Wednesday, August 5, 2015

ധര്‍മശാസ്താവും ശാസ്തൃതത്ത്വവും

അതിപുരാതനമാണ് ശബരിമലക്ഷേത്രം. പരശുരാമപ്രതിഷ്ഠിതമെന്നാണ് പരമ്പരാഗതമായ വിശ്വാസം. ശിവശക്ത്യാത്മകമായ ഈശ്വരഭാവനയാണ്, ധര്‍മശാസ്തൃസങ്കല്‍പ്പം. അതു വിഷ്ണുമഹേശശക്തി സംപുടിതമായ ഏകസന്താനമായി ചിത്രീകരിച്ചതായി ക്കൂടെന്നില്ല . വിഷ്ണു വിശ്വരൂപനാണ്. ശിവന്‍ അഷ്ടമൂര്‍ത്തിയാണ്. ഹരിഹരന്മാരുടെ സാരം ഒന്നിച്ചുചേര്‍ന്ന ദേവനാണ് ശാസ്താവ്. മഹിഷീശാപ മോചനത്തിനായി ശാസ്താവ് സ്വയംഭൂവായി അവതരിച്ചതാണ് അയ്യപ്പന്‍. ധര്‍മശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍ യോഗിയും ബ്രഹ്മചാരിയും ആയിരുന്നു. ഭഗവാന്‍ അയ്യപ്പനാല്‍ ശുദ്ധീകരിക്കപ്പെട്ട മഹിഷി അല്ലെങ്കില്‍ വിഷ്ണുമോഹിനി മാളികപ്പുറത്തമ്മയിലും, അവതാരോദ്ദേശ്യമെല്ലാം സാധിച്ചശേഷം ഒരു തേജഃപുഞ്ജമായി അയ്യപ്പന്‍ ശാസ്താവിലും വിലയിച്ചുവെന്നു വിശ്വസിച്ചുപോരുന്നു.

വലതുകൈ കൊണ്ട് തള്ളവിരലും ചൂണ്ടാണിവിരലും ചേര്‍ത്തു ചിന്‍മുദ്ര കാണിച്ചുകൊണ്ട് വിരാജിക്കുന്ന രൂപത്തിലാണ് ധര്‍മശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. തള്ളവിരലിനെ ആത്മാവായും ചൂണ്ടാണിവിരലിനെ ജീവനായും കല്പിച്ചിരിക്കുന്നു. കോപാവേശത്തില്‍ ഉയര്‍ത്തിക്കാട്ടാറുള്ള ചൂണ്ടുവിരല്‍, അടങ്ങിമടങ്ങിയിരിക്കുന്നത് അജ്ഞാനാവരണം നീങ്ങിയ ജീവന്‍ സ്വരൂപാവസ്ഥയെ പ്രാപിക്കുന്നതിന്റെ ജ്ഞാപകമാണ്. ആത്മസാക്ഷാത്കാരം സിദ്ധിച്ചാല്‍ ആത്മാവും ജീവനും തമ്മിലുള്ള ദൂരം മായകൊണ്ടു തോന്നിക്കുന്നത് മാത്രമാണെന്നും, വാസ്തവത്തില്‍ ദൂരമില്ലെന്നുമുള്ളതിന്റെ സൂചനയാണ് വിരലുകള്‍ക്കിടയിലുള്ള ശൂന്യാവസ്ഥ.

ശബരിമല തീര്‍ഥാടനത്തിന്റെ സന്ദേശം- ക്ലേശസഹിഷ്ണുവായി ബ്രഹ്മചര്യബലത്തോടെ അധര്‍മം നശിപ്പിക്കുവാന്‍ കരുത്താര്‍ജിച്ച്, ധര്‍മം സ്ഥാപിക്കുകയാണ് തങ്ങളുടെ ഉന്നമെന്ന് മലയാത്രയിലെ ചടങ്ങുകള്‍ സൂചിപ്പിക്കുന്നു. അയ്യപ്പന്മാരുടെ ഇടയ്ക്ക് സ്ഥാനവലിപ്പത്തിനോ ജാതിശ്രേഷ്ഠതയ്‌ക്കോ സ്ഥാനമില്ല. എല്ലാ ജീവരാശികളിലും ഈശ്വരനെ കണ്ടെത്തുവാനാണ് ശബരിമല തീര്‍ഥാടനവും വ്രതാനുഷ്ഠാനങ്ങളും ഉദ്‌ബോധിപ്പിക്കുന്നത്.

ഒരു മതമൊരു ദൈവം ജാതിയൊന്നൊന്നില്‍ നിന്നാ-
ണുരുതിരിവിതു സര്‍വം ചെന്നുചേരുന്നതൊന്നില്‍
കരുതരുതൊരുഭേദം നമ്മളന്യോന്യമെല്ലാ-
വരുമൊരു മഹിമാവിന്‍ പൂര്‍ണതാദാത്മ്യമത്രേ

(ആര്യാമൃതം)

വൈരുധ്യങ്ങളും വൈവിധ്യങ്ങളും വെടിഞ്ഞ് അവിദ്യാവാസനയാലുള്ള മാലിന്യങ്ങളെ ശരണംവിളികൊണ്ട് ദൂരീകരിച്ച്, സമസൃഷ്ടങ്ങളെ ഭഗവദര്‍പ്പണബുദ്ധിയോടുകൂടി,അയ്യപ്പന്മാരായി കണ്ട്, ആകൃതിയിലും പ്രകൃതിയിലും സമാനരായി - സമദര്‍ശികളായിട്ടാണ് - അവരുടെ തീര്‍ഥയാത്ര.
അനാര്‍ഭാടമായ കറുത്ത വേഷം ജീവിതവിരക്തിയേയും, പ്രാര്‍ഥനാനിരതത്വം ആത്മീയജീവിതചര്യയേയും. ഇരുമുടിക്കെട്ടിന്റെ മുന്‍ഭാഗം തീര്‍ഥാടനമാര്‍ഗത്തേയും, പിന്‍ഭാഗം ജീവിതപ്രാരാബ്ധങ്ങളേയും കാണിക്കുന്നു. സത്യധര്‍മങ്ങളില്‍നിന്ന് വ്യതിചലിക്കാതെ, സന്നിധാനത്തെ മാത്രം ലക്ഷ്യമാക്കി, ഏകാഗ്രധ്യാനനിഷ്ഠയോടും, വ്രതാനുഷ്ഠാനത്തോടും പതറാത്ത മനസ്സോടും കൂടി മല ചവിട്ടുന്ന അയ്യപ്പന്മാര്‍ സമഭാവനയെ വളര്‍ത്തി, നാനാത്വത്തില്‍ ഏകത്വം കണ്ടെത്തുവാന്‍ ശ്രമിക്കുകയാണ്.

പതിനെട്ടാംപടിയുടെ തത്ത്വരഹസ്യം

പുരാണങ്ങള്‍ 18 ആകുന്നു. ഭാരതത്തിന് 18 പര്‍വങ്ങളുണ്ട്. ഗീത 18 അധ്യായങ്ങളോടു കൂടിയതാണ്. ശബരിമല സന്നിധാനത്തിലെ തൃപ്പടികളും 18 ആണ്. സത്യധര്‍മങ്ങളാണ് തൃപ്പടിയിലെ അധിഷ്ഠാനദേവതകള്‍. 18 തൃപ്പടിയിലെ ആദ്യത്തെ 17 പടികള്‍ ശരീരത്തിന്റെ 17 ഘടകങ്ങളുടെ ഉദ്‌ബോധനങ്ങളാണ്. ഈ ശരീരഘടകങ്ങളും, അവയുടെ വൃത്തികളുമാണ് ജീവന്ന് ഈശ്വരദര്‍ശനത്തിന് പ്രതിബന്ധമായി നില്‍ക്കുന്നത്. അവയെ അതിലംഘിച്ചാലേ ഈശ്വരസാക്ഷാത്കാരം ഉണ്ടാവുകയുള്ളൂ എന്ന തത്ത്വരഹസ്യത്തിന്റെ ജ്ഞാപകമാണ് 17 പടികള്‍. 18ാംപടി ജീവാത്മാതത്ത്വമാണ്. ജീവാത്മാഭാവത്തേയും അതിക്രമിക്കുമ്പോഴാണ് ഈശ്വരസാക്ഷാത്കാരം ഉണ്ടാകുന്നത്. ശാന്തിപ്രദങ്ങളായ ഈ തത്ത്വങ്ങളെ ഉദ്‌ബോധിപ്പിക്കുന്നവയാണ് പൊന്നുപതിനെട്ടാം പടി. ഇത്തരം അനേകം തത്ത്വ രഹസ്യങ്ങള്‍ ശബരിമല തീര്‍ഥാടനത്തിലും വ്രതാനുഷ്ഠാനങ്ങളിലും ഒളിഞ്ഞുകിടക്കുന്നുണ്ട്.

പേട്ടതുള്ളലിന്റെ ആന്തരാര്‍ഥം

മഹിഷിയുടെ മേല്‍ (എരുമമേല്‍) അയ്യപ്പന്‍ നൃത്തംചെയ്ത സ്ഥലത്തിന് 'എരുമേലി' എന്നു പറഞ്ഞുവരുന്നു. സ്വാമിയുടെ പൂങ്കാവനം ചവിട്ടുന്ന ഭക്തന്മാരുടെ ഒരു താവളം കൂടിയായ ഈ സ്ഥലത്താണ് അയ്യപ്പന്മാര്‍ പേട്ട തുള്ളുന്നത്. ധര്‍മത്തിന് വേണ്ടി യുദ്ധംചെയ്യുവാനുള്ള ആഹ്വാനമാണ് പേട്ടതുള്ളലില്‍ അടങ്ങിയിരിക്കുന്നത്. കാട്ടുകഴയും ശരക്കോലും കൈയിലെടുത്ത് എരുമേലി ശാസ്താക്ഷേത്രത്തിന് പ്രദക്ഷിണമായിട്ടാണ് പേട്ടതുള്ളല്‍ ആരംഭിക്കുന്നത്. പണ്ട്, പേട്ട കെട്ടിയിരുന്നത് മുഖ്യമായും അമ്പലപ്പുഴ യോഗക്കാരും ആലങ്ങാട്ടുയോഗക്കാരുമായിരുന്നു. 'തിന്തിക്കത്തോം, അയ്യപ്പത്തിന്തിക്കത്തോം' എന്നുള്ള താളത്തിലാണ് ഭക്തസഞ്ചയം എരിവെയിലില്‍ ആനന്ദനൃത്തം ചെയ്യുന്നത്. ഇതുകൊണ്ട്, സര്‍വപാപങ്ങളും നശിച്ച്, വനം ചവിട്ടുന്നതിനുള്ള പരിശുദ്ധി സിദ്ധിക്കുമെന്നു വിശ്വസിച്ചുപോരുന്നു.

ആദ്യം അമ്പലപ്പുഴയോഗക്കാരുടെ പേട്ടയാണ് പതിവ്. അമ്പലപ്പുഴ കൃഷ്ണസ്വാമിയുടെ വാഹനമായ ഗരുഡനെ ആകാശത്ത് കാണുമ്പോഴാണ് അവര്‍ പേട്ട അവസാനിപ്പിക്കാറുള്ളത്. പിന്നീടാണ് ആലങ്ങാട്ടു യോഗക്കാരുടെ പേട്ട. പകല്‍വെളിച്ചത്തില്‍ ആകാശത്ത് നക്ഷത്രമുദിക്കുകയും ഗരുഡന്‍ വട്ടമിട്ടു പറന്നുതുടങ്ങുകയും ചെയ്യുമ്പോഴാണ് ആലങ്ങാട്ടുയോഗത്തിന്റെ പേട്ടയും സമാപിക്കാറുള്ളത്. പേട്ടതുള്ളലില്‍ അയ്യപ്പന്മാര്‍ ബാഹ്യലോകം മുഴുവന്‍ മറന്ന്, ഈശ്വരമഹിമയില്‍ ലയിച്ചുകഴിഞ്ഞിരിക്കും. ഈശ്വരന്‍ ഹൃദയാന്തര്യാമിയാണെന്ന് അനുഭവിച്ചറിയാന്‍ ഉതകുന്ന ഒരു സന്ദര്‍ഭമാണത്. 'നൂലില്‍ മണികള്‍ പോലെ ജഗത്ത് മുഴുവന്‍ എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു' എന്നു ഭഗവാന്‍ ഗീതയില്‍ അരുളിച്ചെയ്തിട്ടുള്ളത് പ്രത്യക്ഷപ്പെടുന്ന ഒരു നിമിഷമാണത്. ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സ് ആ മഹിമയില്‍ കോര്‍ക്കപ്പെട്ടിരിക്കുകയാണ്. ഗരുഡന്‍ വരുന്നതും പോകുന്നതും ആ ശക്തികൊണ്ട് ആ ശക്തിയില്‍ തന്നെയാണ്. അതിനു കഴിയാത്തത് എന്തുണ്ട്? ഗരുഡനെക്കുറിച്ചും മകരജ്യോതിസ്സിനെക്കുറിച്ചും പലരും പലതും പറയുമായിരിക്കാം. അതൊന്നും ഇവിടെ പ്രശ്‌നമാക്കുന്നില്ല.
ശാസ്താവിന് ശനിയാഴ്ച - പ്രത്യേകിച്ചും മകരമാസത്തിലെ മുപ്പട്ടു ശനിയാഴ്ചയാണ് പ്രധാനം. 'ഓം ഘ്രൂം നമഃ പരായ ഗോപ്‌ത്രേ നമഃ' എന്നാണു ശാസ്താവിന്റെ ഉപാസനാമന്ത്രം. ഒരു ധ്യാനശ്ലോകം താഴെ ഉദ്ധരിക്കുന്നു.

സുശ്യാമകോമളവിലാസതനും വിചിത്ര-
വാസോവസാന മരുണോല്‍പലദാമഹസ്തം
ഉത്തുംഗരത്‌നമകുടം കുടിലാഗ്രകേശം
ശാസ്താരമിഷ്ടവരദം ശരണം പ്രപദ്യേ.

No comments:

Post a Comment