Sunday, August 16, 2015

കൈകേയി

ദശരഥമഹാരാജാവ് ദക്ഷിണകോസല രാജാവിന്റെ പുത്രി കൗസല്യയില്‍ അനുരക്തനായി അവരെ വിവാഹംചെയ്ത് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരാണ്‍കുഞ്ഞ് ജനിക്കാത്തതിനാല്‍, തന്റെ മിത്രമായ കേകയരാജാവ് അശ്വപതിയോട് പുത്രിയെ തനിക്ക് വിവാഹം ചെയ്തുതരാന്‍ ആവശ്യപ്പെട്ടു. കൈകേയിയില്‍ ജനിക്കുന്ന പുത്രനെ രാജാവായി ഭാവിയില്‍ വാഴിക്കണം എന്ന വാഗ്ദാനത്തോടെ അശ്വപതി അതിന് സമ്മതംമൂളി. അങ്ങനെ ദശരഥ മഹാരാജാവിന്റെ പത്‌നിയായി കോസലത്തിലെത്തിയ കൈകേയിയോടൊപ്പം മന്ഥര എന്ന വളര്‍ത്തമ്മയായ ദാസിയും എത്തി. ദശരഥമഹാരാജാവ് നയിച്ച പല യുദ്ധങ്ങളിലും അദ്ദേഹത്തിന്റെ തേരാളിയായി ഒരു നല്ല കുതിരസവാരിക്കാരികൂടിയായ കൈകേയി കൂടെയുണ്ടായിരുന്നു. ഒരു യുദ്ധത്തില്‍ സ്വന്തം കൈവിരല്‍ ആണിയായി യുദ്ധം കഴിയുന്നതുവരെ നിര്‍ത്തി ഭര്‍ത്താവിനെ മരണത്തില്‍നിന്ന് രക്ഷിക്കുകയും യുദ്ധത്തില്‍ വിജയിക്കാന്‍ സഹായിക്കുകയും ചെയ്ത ബുദ്ധിമതിയും ത്യാഗശീലയുമായ ഭാര്യയായിരുന്നു കൈകേയി. ദശരഥന്‍ ആ യുദ്ധവിജയസമയത്തുനല്കിയ രണ്ട് വരങ്ങളെക്കുറിച്ച് തക്കസമയത്ത് മന്ഥര അവരെ ഓര്‍മിപ്പിക്കുന്നു. രാമായണത്തിന്റെ പ്രത്യേകത മന്ഥരയിലും കാണാം. ദാസിയാണെങ്കില്‍ അവള്‍ പരിപൂര്‍ണ വിശ്വസ്തയായ ദാസി!

കൈകേയിയോടുള്ള സത്യം പാലിക്കുന്നതില്‍ ദശരഥമഹാരാജാവ് ഏറെ വെമ്പല്‍കൊണ്ടതിനുപിന്നില്‍ കൈകേയിയോടുള്ള പ്രേമവും സത്യപാലനത്തിലുള്ള വ്യഗ്രതയുമല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ? കേകയരാജാവ് അശ്വപതിയുടെ പുത്രനായ യുധാജിത് തന്റെ സഹോദരി കൈകേയിയോടും അവരുടെ പുത്രന്‍ ഭരതനോടും ഏറെ സ്‌നേഹവും വാത്സല്യവും പുലര്‍ത്തിയിരുന്നു. വിവാഹസമയത്ത് താന്‍ നല്കിയ വാക്ക് പാലിച്ചില്ലെങ്കില്‍ യുധാജിത് പടപ്പുറപ്പാടുമായിവന്ന് അയോധ്യ കീഴടക്കി രാമനെ തടവിലാക്കി ഭരതനെ അയോധ്യാധിപതിയായി വാഴിക്കുമോ എന്ന പേടി ഒരുപക്ഷേ, ദശരഥനുണ്ടായിരുന്നോ? 

ദശരഥന് ഏറ്റവും പ്രിയമേറിയ പത്‌നി എന്നും കൈകേയിയായിരുന്നു. ദശരഥന്‍ ഏറെസമയവും ചെലവഴിച്ചത് കൈകേയിയുടെ അന്തഃപുരത്തില്‍ തന്നെ. ബുദ്ധിയും സൗന്ദര്യവും പ്രേമവും ഒരുപോലെ നിറഞ്ഞ കൈകേയിയില്‍ സദാ അനുരക്തനായിരുന്ന ദശരഥന്‍ അവര്‍ക്ക് നല്കിയ വാക്കുപാലിക്കാതിരിക്കുക തികച്ചും അസാധ്യമായിരുന്നിരിക്കണം. എങ്കിലും ഇത്തരമൊരു വലിയ പ്രശ്‌നത്തില്‍ ചെന്നുചാടിയ ദശരഥന്‍ ഒരു ഉപദേഷ്ടാവിനോടും അഭിപ്രായം ചോദിക്കുന്നതായി കാണുന്നില്ല. പ്രജ്ഞയറ്റതുപോലെ വീണുപോയ ദശരഥന്‍ അന്തഃപുരത്തില്‍ കിടന്നുവിലപിക്കുക മാത്രം ചെയ്യുന്നു.

രാമായണം എന്ന കഥയുണ്ടാകാന്‍ അങ്ങനെ പ്രധാന കാരണക്കാരിയായിമാറുകയാണ് കൈകേയി.

No comments:

Post a Comment