Thursday, August 6, 2015

അഭീഷ്‌ടസിദ്ധിക്ക്‌ അയ്യപ്പപൂജകള്‍

ശ്രീഭൂതനാഥന്റെ അനുഷ്‌ഠാനങ്ങള്‍ അറിയുകയും പഠിക്കുകയും ചെയ്യുന്നത്‌ അപൂര്‍വ്വവും അതിവിശിഷ്‌ടവുമായ കാര്യമാകുന്നു. മുപ്പത്തുമുക്കോടി ദേവഗണങ്ങള്‍ ആരാധിക്കപ്പെട്ടിരുന്ന ഈ പ്രാചീനഭൂമിയില്‍ മനുഷ്യനായി ജന്മമെടുക്കുന്ന ഈശ്വരഭാവങ്ങളാണ്‌ എന്നും പരമോന്നത സങ്കല്‍പ്പങ്ങളില്‍ വിരാജിച്ചിരുന്നത്‌. ഭഗവാന്‍ ശ്രീരാമനും, ശ്രീകൃഷ്‌ണനുമെല്ലാം മാനുഷരൂപം കൈക്കൊണ്ട ഈശ്വരചൈതന്യമായി കരുതപ്പെട്ടുപോന്നിരുന്നു. ദേവകള്‍ക്കും ദേവനായി ചരാചരങ്ങള്‍ക്കും നാഥനായി സര്‍വ്വേശ്വരസ്‌ഥാനത്ത്‌ ആരാധിക്കപ്പെട്ടിരുന്നത്‌ ചരിത്രത്തിന്റെ പ്രയാണവഴികളില്‍ നിറഞ്ഞുനിന്നിരുന്ന ഈ മഹാപുരുഷന്‍മാര്‍ തന്നെയായിരുന്നു എന്നോര്‍ക്കണം. ഇന്നും അങ്ങനെതന്നെ. ഇപ്രകാരം മനുഷ്യജന്മമെടുത്ത ഈശ്വരാംശഭാവങ്ങളില്‍ ഇന്ന്‌ പ്രമുഖസ്‌ഥാനത്ത്‌ വാണരുളുകയാണ്‌ കാശിരാമേശ്വരം, പാണ്ടി മലയാളം അടക്കിവാഴുന്ന കലിയുനവരദനായ സാക്ഷാല്‍ അയ്യപ്പസ്വാമി.
അയ്യപ്പസ്വാമിയുടെ വിപുലമായ അനുഷ്‌ഠാനകര്‍മങ്ങളില്‍ പ്രധാനമായത്‌ അയ്യപ്പന്‍വിളക്ക്‌, അയ്യപ്പന്‍പാട്ട്‌ എന്നീ കലാരൂപങ്ങളാകുന്നു. ഇത്‌ അതിപുരാതനമായ അനുഷ്‌ഠാനകലാരൂപങ്ങളില്‍പെടുന്നതാണ്‌. ഈ ആചാരം വലിയ ക്ഷേത്രങ്ങളിലും മറ്റുമാണ്‌ നടത്താറുള്ളത്‌. അനവധികലാകാരന്മാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ആകയാല്‍ സൗകര്യങ്ങളും സന്നാഹങ്ങളും അതുപോലെ ആവശ്യമാണ്‌. ചിലവും വലുതാണ്‌.
എന്നാല്‍ ലഘുക്ഷേത്രങ്ങളിലും, വീടുകളിലും സര്‍വസാധാരണമായി നടത്താവുന്നതായ ഒരു പ്രധാന അനുഷ്‌ഠാനമാണ്‌ അയ്യപ്പബലി എന്നറിയപ്പെടുന്ന ചടങ്ങ്‌. വളരെ അപൂര്‍വമായി മാത്രം പണ്ട്‌ ആചരിക്കപ്പെട്ടിരുന്ന ദേശികമായ ഒരു ആചാരമാണ്‌ ഇത്‌. ശൈലതാന്ത്രിക സമ്പ്രദായത്തിലുള്ള ഒരു പൂജാബലി സമര്‍പ്പണ സംഹിതയാണ്‌ ശ്രീ അയ്യപ്പബലി. ഇത്‌ വൈദികതാന്ത്രികമല്ല. ഇത്‌ വലിയ ക്ഷേത്രങ്ങളില്‍ പൊതുവെ നടത്താറില്ലായിരുന്നു. കാരണം വൈദിക താന്ത്രികാനുഷ്‌ഠാനക്രിയകള്‍ക്കാണ്‌ ക്ഷേത്രചടങ്ങളുകളില്‍ പ്രാധാന്യം. അനവധി കാലങ്ങളള്‍ക്കുമുമ്പ്‌ ഉടലെടുത്തതും തികച്ചും വായ്‌മൊഴി സമ്പ്രദായത്തിലൂടെ മാത്രം കൈമാറ്റം ചെയ്‌തുപോന്നതുമായ ഈ ഉപാസനാകര്‍മ്മം കാലാന്തരത്തില്‍ ഏറെക്കുറെ വിസ്‌മൃതമായത്തീര്‍ന്നമട്ടാണ്‌ ഇപ്പോള്‍. അതിനാല്‍ സാമാന്യജനത്തിന്റെ ശ്രദ്ധയ്‌ക്കുവേണ്ടിയാണ്‌ ഇപ്പോള്‍ ഈ കാര്യം ഇവിടെ എഴുതുവാനിടയായത്‌.
ഭഗവദ്ദര്‍ശനത്തിനായി വ്രതാനുഷ്‌ഠാനപൂര്‍വം പുറപ്പെടുമ്പോള്‍ യാത്രയ്‌ക്കുമുമ്പായി ചെയ്യുന്ന ഒരു പൂജാകര്‍മമായിട്ടാണ്‌ ഇത്‌ ആചരിക്കുന്നത്‌. ജന്മജന്മാന്തരങ്ങളിലെ കുടുംബദോഷങ്ങള്‍ ഇതുകൊണ്ടു ശമിക്കുന്നുവെന്ന്‌ സങ്കല്‍പ്പം. നമ്മുടെ ആരാധനയും ദര്‍ശനവും ധന്യവും ഫലപ്രദവുമായിത്തീരുകയും ചെയ്യുന്നു.
ആരാധനാക്രമങ്ങള്‍ നോക്കാം. കര്‍മ്മി ആദ്യമായി ഒരു നിലവിളക്ക്‌ ഭദ്രദീപമായി തെളിച്ച്‌ ഗണപതി സങ്കല്‍പ്പത്തില്‍ ആരാധിച്ചതിനുശേഷം പൂജാകളം വരയ്‌ക്കുന്നു. ''ശ്രീഭൂതഭദ്രകം'' എന്ന അപൂര്‍വമായ കളമാണ്‌ ആദ്യം വരയ്‌ക്കുക. നാനാവര്‍ണപ്പൊടികളാല്‍ മനോഹരമായി വരയ്‌ക്കപ്പെട്ട കളത്തില്‍ നീലപ്പട്ടിനുമുകളിലാണ്‌ ഭഗവാനെ ആവാഹിച്ചിരുത്തുന്ന പീഠം തയാറാക്കുന്നത്‌. തുടര്‍ന്ന്‌ തികച്ചും വ്യത്യസ്‌തമായ ശൈലതന്ത്രസമ്പ്രദായത്തില്‍ സമഗ്രമായ പൂജ നടത്തുന്നു. ഒടുവില്‍ വിശിഷ്‌ടമായ പഞ്ചദ്രവ്യങ്ങളാല്‍ മാനവകുലത്തിന്റെ നാഥനും കാലചക്രസ്വരൂപവുമായ ശ്രീശാസ്‌താവിനായ്‌ക്കൊണ്ട്‌ തര്‍പ്പണം നടത്തി ഭഗവദ്‌ഗാനങ്ങള്‍ ഈണത്തില്‍ സകലകുടുംബാംഗങ്ങളും ബന്ധുമിത്രസഹിതം ആലപിച്ചുകൊണ്ട്‌ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വവും അതിവിശിഷ്‌ടവുമായ ഈ കര്‍മം ആര്‌ ചെയ്യുന്നുവോ അവര്‍ക്ക്‌ പര്‍വതസമാനം ഐശ്വര്യവും ശ്രേയസും ഉണ്ടാകുന്നുവെന്ന്‌ ആചാര്യസൂക്‌തങ്ങള്‍ .
ഇപ്രകാരം ഭഗവാനെ ആരാധിക്കുന്ന കര്‍മങ്ങള്‍ നിരവധിയാണുള്ളത്‌. ഇതില്‍ അയ്യപ്പന്‍വിളക്ക്‌, അയ്യപ്പന്‍പാട്ട്‌ ഇവ യജ്‌ഞതുല്യമായ വലിയ കലാരൂപങ്ങളാണ്‌. സാധാരണക്കാരായ ഓരോ വ്യക്‌തിയെയും ആരാധനയിലും അതിന്റെ ക്രിയകളിലും പങ്കാളിയാക്കുന്ന സമ്പൂര്‍ണമായ സമര്‍പ്പണയജ്‌ഞം തന്നെയാണ്‌ അയ്യപ്പബലി. ഭക്‌തിപൂര്‍വം ഏതു ഗൃഹത്തിലും നടത്താവുന്ന ഈ ചടങ്ങ്‌ നാം ഒരു ദര്‍ശന യാത്രയ്‌ക്കു മുമ്പേ നടത്തുന്നത്‌ ഒരു ഭഗവന്‍ സമര്‍പ്പണമായാണ്‌ കണക്കാക്കപ്പെടുന്നത്‌. ജന്മജന്മാന്തരിലെ കര്‍മദോഷങ്ങളും കര്‍മബന്ധനവഴികളും അകന്ന്‌ ഈ ജന്മത്തില്‍ ദുരിതശാന്തിയും അഭീഷ്‌ടസിദ്ധിയും സായൂജ്യവും ലഭിക്കുന്നതിന്‌ ഉത്തമമായി ഈ അനുഷ്‌ഠാനത്തെ പൊതുവെ കാണുന്നു.

No comments:

Post a Comment