വിവാഹവേളയിൽ സ്ത്രീ പുരുഷനും, പുരുഷൻ സ്ത്രീക്കും മാല ചാർത്തുന്ന ചടങ്ങാണ് വരണമാല്യം ചാർത്തൽ. മൃഗചാപല്യത്തോടെ പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്ന വിദേശിയുടെ അസഭ്യവും നിഷ്കൃഷ്ടവുമായ വിവാഹബോധത്തെക്കാൾ എത്രയോ ആഴമുള്ളതും പവിത്രവും ആണ് ഹിന്ദുവിന്റെ ഈ ആചാരതലം. വിദേശിക്ക് വിവാഹം വെറുമൊരു ഇന്ദ്രിയശാന്തി മാത്രമാണെങ്കിൽ ഭാരതീയ ഹിന്ദുവിന് അത് ഈശ്വര പ്രാപ്തിക്കുള്ള ലക്ഷ്യമാണെന്ന് വിവാഹ ചടങ്ങിലൂടെ പ്രകടിപ്പിക്കുന്നു.
മാല പൂക്കൾ കൊണ്ട് നിർമ്മിച്ചതാണല്ലോ. പൂക്കൾ ആകാശ പ്രതീകമാണ്. ആകാശത്തിനുള്ള ഗുണം ശബ്ദമാണ്. ഒരു ചെടിയുടെ ശബ്ദം അതിന്റെ പൂവാണ്. പൂക്കൾ കൊണ്ട് കോർത്തിണക്കിയ മാലയാകട്ടെ ഈ വിശ്വത്തിലെ സകല വാക്കുകളേയും ശബ്ദങ്ങളേയും കുറിക്കുന്നു.
സകല ശബ്ദത്തിന്റെയും മൂലം വേദമാണ്. അപ്പോൾ പുഷ്പമാല്യം എന്നാൽ വേദമെന്നര്‍ത്ഥം. വേദമെന്നാൽ കർമ്മം, ഉപാസന, ജ്ഞാനം എന്നീ മൂന്നു കാണ്ഡങ്ങൽ അടങ്ങിയ ആധികാരിക നിയമഗ്രന്ഥം. ഈശ്വരനാകുന്ന പുരുഷൻ മന്ത്രങ്ങളും ഛന്ദസ്സുകളുമാകുന്ന പൂക്കൾ കൊണ്ട് കോർത്തിണക്കിയ മാല ധരിച്ചിരിക്കുന്നു ( മഹാവിഷ്ണുവിന്റെ വനമാല ). പുരുഷൻ സൃഷ്ടിയിലെ ചില നിയമങ്ങളെ പാലിക്കുവാൻ നിര്‍ബ്ബന്ധിതനാണ്. സ്ത്രീയുടെ കർമ്മമാകട്ടെ പുരുഷനെ ഈ നിയമം നില നിർത്താൻ നിയോഗിക്കുകയും, അവൾ തന്റെ പാതിവ്രത്യം, ശുചിത്വം, സ്നേഹം, സത്യം, പവിത്രത തുടങ്ങിയ ശീല ഗുണങ്ങളാൽ പുരുഷന് ബന്ധനരൂപമായ ഈ പ്രപഞ്ചത്തിന്റെ തടസ്സങ്ങളെ അതിജീവിപ്പിച്ച് ധർമ്മിഷ്ഠനും, ദയാലുവും, നീതിമാനും, ഈശ്വരഭക്തനുമാക്കി മാറ്റണം.അതുകൊണ്ട് അവൾ ധർമ്മപത്നി എന്ന പദവിക്ക് അർഹതയുള്ളവളായിത്തീരുന്നു.
ആദ്യം സ്ത്രീ പൂമാല കൈയിലേന്തി ഇതാ, " വേദരൂപമായ ഈ മാല താങ്കൾക്കായി ഞാൻ അർപ്പിക്കുന്നു. താങ്കളെ എന്റെ ആദ്ധ്യാത്മികമായ ഒരു ജീവിതത്തിന്റെ ആചാര്യനായി ഇതാ വരിക്കുന്നു." എന്ന അർത്ഥത്തിൽ കണ്ഠമായ പ്രാണസ്ഥാനത്തിൽ അർപ്പിക്കുന്നു. ഈ മാല ശ്രോതം ( ചെവി ), ചുണ്ട്, കണ്ഠം, ഹൃദയം, നാഭി, ലിംഗമൂലം ഇത്രയും ഭാഗത്തിൽ സ്പർശിച്ച് ശോഭിക്കുന്നു. ഈ ഭാഗമത്രയും വേദവും യജ്ഞവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെവി ജ്ഞാനപ്രാപ്തിയും, ചുണ്ട് നല്ലവാക്കിനേയും, കണ്ഠം പ്രാർത്ഥനയുടേയും, ഹൃദയം ശുദ്ധിയുടേയും, നാഭി പൂർവ്വസംസ്കാരത്തിന്റേയും, ലിംഗം അടുത്ത സംസ്കാരത്തിന്റേയും പ്രതീകമാണ്. വേദത്തിന്റെ ലക്ഷ്യമായ ഈശ്വരപ്രാപ്തിക്ക് ഈ ആറു ഭാഗങ്ങളും അത്യന്താപേക്ഷിതമാണ്. അപ്പോൾ മാലചാർത്തൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പൂക്കളാകുന്ന വേദപ്രമാണങ്ങളെ ഈശ്വരനാകുന്ന നൂലിഴയിൽ കോർത്ത് സംരക്ഷിക്കുക എന്ന ഉപദേശമാണ്.
പുരുഷൻ രണ്ടാമതാണ് സ്ത്രീക്ക് മാല ചാർത്തുന്നത്. ഇതും നേരത്തെ സൂചിപ്പിച്ചമാതിരി ആറംഗങ്ങളിലും സ്പർശിച്ചാണ് കിടക്കുന്നത്. ഈ മാല പുരുഷന്റെ കർമ്മ സ്വരൂപമാണ്. കാമം, ക്രോധം, മോഹം, ലോഭം, മദം, മാത്സര്യം എന്നീ ബന്ധനരൂപങ്ങൾ സ്ത്രീയുടെ ആറു അംഗങ്ങളിൽ യഥാക്രമം അധോഭാഗം കാമസ്വരൂപവും, കണ്ഠം ക്രോധസ്വരൂപവും, ഹൃദയം മോഹനനാളവും, നാഭി ലോഭത്തിന്റേയും, ചുണ്ട് അഹങ്കാരഭാഷയുടെയും, ചെവികൾ മത്സരബുദ്ധിയുടെ ശ്രദ്ധയേയും ചൂണ്ടിക്കാട്ടുന്നു. വേദമന്ത്രാത്മകമായ മാലയാൽ താൻ ഈ ആറു വികാരങ്ങളേയും യഥാവിധി സംയോജിപ്പിച്ച് സംയമനം ചെയ്യും എന്നാണ് പുരുഷന്റെ ഈ മാല ചാർത്തലിലുള്ളത്
No comments:
Post a Comment