ധരതി വിശ്വം ഇതി ധർമ്മ: സമസ്തപ്രപഞ്ചവും ധരിക്കപ്പെടുന്നത് യാതൊന്നില്ലാണോ, ആ സർവാധാരമായ പരം തത്വമാകുന്നു ധർമ്മം.. ഇത് നിരുക്തി ഉപയോഗിച്ചുള്ള അർത്ഥം. ഇനി ധർമ്മം എന്ന പദത്തിനെ വ്യാവഹാരിക തലത്തിൽ ചിന്തിച്ചാൽ, ഈ പ്രപഞ്ചത്തെ മുഴുവൻ ചേർത്ത് കോർത്ത് നിർത്തുന്ന നിയമവ്യവസ്ഥയെ ധർമ്മം എന്ന് പറയാം.. അല്ലെങ്കിൽ വ്യത്യസ്ത ഗുണഘടനകളോടും സ്വഭാവ വിശേഷങ്ങളോടും കൂടിയ നമ്മെയൊക്കെ ഒന്നായി ചേർത്തുകോർത്തു നിർത്തുന്നതെന്തോ അത് ധർമ്മം. ഈ പ്രപഞ്ച ഘടകങ്ങളിൽ ഓരോന്നിനും അതതിന്റെതായ സ്വഭാവവിശേഷമുണ്ട്. അഗ്നി, അഗ്നിയായിരിക്കുന്നതിനും ജലം ജലമായിരിക്കുന്നതിനും പിന്നിൽ വർത്തിക്കുന്ന അനിഷേധ്യമായ പ്രപഞ്ച നിയമം ഉണ്ട്. ഈ അധിനിയമത്താൽ ഓരോന്നും അതതതിന്റെ ഭാവത്തിൽ ധരിക്കപ്പെടുന്നു. പ്രപഞ്ചത്തെ മുഴുവൻ നിയതമായി ധരിക്കുന്ന ഈ അധിനിയമത്തെ ധർമ്മം എന്നത് കൊണ്ട് മനസിലാക്കാം.
അണു മുതൽ ബ്രഹ്മാണ്ഡം വരെ സകലഘടകങ്ങളും അത്യദ്ഭുതകരമായ ഒരു നിയമവ്യവസ്ഥയാൽ സുഘടിതമായി നിലനിർത്തപ്പെടുന്നതാണ്. ആണവകണങ്ങളുടെ നിരന്തരമായ ചലനത്താലുണ്ടാവുന്ന അചലഭാവമാണ് ഒരു അണു എന്നത്.അത് പോലെ അതിവേഗതയിൽ അന്വരതം ചരിക്കുന്ന അനേകലക്ഷം ഗ്രഹനക്ഷത്രാദികളുടെ നിരന്തരമായ ചലനത്താലുള്ള അചലഭാവമാണ് ഈ ബ്രഹ്മാണ്ഡം. ഇവിടെയെല്ലാം അത്യദ്ഭുതകരമായ ഒരു വ്യവസ്ഥയാൽ സകലവും നിലനിൽക്കുന്നതയൈ നമുക്ക് മനസിലാക്കന സാധിക്കും ഈ വ്യവസ്ഥ തന്നെയാണ് ധർമ്മം.
അതായത് ഈ ലോകത്തിലെ അംഗങ്ങളെന്ന നിലയിൽ നാമൊക്കെ ജീവിതത്തിൽ ഏത് മൂല്യങ്ങളെ പരിപാലിച്ചാലാണോ ഈ ലോകം ഒന്നായി നന്നായി ചേർത്തുകോർത്തു നിർത്തപ്പെടുന്നത്. ആ മൂല്യങ്ങളാകുന്നു ധർമ്മം. ഇങ്ങനെ ജീവിതത്തിൽ മൂല്യങ്ങളെ പാലിക്കുമ്പോൽ നാം ധർമ്മത്തെ രക്ഷിക്കുന്നവരാകുന്നു. ഇപ്രകാരം നമ്മളാൽ രക്ഷിക്കപ്പെടുമ്പോഴാണ് ധർമ്മം നമ്മെയും രക്ഷിക്കുന്നത്. വിപരീതമാണ് നാം ചെയ്യുന്നതെങ്കിൽ, അതായത് ധർമ്മത്തെ രക്ഷിക്കുന്നതിന് പകരം ഹനിക്കുന്നവരാണ് നാമെങ്കിൽ ധർമ്മം നമ്മെയും ഹനിക്കുനു. ജീവിതത്തെ ശ്രേഷ്ഠതയിലേക്ക് നയിക്കുന്ന ധാർമ്മിക മൂല്യങ്ങളെ പരിപാലിക്കാതിരിക്കുക എന്ന ധർമഹനനം ചെയ്യുന്നത് വഴി അവ നമ്മുടെ ജീവിതത്തിന്റെ ഉയർച്ചയെ തടയുന്നവയായി ഭവിക്കുന്നു എന്നർത്ഥം. വാസ്തവത്തിൽ ധർമമല്ല നമ്മെ ഹനിക്കുന്നത്, ധർമത്തെ പാലിക്കായ്ക നിമിത്തം നാം തന്നെയാണ്. അതിനാൽ നിശ്ചയമായും ധർമ്മത്തെ പാലിക്കണം എന്നർത്ഥം. അത് തന്നെയാണ് മനുസ്മ്രിതിയിലെ ഈ പ്രസിദ്ധ വാക്യം നമ്മെ ഓർമ്മപ്പെടുത്തുന്നതും.
ധർമ്മ ഏവ ഹതോ ഹന്തി ധർമ്മോ രക്ഷതി രക്ഷിറ്റ:
തസ്മാർദ്ധർമോ ന ഹന്തവ്യോ മാ നോ ധർമോ ഹതോ/വധീത്
തസ്മാർദ്ധർമോ ന ഹന്തവ്യോ മാ നോ ധർമോ ഹതോ/വധീത്
ഹനിക്കപ്പെടുന്ന ധർമ്മം നമ്മെ ഹനിക്കുന്നു. രക്ഷിക്കപ്പെടുന്ന ധർമ്മം രക്ഷിക്കുന്നു അത് കൊണ്ട് ധർമ്മം ഹനിക്കപ്പെടരുത്. ഹനിക്കപ്പെടുന്ന ധർമ്മം നമ്മെ ഹനിക്കാതിരിക്കട്ടെ)
വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു പദം കൂടിയാണ് ധർമം എന്നുള്ളത്. ദാനം ചെയ്യുന്നിനെയോ ഭിക്ഷ കൊടുക്കുന്നതിനെയൊ ഒക്കെയാണ് ധർമ്മം എന്നത് കൊണ്ട് പൊതുവെ നാം ഉദ്ദേശിക്കുന്നത്. ഓർമ്മിക്കുക, എന്ത് വേണമെങ്കിലും, നമ്മെത്തന്നെ വേണമെങ്കിലും നമുക്ക് മറ്റുള്ളവർക്ക് ദാനമായി കൊടുക്കാം, എന്നാൽ ഒരിക്കലും കൈവരിക്കാൻ പാടില്ലാത്തതായി, കൊടുക്കാൻ പാടില്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ, അത് ധർമമാണ്. ഒരിക്കലും കൈ വിടരുതാത്ത ശാശ്വതമൂല്യങ്ങളാണ് ധർമശബ്ദത്തിന്റെ അർത്ഥമായി വരുന്നത്.
ഇപ്രകാരം ജഗത്തിന്റെ നിലനിൽപ്പിനും വ്യക്തികളുടെ അഭ്യുദയനി:ശ്രേയസങ്ങൾക്കും ഹേതുവാകുന്നത് ഏതാണോ അതാണ് ധർമ്മം എന്ന് ചുരുക്കി പറയാം.
No comments:
Post a Comment