Monday, August 8, 2016

ഉപനിഷത്ത് മന്ത്ര ഭാഗങ്ങൾ എടുത്തു കാട്ടി നടത്തുന്ന വ്യാഖ്യാന കസർത്ത്

"ന തസ്യ പ്രതിമാ അസ്തി", "യസ്മാത്പരം നാപരമസ്തികിഞ്ചി" എന്നിങ്ങനെ ഒക്കെയുള്ള വേദ/ ഉപനിഷത്ത് മന്ത്ര ഭാഗങ്ങൾ എടുത്തു കാട്ടി നടത്തുന്ന വ്യാഖ്യാന കസർത്തിലും തെറ്റായ പ്രചരണത്തിലും കിടന്നു നട്ടം തിരിതിരിയുന്ന ഹിന്ദുക്കൾക്കായി ഈ ചെറു കുറിപ്പ് സമർപ്പിക്കുന്നു .(ഓരോരോ ആരോപണങ്ങളെ മുൻ നിർത്തി ചിന്തിക്കുന്നതാണ് ഉത്തമമെന്നു തോന്നുന്നു).
"നാ തസ്യ പ്രതിമാ അസ്തി" അവനെ മറ്റൊരാളോടും ഉപമിക്കാൻ സാധിക്കില്ല,"യസ്മാത്പരം നാപരമസ്തികിഞ്ചി" (ആ പരമാത്മാവിനെക്കാൾ പരമായി മറ്റൊന്നുമില്ല) എന്നൊക്കെ വേദ ഗ്രന്ഥങ്ങൾ പറയുമ്പോൾ എങ്ങനെ നിരവധി ദേവന്മാർ ഉണ്ടായി, ഹിന്ദുക്കൾക്ക്? അങ്ങനെ അനവധി ദേവന്മാരെ പൂജിക്കുന്നത് സത്യത്തിൽ തെറ്റല്ലേ? മാത്രമല്ല, അനേക ദേവതാ സങ്കല്പത്തെ കുറിച്ച് ഒരു ഹൈന്ദവ ഗ്രന്ഥങ്ങളിലും ഒരു വിധത്തിലുള്ള പരാമർശങ്ങളുമില്ല .. /
മുകളിലെ വിമർശിത ശ്ലോകത്തിൽ ശരിക്കും എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കിയിട്ട് ബാക്കി വിശദീകരിക്കാം എന്ന് തൊന്നുന്നു..
യസ്മാത്പരം നാപരമസ്തികിഞ്ചി
ദ്യസ്മാന്നാണീയോ ന ജ്യായോസ്തി കശ്ചിദ്
വൃക്ഷ ഇവ സ്ഥബ്ധോ ദിവി തിഷ്ടത്യേക
സ്തെനേദം പൂർണ്ണം പുരുഷേണ സർവ്വം :
ആ പരമാത്മാവിനെക്കാൾ പരമായി മറ്റൊന്നില്ല . അവനെക്കാൾ അണുവായോ അഥവാ വിഭുവായോ (മുമ്പ് ജനിച്ചവനായോ) മറ്റാരുമില്ല . അവൻ തന്നെയാണ് പ്രകാശമാനമായ ആകാശത്തിൽ മറ്റൊന്നിനെയും ആശ്രയിക്കാതെ വൃക്ഷത്തെ പോലെ നിശ്ചലനായി സ്ഥിതി ചെയ്യുന്നത് . ആ പുരുഷനാൽ ജഗത്ത് മുഴുവൻ പൂർണ്ണമായിരിക്കുന്നു. (ശ്വേതാശ്വേതരോപനിഷദ്)
ന തസ്യ പ്രതിമാ അസ്തി യസ്മ നാമ മഹദ് യശ :
അവന്റെ യശസ് എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു . അവനെ മറ്റൊരാളോടും ഉപമിക്കാൻ കഴിയുകയില്ല (ശുക്ല യജുർവേദം)
ഋഗ്വേദ കാലം മുതൽ തന്നെ വിവിധ രീതിയിൽ ഉള്ള ഈശ്വര സങ്കല്പവും ആരാധനയും ഉണ്ടായിരുന്നെന്ന് ഗ്രന്ഥങ്ങൾ മനസിരുത്തി വായിക്കുന്ന ഏതൊരാൾക്കും മനസിലാകാവുന്നതെയുള്ളൂ. കാരണം ഋഗ്വേദം മുതലുള്ള വിവിധ ഗ്രന്ഥങ്ങളിൽ വിവിധ രൂപത്തിലുള്ള ഈശ്വര സങ്കല്പങ്ങളെ കുറിച്ചും എന്ത് കൊണ്ട് അങ്ങനെ ആരാധിക്കുന്നു എന്നും പറയുന്നുണ്ട്.
ഋഗ്വേദം പറയുന്നു ....
ഇന്ദ്രം മിത്രം വരുണമഗ്നിമാഹു
രഥോ ദിവ്യസ സുപർണ്ണോ ഗരുത്മാൻ
ഏകം സത് വിപ്രാ ബഹുധാ വദന്ത്യ
ഗ്നിം യമം മാതരി ശ്വാനമാഹു :
ഇന്ദ്രനും മിത്രനും വരുണനും അഗ്നിയും ഗരുഡനുമായി പറയുന്നത് ഒരേ മൂലതത്വത്തെ തന്നെയാണ് . ആ ഒരേ സദ്വസ്തുവിനെ തന്നെ വിദ്വാന്മാർ അഗ്നിയെന്നും യമനെന്നും മാതരിശ്വാവ് (വായു) എന്നും പറയുന്നു.
ഋഗ്വേദം വീണ്ടും പറയുന്നു ....
സുപർണ്ണം വിപ്രാ കവയോ വചോഭി
രേകം സന്തം ബഹുധാ കല്പയന്തി
സർവ്വ വ്യാപകമായി ആ സദ്‌ വസ്തുവിനെ തന്നെ വിദ്വാന്മാരായ കവികൾ വാക്കുകളെ കൊണ്ട് അനേക രൂപങ്ങളിൽ സങ്കല്പിക്കുന്നു .
ഐതരേയ ബ്രാഹ്മണം പറയുന്നു ..
അഗ്നെർവ്വാ ഏതാസ്സർവ്വാ
സ്തത്ത: യദേതാ ദേവതാ:
ഈ ദേവതകൾ എല്ലാം അഗ്നിയുടെ (ബ്രഹ്മത്തിന്റെ) തന്നെ ആകാരഭേദങ്ങളാണ്
കഠോപനിഷത്തിൽ ഇങ്ങനെയും
ഏകസ്തഥാ സർവ്വ ഭൂതാന്തരാത്മാ
രൂപം രൂപം ബഹുരൂപം ബഹിശ്ച:
സർവ്വഭൂതങ്ങളുടെയും അന്തരാത്മാവായ പരമേശ്വരൻ, ഏകനാണെങ്കിലും വിഭിന്ന ദേഹങ്ങളിൽ പ്രവേശിച്ച് അതാതിന്റെ രൂപം ധരിക്കുന്നു
ബ്രുഹദാരണ്യകോപനിഷദ് ഇങ്ങനെയും പറയുന്നു
ഇന്ദ്രാ മായാഭി: പുരുരൂപ ഈയതേ :
ഈശ്വരൻ മായാവൈഭാവത്താൽ അനേകം രൂപങ്ങളിൽ കാണപ്പെടുന്നു
എന്നാൽ ഇങ്ങനെ ഒക്കെ പറയുമ്പോഴും കഠോപനിഷത്ത് ഓർമിപ്പിക്കുന്നു ..
ഏകോവശീ സർവ്വ ഭൂതാന്തരാത്മ
ഏകം രൂപം ബഹുധാ യ: കരോതി:
തമാത്മസ്ഥം യേ/നുപശ്യന്തി ധീരാ:
തേഷാം സുഖം ശാശ്വതം നേതരേഷാം:
എല്ലാ ദേഹധാരികളിലും ആത്മസ്വരൂപത്തിൽ നിവസിക്കുന്ന പരമാത്മാവ് ഏകരൂപനെങ്കിലും അനേകം രൂപം ധരിക്കുന്നു . തന്റെ ഉള്ളിൽ വസിക്കുന്ന ആ പരബ്രഹ്മത്തെ നിരന്തരം ദർശിച്ച് കൊണ്ടിരിക്കുന്ന ജ്ഞാനികൾക്ക്‌ മാത്രമേ ശാശ്വത സുഖം ലഭിക്കുന്നുള്ളൂ . അന്യര്ക്ക് ലഭിക്കുന്നില്ല
ഇങ്ങനെ ഒക്കെ വിവിധ രൂപത്തിൽ ആരാധിക്കുന്നതിനെ കുറിച്ച് പറയുമ്പോഴും സാധകന്റെ ലക്‌ഷ്യം ഒന്നിലേക്കെത്തുക എന്നുള്ളതായിരിക്കണമെന്നും സാധകനെ ഓർമിപ്പിക്കുന്നു ഗ്രന്ഥങ്ങൾ .
അനിശ്ചിതാ യഥാ രജ്ജു രന്ധകാരെ വികല്പിതാ
സർപ്പധാരാദിദിർഭാവൈസ്തദ്വദാത്മാ വികല്പിതാ:
സ്വസ്വരൂപത്തിൽ അനിശ്ചിതമായ രജ്ജു (കയർ) ഇരുട്ടില സർപ്പം, ജലധാര, ദണ്ഡ് എന്നെല്ലാം സങ്കല്പിക്കപ്പെടുന്നത് പോലെ മനുഷ്യാത്മാവിലും പല തരത്തിലുള്ള സങ്കല്പങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു
നിശ്ചിതായാം തഥാ രജ്ജ്വാം വികല്പോ വിനിവർത്തതെ
രാജ്ജുരെവേതിചാദ്വൈതം തദ്വദ്വാത്മാ വിനിശ്ചയ :
കയറാണെന്ന് നിശ്ചയം വരുമ്പോൾ അതിൽ ആരോപിക്കുന്ന സങ്കല്പങ്ങൾ നശിക്കുന്നു . കയറ് തന്നെയാണെന്ന് ബോധം ഉണ്ടാകുന്നത് പോലെ തന്നെയാണ് ആത്മാവും അദ്വൈതമാനെന്ന ബോധം ഉണ്ടാകുന്നത് . (ഗൌഡ പാദകാരിക)
അങ്ങനെ വിവിധ രൂപത്തിൽ ഉള്ള സങ്കല്പങ്ങളെ ആരാധിച്ചു കൊണ്ട് "നേഹ നാനാസ്തി കിഞ്ചന" ഈ ബ്രഹ്മത്തിൽ അല്പം പോലും നാനാത്വം ഇല്ല എന്ന സങ്കല്പത്തിലെക്കും അറിവിലേക്കും എത്തണം സാധകൻ . അതാണ് ഹൈന്ദവ ചിന്താധാര. ഈ തത്വങ്ങളും വിശദീകരണങ്ങളും അറിയാത്തവർ ആണ് ഹിന്ദു വേദ വിരുദ്ധമായി ഈശ്വര പൂജ നടത്തുന്നവർ ആണെന്ന് ആരോപിക്കുന്നതും, സത്യാവസ്ഥ അറിയാൻ ശ്രമിക്കാത്ത ഹിന്ദു നട്ടം തിരിയുന്നതും .
അടുത്ത ഒരു ആരോപണം വേദങ്ങളിൽ ഒരിടത്തും വിഷ്ണുവിനെ കുറിച്ചോ ശിവനെ കുറിച്ചോ യാതൊരു പരാമർശവും ഇല്ലെന്നും അതെല്ലാം പിന്നീട് ഉണ്ടായതാണെന്നുമാണ്‌ .
ഋഗ്വേദം 1.22.17 അഥർവ വേദം 7.3.26.4 എന്നിവയിൽ വിഷ്ണുവിനെ കുറിച്ച് ഇങ്ങനെ പറയുന്നു ...
ഇദം വിഷ്ണുർ വിചക്രമേ ത്രേധാ നിദധേ പദം
സ മൂഢമസ്യ പാംസുരെ:
വിഷ്ണു ജഗത്ത് മുഴുവൻ ഒരു പ്രത്യേക തരത്തിൽ പാദം വച്ച് ക്രമണം ചെയ്തു. അവിടുത്തെ പാംസുലമായ പാദസ്ഥാനത്താണ് ഈ വിശ്വം മുഴുവൻ അന്തർഭൂതമായിരിക്കുന്നത്
അസ്യജാനന്തോ നാമ ചിദ്വിവക്തന
മഹസ്തെ വിഷ്ണോ സുമതിം ഭജാമഹേ :
വിഷ്ണുവിന്റെ മഹത്വത്തെ അറിഞ്ഞു അവിടുത്തെ സുമതിയെ ഞങ്ങൾ ഭജിക്കുന്നു .
നമസ്തേ രുദ്രമന്യവേ : എന്ന് തുടങ്ങിയ മന്ത്രത്തിൽ കൂടി രുദ്രനെയും (ശിവനെയും) സ്തുതിക്കുന്നു വേദം.
മാത്രമല്ല, ഗായത്രി, ശംന: സൂക്തം, സ്വസ്തി സൂക്തം, ദേവീ സൂക്തം, പവമാന മന്ത്രങ്ങൾ, രുദ്ര സൂക്തം, വിഷ്ണു സൂക്തം എന്നിവയും ഋഗ്വേദത്തിൽ അടങ്ങിയിട്ടുണ്ട് .
വിഗ്രഹാരാധന ഋഷിപ്രോക്തമല്ലെന്നാണ് വേറെ ചില ആരോപണങ്ങൾ. ഭഗവത് ഗീത പറയുന്നു ..
ക്ലേശോ / ധികരസ്തെഷാം അവ്യക്താസക്ത ചേതസാം
അവ്യക്താ ഹി ഗതിർ ദുഃഖം ദേഹവദ്ഭിരവാപൃതേ :
അവ്യക്തത്തെ (നിർഗ്ഗുണ ബ്രഹ്മത്തെ) ഉപാസിക്കുന്നത് വളരെ ക്രേശകരമാണ് (ഭഗവത് ഗീത)
ഏതൊരു ഭക്തനും ശ്രീകോവിലിൽ ഇരിക്കുന്ന വ്യക്തമായ വിഗ്രഹത്തെ അല്ല ആരാധിക്കുന്നത് മറിച്ച് അതിനുള്ളിലെ അവ്യക്തമായ ചൈതന്യത്തെയാണ് എന്നുള്ളതാണ് വിഗ്രഹാരാധനാ സങ്കൽപം തന്നെ. കാരണം, ഗീതയിൽ പറഞ്ഞിരിക്കുന്നത് പോലെ അവ്യക്തമായ പരബ്രഹ്മത്തെ ഉപാസിക്കുക എന്നുള്ളത് സാധാരണ ഭക്തനെ അപേക്ഷിച്ച് ക്ലേശകരവും അതിനാൽ തന്നെ അപ്രാപ്യവുമായത് കൊണ്ടാണ് വിഗ്രഹത്തെ ആശ്രയിക്കുന്നത് . കാല ക്രമേണ സാധകൻ വ്യക്തമായ വിഗ്രഹത്തെ ഉപേക്ഷിച്ചു അവ്യക്തമായ പരബ്രഹ്മത്തെ തിരിച്ചറിയുകയും വിഗ്രഹാരാധന ഉപേക്ഷിക്കുകയും ചെയ്യും അല്ലെങ്കിൽ ചെയ്യണം എന്നുള്ളതാണ് വിഗ്രഹാരാധനയുടെ തത്വവും. രാമായണത്തിൽ ശ്രീരാമൻ രാമേശ്വരത്തു വച്ച് ശിവലിംഗ പൂജ നടത്തുന്നതിനെ കുറിച്ച് വർണ്ണിക്കുന്ന ഭാഗം കൊണ്ട് മനസിലാകും രാമായണ കാലത്തും വിഗ്രഹാരാധന ഉണ്ടായിരുന്നു എന്ന് .
ഭാഗവതത്തിലാണെങ്കിൽ പല വിധത്തിലുള്ള വിഗ്രഹങ്ങളെ കുറിച്ചും പരാമർശമുണ്ട് .
പൂജാം തൈ: കല്പയേത് സമ്യക് സങ്കല്പ: കർമ്മപാവനിം
ശൈലീ ദാരുമയീ ലൌഹീലെപ്യാ ലേഖ്യാച സൈകതീ
മനോമയീ മണിമയീ പ്രതിമാഷ്ടാ വിധാ സ്മൃതാ:
കർമ്മങ്ങളെ പവിത്രീകരിക്കുന്ന പൂജയെ വിധിപൂർവ്വകം സങ്കൽപ്പിച്ചു ചെയ്യണം . അതിനു എട്ടു തരം വിഗ്രഹങ്ങള ഉപയോഗിക്കാവുന്നതാണ്. ശില കൊണ്ടുള്ളതോ തടി കൊണ്ടുള്ളതോ ലോഹം കൊണ്ടുള്ളതോ മണ്ണ് കൊണ്ടുള്ളതോ ചിത്ര രൂപത്തിലുള്ളതോ മണൽ കൊണ്ടുള്ളതോ മനോമയിയോ രത്നമയിയോ ആയ വിഗ്രഹം ഉപയോഗിക്കാവുന്നതാണ് (ഭാഗവതം)
മുകളിൽ വിവരിച്ചിട്ടുള്ള "ഏതാനും" വിശദീകരണങ്ങളിൽ നിന്ന് തന്നെ മനസിലാകും വിവിധ രീതിയിൽ ഉള്ള ദേവതാ സങ്കൽപം, വിഗ്രഹാരാധന എന്നിവയൊക്കെ വേദകാലം മുതലേ സനാതന ധർമത്തിൽ ഉണ്ടായിരുന്നു എന്നും മറിച്ചുള്ള ആരോപണങ്ങൾ വെറും ആരോപണങ്ങൾ മാത്രമാണെന്നും. പക്ഷെ എന്ത് ചെയ്യാം അഹിന്ദുക്കളുടേയും ഹിന്ദു വിരോധികളുടെയും നുണ പ്രചാരണങ്ങൾ കേട്ട് ദുഖിക്കാനെ ഹിന്ദുവിന് യോഗമുള്ളൂ. ഇതിനൊക്കെ ഒറ്റ പ്രതിവിധിയെ ഉള്ളൂ താനും .. ഹിന്ദുക്കൾ സ്വയം ഹിന്ദു മത ഗ്രന്ഥങ്ങൾ വായിക്കാനും അറിയാനും തുടങ്ങുക .. അതുണ്ടാവാത്ത കാലത്തോളം ഇത്തരം ദുഷ്പ്രചാരണങ്ങളിൽ പെട്ട് നട്ടം തിരിഞ്ഞു ദുഖിച്ച്‌ കാലക്ഷേപം കഴിക്കേണ്ടി വരും ഹിന്ദുക്കൾ എന്നത് ഓർത്താൽ ഹിന്ദുക്കൾക്ക് തന്നെ കൊള്ളാം എന്ന് കൂടി ഓർമ്മിപ്പിച്ചു കൊണ്ട് ....

No comments:

Post a Comment