Thursday, July 16, 2015

ഭഗവാന്‍ ശ്രീകൃഷ്ണന്‍.

മാനവരാശി കണ്ടിട്ടുള്ളതില്‍ ഏറ്റവും മഹത്തായ വ്യക്തിത്വമാണു ഭഗവാന്‍ കൃഷ്ണന്‍. സമസ്ത ജീവരാശികളെയും ആകര്‍ഷിക്കാന്‍ തക്കവണ്ണം വിശ്വചൈതന്യം അഴകിന്റെ, അറിവിന്റെ, ആനന്ദത്തിന്റെ, സ്നേഹത്തിന്റെ മൂര്‍ത്തീരൂപമായി ഭൂമിയില്‍ അവതരിച്ചതാണു ഭഗവാന്‍ ശ്രീകൃഷ്ണന്‍. അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും ഉപദേശങ്ങളുടെയും പ്രസക്തി അന്നും ഇന്നും എന്നും ഒരുപോലെ നിലനില്‍ക്കുന്നു. ഏതു കാലഘട്ടമായാലും രാജ്യമായാലും അവിടത്തെ ജനങ്ങള്‍ക്കും ജീവിതരീതിക്കും കൃഷ്ണന്റെ ജീവിതവും സന്ദേശങ്ങളും മാതൃകയാണ്. എല്ലാ അര്‍ഥത്തിലും അദ്ദേഹം ഒരു 'വിശ്വവിദ്യാലയമാണ്. ഈ ലോകത്തെയും ഇവിടെ നാം നയിക്കുന്ന ജീവിതത്തെയും അവിടെയുണ്ടാകുന്ന സംഭവവികാസങ്ങളെയും പൂര്‍ണമായും അംഗീകരിച്ചുകൊണ്ടുള്ള ഒരു മാര്‍ഗമാണു ശ്രീകൃഷ്ണന്‍ നമുക്കു കാട്ടിത്തരുന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം എന്നും എല്ലാവര്‍ക്കും പ്രചോദനമായിത്തീരുന്നതും. 'മോക്ഷം മറ്റൊരു ലോകത്തില്‍ നേടേണ്ടതല്ല. അത് ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ തന്നെ അറിയേണ്ടതും അനുഭവിക്കേണ്ടതുമാണ് എന്നാണു കൃഷ്ണന്റെ ജീവിതം നമ്മളെ പഠിപ്പിക്കുന്നത്.


ജനിച്ച നിമിഷം മുതല്‍ ജീവിതത്തിന്റെ അവസാന നിമിഷം വരെ കൃഷ്ണന്റെ മുന്നില്‍ അപകടങ്ങളും വെല്ലുവിളികളും മാത്രമായിരുന്നു. പക്ഷേ, അതൊന്നും കൃഷ്ണന്റെ സന്തുഷ്ടിയെയും സംതൃപ്തിയെയും ഒരുവിധത്തിലും ബാധിച്ചില്ല. തന്റെ ഉള്ളില്‍ എല്ലായ്പോഴും നിറഞ്ഞുനിന്നിരുന്ന പൂര്‍ണതൃപ്തിയുടെ അടയാളമാണു കൃഷ്ണന്റെ മുഖത്തെ മായാത്ത പുഞ്ചിരി. ഗൃഹസ്ഥധര്‍മത്തെക്കുറിച്ചുംസന്യാസധര്‍മത്തെക്കുറിച്ചും കൃഷ്ണനു വളരെ വ്യക്തമായ ധാരണയുണ്ട്. അതെങ്ങനെ പ്രായോഗികമാക്കണമെന്നും സ്വന്തം ജീവിതത്തിലൂടെ കൃഷ്ണന്‍ നമുക്കു കാട്ടിത്തരുന്നു. സ്വധര്‍മത്തില്‍ നിന്ന് ഒരു ഭീരുവിനെപ്പോലെ ഒളിച്ചോടാന്‍ ശ്രമിച്ച അര്‍ജുനനോടു ധര്‍മത്തിനു വേണ്ടി യുദ്ധം ചെയ്യാന്‍ ഭഗവാന്‍ ശക്തമായ ഭാഷയില്‍ ഉപദേശിക്കുന്നു. എന്നാല്‍ സര്‍വസംഗപരിത്യാഗത്തിലൂടെ മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗമാണ് ഉദ്ധവര്‍ക്ക് അദ്ദേഹം ഉപദേശിക്കുന്നത്. ധര്‍മത്തിന്റെ സൂക്ഷ്മാംശങ്ങളില്‍ ഭഗവാന്‍ കൃഷ്ണനു സംശയമേ ഇല്ല. കര്‍മത്തോടും കര്‍മഫലത്തോടും അശേഷം സംഗമില്ലാത്ത അവസ്ഥയായിരുന്നു കൃഷ്ണന്റേത്. താന്‍ അഭിനയിച്ച കഥാപാത്രങ്ങളോടു തികച്ചും നീതി പുലര്‍ത്തിയ പ്രഗത്ഭനായ ഒരു നടനെപ്പോലെയായിരുന്നു കൃഷ്ണന്‍. ഒരു കഥാപാത്രവും അദ്ദേഹത്തെ ബന്ധിക്കുന്നില്ല. ഒരു ശരിയായ നടന് ഒരു പ്രത്യേക സ്വഭാവമില്ല.

താന്‍ ഏതു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവോ, ആ കഥാപാത്രത്തിന്റെ സ്വഭാവമാണ് അയാള്‍ സ്വീകരിക്കുന്നത്. അതുപോലെ ഓരോരോ സാഹചര്യങ്ങളില്‍ ആവശ്യമനുസരിച്ചു കൃഷ്ണന്‍ ഓരോരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതുകൊണ്ടാണു കൃഷ്ണനു ജീവിതം ഒരു ലീലയായി കാണാന്‍ കഴിഞ്ഞത്. ഭഗവാന്‍ കൃഷ്ണന്‍ ഈ ലോകത്തെ മുഴുവന്‍ തന്റെ നടനവേദിയാക്കി മാറ്റി. വേഷങ്ങളും കഥാപാത്രങ്ങളും വരികയും പോവുകയും ചെയ്തു. പക്ഷേ, 'ഞാന്‍ ഈ കഥാപാത്രങ്ങളൊന്നുമല്ല, പരമാത്മസ്വരൂപനാണ് എന്ന തികഞ്ഞ ബോധത്തോടെ കൃഷ്ണന്‍ അരങ്ങു തകര്‍ത്താടി. അങ്ങനെ തന്റെയും മറ്റുള്ളവരുടെയും ജീവിതം ഒരു ഉല്‍സവമാക്കി മാറ്റി. റാന്തലിന്റെ തിരിനാളം കാറ്റുകടക്കാത്ത ഗ്ലാസ് കൂടിനുള്ളില്‍ ചലിക്കാതെ നിന്നു കത്തും. അതില്‍ വിശേഷവിധിയായി യാതൊന്നുമില്ല. എന്നാല്‍ ചീറിയടിക്കുന്ന കാറ്റത്തും സൂര്യതേജസ്സോടെ ഇളകാതെ നിന്നു കത്തുന്ന തിരിനാളമാകണം ഓരോ വ്യക്തിയും. ഇതിനു നമ്മള്‍ ശ്രീകൃഷ്ണന്റെ ജീവിതവും ഉപദേശങ്ങളും മാതൃകയാക്കുക തന്നെ വേണം. ആധ്യാത്മികതയെയും ഭൌതികതയെയും സമന്വയിപ്പിച്ചുകൊണ്ടു പൂര്‍ണതയിലേക്കുള്ള പ്രയാണം - അതാണു ഭഗവാന്‍ ശ്രീകൃഷ്ണന്‍ കാട്ടിത്തരുന്ന മാര്‍ഗം. ഭക്തരില്‍ ചിലര്‍ ഭഗവാന്റെ ബാലലീലകളില്‍ ആകൃഷ്ടരാകുന്നു. അവര്‍ കൃഷ്ണനെ വൃന്ദാവനത്തിലെ ഉണ്ണിക്കണ്ണനായും നവനീതചോരനായും ബാലഗോപാലനായും ആരാധിക്കുന്നു. ഗോപികമാരും മറ്റു ഭക്തരും കൃഷ്ണനെ ആത്മനാഥനായി കരുതുന്നു. സാധകരും തപസ്വികളും കൃഷ്ണനെ പരമഗുരുവായി കാണുന്നു. എന്നാല്‍, സന്യാസിമാര്‍ക്ക് അദ്ദേഹം പരിപൂര്‍ണ നിസ്സംഗനും സര്‍വാതീതനുമാണ്. അതേസമയം തന്നെ കൃഷ്ണന്‍ രാജ്യതന്ത്രജ്ഞരില്‍ അഗ്രഗണ്യനും എല്ലാം തികഞ്ഞ നേതാവുമാണ്. എന്നാല്‍ എളിയവരില്‍ എളിയവനുമാണു ഭഗവാന്‍ കൃഷ്ണന്‍.

കൃഷ്ണനെ പൂര്‍ണമായി അറിയണമെങ്കില്‍ മുന്‍വിധികളില്ലാതെ അദ്ദേഹത്തിനെ നോക്കിക്കാണാന്‍ കഴിയണം. ബുദ്ധിയും യുക്തിയും കൊണ്ടു മഹാത്മാക്കളെ വിലയിരുത്താന്‍ ശ്രമിക്കുന്നതു കൃഷ്ണനെ ഉരലില്‍ ബന്ധിക്കാന്‍ ശ്രമിച്ച യശോദയുടെ കയ്യിലെ കയര്‍പോലെ മാത്രമേ ആവുകയുള്ളൂ. ആ പാഴ്ശ്രമം ഉപേക്ഷിച്ച്, അവരുടെ ജീവിതം മാതൃകയാക്കി, സ്വന്തം ജീവിതം ധന്യമാക്കുക. അങ്ങനെ ചെയ്താല്‍ അതു മറ്റുള്ളവരുടെ ജീവിതത്തിലും സന്തോഷവും സമാധാനവും നിറയ്ക്കും. അതുതന്നെയാണു നമുക്കു നമ്മോടും സ്വന്തം കുടുംബത്തോടും ലോകമാകുന്ന വലിയ തറവാടിനോടും കാട്ടാവുന്ന ഏറ്റവും മഹത്തായ ധര്‍മം. അതാണു യഥാര്‍ഥ കാരുണ്യവും സമൂഹത്തിനു ചെയ്യാവുന്ന മഹാസേവനവും

No comments:

Post a Comment