Wednesday, August 17, 2016

ശ്രീ ലളിതാ സഹസ്രനാമം - 41 to 75

41) ഇന്ദ്രഗോപ പരിക്ഷിപ്ത സ്മരതൂണാഭ ജംഘികാ = ചുവപ്പു നിറമുള്ള ഇന്ദ്രഗോപരത്നം പതിച്ച കാമദേവന്റെ ആവനാഴിയുടേത് പോലുള്ള കാലുകളോട് കൂടിയ ദേവീ
42) ഗൂഢഗുല്ഫാ = കാഴ്ചയില്‍ നിന്നും മറഞ്ഞിരിക്കുന്ന നെരിയാണിയളോടു കൂടിയ ദേവീ (മാംസളത കൊണ്ട് എല്ലു തെളിഞ്ഞു കാണാത്ത നെരിയാണികളുള്ള)
43) കൂര്‍മ്മപൃഷ്ഠജയിഷ്ണുപ്രപദാന്വിതാ = ആമയുടെ പുറന്തോടു പോലെ വളഞ്ഞ പുറവടികളോടു കൂടിയ ദേവീ (കാലിന്റെ പുറവടിയുടെ മദ്ധ്യം ഉയര്‍ന്നിരിക്കുന്നത് സൗന്ദര്യ ലക്ഷണം)
44) നഖദീധിതി സംഛന്നനമജ്ജനതമോഗുണാ = പാദനഖങ്ങളുടെ കിരണങ്ങളാല്‍ മറയ്ക്കപ്പെടുന്ന നമിക്കുന്ന ജനങ്ങളുടെ തമോഗുണത്തോടു കൂടിയവളേ (പാദങ്ങളില്‍ നമസ്ക്കരിക്കുന്നവരുടെ ഉള്ളിലുള്ള അജ്ഞാനരൂപമായ ഇരുട്ടിനെ ദേവിയുടെ പാദനഖങ്ങളില്‍ നിന്നു പ്രസരിക്കുന്ന രശ്മികള്‍ നശിപ്പിക്കുന്നു)
45) പദദ്വയാപ്രഭാജാലപരാകൃതസരോരുഹാ = രണ്ടു പാദങ്ങളുടെ പ്രഭാപൂരത്താല്‍ നിന്ദിക്കപ്പെട്ട താമരയോടു കൂടിയവളേ (ദേവിയുടെ കാലുകളുടെ മാര്‍ദ്ദവവും അഴകും താമരപൂക്കളെപ്പോലും തോല്പിക്കുന്ന തരത്തിലുള്ളവയാണെന്നു സാരം)

46) ശിഞ്ജാന മണി മഞ്ജീര മണ്ഡിത ശ്രീപദാംബുജാ=കിലുങ്ങുന്ന മണിച്ചിലമ്പുകളാല്‍ അലംകൃതമായ പാദാരവിന്ദങ്ങളോട് കൂടിയ ദേവീ

47) മരാളീ മന്ദഗമനാ=അരയന്നപ്പിട പോലെ മന്ദഗമനം ചെയ്യുന്ന ദേവീ

48) മഹാലാവണ്യശേവധി= മഹത്തായ ലാവണ്യത്തിന് നിധിയായിട്ടുള്ളവളേ
49) സര്‍വ്വാരുണാ=വസ്ത്രം, ആഭരണം,രൂപം തുടങ്ങി എല്ലാം അരുണവര്‍ണമായുള്ളവളേ

50) അനവദ്യാംഗീ=അനവദ്യങ്ങളായ (കുറവൊന്നും പറയാനില്ലാത്ത) അംഗങ്ങളുള്ളവളേ

51) സര്‍വ്വാഭരണഭൂഷിതാ=ചൂഡാമണി മുതല്‍ പാദാംഗുലീയം വരെ എല്ലാ ആഭരണങ്ങളും അണിഞ്ഞിട്ടുള്ളവളേ

52) ശിവകാമേശ്വരാങ്കസ്ഥാ= കാമേശ്വരനായ ശിവന്റെ മടിത്തട്ടില്‍ ഇരിക്കുന്നവളേ

53) ശിവാ = മംഗളരൂപിണിയായ ദേവിക്കു നമസ്ക്കാരം

54) സ്വാധീനവല്ലഭാ=തനിക്ക് അധീനനായ ഭര്‍ത്താവിനോടു കൂടിയവളേ (ശിവന് ശക്തിയെക്കൂടാതെ പ്രഭവിക്കാനാവില്ലെന്ന് വ്യംഗ്യം)

55) സുമേരു മധ്യശൃംഗസ്ഥാ=ശ്രേഷ്ടമായ മഹാമേരു പര്‍വ്വതത്തിന്റെ മധ്യത്തില്‍ കുടികൊള്ളുന്ന ദേവിക്കു നമസ്ക്കാരം.

56) ശീമന്നഗരനായികാ=സര്‍വ്വൈശ്വര്യ സമ്പന്നമായ നഗരത്തിന് അധിപതിയായ ദേവീ

57) ചിന്താമണി ഗൃഹാന്തസ്ഥാ= ആഗ്രഹിക്കുന്നതെല്ലാം നല്‍കുന്ന ചിന്താമണി എന്ന രത്നം കൊണ്ട് നിര്‍മ്മിച്ച ഗൃഹത്തിന്റെ ഉള്ളില്‍ വസിക്കുന്ന ദേവീ

58) പഞ്ചബ്രഹ്മാസനസ്ഥിതാ= ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍ എന്നിവര്‍ കാലുകളായും സദാശിവന്‍ പലകയുമായും ഉള്ള മഞ്ചമായ പഞ്ചബ്രഹ്മനിര്‍മ്മിതമായ ഇരിപ്പിടത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ

59) മഹാ പദ്മാടവീസംസ്ഥാ=വലിയ താമരകള്‍ സ്ഥിതിചെയ്യുന്ന വനത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ. ഈ കാട് മേരു പര്‍വ്വതത്തിലാണ്.

60) കദംബവനവാസിനീ=കദംബവനത്തില്‍ വസിക്കുന്നവളേ

61) സുധാസാഗരമധ്യസ്ഥാ=അമൃതസമുദ്രത്തിന്റെ നടുവില്‍ സ്ഥിതിചെയ്യുന്ന ദേവീ. (ശ്രീചക്രത്തിലെ ഒമ്പതു ത്രികോണങ്ങളിലെ താഴെയുള്ളവയും ശിവാത്മകങ്ങളായ നാലുത്രികോണങ്ങളുടെ മുകളിലായും മേല്‍ഭാഗത്തുള്ള ശക്ത്യാത്മകങ്ങളായ അഞ്ചു ത്രികോണങ്ങളുടെ താഴെയായും ഉള്ള ബൈന്ദവസ്ഥാനത്തിനു പറയുന്ന പേര് സുധാ സിന്ധു എന്നാണ്.)

62) കാമാക്ഷീ = കമനീയങ്ങളായ കണ്ണുകളുള്ള ദേവീ

63) കാമദായിനീ = ഭക്തന്മാര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും സാധിച്ചു നല്‍കുന്ന ദേവീ

64) ദേവര്‍ഷി ഗണസംഘാത സ്തൂയമാനാത്മ വൈഭവാ = ദേവന്മാരുടേയും ഋഷിമാരുടേയും സമൂഹത്താല്‍ സ്തുതിക്കപ്പെട്ട ആത്മവൈഭവത്തോടു കൂടിയ ദേവീ

65) ഭണ്ഡാസുരവധോദ്യുക്ത ശക്തിസേനാ സമന്വിതാ=ഭണ്ഡാസുരനെ വധിക്കുന്നതിന് ഒരുങ്ങിയ ശക്തി രൂപിണികളായ ദേവിമാരുടെ സേനയോടു കൂടിയ ദേവീ
66) സമ്പത്കരീസമാരൂഢ സിന്ധുരവ്രജസേവിതാ= സമ്പത്കരി എന്ന ദേവിയാല്‍ നയിക്കുന്ന ആനക്കൂട്ടങ്ങളാല്‍ ചുറ്റപ്പെട്ട ദേവീ (അങ്കുശം എന്ന ആയുധത്തില്‍ നിന്നാണ് സമ്പത്കരീ ദേവിയുടെ ഉദ്ഭവം. സമ്പത്കരി എന്നത് സുഖലോലുപതയെയും സമാരൂഢസിന്ധുരവ്രജം എന്ന വാക്കിന് വിഷയസമൂഹങ്ങള്‍ എന്നും അര്‍ത്ഥമാക്കാം)

67) അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതാ=അശ്വാരൂഢ എന്ന ദേവിയുടെ നേതൃത്വത്തിലുള്ള കോടിക്കണക്കിന് കുതിരകളാല്‍ ചുറ്റപ്പെട്ട ദേവീ (പാശം എന്ന ആയുധത്തില്‍ നിന്നാണ് അശ്വാരൂഢ എന്ന ദേവതയുടെ ഉദ്ഭവം. കുതിരകളെപ്പോലെ പായുന്ന ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പാശമായി വര്‍ത്തിക്കുന്ന മനസ്സിന്റെ ശക്തി)
68) ചക്രരാജരാഥാരൂഢ സര്‍വായുധപരിഷ്കൃതാ=ഒന്‍പതു നിലകളുള്ള ചക്രരാജം എന്ന തേരില്‍ കയറി എല്ലാ ആയുധങ്ങളാലും അലംകൃതയായിരിക്കുന്ന ദേവീ (ചക്രരാജരഥം ദേവീ രൂപമായ ശ്രീചക്രം തന്നെയെന്ന് വ്യംഗ്യസൂചന)

69) ഗേയചക്രരഥാരൂഢ മന്ത്രിണീ പരിസേവിതാ=ലളിതാദേവിയുടെ കരിമ്പുവില്ലില്‍ നിന്ന് ഉത്ഭവിച്ച സംഗീത ദേവതയും ദേവിയുടെ മന്ത്രിണിയുമായ ശ്യാമളാംബിക നയിക്കപ്പെടുന്ന ഗേയചക്രരഥത്തില്‍ ഇരിക്കുന്ന ദേവീ
70) കിരിചക്രരഥാരൂഢ ദണ്ഡനാഥാ പുരസ്കൃതാ = കിരിചക്രം എന്ന രഥത്തില്‍ ആരൂഢയായ ദണ്ഡനാഥ എന്ന ദേവിയാല്‍ സേവിക്കപ്പെടുന്ന ദേവീ (ലളിതാ ദേവിയുടെ കയ്യിലുള്ള പഞ്ചതന്മാത്രസായകങ്ങളില്‍ (അമ്പ്) നിന്ന് ഉത്ഭവിച്ച ദണ്ഡനാഥ എന്ന ദേവിയുടെ വരാഹാകൃതിയിലുള്ള കിരിചക്രരഥം വലിക്കുന്നത് കിരി(വരാഹം) കളാണ്. 

71) ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമധ്യഗാ= ജ്വാലാമാലിനികാ എന്ന ദേവിയാല്‍ നിര്‍മ്മിക്കപ്പെട്ട അഗ്നിരൂപമായ കോട്ടയുടെ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്നവളേ ( യുദ്ധ​വേളയില്‍ നിയമങ്ങള്‍ തെറ്റിച്ച് രാത്രി യുദ്ധത്തിനെത്തിയ ഭണ്ഡാസുരനില്‍ നിന്നും ദേവീ സൈന്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ചുറ്റും ഒരു തീമതിലായി രൂപം കൊണ്ടവളാണ് ജ്വാലാമാലിനികാ ദേവി)


72) ഭണ്ഡസൈന്യവധോദ്യുക്ത ശക്തിവിക്രമ ഹര്‍ഷിതാ=ഭണ്ഡാസുരന്റെ സൈന്യത്തെ വധിക്കുന്നതിന് ഉദ്യുക്തരായ ശക്തികളുടെ വിക്രമത്തില്‍ സന്തോഷിച്ച ദേവീ (ഭണ്ഡന്‍ ജീവാത്മാവും സൈന്യം ജീവാത്മാവുമായ ബന്ധപ്പെട്ട ചിത്തവൃത്തികളാണെന്നും അവയെ നശിപ്പിക്കുന്നതിന് ഉദ്യുക്തരായ ജ്ഞാനരൂപങ്ങളായ ശക്തികളാണ് ദേവീ സൈന്യമെന്നും അജ്ഞാനത്തെ നശിപ്പിക്കുന്ന ജ്ഞാനത്തിന്റെ പ്രവര്‍ത്തനത്തില്‍ ആനന്ദിക്കുന്ന പരാശക്തിയാണ് ദേവിയെന്നും വ്യാഖ്യാനിക്കാം )

73) നിത്യാപരാക്രമാടോപനിരീക്ഷണസമുത്സുകാ=തിഥിദേവകളായ നിത്യമാരുടെ പരാക്രമോടോപം നിരീക്ഷിച്ച് സന്തോഷിച്ച ദേവീ (പതിനഞ്ച് പേരാണ് തിഥി ദേവകള്‍)


74) ഭണ്ഡപുത്രവധോദ്യുക്ത ബാലാവിക്രമനന്ദിതാ=ഭണ്ഡപുത്രമാരുടെ വധത്തിന് ഉദ്യുക്തയായ ബാലാദേവിയുടെ വിക്രമത്തില്‍ സന്തോഷിക്കുന്ന ദേവീ (ഭണ്ഡാസുരന്റെ 30 പുത്രന്മാര്‍ പിതാവിന്റെ ആജ്ഞ പ്രകാരം ദേവിയുമായി യുദ്ധത്തിന് വന്നപ്പോള്‍ ലളിതാദേവിയുടെ പുത്രിയായ ഒന്‍പതു വയസുമാത്രം പ്രായമുള്ള ബാലാദേവി അവരുമായി യുദ്ധം ചെയ്യുകയും അവരെ വധിക്കുകയും ചെയ്തു. സകലവിദ്യാ പാരംഗതയായ ബാലാദേവിയുടെ ഈ നൈപുണ്യത്തില്‍ ദേവിക്ക് ഏറെ സന്തോഷം തോന്നി)

75) മന്ത്രിണ്യംബാ വിരചിത വിഷംഗ വധതോഷിതാ=മന്ത്രിണിയായ ശ്യാമളാ ദേവിയാല്‍ ചെയ്യപ്പെട്ടതായ വിഷംഗവധത്തില്‍ സന്തോഷിച്ചവളേ

No comments:

Post a Comment