Sunday, August 16, 2015

രാമസേതു

''സൗമ്യ നിരാമയാ നീ ഉഴിഞ്ഞാല്‍...''
രാമസേതു നിര്‍മ്മാണ സമയം.. വാനരസേനാംഗങ്ങള്‍ എല്ലാം വലിയ കല്ലുകള്‍ ശേഖരിച്ചു കൊണ്ടുവന്നു രാമനാമം ഉരുവിട്ടുകൊണ്ട് അവ സമുദ്രത്തില്‍ നിക്ഷേപിക്കുകയാണ്.. ഇതെല്ലം കണ്ടുകൊണ്ടു ശാന്തമായി ഇരിക്കുകയാണ് ഭഗവാന്‍.. പെട്ടന്നാണ് ശ്രീരാമചന്ദ്രന്‍ ആ കാഴ്ച കണ്ടത് ഒരു കുഞ്ഞു അണ്ണാറക്കണ്ണന്‍ സമീപത്തുള്ള ഒരു കുളത്തില്‍ മുങ്ങി നനഞ്ഞു കുതിര്‍ന്നതിനു ശേഷം മണലില്‍ കിടന്നുരുളുകയും ദേഹമാസകലം മണല്‍തരികളുമായി പാലത്തിലൂടെ വന്നു ശരീരം കുടഞ്ഞു ഉടലില്‍ പറ്റിപിടിച്ചിരിക്കുന്ന മണല്‍ തരികളാകെയും സമുദ്രത്തിലേക്കു ഇടുകയാണ്.. ഈ പ്രവര്‍ത്തി പല തവണ അവന്‍ ആവര്‍ത്തിക്കുന്നത് ഭഗവാന്‍ കാണുകയുണ്ടായി.. ദയാലുവായ രാമന്‍ അവനടുക്കലെത്തി...
''കുഞ്ഞേ നീ എന്താണി ചെയ്യുന്നത്..നിന്നെ കൊണ്ട് സാധിക്കുമോ ഇതും.. നിന്നില്‍ ഞാന്‍ സംതൃപ്തനാണ് മടങ്ങിപോകു നീ വിശ്രമിച്ചാലും..'' ഭഗവാന്‍റെ അരുളപ്പാടുണ്ടായി.. പക്ഷെ ആ അണ്ണാന്‍ കുഞ്ഞിന്‍റെ മറുപടി ഇപ്രകാരമായിരുന്നു.. ഭഗവാനേ അങ്ങെന്നോട് കനിവ് കാണിച്ചിരിക്കുന്നു.. ദേവാ അങ്ങയുടെ കൃപ അതില് കവിഞ്ഞു ഇനി എനിക്കെന്താണ് വേണ്ടത്.. പ്രഭോ എനിക്ക് വിശ്രമിക്കാന്‍ കഴിയില്ല.. എന്‍റെ ഈ ചെറിയ ജന്മം കൊണ്ട് ഇങ്ങനെയെങ്കിലും എനിക്ക് അവിടുത്തേക്ക്‌ സേവ ചെയ്യണം എന്നാണു എന്‍റെ ആഗ്രഹം..ഞാനിതില്‍ വളരെയധികം സന്തോഷം കണ്ടെത്തുന്നു..'' അണ്ണാറക്കണ്ണന്‍റെ എളിയ വാക്കുകള്‍ ഭഗവാന്‍റെ മനം കുളിര്‍പ്പിച്ചു എന്ന് വേണം പറയാന്‍..പൂര്‍ണ്ണ സംതൃപ്തനായ ഭഗവാന്‍ അണ്ണാന്‍കുഞ്ഞിനെ തന്‍റെ കൈകളില്‍ എടുത്തു തലോടി. നിസ്സാര ജീവി ആണെങ്കില്‍ കൂടിയും തന്നോടുള്ള ഭക്തിയിലും അതിന്‍റെ പ്രവര്‍ത്തിയിലും സംപ്രീതനായ ഭഗവാന്‍റെ ആ തലോടല്‍ തൃകൈയിലെ മൂന്നു വിരല്‍ പാടുകള്‍ ആയി മൂന്ന് വരകള്‍ പോലെ അണ്ണാന്‍ കുഞ്ഞിന്‍റെ ശരീരത്തില്‍ പതിഞ്ഞു.. അന്ന് മുതല്‍കാണത്രേ ഈ മൂന്നു വരകള്‍ ഭാരതത്തില്‍ കാണപെടുന്ന ഒരു കൂട്ടം അണ്ണാന്‍റെ (Indian palm Squirrel ) ശരീരത്തില്‍ കാണാന്‍ തുടങ്ങിയതെന്നും വിശ്വാസം...
രാമായണം ഇതിവൃത്തമാക്കിയിട്ടുള്ള രചിച്ചിട്ടുള്ള ഒരു കൂട്ടം രാമകഥകളില്‍ നിന്നും...
ശ്രീരാമ രാമ രാമ..!! ശ്രീരാമചന്ദ്ര ജയ..!!!

No comments:

Post a Comment