Wednesday, August 5, 2015

വസുദേവരും വാസുദേവനും

മഹാഭാരതത്തിലെ കണ്ണൻ...ഭാഗം - 1 

ഭോജരാജാവിന്റെ മകൻ ഉഗ്രസേനൻ നേരും നെറിയും തെറ്റിക്കാതെ സത്ഭരണം നടത്തിയതിനാൽ അയാൾ വളരെ പ്രസസ്തനായിരുന്നു. ഉഗ്രസേനന് കംസൻ എന്നൊരു പുത്രൻ ജനിച്ചു. കൂടാതെ ദേവകി എന്നൊരു പെണ്‍കുഞ്ഞും പിറന്നു.

കംസൻ വളർന്നു വരുന്തോറും അവന്റെ അക്രമവാസന കൂടിക്കൂടി വന്നിരുന്നു. അവന്റെ ഇഷ്ടചങ്ങാതികളായ ശിശുപാലനും ശാലുവനും എന്ത് പരിപാടികൾക്കും കംസന്റെ ഒപ്പം ഉണ്ടായിരുന്നു. അതേസമയം ദേവകി എല്ലാ സർഗുണങ്ങളോടുംകൂടി നല്ലനിലയിൽ വളർന്നുവന്നു. പ്രായപൂർത്തിയായപ്പോൾ ഉഗ്രസേനൻ അവൾക്കു പറ്റിയ ഒരു വരനെ അന്വേഷിക്കാനാരംഭിച്ചു.

ശാരുകനാട്ടിലെ രാജാവായ വസുദേവരെപ്പറ്റി കേൾക്കാനിടവന്ന ഉഗ്രസേനരാജാവ് തന്റെ മകളെ അയാൾക്കു വിവാഹംചെയ്തു കൊടുക്കാൻ ആഗ്രഹിച്ചു. കംസനും ഇതിനോട് യോചിപ്പു പ്രകടിപ്പിച്ചു.

ദേവകിയുടെയും വസുദേവരുടെയും വിവാഹംപ്രമാണിച്ച് അതിഗംഭീരമായ ഒരുക്കങ്ങളാണ് കംസന്റെ നേതൃത്വത്തിൽ നടന്നത്. രാജ്യം മുഴുവനും ഒരു ഉത്സവപ്രതീതി ഈ ഒരുക്കങ്ങൾമൂലം കാണപ്പെട്ടു. കംസൻതന്നെ മുന്നിൽനിന്ന് സമ്മാനദാനങ്ങൾ നടത്തിച്ചു.

സഹോദരിയുടെ വിവാഹം കെങ്കേമമായി ആഘോഷിച്ച കംസൻ, അവളെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് അയക്കണമല്ലോ എന്നോർത്ത് കണ്ണീർ തൂകി.

രണ്ടുപേരെയും കംസൻ തേരിനടുത്തേയ്ക്ക് കൊണ്ടുപോയി. കംസൻ അവരുടെ തേർതെളിച്ചു. വസുദേവരും ദേവകിയും തേരിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ആകാശത്തു നിന്നും ഒരു അശരീരി കേട്ടു. "കംസാ, എത്ര സന്തോഷത്തോടെയാണ് നീ ഇപ്പോൾ ഇരിക്കുന്നത്. ദേവകിക്കുപിറക്കുന്ന എട്ടാമത്തെ ശിശു നിന്നെ വധിക്കും." എന്നുകേട്ട അടുത്ത നിമിഷത്തിൽത്തന്നെ കംസൻ ഒരു മൃഗമായിമാറി.

തന്റെ സഹോദരിയാണെന്ന ചിന്തപോലുമില്ലാതെ ഉടവാൾ ഊരിഎടുത്തുകൊണ്ട് ദേവകിയെ വെട്ടാനാഞ്ഞു. അപ്പോൾ വസുദേവർ കംസന്റെ കാലുപിടിച്ച് കൊല്ലല്ലെ എന്നപേക്ഷിച്ചു. അവസാനം വസുദേവർ, "ഞങ്ങളുടെ കുഞ്ഞാണല്ലോ താങ്കളെ കൊല്ലുമെന്ന് അശരീരി
കേട്ടത്....അതുകൊണ്ട് ഞങ്ങൾക്കുണ്ടാകുന്ന എട്ടു ശിശുക്കളേയും അങ്ങേയ്ക്ക് തന്നുകൊള്ളാം." എന്നുപറഞ്ഞയുടെനെ വെട്ടാനോങ്ങിയ വാൾ കംസൻ ഉറയിലേയ്ക്കിട്ടു. എങ്കിലും കംസന്റെ മനസ്സ് ഇളകിയില്ല. തന്നയുമല്ല, അവരെ രണ്ടുപേരെയും തിരികെ നാട്ടിലെത്തിച്ച് കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്തു.

കാരാഗൃഹത്തിൽവെച്ച് ദേവകി എട്ടുമക്കളെ ഓരോന്നായി കാലക്രമത്തിൽ പ്രസവിച്ചു. അവർ ഏഴുപേരെയും കംസൻ കൊന്നു. ദേവകിക്കും വസുദദേവർക്കും ജനിച്ച എട്ടാമത്തെ കുട്ടിയാണ് വാസുദേവൻ എന്ന കണ്ണൻ.

No comments:

Post a Comment