Sunday, August 16, 2015

കർക്കിടക വാവ് ബലി.

ഒരു വർഷത്തിൽ കർക്കിടക മാസം മുതൽ 6 മാസം ദക്ഷിനായനമെന്നും, മകരമാസം മുതൽ 6 മാസം ഉത്തരായനെമെന്നും, (സൂര്യന് ചുറ്റും ഉള്ള ഭൂമിയുടെ സഞ്ചാരത്തിനനുസരിച്ചു) കണക്കാക്കുന്നു. ദക്ഷിണായനത്തിൽ പിതൃ കാര്യങ്ങൾക്കും, ഉത്തരായനത്തിൽ ദേവ കാര്യങ്ങൾക്കും, പ്രാധാന്യം കല്പ്പിക്കുന്നു.
ഒരു മാസത്തിൽ കറുത്ത പക്ഷമെന്നും ,വെളുത്ത പക്ഷമെന്നും , (ഭൂമിക്കു ചുറ്റും ഉള്ള ചന്ദ്രന്റെ സഞ്ചാരത്തിനനുസരിച്ചു) കണക്കാക്കുന്നു. കറുത്ത പക്ഷം പിതൃ കാര്യങ്ങൾക്കും, വെളുത്ത പക്ഷം ദേവ കാര്യങ്ങൾക്കും, പ്രാധാന്യം,കല്പ്പിക്കുന്നു.
ഒരു നക്ഷത്രത്തിനു (ദിനത്തിന് ) രണ്ടു ഭാഗമായി കണക്കാക്കുന്നു. പൂർവാർധം (ആദ്യ ഭാഗം) പിതൃ കാര്യങ്ങൾക്കും,ഉത്തരാര്ധം (അവസാന ഭാഗം ) ദേവ കാര്യങ്ങൾക്കും പ്രാധാന്യം,കല്പ്പിക്കുന്നു.
അങ്ങനെ കണക്കാക്കുമ്പോൾ ദക്ഷിണായനത്തിൽ ആദ്യമാസമായ, കർക്കിടക മാസത്തിൽ അമാവാസി ദിനം ആദ്യ പകുതി പിതൃക്കളുടെ ആദ്യ ദിവസവും , ഏറ്റവും പ്രധാനപ്പെട്ട സമയവുമാകുന്നു. അതാണ് കർക്കിടക വാവ് ബലിയുടെ പ്രാധാന്യം.
പിതൃക്കൾ
--------------------
ഒരാളുടെ മരണശേഷം ജീവാത്മാവ് പ്രേതാവസ്ഥയെ പ്രാപിക്കുന്നു.പ്രേതാവസ്ഥയിൽ സൂക്ഷ്മശരീരിയായി വർത്തിക്കുന്ന ആത്മാവ് വിവിധ ശ്രാദ്ധകർമ്മങ്ങളിലൂടെ പ്രേതമുക്തി നേടി മോക്ഷം ലഭിക്കുമ്പോൾ പിതൃക്കൾ.ആയി തീരുന്നു.
അതായത്, പിതാവ്,പിതാമഹൻ, പ്രപിതാമഹൻഇങ്ങനെ നാമുൾപ്പെടെ നാലു തലമുറയിൽ പെട്ടവരും മരണശേഷം പ്രേതാവസ്ഥയിൽ നിന്നും മോക്ഷം നേടിയവരുമാണ് പിതൃക്കൾ.
ഈ പിതൃക്കളെ തൃപ്തി വരുത്തുന്നതിനായി നിശ്ചിത വേളകളിൽ ശ്രാദ്ധദാനാദികൾ നൽകേണ്ടത് അനന്തര തലമുറയിൽ പെട്ടവരുടെ കടമയാണ്.ഇവ വിധിയാംവണ്ണം അനുഷ്ഠിക്കുമ്പോൾ പിതൃക്കളുടെ അനുഗ്രഹത്തിന് നാം പാത്രീഭൂതരാകുന്നു.
"പിതാ പിതാമഹഃചൈവ തഥൈവ പ്രപിതാമഹഃ
ത്രയോ ഹി അശ്രുമുഖാ ഹ്യേതേ പിതരഃ പരികീർത്തിതാഃ "
- ബ്രഹ്മപുരാണം
പിതൃ ബലി- പ്രാധാന്യം
ഒരാളുടെ ജീവിതത്തിൽ എല്ലാ കാര്യങ്ങളുടെയും ഫല പ്രാപ്തിക്കു ഗുരു,പിതൃ,ദൈവ - അനുഗ്രഹം കൂടിയേ തീരൂ. 41 ദിനം കഠിന വ്രതമെടുത്ത് അയ്യപ്പ ദർശനത്തിനെത്തുന്ന ഭക്തർ, ഗുരുവിന്റെ അനുഗ്രഹത്തൽ ഇരുമുടി കെട്ടു എടുത്തു, പിതൃക്കളുടെ അനുഗ്രഹത്തിനായി പുണ്യ നദിയായ പമ്പയിൽ ബാലിയിട്ടാണ് മല ചവിട്ടുന്നത്. ബലി മുടക്കിയവന് ഒരു മംഗള കര്മ്മവും നടത്തുവനോ, നടത്തിക്കുവനോ,പങ്കെടുക്കുവാനോ പടില്ലെന്നുല്ലതാണ് പഴയ ആചാരം. അത്ര പ്രാധാന്യം പിതൃ ബലിക്കു കൊടുത്തിരിക്കുന്നു.
ഗുരു ,ദൈവ സ്മരണ നമ്മൾ സാധാരണ ചെയ്യാറുണ്ടെങ്കിലും, പിതൃ സ്മരണ വളരെ കുറഞ്ഞു കാണുന്നു.അച്ഛനമ്മമാരോ ,മറ്റു അടുത്ത ബന്ധുക്കളോ മരണപ്പെട്ടാൽ സംവത്സര ദീക്ഷ എടുക്കെന്ടവർ, ആറുമാസമായും,41 ദിനമായും, 16 ദിനമായും ആചരിക്കുന്നത് ഇന്ന് സാധാരണമാണല്ലോ.ഇത് ജീവിതത്തിലെ പല ദോഷങ്ങല്ക്കും കാരണമായേക്കാം. അവിടെയാണ് കർക്കിടക വാവിന്റെ പ്രാധാന്യം. ഈ ദിവസം ബലി ഇടുന്ന പക്ഷം തന്റെ കുലത്തിലെ എല്ലാ പിത്രുക്കല്ക്കും, വര്ഷം മുഴുവൻ ബലി നല്കിയത്തിനു തുല്യമാകുന്നു. താൻ ഈ ഭൂമിയിൽ ജനിക്കാൻ കാരണമായ തന്റെ എല്ലാ പിതൃക്കളെയും ഈ ഒരു ദിവസം എങ്കിലും ഓർക്കുക വഴി എല്ലാവർക്കും പിതൃക്കളുടെ അനുഗ്രഹവും, ആയുരാരോഗ്യ സൌഖ്യവും ഉണ്ടാകട്ടെ.

No comments:

Post a Comment