Saturday, August 15, 2015

വന്ദനം

ദേവനെ വന്ദിക്കുന്നതിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. 'കരാംബുജം കോശകതാമുപൈതു' എന്ന പ്രമാണപ്രകാരം കരങ്ങള്‍ ഒരു പൂമൊട്ടിന്റെ ആകൃതിയില്‍ ആക്കണമെന്നാണ്‌ പറയുന്നത്‌. അത്‌ ഹൃദയത്തിന്റെ പ്രതീകവും ആകാം. 'ഈശ്വരഃ സര്‍വ്വഭൂതാനാം ഹൃദ്ദേശേര്‍ജ്‌ജുന
തിഷ്‌ഠതി' എന്ന ഗീതാ വചനപ്രകാരം ഹൃദയ സ്‌ഥിതമാണല്ലോ ജീവാത്മാവ്‌. ഈ ജീവാത്മാവിനെ അഥവാ സ്‌ഥൂലമായ ഭാഷയില്‍ തന്റെ സമ്പൂര്‍ണ്ണ ജീവിത കുസുമത്തെ ആരാധ്യദേവന്‌ സമര്‍പ്പിച്ച്‌ മുക്‌തിപദമടയുകയാണ്‌ കൈകൂപ്പി തൊഴുമ്പോള്‍ നാം ചെയ്യുന്നത്‌. വന്ദനമെന്ന മുദ്രയെപ്പറ്റി നാം ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്‌. ഊര്‍ദ്ധാഭിമുഖമായി അംഗുലികള്‍ (കൈവിരലുകള്‍) വിടര്‍ത്തി ഇരുകൈകളും ദേഹമദ്ധ്യത്തില്‍ ഹൃദയത്തിനടുത്തോ, തലയ്‌ക്കുമുകളിലോ പിടിച്ചായിരിക്കണം വന്ദനമുദ്ര ചെയ്യേണ്ടത്‌. ഓരോ കൈയിലും അഞ്ചുവിരലുകള്‍ പെരുവിരല്‍ മുതല്‍ ചെറുവിരല്‍വരെ ആകാശം, വായു, അഗ്നി, ജലം, പൃഥ്വി എന്നീ പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇതാണ്‌ നാം മാനസപൂജയിലൂടെ അനുഷ്‌ഠിക്കുന്നതും. ഒരാളെ വന്ദിക്കുമ്പോള്‍ നീയും ഞാനും ഒന്ന്‌ എന്ന ഭാവമാണ്‌ സ്‌ഫുരിക്കുന്നത്‌. ഈശ്വരനെ തൊഴുമ്പോഴും അതുതന്നെയാണ്‌ ഭാവം. യോഗമാര്‍ഗ്ഗത്തിന്റെ ഉദാത്തതലത്തിലുള്ള അനുഭൂതിയാണത്‌.അതായത്‌ മൂലാധാരത്തില്‍നിന്ന്‌ സഹസ്രാരത്തിലേക്കുള്ള പ്രയാണമാണത്‌. ഹൃദയത്തിനടുത്ത്‌ വന്ദനമുദ്ര പിടിക്കുമ്പോള്‍ പ്രാണന്റെ തലത്തിലും ഭൂമദ്ധ്യത്തില്‍ മനസ്സിന്റെ തലത്തിലും സഹസ്രാരത്തില്‍ ആത്മതലത്തിലും ഈ ഐക്യഭാവന ദൃഢതരമാവുകയാണ്‌. ഇതുതന്നെയാണ്‌ നമസ്‌ക്കാരത്തിന്റെ പൊരുളും. 'മനഃ' എന്നതിനെ തിരിച്ചിട്ടാല്‍ 'നമഃ' എന്നാവും. മനോജന്യമായ വികാരവിക്ഷേപങ്ങളെ പ്രപഞ്ചത്തിന്റെ ഉല്‍പത്തി പ്രക്രിയയിലേക്ക്‌ തിരിച്ചുവിട്ടാല്‍ ആയിത്തീരുന്ന പ്രക്രിയയാണ്‌ 'നമഃ' എന്നത്‌. അതായത്‌ വന്ദനമാകുന്ന നമസ്‌ക്കാരമുദ്ര, മനോലയത്തെ കാണിക്കുന്നു. ആഴത്തിലുള്ള ഒരു താന്ത്രികമുദ്രയാണത്‌.

No comments:

Post a Comment