ആദിഭൗതികം, ആദ്ധ്യാത്മികം, ആദിദൈവികം – എന്നീ ത്രീവിധ വീക്ഷണത്തോടുകൂടിയാണ് ഹിന്ദുക്കളുടെ ജലതീര്‍ത്ഥ സങ്കല്പവും. ഭാരതപുണ്യഭൂമിയില്‍ ഒഴുകി കിഴക്കേക്കടവില്‍ ചെന്നുപതിക്കുന്ന പുഴകളെ നദികളെന്നും മറ്റു ദിക്കുകളിലേക്കൊഴുകന്നവയെ നദങ്ങളെന്നും വിശേഷിപ്പിച്ചിരിക്കുന്നു. കൂടാതെ ഭാരതത്തിലുടനീളം തീര്‍ത്ഥസ്‌നാനങ്ങളായ തടാകങ്ങളും കുണ്ഡങ്ങളും ഉണ്ട്. സര്‍വ്വപ്രധാനതീര്‍ത്ഥം ഗംഗയാണെന്നത് ശ്രുതി യുക്ത്യാനുഭവ സിദ്ധമാകുന്നു. ഗംഗയോളം പ്രകീര്‍ത്തിക്കപ്പെടുന്ന ഒരു പുണ്യനദി വിശ്വത്തില്‍ മറ്റെവിടെയും ദര്‍ശിക്കാനാവില്ല.
പ്രത്യക്ഷത്തില്‍, സമുദ്രനിരപ്പില്‍നിന്ന് പന്തീരായിരം അടി ഉയരത്തില്‍ ഹിമശിഖരങ്ങളില്‍ നിന്നുല്‍ഭവിച്ച് 2500കിലോമീറ്റര്‍ ഒഴുകി ഗംഗാസാഗരത്തില്‍ പതിക്കുന്ന ഗംഗാനദിയുടെ ഇരുകരകളിലും അനേകം അനേകം തീര്‍ത്ഥഘട്ടങ്ങളും ക്ഷേത്രങ്ങളും ഉണ്ട്. ഭൗതിക ദൃഷ്ട്യാ ഗംഗാ ജല സമ്പര്‍ക്കത്താല്‍ ചുറ്റുപ്രദേശങ്ങളെല്ലാം സസ്യശ്യാമളവും ഫലഭൂയിഷ്ടവുമാണ്. വീതരാഗയോഗികളായ ഈശ്വരോന്മുഖരായി ജീവിത സാധന നയിക്കുന്ന പുണ്യാത്മക്കള്‍ക്കെല്ലാം മുഖ്യാശ്രയമാണ് ഗംഗ. ചുരുക്കിപ്പറഞ്ഞാല്‍ ഗംഗ, ഗായത്രി, ഗീത, ഗോവ്, ഗുരു ഈ പഞ്ചരാഗങ്ങളും ഗംഗയെ ആശ്രയിച്ച് സ്ഥിതിചെയ്യുന്നു. ആദി ഭൗതിക ആദ്ധ്യാത്മിക ആവശ്യങ്ങളുടെ ഉറവിടമാണ് ഗംഗയെന്ന് താല്‍പര്യം. വീതരാഗയോഗികളെയും ഋഷിമുനിമാരെയും സംബന്ധിച്ചിടത്തോളം ആദി ദൈവിക പ്രചോദന സ്രോതവുമാണ്. ഹരിദ്വാരം മുതല്‍ വടക്കോട്ട് ഹിമാലയത്തില്‍ പോഷകനദികള്‍ സന്ധിക്കുന്ന സ്ഥാനങ്ങള്‍ ഉള്‍പ്പടെ ഗംഗോത്രി, ഗോമുഖംവരെ ഗംഗോല്‍ഭവ സംങ്കല്‍പങ്ങള്‍ ദൃശ്യമാണ്. ഗോമുഖത്തിനപ്പുറം എവിടെനിന്നു ഗംഗ ഉല്‍ഭവിക്കുന്നു എന്ന് തീര്‍ത്തുപറയുവാന്‍ ഇതേവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഗംഗയുടെ യഥാര്‍ത്ഥ ഉല്‍ഭവോസ്ഥാനം ഇന്നും അദൃശ്യംതന്നെ.
അതിനാല്‍ ഗംഗ സമുദ്രത്തില്‍ ചേരുന്ന ഗംഗാസാഗരംതൊട്ട് ഗംഗാദ്വാരമെന്നറിയപ്പെടുന്ന ഋഷികേശംവരെ ഗംഗയുടെ ആദിഭൗതിക സ്വരൂപവും, അവിടെനിന്നു ഗോമുഖംവരെ ആദ്ധ്യാത്മികസ്വരൂപവും, ഗോമുഖത്തിനപ്പുറം ആദി ദൈവികസ്വരൂപവും ദര്‍ശിക്കാം. ഗംഗയെ ദേവിയായി ആവാഹിച്ച് ഉപാസിക്കുമ്പോള്‍ അഭയവും അമരത്വവും നല്‍കുന്ന തൃക്കൈകളില്‍ അമൃതകുംഭവവും താമരപുഷ്പവും ധരിച്ചുകൊണ്ട് മകരമത്സ്യവാഹനാരൂഢയായി വിരാജിക്കുന്നു. ഭക്തജനങ്ങള്‍ക്ക് അഭീഷ്ടപ്രദയായ ദേവി ശ്വേതവര്‍ണ്ണ സ്വരൂപിണിയാണ്. സ്വര്‍ഗംഗ, ആകാശഗംഗ, ഹൈമവതി, ജാഹ്നവി, ഭാഗീരഥി, പാതാളഗംഗ ഇത്യാദി നാമശതങ്ങളാല്‍ പ്രതീകീര്‍ത്തിക്കപ്പെടുന്ന ഗംഗ ശൈവ – വൈഷ്ണവ സ്വരൂപിണിയാണ്. ആദി ദൈവികസത്തയുടെ സ്വരൂപമാണല്ലോ ആദിഭൗതിക ജഗത്. ശ്രീ വിഷ്ണുഭഗവാന്റെ പാദകമലങ്ങളില്‍ നിന്നുത്ഭവിച്ച് ശ്രീശുകഭഗവാന്റെ ജടാമകുടത്തില്‍വന്നു തങ്ങുന്ന ഗംഗയെ ഭഗീരഥന്റെ കഠിനതപസ്സുകൊണ്ട് ഭൂമണ്ഡലത്തിലേക്ക് പ്രവഹിക്കുന്നതായിട്ടാണ് പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്.
ഹിമവാന്റെ ഉച്ചി ഹിമാവൃതമായിരിക്കുന്ന ശ്രീനാരായണ പര്‍വ്വതത്തിന്റെ അന്തര്‍ഭാഗത്ത് ചരണഭാഗത്ത് നിന്നുത്ഭവിക്കുന്ന അളകനന്ദ ബദരീനാഥംവഴിക്ക് ഒഴുകുന്നതുപോലെ ദൃശ്യമല്ലെങ്കില്‍ നാരായണപര്‍വ്വതത്തിന്റെ ചരണഭാഗത്തുകൂടി അന്തര്‍ധാരയായി പ്രവഹിക്കുന്ന ഗംഗ മാനവസുമേരു എന്നറിയപ്പെടുന്ന സ്വര്‍ണപര്‍വ്വതത്തിലൂടെ ശിവലിംഗീ കൊടുമുടിയില്‍ വന്നുചേരുന്നു. ഈ പര്‍വ്വതശിഖിരം ഗോമുഖത്തിന്റെ തെക്കുഭാഗത്താണ്. അവിടെനിന്നും തെക്കോട്ട് ഗോമുഖത്തിലൂടെ ശക്തിയായി പ്രവഹിക്കുന്ന രൂപത്തിലാണ് നമുക്ക് ആദ്യം ദൃഷ്ടിഗോചരമാകുന്ന ഗംഗോത്ഭവം. ഗംഗോത്തരിയില്‍നിന്ന് ഇരുപത്തിയഞ്ചുകിലോമീറ്റര്‍ ദൂരമുള്ളയാത്ര അതികഠിനമാണ്. ഏതുസമയവും പാറപോലെയുള്ള മഞ്ഞിന്‍കട്ടകള്‍ അടര്‍ന്നുവീണുകൊണ്ടിരിക്കും. എന്നാല്‍ അനുഭവപ്പെടുന്ന പ്രകൃതിദൃശ്യങ്ങള്‍ അതീവ മനോഹരവും നിര്‍വൃതിദായകവുമാണ്. ഭൂമുഖത്തില്‍നിന്നു തിരിയുന്ന ഗംഗയില്‍ പത്തുകിലോമീറ്റര്‍ ദൂരംവരുമ്പോള്‍ ദേവനദി വന്നുലയിക്കുന്നു. വീണ്ടും പത്തുകിലോമീറ്റര്‍വരണം ഗംഗോത്തരിയിലേക്ക്. സാധാരണ നിലയില്‍ സാഹസികരായ യാത്രക്കാര്‍പോലും ഈ ഗംഗോത്തരിവരെപോയി ഗംഗോത്സവം ദര്‍ശിച്ച് കൃതാര്‍ത്ഥരാകുന്നു. ദേവതാരു വൃക്ഷങ്ങളാലാവൃതമായ ഗംഗോത്തരിയില്‍ ശ്രീശങ്കരപാദരാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശ്രീഗംഗാക്ഷേത്രമുണ്ട്. കൂടാതെ യമുന, സരസ്വതി, ഭഗീരഥന്‍, ശ്രീശങ്കരഭഗവത്പാദര്‍ എന്നീ മൂര്‍ത്തികളെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
യജ്ഞപുരുഷനും ത്രിവിക്രമസ്വരൂപനും ആയ സാക്ഷാല്‍ യഞ്ജപുരുഷനും ത്രിവിക്രമ സ്വരൂപനുമായ സാക്ഷാല്‍ വിഷ്ണുഭഗവാന്റെ ത്രിലോകത്തെയും അതിക്രമിച്ച വാമപാദാംഗുഷ്ഠത്തില്‍ നിന്നുല്‍ഭവിച്ച് ഭഗവത് പാദപങ്കജത്തെ പ്രക്ഷാളനം ചെയ്തുകൊണ്ട് ഗംഗാഭഗവതി ജഗത്പാപ നിവാരണാര്‍ത്ഥം സ്വര്‍ഗ്ഗത്തില്‍നിന്നും ഹിമാലയബ്രഹ്മസദനത്തില്‍ അപഹരിച്ചു. അവിടെനിന്നും ദേവി, സീതാ, അളകനന്ദ, ചക്ഷു, ഭദ്ര ഇത്യാദിനാമങ്ങളില്‍ നാനാദിക്കുകളിലേക്കും പ്രവഹിച്ചു. എന്ന് മഹാഭാരതത്തില്‍ പറയുന്നു. ഗംഗ എന്നപേരോടുകൂടി ദ്രവരൂപത്തില്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നത് സാക്ഷാല്‍ പരബ്രഹ്മംതന്നെ. മഹാപാതകികളെപ്പോലും സമുദ്ധരിക്കാന്‍വേണ്ടി കൃപാനിധിയായ പരമാത്മാവ് തന്നെ പുണ്യതമമായ പാഥോരൂപത്തില്‍ പൃഥ്യിയില്‍ അവതരിച്ചിരിക്കുന്നു. ഗംഗ എന്നത് സമുദ്രജലംപോലെയോ തടാകജലംപോലെയോ ഉള്ള വെറും ജലമല്ല. അവള്‍ സര്‍വാന്തര്യാമിയായി സര്‍വ്വാധിഷ്ഠാനമായ സാക്ഷാല്‍ പരബ്രഹ്മവസ്തുതന്നെ. എന്നാല്‍ ഭാഗീരഥി വെറുംവെള്ളമല്ലെന്നും സര്‍വ്വത്ര പരിപൂര്‍ണ്ണമായ പരമാത്മാവസ്തുതന്നെ എന്നുള്ളതിന് എന്തൊരു പ്രമാണമാണുള്ളതെന്ന് വല്ലവരും പ്രശ്‌നംചെയ്യുന്നപക്ഷം ശ്രദ്ധ എന്നുമാത്രമാണ് ഒരു ഭാഗീരഥിവ്യക്തന്‍ അതിനുത്തരംപറയുക. ആദ്ധ്യാത്മിക കാര്യങ്ങളില്‍ ബുദ്ധിശക്തിയിലധികം ശ്രദ്ധയാകുന്നു പ്രാധാന്യമെന്നുള്ളത് സര്‍വ്വമതങ്ങളും സര്‍വാചാര്യന്മാരും സമുദ്‌ഘോഷിക്കുന്ന ഒരു തത്വമാകുന്നു.
No comments:
Post a Comment