Friday, August 21, 2015

ആരാണ് കൃഷ്ണന്‍???


*ആരാണ് കൃഷ്ണന്‍ ?
*കൃഷ്ണന്‍ എന്ന ഒരു വ്യക്തി ജീവിച്ചിരുന്നോ?
കര്‍ഷണേ ഇതി കൃഷ്ണ; ആകര്‍ഷിക്കുന്നവന്‍ കൃഷ്ണന്‍.
അത് വാക്ക് അര്‍ഥം. കൃഷ്ണനെ അറിയാന്‍ ആദ്യം വ്യാസനെ അറിയണം. വേദങ്ങളെ വ്യസിപ്പിച്ചവന്‍ (വ്യസിക്കുക എന്നാല്‍ പകുക്കുക) വേദ വ്യാസന്‍. ഇതിഹാസത്തിലൂടെ ധര്‍മ്മത്തെ പ്രതിപാതിച്ചവന്‍. മഹാഭാരതത്തില്‍ വ്യാസന്‍ തന്നെ ഒരു കഥാപാത്രമായി വന്നു ധൃതരാഷ്ട്രരോട് പറയുന്നു:
" ഇമാ കഥാ തേ കഥിതാ മഹീയതാം
വിദായ ലോകേഷു യശ പരേയുഷാം
വിജ്ഞാന വൈരാഗ്യ വിവശയാ വിഭോ
വാചോവിഭൂതിര്‍ നദു പാരമാര്‍ത്ഥ്യം".
ഇത് വെറും കഥ ആണെന്നും എന്റെ വാഗ്വിലാസങ്ങള്‍ മാത്രമാണെന്നും അതിന്റെ കര്‍ത്താവ്‌ തന്നെ പറഞ്ഞിരിക്കുന്നു.

ശ്രീ കൃഷ്ണന്‍ അതിലെ ഒരു കഥാപാത്രം മാത്രം.
ഭഗവത് ഗീത മഹാഭാരതത്തിന്റെ ഒരു ഭാഗം മാത്രമാണ്.
'സത്യം' മനോഹരമായി ഗീതയിൽ പ്രതിപാതിച്ചിരിക്കുന്നു.
സത്യം പ്രതിപാദ്യ വിഷയമാക്കിയ വേദോപനിഷത്തുക്കള്‍ സാധാരണ മനുഷ്യന്റെ ബുദ്ധിക്കു അപ്രാപ്യം ആയതിനാല്‍ അത് കഥ ആയി വ്യാസന്‍ അവതരിപ്പിച്ചു.
ഓരോ കഥാപാത്രവും ഓരോ ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
ഉദാഹരണം: ദുര്‍ ധനത്വാത് ഇതി ദുര്യോധന, ദു ശാസനാത് ഇതി ദുശാസന.
ധര്‍മ്മ പുത്രര്‍ ധര്‍മ്മത്തെയും, ഭീമന്‍ മഹത്തായ കര്‍മത്തെയും (ഭീമ കര്‍മാ എന്നാണ് ഗീതയില്‍)
സഹദേവന്‍ സത്സംഗ പ്രിയനെയും, നകുലന്‍ കുലം ഇല്ലാത്തവനെയും (അഹം ഭാവം നശിച്ചവന്‍) സൂചിപ്പിക്കുന്നു.
ഭീഷ്മര്‍ ഭയത്തെയും ദ്രോണാചാര്യര്‍ ദ്വൈത ആചരണത്തെയും ശിഖണ്ഡി സന്യാസത്തെയും സൂചിപ്പിക്കുന്നു.

ഗീതയുടെ സൂക്ഷ്മതലം അധ്യാത്മ യുദ്ധം ആണ്. ജയിക്കേണ്ടത് ഭയത്തിനെ. അതിനു ശിഖണ്ഡി യെ മുന്‍നിര്‍ത്തണം (ശിഖ അഥവാ കുടുമ ഖണ്ഡിച്ചവന്‍- സന്യാസി).
ഭയത്തെ ജയിക്കാന്‍ വേണ്ടത് സന്യാസം.
സന്യാസമെന്നാല്‍ "നദു വസ്ത്രം നദു മുണ്ഡനം ജ്ഞാനം സന്യാസ ലക്ഷണം".
അത് വേഷമോ മുണ്ഡനം ചെയ്യാലോ അല്ല, സത്യം അറിയല്‍ ആണ്.
*എന്താണ് സത്യം?
"കാലത്രയെപി തിഷ്ടതി യത് തത് സത്"
മൂന്നു കാലത്തും (ജാഗ്രത്, സ്വപ്ന, സുഷുപ്തി) നിലനില്‍ക്കുന്നത് സത്യം - അത് ഞാന്‍ ആണ്;അഹം.

നാം പോകുന്നത് ഉപനിഷത്തിലേക്കാണ്.
ഗീതയിലെ പല മന്ത്രങ്ങളും ഉപനിഷത്തുക്കളില്‍ നിന്നും ആണ്. നാം കഥയുടെ പുറകേ പോകുമ്പോള്‍, ഇതൊക്കെ എന്ന് എവിടെ സംഭവിച്ചു എന്നൊക്കെ അന്വേഷിക്കുമ്പോള്‍, ഗ്രന്ഥത്തിന്റെ താല്പര്യം തന്നെ നഷ്ടമാകുന്നു.
ഭക്തി എന്ന് പറഞ്ഞു എന്തിന്റെയൊക്കെയോ പിന്നാലെ പോകുന്നു....
ദുര്യോധനന്‍ ഭഗവാനില്‍ നിന്നും സൈന്യത്തെ സ്വീകരിച്ചപ്പോള്‍, അര്‍ജുനന്‍ ഭഗവാനെ മാത്രം ചോദിച്ചു.

യഥാര്‍ത്ഥ ഭക്തന്‍ ഭഗവാനില്‍ നിന്നും ഒന്നും ചോദിക്കുന്നില്ല. കുറഞ്ഞത്‌ ഗീതയില്‍ ഭഗവാന്‍ എന്ത് പറഞ്ഞു എന്നെങ്കിലും ഭക്തന്‍ അറിയാന്‍ ശ്രമിക്കണം.
"ജന്മ കര്‍മ ച മേ ദിവ്യം ഏവം യോ വേത്തി തത്ത്വത" - എന്റെ ജന്മത്തെ ത്വാത്തികമായി അറിയണമെന്ന് ഭഗവാന്‍ തന്നെ പറഞ്ഞിരിക്കുന്നു.

"എനിക്ക് ഈ ലോകത്തിൽ നേടെണ്ടതായി ഒന്നും തന്നെ ഇല്ല,എന്നിരുന്നാലും ഞാൻ കർമംചെയ്തുകൊണ്ടേയിരിക്കുന്നു.അതിന്റെ ഫലത്തിൽ സംഗം ഇല്ലാതെ.
ഈ ലോകത്തിനോട് തന്നെ സംഗം ഇല്ലാതെ എല്ലാം ഒരു ലീലയായി."
ഇതായിരുന്നു ശ്രീ കൃഷ്ണന്റെ മതം.

യുദ്ധഭൂമിയിൽ പോലും പുഞ്ചിരിച്ചുകൊണ്ട് . തന്റെ വംശം മുഴുവൻ പരസ്പരം തല്ലി മരിക്കുമ്പോഴും അല്പ്പം മാറിനിന്നു നിസ്സംഗനായി കണ്ടുകൊണ്ടു നില്ക്കുന്നു.

ഒരു സന്യാസി എങ്ങിനെ ആകണം എന്ന് ചോദിച്ചാൽ, മരവുരിയോ കാവിയോ ധരിച്ചു സ്ത്രീ സമ്പർക്കമേ ഇല്ലാതെ ധ്യാനിച്ചുകൊണ്ടിരിക്കണം എന്ന സന്യാസി സങ്കൽപ്പങ്ങൾക്ക് അതീതമായി; എന്നാൽ അങ്ങേയറ്റം സന്യാസി ആയി ശ്രീ കൃഷ്ണൻ എന്ന സന്യാസി ഏവർക്കും മാതൃകയായി വിരാജിക്കുന്നു.

No comments:

Post a Comment