Sunday, August 16, 2015

ഗൌതമാശ്രമം..

ഇവിടെ കാണുന്നതെല്ലാം മനോഹരദൃശ്യങ്ങളാണ്..
സര്‍വ്വമോഹകരമീ ആശ്രമം!!
വിശ്വാമിത്രമഹര്‍ഷിയോടൊപ്പം, ശ്രീരാമഭഗവാനും ലക്ഷ്മണനും ഇവിടെ പ്രവേശിച്ചു.അവിടെ വച്ച് വിശ്വാമിത്രന്‍ ഒരു കഥ പറഞ്ഞു.ശ്രീരാമനെ കാത്തിരിക്കുന്ന ഒരു ദുഃഖപുത്രിയുടെ കഥ,
ഗൌതമപത്നിയായ അഹല്യയുടെ കഥ,
ശാപം കാരണം ശിലയായി മാറിയ ഒരു പുണ്യവതിയുടെ കഥ..
ഗൌതമ മുനിയും, അദ്ദേഹത്തിന്‍റെ സുന്ദരിയായ ഭാര്യ അഹല്യയും സന്തോഷത്തോടെ വാണിരുന്ന ഒരു കാലമുണ്ടായിരുന്നു.അവരുടെ സന്തോഷത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് സാക്ഷാല്‍ ദേവേന്ദ്രനു അഹല്യയോട് തോന്നിയ പ്രണയമാണ്.കാമാഗ്നിയില്‍ അന്ധനായ ഇന്ദ്രന്‍ സൂര്യോദയമായെന്ന് തെറ്റിദ്ധരിപ്പിച്ച് ഗൌതമ മുനിയെ അകറ്റുകയും, മുനിരൂപത്തില്‍ വന്ന് അഹല്യയെ പ്രാപിക്കുകയും ചെയ്തു.
സത്യമറിഞ്ഞ ഗൌതമമുനി കോപിഷ്ടനായി രണ്ട് പേരെയും ശപിച്ചു.ആ ശാപമാണ്‌ അഹല്യയെ കല്ലാക്കി മാറ്റിയത്.ശ്രീരാമ പാദ സ്പര്‍ശമേറ്റല്‍ പഴയ പതിവ്രതയായ അഹല്യയായി മാറുമെന്ന് ശാപമോക്ഷവും നല്‍കി.
നിജസ്ഥിതി മനസിലാക്കിയ ശ്രീരാമചന്ദ്രന്‍ ആ പുണ്യവതിയെ ശാപത്തില്‍ നിന്നും മുക്തയാക്കി.ഭഗവാനെ വണങ്ങി, സ്തുതി ഗീതം പാടി, നന്ദി പറഞ്ഞ്, അഹല്യ, ഗൌതമ മുനിയുടെ അടുത്തേക്ക് യാത്രയായി.
രാമലക്ഷ്മണന്‍മാര്‍ വിശ്വാമിത്രനൊപ്പം മിഥിലാപുരിയിലേക്ക് യാത്രയായി.
മിഥിലാപുരി..
ജനകന്‍റെ രാജ്യം!!
അവിടെ, അദ്ദേഹത്തിന്‍റെ മകളായ സീതയ്ക്ക് അനുയോജ്യനായ വരനെ കണ്ട് പിടിക്കുന്നതിനു ഒരു മത്സരം നടക്കുകയാണ്.അത് മറ്റൊന്നുമല്ല, ഒരു ശൈവചാപം അഥവാ മൃത്യുശാസനചാപം ജനകന്‍റെ കൈയ്യിലുണ്ട്.ആ ശാപം ആര്‌ കുലക്കുന്നുവോ അവരെ സീതാദേവി വരിക്കുന്നതായിരിക്കും.
വലിയ വലിയ രാജാക്കന്‍മാരെല്ലാം ശ്രമിച്ചു..
കുലക്കാന്‍ പോയിട്ട് ഉയര്‍ത്താന്‍ പറ്റാത്ത വിഷമം എല്ലാരുടെയും മുഖത്ത് കാണാം.
ഇനി ഇതിന്‌ ആര്‍ക്ക് കഴിയും??
അങ്ങനെ വിഷമിച്ച് നിന്ന ജനകന്‍റെ മുമ്പിലേക്ക് രാമലക്ഷ്മന്‍മാരോടൊത്ത് വിശ്വാമിത്രന്‍ ആഗതനായി.മഹര്‍ഷിയില്‍ നിന്നും ശ്രീരാമനെ കുറിച്ച് അറിഞ്ഞ ജനകന്‍ പറഞ്ഞു:
"രാജനന്ദനനായ ബാലകന്‍ രഘുവരന്‍
രാജീവവിലോചനന്‍ സുന്ദരന്‍ ദാശരഥി
വില്ലിതു കുലച്ചുടന്‍ വലിച്ച് മുറിച്ചീടില്‍
വല്ലഭനിവന്‍ മമ നന്ദനക്കെന്നുനൂനം"
മഹര്‍ഷിയുടെ അനുവാദത്തോടെ ഭഗവാന്‍ വില്ല്‌ കുലക്കാന്‍ തയ്യാറായി.വലിയ അതികായകന്‍മാര്‍ പരാജയപ്പെട്ടിടത്ത് ഒരു കുമാരന്‍ ശ്രമിക്കുന്ന കണ്ടാകാം മറ്റ് രാജാക്കന്‍മാരുടെ മുഖത്ത് ഒരു പുച്ഛഭാവം ഉണ്ടായത്..
കഷ്ടം!!
സാക്ഷാല്‍ വിഷ്ണുഭഗവാന്‍റെ അവതാരം മനസിലാക്കാത്ത മൂഡന്‍മാര്‍!!
രാമകുമാരന്‍ വില്ലെടുത്ത് കുലക്കാന്‍ ശ്രമിക്കുകയും, അദ്ദേഹത്തിന്‍റെ ബലം താങ്ങാനാവാതെ, അതി ഭയങ്കര ശബ്ദത്തില്‍ വില്ല്‌ രണ്ടായി ഒടിയുകയും ചെയ്തത് പെട്ടന്നാരുന്നു..
ഭയാനകമായ ശബ്ദം!!
കേട്ടവര്‍ നടുങ്ങി..
പുച്ഛഭാവത്തില്‍ നിന്ന രാജാക്കന്‍മാര്‍ക്ക് ഒരു കഫക്കെട്ടുണ്ടായിരുന്നത് പെട്ടന്ന് മാറി!!
എന്നാല്‍ സീതാദേവി സന്തോഷവതിയായി..
ദേവി വരണമാല്യം രാമനെ അണിയിച്ചു!!
ജനകമഹാരാജാവിനു സീതയെ കൂടാതെ മൂന്ന് പെണ്‍കുട്ടികളാണുള്ളത്..
ദശരഥമഹാരാജാവിനു രാമനെ കൂടാതെ മൂന്ന് കുമാരന്‍മാരും..
അയോധ്യയില്‍ നിന്ന് വന്ന മാതാപിതാക്കളുടെ ആഗ്രഹപ്രകാരം അവിടെ ഒരു വിവാഹ മാമാങ്കം നടന്നു..
രാമനു സീത..
ലക്ഷ്മണനു ഊര്‍മ്മിള..
ഭരതനു മാണ്ഡവി..
ശത്രുഘനനു ശ്രുതികീര്‍ത്തി..
അങ്ങനെ നാലു കുമാരന്‍മാരും വിവാഹിതരായി.
വിവാഹ ശേഷം അയോധ്യയിലേക്ക് തിരിച്ച അവരെ കാത്ത് ഒരാള്‍ നില്‍പ്പുണ്ടായിരുന്നു..
പരശുരാമന്‍!!
വിഷ്ണുഭഗവാന്‍റെ ആറാമത്തെ അവതാരം..
ക്ഷത്രിയരെ ശത്രുവായി കരുതുന്നവന്‍!!
ശ്രീരാമഭഗവാന്‍ ശൈവചാപം മുറിച്ചതാണ്‌ ഇപ്പോഴത്തെ പ്രശ്നം.ധൈര്യമുണ്ടങ്കില്‍ തന്‍റെ കൈയ്യിലുള്ള വൈഷ്ണവചാപം കുലക്കാന്‍ ശ്രീരാമനെ അദ്ദേഹം വെല്ലുവിളിച്ചു..
രാമനും രാമനും നേര്‍ക്കുനേര്‍!!
എന്തൊരു വിരോധാഭാസം??
അനുനയവാക്കുകള്‍ പരശുരാമനെ തണുപ്പിക്കുന്നില്ല എന്ന് മനസിലായ ശ്രീരാമന്‍ വൈഷ്ണവചാപം കുലക്കാന്‍ തയ്യാറായി.അങ്ങനെ വൈഷ്ണവചാപം കുലച്ച് നിന്ന ശ്രീരാമനിലെ വിഷ്ണു അവതാരത്തെ ദര്‍ശിച്ച പരശുരാമന്‍, തന്നിലുള്ള വൈഷ്ണവ ചേതസ്സിനെ രാമകുമാരനില്‍ ലയിപ്പിച്ച ശേഷം തപസ്സിനായി യാത്രയായി.
ശ്രീരാമനും കൂട്ടരും അയോധ്യയിലേക്കും യാത്രയായി.
അയോധ്യയില്‍ എത്തിചേര്‍ന്ന ശേഷം, കേകേയെ രാജാവായ യുധാജിത്തിന്‍റെ ക്ഷണപ്രകാരം ഭരതശത്രുഘനന്‍മാര്‍ അങ്ങോട്ട് യാത്രയാകുകയും, ശ്രീരാമഭഗവാന്‍, സീതയോടും, ലക്ഷ്മണനോടും, മാതാപിതാക്കളോടും ഒപ്പം അയോധ്യയില്‍ സന്തോഷമായി ജീവിക്കുകയും ചെയ്തു

No comments:

Post a Comment