Sunday, August 16, 2015

എകാദശി വൃതത്തിന്റെ കഥ.

പണ്ട് മുരൻ എന്ന് പേരായ ഒരു പരാക്രമിയായ അസുരനുണ്ടായിരുന്നു. സ്വന്തം ശക്തി വർദ്ധിപ്പിക്കുന്നതിനായി ബ്രഹ്മാവിനെ പ്രീതിപ്പെടുത്താൻ മുരൻ കഠിന തപസ്സ് ചെയ്തു. എത്രയായീട്ടും ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടില്ല.
മുരൻ വാശിയോടെ സ്വന്തം വാളെടുത്ത് ബ്രഹ്മാവിനെ സ്തുതിച്ചിട്ട് തന്റെ കഴുത്തു വെട്ടാനൊരുങ്ങിയപ്പോൾ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടു.
"മുരാ, അവിവേകം കാണിക്കരുത്. നിന്റെ ഏതാഗ്രഹവും ഞാൻ സാധിച്ചുതരാം".
ബ്രഹ്മാവ്‌ പറഞ്ഞതു കേട്ട് സന്തോഷത്തോടെ മുരൻ ബ്രഹ്മാവിനോട് അപേക്ഷിച്ചു,
"പ്രഭോ, ബ്രഹ്മാസ്ത്രം തന്ന് അടിയനെ അനുഗ്രഹിക്കണം".
ദേവന്മാരെപ്പോലും നിലയ്ക്ക് നിർത്താൻ കഴിയുന്ന ബ്രഹ്മാസ്ത്രം കിട്ടിയാൽ
വിനാശകാരിയായ മുരൻ ചെയ്തേക്കാവുന്ന അപകടങ്ങൾ ബ്രഹ്മാവ്‌ മുൻകൂട്ടി അറിഞ്ഞു. പക്ഷെ, മുരൻ ആവശ്യപ്പെട്ടതു നൽകാതിരിക്കാൻ ബ്രഹ്മാവിന് കഴിഞ്ഞില്ല.
ബ്രഹ്മാസ്ത്രം കിട്ടിയതോടെ ശക്തനായ മുരൻ ദേവന്മാരെയും മഹർഷിമാരെയും തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ തുടങ്ങി. മഹർഷിമാരുടെ യാഗശാലകൾ ഒന്നൊന്നായി അവൻ തല്ലിത്തകർത്തു. ആശ്രമങ്ങൾ അഗ്നിക്കിരയാക്കി. ദേവന്മാരുടെ കാര്യം ഇതിലും കഷ്ടമായിരുന്നു.
ദേവന്മാരെ പിടികൂടി വെള്ളത്തിൽ മുക്കിപ്പിടിച്ചു. ചിലരെ ചുഴറ്റി കടലിലെറിഞ്ഞു.
ഒടുവിൽ ദേവന്മാർക്കു പൊറുതിമുട്ടി. അവർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. പക്ഷെ, മഹാവിഷ്ണുവിനും അത്ര എളുപ്പത്തിൽ ദേവന്മാരെ സഹായിക്കാൻ കഴിഞ്ഞില്ല. എങ്കിലും ദേവന്മാരെ സഹായിക്കാൻ മുരനോട് പൊരുതാൻ തന്നെ മഹാവിഷ്ണു നിശ്ചയിച്ചു.
അങ്ങനെ മഹാവിഷ്ണുവും മുരനും ഘോരയുദ്ധം തുടങ്ങി. പക്ഷെ, ശക്തനായ മുരനെ വധിക്കാൻ മഹാവിഷ്ണുവിനും കഴിഞ്ഞില്ല. ഒടുവിൽ മഹാവിഷ്ണു തളർന്നു.
വിശ്രമത്തിനായി മഹാവിഷ്ണു വേഗം ബദരിയിലെ സിംഹവതി ഗുഹയിലേക്ക് പാഞ്ഞു. മായാവിയായ മുരൻ മഹാവിഷ്ണുവിനെ അദൃശ്യനായി പിന്തുടരുന്നുണ്ടായിരുന്നു.
ഗുഹയിലെത്തിയ മഹാവിഷ്ണു രാധാകൃഷ്ണമന്ത്രം മനസ്സിൽ ധ്യാനിച്ച്‌ ഉറങ്ങാൻ തുടങ്ങി. അപ്പോഴേക്കും ബ്രഹ്മാസ്ത്രവുമായി മുരൻ ഗുഹയിലെത്തി. ഈ സമയം കൃഷ്ണൻ രാധാദേവിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയുടെ അർത്ഥം മനസിലാക്കിയ രാധാദേവി തന്റെ അംശത്തിൽ നിന്നും ജാതയായ യോഗമായദേവിയെ മഹാവിഷ്ണുവിന്റെ രക്ഷക്കായി പറഞ്ഞയച്ചു. മഹാവിഷ്ണുവിന്റെ ശിരസ്സറുക്കാൻ മുരൻ ബ്രഹ്മാസ്ത്രമെടുത്ത് ഉന്നം പിടിച്ചു.
പെട്ടെന്ന് തീക്ഷ്ണമായ പ്രകാശം എങ്ങും പരന്നു. ആയുധധാരിയായ ഒരു ദിവ്യ കന്യക മഹാവിഷ്ണുവിന്റെ ശരീരത്തിൽനിന്ന് ഉയർന്ന് വന്നു. മുരാസുരൻ വിസ്മയിച്ചു നിൽക്കേ ദിവ്യ കന്യകയുടെ കൈയിൽനിന്ന് ആയിരക്കണക്കിനു അസ്ത്രങ്ങൾ മുരനെ
ലക്ഷ്യമാക്കി മിന്നല്പിണരിന്റെ വേഗത്തിൽ പാഞ്ഞുചെന്നു. ആ ശര മാരി തടുക്കാൻ മുരന് കഴിഞ്ഞില്ല. ശരീരം മുഴുവൻ അമ്പേറ്റ് ചിതറി മുരൻ മരിച്ചുവീണു.
മുരന്റെ അലർച്ച കേട്ട് മഹാവിഷ്ണു ഞെട്ടിയുണർന്നു. അപ്പോൾ കണ്ടത് ഒരു ദിവ്യകന്യകയും മരിച്ചുകിടക്കുന്ന മുരനും.
മഹാവിഷ്ണുവിന് സന്തോഷമായി.
"ദേവി, ഇന്ന് ഏകാദശിയാണ്. ഇന്ന് ജനിച്ച നീ ഏകാദശി എന്ന പേരിൽ പ്രശസ്തയാകും. ദേവിയുടെ ജന്മനാളിൽ വൃതമെടുത്ത് എന്നെ ആരാധിക്കുന്നവർക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും". മഹാവിഷ്ണു അരുളിച്ചെയ്തു.
അത് കേട്ടപ്പോൾ ദേവി ചോദിച്ചു.
''അല്ലയോ ഭഗവാനെ പക്ഷെ ഈ ഭൂമിയിൽ വസിക്കുന്നതിനാൽ എനിക്ക് പാപമേൽക്കാൻ സാദ്ധ്യതയില്ലേ?അതിനു ഞാൻ എന്ത് ചെയ്യണം? ''
ഭഗവൻ പറഞ്ഞു.
" ദേവി ഏകാദശി വൃതം എടുക്കുന്ന ഭക്തർ ഏകാദശി ദിവസം രാവിലെ കുളിച്ചു ശരീരശുദ്ധി വരുത്തി അല്പാഹരിയായി പൂജാകീർത്തനങ്ങളാലും സൽകഥകൾ ശ്രവിച്ചും വായിച്ചും മനസ്സ് പരിപൂർണ്ണമായി ഭഗവാനിൽ സമർപ്പിച്ചു കഴിയണം. രാത്രിയിൽ ഉറക്കം ഉപേക്ഷിക്കണം. മത്രമല്ല ദ്വാദശി പാരണക്കു ശേഷം ആ പകൽ ഉറങ്ങുവാൻ പാടില്യ. ഇതെല്ലാം ശരിയായി ചെയ്യുന്ന ഭക്തനു മാത്രമേ ഏകാദശിയുടെ പരിപൂർണ്ണ ഫലം ലഭിക്കുകയുള്ളൂ."
വിഷ്ണു ഭഗവാൻ ദേവിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
"അമ്മേ അവിടുന്നു യോഗമായയല്ലേ. ഏകാദശി വൃതം അനുഷ്ടിച്ച ഭക്തന്മാരുടെ പാദം ദ്വാദശിനാൾ പകൽ തടവിക്കൊടുക്കൂ. ആരെങ്കിലും ഉറങ്ങിയാൽ അവരുടെ ഏകാദശിവൃതത്തിന്റെ പകുതി ഫലം അമ്മക്ക് ലഭിക്കും."
ഇത് കേട്ട് ദേവി സന്തോഷത്തോടെ മഹാവിഷ്ണുവിന്റെ നമിച്ചു.
ഇതാണ് എകാദശി വൃതത്തിന്റെ കഥ.

No comments:

Post a Comment