മഹാഭാരതത്തിലെ കണ്ണൻ....ഭാഗം - 2
കാരാഗൃഹത്തിൽ വസുദേവരോടൊപ്പം വസിച്ചിരുന്ന ദേവകി പ്രസവിച്ച ആറു കുഞ്ഞുങ്ങളെയും കംസൻ നിലത്തടിച്ചു കൊന്നു (തന്നോടാലോചിയ്ക്കാതെ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവില്‍നിന്നു വരം വാങ്ങാന്‍ മുതിര്‍ന്ന ആറു സ്വപുത്രന്മാരെ ഹിരണ്യകശിപു ഇങ്ങനെ ശപിച്ചു. ”നിങ്ങള്‍ വസുദേവരുടെ ഭാര്യയായ ദേവകിയില്‍ പുത്രന്മാരായി ജനിക്കും. അപ്പോള്‍ കാലനേമി എന്ന അസുരന്‍ കംസന്‍ എന്ന പേരില്‍ പുനര്‍ജനിച്ച് നിങ്ങളെ നിലത്തടിച്ചു കൊല്ലും” എന്നായിരുന്നു ശാപം. ശാപഫലമായിട്ടാണ് കാലനേമി കംസനായി പിറന്നത്. അങ്ങനെയാണ് ദേവകിയുടെ ആദ്യത്തെ ആറു പുത്രന്മാരെയും കംസൻ കൊന്നത്.)
ദേവകി ഏഴാമതും ഗര്‍ഭിണിയായി. അത് ശ്രീവൈകുണ്ഠനാഥന്റെ നിര്‍ദ്ദേശമനുസരിച്ച് അനന്തന്റെ അംശാവതാരമായിരുന്നു. ശിശു കംസനാല്‍ വധിയ്ക്കപ്പെടാതിരിക്കുവാന്‍ വേണ്ടി വിഷ്ണുവിന്റെ ഉപദേശ പ്രകാരം മായാദേവി ദേവകിയുടെ ദിവ്യഗര്‍ഭത്തെ ആവാഹിച്ചെടുത്ത് വസുദേവരുടെ രണ്ടാം ഭാര്യയായ രേഹിണിയുടെ ഉദരത്തിലാക്കി. അങ്ങനെ ദേവകിക്ക് ഗര്‍ഭം അലസിപ്പോയ വാര്‍ത്ത നാടെങ്ങും പരന്നു. രോഹിണി യഥാസമയം പ്രസവിച്ച ആ ദിവ്യശിശുവാണ് ”സംഘര്‍ഷണന്‍” അഥവാ ”ബലരാമന്‍”.
ദേവകി എട്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു. അവരുടെ എട്ടാമത്തെ പുത്രനായി ശ്രീകൃഷ്ണന്‍ തിരുഅവതാരം ചെയ്തു. പ്രകൃതിദേവി പച്ചപട്ടുടുത്ത്,സമ്പത്തിലും സമൃദ്ധിയിലും മതിമറന്ന് വിലസുന്ന പൊന്നിന്‍ ചിങ്ങമാസത്തിലെ ബ്രഹ്മനക്ഷത്രങ്ങള്‍ ഒന്നു ചേര്‍ന്ന് നിന്ന അഷ്ടമി പക്ഷവും,രോഹിണി നക്ഷത്രവും ഉള്‍ക്കൊണ്ട പുണ്യദിവസമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂജാതനായത്. അലറി പെയ്യുന്ന പേമാരിയും, അഗ്നിത്തൂണുകൾപ്പോലെ പ്രകമ്പനംകൊണ്ട ഭൂമിയും, അരിച്ചിറങ്ങുന്ന കോടമഞ്ഞും, ആടിത്തിമർക്കുന്ന കൊടുംകാറ്റും കൂടിയ ഒരു ഘോരരാത്രിയിലാണ് ദേവകിവസുദേവന്മാരുടെ പുത്രനായി ഭഗവാൻ മഹാവിഷ്ണു സമ്പൂർണ്ണാവതാരമായി കൃഷ്ണന്റെ രൂപത്തിൽ പിറവി കൊണ്ടത്.
രോഹിണിയുടെ പുത്രനായ ബലരാമന്‍ ശുഭ്രവര്‍ണ്ണനും, ദേവകിയുടെ പുത്രനായ ശ്രീകൃഷ്ണന്‍ കാര്‍വര്‍ണ്ണനുമായിരുന്നു. രണ്ടുപേർക്കും വ്യത്യസ്തമായ നിറം ലഭിച്ചതിനുള്ള കാരണം മഹാഭാരതത്തില്‍ ഇപ്രകാരം കാണുന്നു. ”ദുഷ്ടനിഗ്രഹത്തിനായി ശ്രീകൃഷ്ണനെ സഹായിക്കാന്‍ ദേവന്മാര്‍ ഗോപാലന്മാരായി ഭൂമിയില്‍ അവതരിയ്ക്കാന്‍ തീരുമാനിച്ചു. ആ തീരുമാനം അവര്‍ മഹാവിഷ്ണുവിനെ അറിയിച്ചു. വിഷ്ണു സന്തുഷ്ടനായി. അദ്ദേഹം തന്റെ തലയില്‍ നിന്നു ഒരു കറുത്ത രോമവും, വെളുത്തരോമവും പറിച്ചെടുത്തു. പിന്നീട് ആ രോമം നിലത്തിട്ടു. കറുത്തരോമം വസുദേവരുടെ ഭാര്യയായ ദേവകിയില്‍ പ്രവേശിച്ച് ശ്രീകൃഷ്ണനായും, വെളുത്തരോമം രോഹിണിയില്‍ പ്രവേശിച്ച് ബലരാമനായും രൂപാന്തരപ്പെടുമെന്ന് ഭഗവാന്‍ അരുളിചെയ്തു. അതനുസരിച്ച് കൃഷ്ണന്‍ കാര്‍വര്‍ണ്ണനും, രാമന്‍ ശുഭ്രവര്‍ണ്ണനുമായി തീര്‍ന്നു.
കണ്ണന്റെ അവതാരത്തെപ്പറ്റിയറിഞ്ഞ ബ്രഹ്മാവ്, ശിവൻ, ഇന്ദ്രൻ തുടങ്ങി മറ്റുള്ള ദേവന്മാരെല്ലാം കാരാഗൃഹത്തിലെത്തി ശ്രീകൃഷ്ണനെ സ്തുതിച്ചു. കണ്ണനെയെടുത്തു ദ്വാരകയിൽ കൊണ്ടുചെന്നു യശോദയെ ഏൽപ്പിച്ചിട്ട് പകരം അവിടെ ജനിച്ച ഒരു പെണ്‍കുഞ്ഞിനെ എടുത്തു കൊണ്ടുവരാൻ മൂന്നുപേരും വസുദേവരോട് പറഞ്ഞു. അതനുസരിച്ച് കണ്ണനെ രക്ഷപ്പെടുത്തി യശോദയുടെ പക്കൽ ഏൽപ്പിക്കാനും, അവിടെനിന്നും മായയായിട്ടു ജനിച്ച പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ട് വരവാനുമായി വസുദേവർ പുറപ്പെട്ടു.
ദേവകിയെയും വസുദേവരെയും അണിയിച്ചിരുന്ന ചങ്ങലകൾ വേർപെട്ടു. കാരാഗൃഹവാതിൽ തനിയെ തുറക്കപ്പെട്ടു. കണ്ണുംമിഴിച്ച് കാവലിരുന്ന കാവൽക്കാർ പെട്ടെന്ന് ഗാഢനിദ്രയിലായി. ഒരു തടസ്സവും കൂടാതെ വസുദേവർ കുട്ടിയുമായി കാരാഗൃഹത്തിനു പുറത്തുവന്നു. പുറത്ത് പെരുമഴ പെയ്തുകൊണ്ടിരുന്നു. എന്തുചെയ്യുമെന്നു ചിന്തിച്ചുനിന്ന വസുദേവരുടെയടുക്കൽ ആദിശേഷൻ എന്ന നാഗരാജാവ് വന്ന് തന്റെ ഫണം കുടപോലെ വസുദേവരുടെ തലയ്ക്കുമേൽ വിരിച്ചുപിടിച്ചു.
അടുത്തതായി കരകവിഞ്ഞൊഴുകുന്ന യമുനാനദി കടക്കേണ്ടതുണ്ട്. ഏകനായുള്ള താൻ എന്തുചെയ്യും എന്നാലോചിച്ചപ്പോഴേയ്ക്കും, ഈശ്വരാധീനത്താൽ പുഴയിലെ വെള്ളം
താഴ്ന്നു വന്നതിനാൽ വസുദേവർക്ക് വേഗം പുഴ കടക്കുവാൻ സാധിച്ചു. അങ്ങനെ ശിശുവിനെയുംകൊണ്ട് വസുദേവർ അമ്പാടിയിലെത്തി. അവിടെ കണ്ണനെ നന്ദഗോപരുടെ {വൃന്ദാവനത്തിലെ ഗോപാലന്മാരുടെ(കാലിയെ വളർത്തുന്നവർ) നേതാവാണ് നന്ദഗോപർ} കയ്യിൽ എൽപ്പിച്ചു. നന്ദഗോപർ ആ കുഞ്ഞിനെ യശോദയുടെയടുത്തു കിടത്തിയിട്ട്, അപ്പോഴവിടെ ജനിച്ചിരുന്ന മായയായ പെണ്‍ശിശുവിനെ എടുത്തു വസുദേവരെ ഏൽപ്പിച്ചു. വസുദേവർ ആ പെണ്‍കുഞ്ഞിനെയുംകൊണ്ട് തിരികെ യമുനാതീരത്തെത്തിയപ്പോൾ നദി വീണ്ടും വഴിമാറിക്കൊടുത്തു. കാരാഗൃഹത്തിൽ മടങ്ങിയെത്തിയപ്പോൾ കാരാഗൃഹത്തിന്റെ
വാതിലുകൾ അപ്പോഴും തുറന്നുകിടന്നിരുന്നു. കാവൽക്കാരും നിദ്രാധീനരായിരുന്നു.
പെണ്‍കുഞ്ഞിനെ ദേവകിയുടെ കയ്യിലലേൽപ്പിച്ചനിമിഷം അവരെ അണിയിച്ചിരുന്ന ചങ്ങലകൾ മുൻപെന്നപോലെ അവരുടെ കൈകാലുകളിൽ ബന്ധിക്കപ്പെട്ടു. കാരാഗൃഹവാതിലുകൾ തന്നത്താനെ അടയുകയും ചെയ്തു. അതോടെ പെണ്‍കുഞ്ഞ് വാവിട്ടുകൊണ്ട് കരയുവാൻ തുടങ്ങി. കാവൽക്കാർ ഉണർന്നുനോക്കി. വേഗം കംസന്റെ പക്കലെത്തി ദേവകിക്ക് ശിശുപിറന്നത് അറിയിച്ചു. കംസൻ ഉടനെ പാഞ്ഞെത്തി. കുഞ്ഞിനെയെടുത്ത് കൊല്ലാൻ ശ്രമിച്ചു. അപ്പോൾ ദേവകി കംസനോട്, "ഇതൊരു പെണ്‍കുഞ്ഞാണല്ലോ, നിന്റെ മരുമകളായ ഇവൾ നിനക്കുള്ളതാണ്. അതിനാൽ ദയവുചെയ്ത് ഇതിനെ കൊല്ലരുത്." എന്ന് കേണപേക്ഷിച്ചിട്ടുപോലും അയാൾ അത് ചെവിക്കൊണ്ടില്ല. ആ പെണ്‍ശിശുവിന്റെ കാലിൽ പിടിച്ചുതൂക്കി അതിനെ നിലത്ത് അടിച്ചു കൊല്ലാൻ പൊക്കിയപ്പോൾ കംസനെ ആ കുഞ്ഞ് ശക്തിയായി തൊഴിച്ചുമാറി ആകാശത്തേയ്ക്ക് ഉയർന്നുപൊങ്ങിയശേഷം "അല്ലയോ ദുരാചാരനായ കംസ, നിന്റെ പരാക്രമം സ്ത്രീകളോടല്ല കാണിക്കേണ്ടത്. നിന്നെക്കൊല്ലാൻ ഭഗവാൻ പിറവിയെടുത്തുകഴിഞ്ഞു. ആ ശിശു അമ്പാടിയിൽ വളരുന്നുണ്ട്." എന്നു
പറഞ്ഞശേഷം അപ്രത്യക്ഷയായി.
കംസന് വീണ്ടും ആധി വർദ്ധിച്ചു. ആ സമയം ശിശുവായ കണ്ണൻ അമ്പാടിയിൽ നിലത്ത് കമിഴ്ന്നു നീന്താനും തുടങ്ങി.
No comments:
Post a Comment