Wednesday, August 17, 2016

ശ്രീ ലളിതാ സഹസ്രനാമം 76-100

76) വിശുക്രന്റെ പ്രാണനെ ഹരിച്ച വാരാഹീ ദേവിയുടെ കഴിവില്‍ സന്തോഷിച്ച ദേവീ (ബാലാദേവി തന്റെ 30 പുത്രന്മാരെയും വധിച്ചതറിഞ്ഞ ഭണ്ഡാസുരന്‍ ദു:ഖിതനായി വിലപിച്ചു. അതറിഞ്ഞ് വര്‍ദ്ധിത വീര്യത്തോടെ യുദ്ധത്തിനായി എത്തിയ ഭണ്ഡാസുരസഹോദരനായ വിശുക്രനെ വാരാഹീ ദേവി വധിച്ചു.)

77) കാമേശ്വരമുഖാലോകകല്പിത ശ്രീഗണേശ്വരാ=കാമേശനായ ശിവന്റെ മുഖത്ത് ദൃഷ്ടി പതിപ്പിച്ച് ശ്രീഗണേശ്വരനെ സൃഷ്ടിച്ച ദേവിക്കു നമസ്കാരം. (ഭണ്ഡാസുരന്റെ അനുജനായ വിശുക്രന്‍ ശക്തി സൈന്യത്തെ നശിപ്പിക്കാന്‍ അഗ്നിപ്രാകാരത്തിന് (ശക്തിസൈന്യത്തിന്റെ പാളയത്തിനുള്ള സംരക്ഷണ മതില്‍)പുറത്തു നിന്നു കൊണ്ട് വിഘ്നയന്ത്രം സ്ഥാപിച്ചു. ഇതു മൂലം ശക്തി സൈന്യം തളര്‍ന്നു പോയി. മന്ത്രിണീ ദേവിയില്‍ നിന്നും ദണ്ഡിനീ ദേവിയില്‍ നിന്നും ഈ വിവരം അറിഞ്ഞ ദേവി മന്ദഹാസത്തോടെ ശിവന്റെ മുഖത്തു നോക്കുകയും അപ്രകാരം സൃഷ്ടിക്കപ്പെട്ടതാണ് ഗണേശനെന്നും സൂചന)

78) മഹാഗണേശ നിര്‍ഭിന്നവിഘ്നയന്ത്ര പ്രഹര്‍ഷിതാ=മഹാഗണപതി വിഘ്നയന്ത്രത്തെ നശിപ്പിച്ചതു കണ്ട് ചിദാനന്ദകരമായ സന്തോഷം ഉണ്ടായ ദേവീ 
79) ഭണ്ഡാസുരേന്ദ്രനിര്‍മ്മുക്തശസ്ത്രപ്രത്യസ്തവര്‍ഷിണീ=ഭണ്ഡാസുരനുമായുള്ള യുദ്ധത്തില്‍ അയക്കുന്ന ഓരോ അസ്ത്രത്തിനും പ്രത്യസ്ത്രം അയച്ച ദേവീ (ഭണ്ഡാസുരന്‍ ദേഹിയെ ബന്ധിക്കുന്ന കര്‍മ്മങ്ങളും വാസനകളുമാണെന്നു രഹസ്യാര്‍ത്ഥം അവയില്‍ നിന്നുണ്ടായ അജ്ഞാനജന്യമായ ദുരിതമയമായ അസ്ത്രങ്ങളെ ദേവി ജ്ഞാനമയങ്ങളായ പ്രത്യസ്തമയച്ച് നശിപ്പിച്ച് ദേഹിയെ മോക്ഷത്തിലേക്ക് നയിക്കുന്നു വെന്ന് വ്യംഗ്യം)

80) കരാംഗുലിനഖോത്പന്ന നാരായണദശാകൃതിഃ=കൈവിരലുകളുടെ നഖങ്ങളില്‍ നിന്ന് ഉണ്ടായ നാരായണന്റെ മത്സ്യകൂര്‍മ്മവരാഹാദിയായ ദശാവതാരരൂപങ്ങളോട് കൂടിയവളേ (ഭണ്ഡാസുരന്‍ ഓരോ അസ്ത്രങ്ങളയച്ചപ്പോളും ദേവിയുടെ ഓരോ കാല്‍വിരലുകളില്‍ നിന്ന് നാരായണന്റെ ദശാവതാരങ്ങളുടലെടുക്കുകയും അസുരാസ്ത്രങ്ങളെ ചെറുക്കുകയും ചെയ്തുവെന്ന് അര്‍ത്ഥം)
81) മഹാപാശുപതാസ്ത്രാഗ്നിനിര്‍ദ്ഗ്ദ്ധാസുരസൈനികാ=മഹാ പാശുപതാസ്ത്രമയച്ച് അസുരന്റെ സൈനികരെ നശിപ്പിച്ചവളേ

82) കാമേശ്വരാസ്ത്രനിര്‍ദ്ദഗ്ദ്ധസഭണ്ഡാസുരശൂന്യകാ= മഹാപാശുപതാസ്ത്രത്തേക്കാള്‍ ശക്തിയുള്ള കാമേശ്വരാസ്ത്രം അയച്ച് ഭണ്ഡാസുരനോടൊപ്പം അവന്റെ ശൂന്യകനഗരത്തെയും നശിപ്പിച്ച ദേവീ
83) ബ്രഹ്മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുഭവൈഭവാ=ഭണ്ഡാസുരവധത്തില്‍ സന്തുഷ്ടരായ ബ്രഹ്മവിഷ്ണുപരമേശ്വര ന്മാരാല്‍ സ്തുതിക്കപ്പെട്ട ദേവീ

84) ഹരനേത്രാഗ്നിസംദഗ്ദ്ധകാമസഞ്ജീവനൗഷധിഃ= ശ്രീപരമേശ്വരന്റെ മൂന്നാംകണ്ണില്‍ നിന്നുണ്ടായ തീയില്‍ പൂര്‍ണമായും എരിഞ്ഞുപോയ കാമദേവനെ ജീവിപ്പിക്കുന്നതിന് മരുന്നായി ഭവിച്ചവളേ (ശിവന്റെ നേത്രാഗ്നിയില്‍പ്പെട്ട് കാമദേവന്‍ ഭസ്മമായിപ്പോയി. വൈധവ്യദുഃഖത്താല്‍ വേദനിക്കുന്ന രതീദേവിയെ കണ്ട് ദുഃഖം തോന്നിയ ബ്രഹ്മാദിദേവകള്‍ കാമദേവനെ പുനര്‍ജ്ജനിപ്പിക്കണമെന്ന് ദേവിയോട് അപേക്ഷിക്കുന്നു. അതുപ്രകാരം അച്ഛന്റെ കോപത്തിന് പാത്രമായ മകനെ അമ്മ ആശ്വസിപ്പിക്കുന്നതു പോലെ ദേവി കാമദേവനെ പുനരുജ്ജീവിപ്പിച്ചു )
85) ശ്രീമദ്വാഗ്ഭവകൂടൈകശ്വരൂപമുഖപങ്കജാ=ശ്രീമത്തായ വ്ഗ്ഭവകൂടം സ്വരൂപമായ മുഖൈശ്വര്യമുള്ള ദേവീ

86) കണ്ഠാധഃകടിപര്യന്തമധ്യകൂടസ്വരൂപിണീ=കഴുത്തിനു താഴെ മുതല്‍ മധ്യപ്രദേശം വരെ മധ്യകൂടസ്വരൂപമായ സൗന്ദര്യമുള്ള ദേവീ
87) ശക്തികൂടൈകതാപന്ന കട്യധോഭാഗധാരിണീ=മധ്യപ്രദേശത്തിനു താഴെ മുതല്‍ പാദം വരെ വ്യാപിച്ചു കിടക്കുന്ന ശക്തികൂടസ്വരൂപിണി ആയ ദേവീ

88) മൂലമന്ത്രാത്മികാ= മൂലമന്ത്രം തന്നെ സ്വരൂപമായുള്ളവളേ, (വാഗ്ഭവകൂടമെന്നും മധ്യകൂടമെന്നും ശക്തികൂടമെന്നും മൂന്ന് ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ട പഞ്ചദശീ മന്ത്രം ദേവിയുടെ മന്ത്രശരീരമാണ്.)
89) മൂലകൂടത്രയകളേബരാ=മൂലമന്ത്രമായ പഞ്ചദശാക്ഷരീ മന്ത്രത്തിന്റെ വാഗ്ഭവം, മധ്യം, ശക്തി എന്നീ പേരുകളിലുള്ള മൂന്നു കൂടങ്ങള്‍ തന്നെ ശരീരമായിട്ടുള്ളവളേ


90) കുലാമൃതൈകരസികാ= കുലാമൃതത്തെ രസിക്കുന്നവളേ, (സുഷുമ്നാനാഡിയുടെ താഴെ മൂലാധാരത്രികോണത്തില്‍ നിന്ന് കുണ്ഡലീനി ശക്തി താമരനൂല്‍ പോലെ നേര്‍ത്ത് മിന്നല്‍ക്കൊടി പോലെ പ്രകാശിക്കുന്ന രൂപത്തില്‍ മൂന്നരച്ചുറ്റായി സ്ഥിതിചെയ്യുന്നു. തലകീഴായി ഉറങ്ങി ക്കിടക്കുന്ന ആ ശക്തിയെ ഉണര്‍ത്തി നേരെയാക്കി ബ്രഹ്മഗ്രന്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗ്രന്ഥി എന്നിവയെയും ഷഡാധാരങ്ങളെയും ഭേദിച്ച് (നട്ടെല്ലിലെ സ്പൈനല്‍ കോഡ് കഴിഞ്ഞ്) ചിദാകാശത്തില്‍ സ്ഥിതി ചെയ്യുന്ന സഹസ്രാരപദ്മത്തിന്റെ മധ്യഭാഗത്തുള്ള അകുളകുണ്ഡലിനിയോട് കുണ്ഡലിനീ ശക്തി ചേരുമ്പോള്‍ അമൃതധാരയുണ്ടാകുന്നു. യോഗികള്‍ക്കും നല്ല മനഃശ്ശക്തിയുള്ളവര്‍ക്കും മാത്രം കൈവരിക്കാന്‍ ശ്രമിക്കാവുന്ന ഈ ആനന്ദധാരയില്‍ ആനന്ദിക്കുവളാണ് ദേവി എന്നു പറയുന്നത് മനഃശക്തിയുടെ ഉത്തുംഗാവസ്ഥ ചൂണ്ടിക്കാട്ടുന്നു.)


91) കുലസങ്കേതപാലനീ=കുലം (കൗളം എന്നു മറ്റൊരു പേര്) എന്ന ഉപാസനാരീതിയുടെ സാങ്കേതങ്ങളെ പരിപാലിക്കുന്നവള്‍. ( ഏറെ ജ്ഞാനികളും വിശ്വസനീയരുമായ ശിഷ്യന്മാര്‍ക്കു മാത്രം ആചാര്യന്മാര്‍ ഉപദേശിച്ചു കൊടുക്കുന്ന ഈ വിദ്യയെ അനര്‍ഹരുടെ കയ്യില്‍പ്പെടാതെ പരിപാലിച്ചു വരുന്ന ദേവീ )

92) കുലാംഗനാ= നല്ല കുലത്തില്‍പ്പെട്ടവളേ (കുലാംഗനയായവള്‍ പരപുരുഷന്മാരില്‍ നിന്നും എപ്പോഴും മറഞ്ഞിരിക്കുന്നു. ഇതുപോലെ ശ്രീദേവി അവിദ്യകൊണ്ട് മറഞ്ഞിരിക്കുന്നു. അന്യവിദ്യകളെല്ലാം ഗണികമാരെപ്പോലെ പ്രകടമാകുമ്പോള്‍ ശാംഭവീ വിദ്യ കുലവധുവിനെപ്പോലെ തന്റെ കുലത്തിലുള്ളവരോടു മാത്രം ഇണങ്ങുന്നുവെന്ന് സാരം )
93) കുലാന്തസ്ഥാ=കുലശാസ്ത്രത്തിന്റെ മധ്യത്തില്‍ ജ്ഞേയരൂപിണിയായി സ്ഥിതി ചെയ്യുന്ന ദേവീ. (കുലത്തിന് ശ്രീചക്രം എന്നതായും പരിഗണിക്കാം)


94) കൗലിനീ=കുലത്തെ സംബന്ധിച്ചവള്‍ എന്നര്‍ത്ഥം (കുലം എന്നത് കൗളം,ശ്രീചക്രം എന്ന വാക്കുകളെക്കൂടി ഉള്‍ക്കൊള്ളുന്നു)


95) കുലയോഗിനീ=ശ്രീചക്രം വരച്ച് അതില്‍ പൂജിക്കപ്പെടുന്ന ദേവീ


96) അകുലാ=കുലത്തിന് അതീതയായവള്‍


97) സമയാന്തസ്ഥാ= സമയമാര്‍ഗത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ (ഹൃദയത്തില്‍ ആധാരചക്രങ്ങളെ സങ്കല്‍പ്പിച്ച് അതില്‍ ചിച്ഛക്തിയെ പൂജിക്കുന്ന രീതിക്കുന്ന രീതിക്ക് സമയം എന്നാണ് പേര്)


98) സമയാചാരതത്പരാ=മൂലാധാരത്തില്‍ നിന്ന് തുടങ്ങി പടിപടിയായി ദേവിയെ ആറ് ആധആരങ്ങളിലും സങ്കല്പിച്ച് മാനസ പൂജ ചെയ്യുന്ന മേല്‍പ്പറഞ്ഞ സമയാചാരത്തില്‍ തല്പരയായ ദേവിക്കു നമസ്ക്കാരം

99) മൂലാധാരൈകനിലയാ=മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ (മൂലാധാരമെന്നത് ഗുദലിംഗമധ്യത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് കുണ്ഡലീനിശക്തി തലകീഴായി മുഖംമറച്ച് ഉറങ്ങുന്നത്. അതിനാല്‍ ഇത് മൂലാധാരം എന്നറിയപ്പെടുന്നു.)


100) ബ്രഹ്മഗ്രന്ഥി വിഭേദിനീ=ബ്രഹ്മഗ്രന്ഥിയെ ഭേദിക്കുന്ന ദേവീ (സമചിത്തനായ യോഗിക്ക് ഗുരുവിന്റെ ഉപദേശവും കൃത്യമായ അഭ്യാസവും കൊണ്ട് കുണ്ഡലീനി ഉറക്കത്തില്‍ നിന്നുണര്‍ന്ന് സര്‍പ്പത്തെപ്പോലെ സീല്‍ക്കാരം ചെയ്ത് ബ്രഹ്മഗ്രന്ഥിയെ ഭേദിച്ച് മുകളിലെ ആധാരങ്ങളിലേക്ക് സഞ്ചരിക്കുന്നു.)


No comments:

Post a Comment