരാമംബികാം.

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പദ്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതസത് ഹേമപദ്മാം വരാംഗീം
സർവ്വാലങ്കാരയുക്താം സതതമഭയതാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം സർവ്വസമ്പത് പ്രദാത്രീം.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷാംബരാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനീം.




1. ഓം ശ്രീമാത്രേ നമഃ

ഐശ്വര്യസമ്പൂർണയായ അമ്മയെ/ദേവിയെ ഈ ദാസൻ പ്രണമിക്കുന്നു.

2. ഓം ശ്രീമഹാരാജ്ഞൈ നമഃ

പ്രപഞ്ചത്തിന്റെ മഹാരാജ്ഞിയായി പരിലസിക്കുന്ന ദേവിയെ ഈ ദാസൻ പ്രണമിക്കുന്നു.

3. ഓം ശ്രീമത്സിംഹാസനേശ്വരൈ നമഃ


ശ്രീപൂർണമായ ഇരിപ്പിടത്തിന്റെ ഈശ്വരിയായ ദേവിയെ ഈ ദാസൻ നമിയ്ക്കുന്നു.അവിടുത്തെ ഉപാസകർ സ്നേഹാദരപൂർവം ക്ഷണിക്കുമ്പോൾ അവരുടെ ആഗ്രഹപ്രകാരം അവിടുന്ന് അവർ നൽകുന്ന ഇരിപ്പിടങ്ങളിൽ ആവസിക്കുന്നു. എത്ര ലളിതമായ സ്ഥാനം പോലും അവിടുത്തെ അനുഗ്രഹം കൊണ്ട് സിംഹാസനതുല്യമാകുന്നു. ആ ഐശ്വര്യം ആ സ്ഥാനത്തെയും ഉപാസകനെയും വിട്ടുപോകുന്നുമില്ല. ഉപാസകന്റെ ഉള്ളിലായി നല്കുന്ന ഇരിപ്പിടം ഉപാസകനെയും ധന്യമാക്കുന്നു; ശ്രീപൂർണമാക്കുന്നു.

4. ഓം ചിദഗ്നികുണ്ഡസംഭൂതായൈ നമഃ

ചിത്തിലെ(ഉപാസകന്റെ ഉള്ളിലെ) അഗ്നികുണ്ഡത്തിൽ നിന്നും സംഭൂതയാകുന്ന ദേവിയെ ഈ ദാസൻ നമസ്കരിക്കുന്നു. കുണ്ഡലിനിയുടെ ഇരിപ്പിടമായ മൂലാധാരം അഗ്നികുണ്ഡമായി സങ്കൽപ്പിച്ചാൽ അവിടെനിന്നും മുകളിലേക്ക് എരിഞ്ഞുകയറുന്ന അഗ്നിയാണ്‌ ദേവി. എന്തെന്നാൽ ശരീര-മനോ-ആത്മാക്കളാകുന്ന  യന്ത്രസംവിധാനം ഈ അഗ്നിയുടെ ചുറ്റും മാത്രമാണ്‌ നിലനിൽക്കുന്നത്.

5. ഓം ദേവകാര്യസമുദ്യതായൈ നമഃദേവം - ശ്രേഷ്ഠം. ശ്രേഷ്ഠമായ ഉദ്യമങ്ങൾ ഉപാസകനായി മുന്നേ തുടങ്ങിവയ്ക്കുന്നവളായ ദേവിയെ ഈ ദാസൻ പ്രണമിക്കുന്നു. യഥാർഥത്തിൽ ഈ കർമം പൂർത്തീകരിച്ചാൽ മാത്രം മതിയല്ലോ എനിയ്ക്ക്.

6. ഓം ഉദ്യദ്ഭാനുസഹസ്രാഭായൈ നമഃഉദിച്ചുയരുന്ന സഹസ്രം ബാലസൂര്യന്മാരുടെ അരുണവർണവും കാന്തിയും ഉള്ളവളായ ദേവിയെ ഈ ദാസൻ പ്രണമിക്കുന്നു.

7. ഓം ചതുർബാഹുസമന്വിതായൈ നമഃ

നാലു തൃക്കരങ്ങളോടു കൂടി സങ്കൽപ്പിക്കപ്പെടുന്ന ദേവിയെ ഈ ദാസൻ പ്രണമിക്കുന്നു.

8. ഓം രാഗസ്വരൂപപാശാഢ്യായൈ നമഃ

രാഗസ്വരൂപമായ പാശം തൃക്കൈകളിൽ ധരിച്ചിരിക്കുന്നവളായ ദേവിയെ ഈ ദാസൻ പ്രണമിക്കുന്നു. സകലചരാചരങ്ങളേയും ഒന്നിച്ചു നിർത്തുന്നത് അങ്ങയുടെ ഈ ആയുധമാണല്ലോ!

9. ഓം ക്രോധാകാരാങ്കുശോജ്ജ്വലായൈ നമഃ


ക്രോധാകാരമായ അങ്കുശം കയ്യിൽ ധരിച്ചിരിക്കുന്നവളായ ദേവിയെ നമിയ്ക്കുന്നു.

ഉപാസകന്റെ ഉള്ളിലെ എല്ലാ വിപരീതഭാവങ്ങളെയും ബാഹ്യമായ ഇടപെടലുകളെയും ഈ ആയുധം കൊണ്ട് ക്ഷണത്തിൽ  അവിടുന്ന് ഇല്ലാതാക്കി കളയുകയും ഉപാസകനെ രക്ഷിച്ച് തനിക്കൊപ്പം ചേർത്തു നിർത്തുകയും ചെയ്യുന്നല്ലോ! 

10,മനോരൂപേക്ഷുകോദണ്ഡാ(മനോരൂപേക്ഷുകോദണ്ഡായൈ നമഃ)

1, മനോരൂപമാകുന്ന ഇക്ഷുകോദണ്ഡം ഉള്ളവള്‍. മനസ്സാകുന്ന കരിമ്പുവില്ലുള്ളവള്‍. മനസ്സിലെ ചിന്തകള്‍ മുറിഞ്ഞുമുറിഞ്ഞുള്ളതാണ്. കരിമ്പിന് പലേ കമ്പുകള്‍ ഉണ്ടാവുമല്ലോ. ഇന്ദ്രിയവൃത്തികളെ പ്രവൃത്തിപ്പിയ്ക്കുന്നത് മനസ്സാണല്ലോ. ബാണങ്ങളെ പ്രവൃത്തിപ്പിയ്ക്കുന്നത് വില്ലും.

2, മാനോരൂപമായിരിയ്ക്കുന്ന ഇക്ഷു കോദണ്ഡമായിട്ടുള്ളവള്‍. മനഃ എന്നാല്‍ മനയോല. മനയോല മുഖത്തു ചായം തേയ്ക്കാന്‍ ഉപയോഗിയ്ക്കാറുണ്ടല്ലോ. ഇക്ഷു എന്നതിന് ആഗ്രഹം എന്നര്‍ത്ഥമുണ്ട്. വര്‍ണ്ണാഭമായ ആഗ്രഹങ്ങള്‍ വില്ലായിട്ടുള്ളവള്‍.

3, മനഃ എന്നുള്ളതിന് ആഗ്രഹം എന്നും അര്‍ത്ഥം ഉണ്ട്. ആഗ്രഹമാകുന്ന കരിമ്പ് കോദണ്ഡമായിട്ടുള്ളവള്‍ എന്നും അര്‍ത്ഥം വരാം.

11, പഞ്ചതന്മാത്രസായകാ(പഞ്ചതന്മാത്രസായകായൈ നമഃ)

1, അഞ്ച് തന്മാത്രകള്‍ സായകം ആയിട്ടുള്ളവള്‍. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ അഞ്ചു തന്മാത്രകള്‍ ബാണങ്ങള്‍ ആയിട്ടുള്ളവള്‍.

2, സായകം എന്നതിന് വാള്‍ എന്നര്‍ത്ഥം ഉണ്ട്. അപ്പോള്‍ അഞ്ചുതന്മാത്രകള്‍ വാളായിട്ടുള്ളവള്‍ എന്നും ആവാം.

5, അഞ്ചുകള്‍ക്ക് അവകളുടെ മാത്രം സായകമാക്കിയിട്ടുള്ളവള്‍. അഞ്ചുകള്‍ = പറയാന്‍ പോകുന്ന വിഷയത്തിന്‍റെ ലക്ഷ്യമായിട്ടുള്ളവ. (ഇന്ദ്രിയങ്ങള്‍.) മാത്ര = ഇന്ദ്രിയവൃത്തികള്‍. കണ്ണിന്‍റെ വൃത്തി നാവിനെ ബാധിയ്ക്കുന്നതല്ലല്ലോ.

12, നിജാരുണപ്രഭാപൂരമജ്ജദ്ബ്രഹ്മാണ്ഡമണ്ഡലാ(നിജാരുണപ്രഭാപൂരമജ്ജദ്ബ്രഹ്മാണ്ഡമണ്ഡലായൈ നമഃ)

1, നിജമായിരിയ്ക്കുന്ന അരുണപ്രഭാപൂരത്തില്‍ മജ്ജത്തായിരിയ്ക്കുന്ന ബ്രഹ്മാണ്ഡമണ്ഡലത്തോട് കൂടിയവള്‍. നിജം= തന്‍റേത്. അരുണപ്രഭാപൂരം = അരുണമായിരിയ്ക്കുന്ന പ്രഭയുടെ ആധിക്യം. അരുണപ്രഭ = ചുവന്ന പ്രഭാ മജ്ജത്ത് = മുങ്ങിയത്. ബ്രഹ്മാണ്ഡമണ്ഡലം= ബ്രഹ്മാണ്ഡങ്ങളുടെ മണ്ഡലം. ബ്രഹ്മാണ്ഡം = പ്രപഞ്ചം ഉണ്ടാവാന്‍ കാരണമായ അണ്ഡം. മണ്ഡലം= സമൂഹം. ദേവിയുടെ ചുവന്ന പ്രഭയില്‍ മുങ്ങിയതാണ് പ്രപഞ്ചത്തിന്‍റെ ഉല്‍പ്പത്തിതന്നെ.

2, അരുണശബ്ദത്തിന് നിശ്ശബ്ദം എന്നൊരു അര്‍ത്ഥം ഉണ്ട്. പൂരം എന്നതിന് ജലസമൂഹം എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ തന്‍റെ ശബ്ദം കൂടി ഇല്ലാതാക്കിയ പ്രഭയാകുന്ന ജലസമൂഹത്തില്‍ മുങ്ങിയ ബ്രഹ്മാണ്ഡമണ്ഡലത്തോടു കൂടിയവള്‍ അതായത് സംഹാരകാലത്ത് ശബ്ദാദിതന്മാത്രകള്‍ കൂടി ഇല്ലാതെ ഉള്ള പ്രളയജല‍ത്തില്‍ ബ്രഹ്മാണ്ഡങ്ങളെ മുക്കിക്കളയുന്നവള്‍ എന്നര്‍ത്ഥം

13,ചമ്പകാശോകപുന്നാഗസൌഗന്ധികലസത്കചാ (ചമ്പകാശോകപുന്നാഗസൌഗന്ധികലസത്കചായൈ നമ‌ഃ)

1, ചമ്പകം, അശോകം, പുന്നാഗം, സൌഗന്ധികം എന്നീ പൂവ്വുകള്‍കൊണ്ട് ലസിയ്ക്കുന്ന കചത്തോടു കൂടിയവള്‍. പുന്നാഗം = പുന്ന എന്നമരത്തിന്‍റെ പൂവ്വ്. ആമ്പല്‍പൂവ്വ് എന്നും ആവാം. സൌഗന്ധികം = ഇടിവെട്ടിപൂവ്വ്, കറുത്ത ആമ്പല്‍ എന്നും ആവാം. ലസിയ്ക്കുന്നത് = ശോഭിയ്ക്കുന്നത്. കചംതലമുടി.

2, മുന്നെ പറഞ്ഞപൂവ്വുകള്‍ക്ക് ശോഭ കൊടുക്കുന്ന തലമുടിയോടു കൂടിയവള്‍.

3, ച എന്നതിന് ചന്ദ്രന്‍ എന്നൊരു അര്‍ത്ഥമുണ്ട്. പഃ എന്നാല്‍ പാനം ചെയ്യുന്ന എന്നും. പഃ എന്നതിനു അതേ അര്‍ത്ഥത്തില്‍ ക എന്നു ചേരാമെന്നു തോന്നുന്നു. ചന്ദ്രനെ പാനം ചെയ്യുന്ന അശോകനായ പുന്നാഗത്തിന്‍റെ നല്ലബന്ധം കൊണ്ട് ലസിയ്ക്കുന്ന ശോഭയുള്ളവള്‍. പുന്നാഗം = പുരുഷശ്രേഷ്ഠന്‍. അതായത് ജീവാത്മാവ്. ഗന്ധത്തിന് സംബന്ധം എന്നൊരു അര്‍ത്ഥം ഉണ്ട്. കചം = ശോഭ. സഹസ്രാരത്തില്‍ അമൃതസ്വരൂപനായ സോമന്‍ ഉണ്ടെന്നും ആ അമൃതം ആസ്വദിയ്ക്കുന്നതോടെ സകലദുഃഖങ്ങളും ഇല്ലാതെ ജീവന് മോക്ഷം കിട്ടും എന്നു സങ്കല്‍പ്പം ഉണ്ട്. ജീവാത്മാവിനെ പൊതിഞ്ഞിരിയ്ക്കുന്ന പ്രകൃതിയ്ക്കും ഈ ബന്ധം കൊണ്ട് ശോഭകിട്ടുന്നു. ജീവന്‍മുക്തന്‍റെ സാമീപ്യം പരിസരത്തിനേ ശോഭനല്‍കുന്നു.

14,കുരു‍വിന്ദമണിശ്രേണീകനത്കോടീരമണ്ഡിതാ (കുരു‍വിന്ദമണിശ്രേണീകനത്കോടീരമണ്ഡിതായൈ നമഃ)

1, കുരുവിന്ദമണിയുടെ ശ്രേണികൊണ്ട് കനത് ആയിരിയ്ക്കുന്ന കോടീരം കൊണ്ട് മണ്ഡിതാ. കുരുവിന്ദമണി = കുരു‍വിന്ദം എന്നരത്നം. കുരുവിന്ദം = പദ്മരാഗം. ശ്രേണീ = നിര. കനത് ശോഭിയ്ക്കുന്നത്. കോടീരം = മകുടം. മണ്ഡിതാ = അലങ്കൃതാ

കുരുവിന്ദം മഹാഗുണമുള്ള പദ്മരാഗം ആണെന്നു കാണുന്നു. പദ്മരാഗം ചുവന്ന പ്രഭയുള്ള രത്നമാണ്. കുരു‍വിന്ദം, അനുരാഗം അല്ലെങ്കില്‍ ഭക്തിയുണ്ടാവാന്‍ നല്ലതാണ്. ഈ രത്നം ധരിച്ചുകൊണ്ടുള്ള ദേവിയെ ധ്യാനിച്ചാല്‍ വേഗം ഭക്തിയുണ്ടായിത്തീരും. രാവണഗംഗയില്‍ നിന്ന് ഉണ്ടായ കുരുവിന്ദം ആണത്രേ ശ്രേഷ്ഠം.

15, അഷ്ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതാ (അഷ്ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതായൈ നമഃ)

1, അഷ്ടമീചന്ദ്രനേപ്പോലെ വിഭ്രാജത്തായിരിയ്ക്കുന്ന അളികസ്ഥലംകൊണ്ട് ശോഭിതാ. വിഭ്രാജത്ത് = ശോഭിയ്ക്കുന്നത്. അളികസ്ഥലം നെറ്റി. അര്‍ദ്ധചന്ദ്രനേപ്പോലെ ശോഭയുള്ള നെറ്റിത്തടത്തോട് കൂടിയവള്‍.
രണ്ടുപക്ഷത്തിലും ചന്ദ്രന് തുല്യവലിപ്പം വരുന്ന ഒരേഒരു തിഥി അഷ്ടമിയാണ്. മായാ എന്നും വിദ്യ എന്നും രണ്ടു ശക്തികളുണ്ട്. ഇതില്‍ മായ മറയ്ക്കുന്നതും വിദ്യവെളിവാക്കുന്നതും ആണ്. (നമുക്ക് കുറച്ചറിയാം കുറച്ച് അറിയുക ഇല്ലതാനും. ഒന്നും അറിയാതിരുന്നാലും മുഴുവന്‍ അറിഞ്ഞിരുന്നാലും കുഴപ്പമില്ല. പക്ഷേ പ്രകൃതി പകുതി അറിയിച്ചുകൊണ്ടേ ഇരിയ്ക്കും) ദേവിയുടെ പാതി ചന്ദ്രനെപോലെ ഉള്ള നെറ്റി ഈകാര്യമാണോ ആവോ സൂചിപ്പിയ്ക്കുന്നത്?

No comments:

Post a Comment