നൂറ്റിയെട്ട് രുദ്രാക്ഷം കോര്‍ത്ത മാല ധരിക്കുകയാണെങ്കില്‍ ഓരോ നിമിഷവും അശ്വമേധം നടത്തുന്ന ഫലം ലഭിക്കും. ഇരുപത്തിയൊന്ന് തലമുറയെ ഉദ്ധരിച്ചിട്ട് ശിവലോകത്ത് പൂജ്യനായി ഭവിക്കുകയും ചെയ്യും.
ശ്രീമഹാദേവന്‍ ത്രിപുരാസുരനെ സംഹരിക്കാനും ദേവന്മാരെ രക്ഷിക്കാനും വിഘ്‌നങ്ങളെ ഇല്ലാതാക്കാനുമായിട്ട് അഘോരശസ്ത്രത്തെ സ്മരിച്ചപ്പോള്‍ ഭഗവാന്റെ നേത്രങ്ങളില്‍നിന്ന് അശ്രുകണങ്ങള്‍ ഇറ്റിറ്റു വീണു. അവിടെ വീണ അശ്രുബിന്ദുക്കളില്‍നിന്ന് രുദ്രാക്ഷ മഹാവൃക്ഷങ്ങള്‍ ഉണ്ടായി.
അവയില്‍നിന്ന് 38 പ്രകാരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ടായി. സൂര്യനേത്രത്തില്‍നിന്ന് കപിലവര്‍ണ്ണത്തില്‍ പന്ത്രണ്ടും, സോമനേത്രത്തില്‍ നിന്ന്, ശ്വേതവര്‍ണ്ണത്തില്‍ പതിനാറും വഹ്നി നേത്രത്തില്‍നിന്ന് കൃഷ്ണവര്‍ണ്ണത്തില്‍ പത്തുവിധത്തിലും രുദ്രാക്ഷങ്ങള്‍ ഉണ്ടായി.
ഒറ്റ മുഖമുള്ള രുദ്രാക്ഷം സാക്ഷാല്‍ ശിവനാണ്. അത് ബ്രഹ്മഹത്യാപാപത്തെ നശിപ്പിക്കും. രണ്ടുമുഖമുള്ളത് ദേവീദേവന്മാരാണ്. അത് വിവിധ തരത്തിലുള്ള പാപങ്ങളെയും നശിപ്പിക്കും. മൂന്നു മുഖമുള്ളത് അഗ്‌നിയാണ്. അത് സ്ത്രീഹത്യാപാപത്തെ തല്‍ക്ഷണം നശിപ്പിക്കും. നാലു മുഖമുള്ളത് ബ്രഹ്മാവാകുന്നു.
അത് നരഹത്യപാപത്തെ ഇല്ലാതാക്കുന്നു. അഞ്ചു മുഖമുള്ളത് കാലാഗ്‌നിതുല്യനായ രുദ്രനാണ്. അഭക്ഷ്യഭക്ഷണം കൊണ്ടും അഗമ്യഗമനംകൊണ്ടും ഉണ്ടാകുന്ന പാപം സകലതും അഞ്ചുമുഖമുള്ള രുദ്രാക്ഷം ധരിക്കുന്നതുകൊണ്ട് നശിക്കുന്നു. ആറുമുഖമുള്ളത് കാര്‍ത്തികേയനാകുന്നു. അതു വലത്തെ കൈയിലാണ് ധരിക്കേണ്ടത്അതു ധരിച്ചാല്‍ ബ്രഹ്മഹത്യാദി പാപങ്ങളില്‍നിന്നും മുക്തനാകും.
ഏഴു മുഖമുള്ള രുദ്രാക്ഷം മഹാഭാഗനായ കാമദേവന്‍ എന്നു പേരുള്ളതാണ്. അതു ധരിച്ചാല്‍ സ്വര്‍ണ്ണം മോഷ്ടിക്കുക തുടങ്ങിയ പാപങ്ങളില്‍ നിന്നും മുക്തനാകാം. എട്ടു മുഖമുള്ളത് സാക്ഷാല്‍ വിനായകനാണ്. അന്നം, വസ്ത്രം, സ്വര്‍ണ്ണം ഇത്യാദി മോഷ്ടിക്കുക, ദുഷ്ടകുലത്തില്‍പ്പെട്ട സ്ത്രീയെയോ, ഗുരുപത്‌നിയെയോ സ്പര്‍ശിക്കുക തുടങ്ങിയ പാപങ്ങള്‍ അതു ധരിച്ചാല്‍ ഇല്ലാതാകും. ഒന്‍പതു മുഖമുള്ളത് ഭൈരവനാണ്.
അത് ഇടം കൈയില്‍ വേണം ധരിക്കാന്‍. ഭ്രൂണഹത്യാപാപങ്ങളും നൂറു ബ്രഹ്മഹത്യാപാപങ്ങളും ഒന്‍പതു മുഖമുള്ളത് ധരിച്ചാല്‍ ഉടന്‍ നശിക്കും. പത്തു മുഖമുള്ളത് ദേവേശനായ സാക്ഷാല്‍ ജനാര്‍ദ്ദനമൂര്‍ത്തിയാണ്. ദുഷ്ടഗ്രഹങ്ങളും പിശാചുക്കളും വേതാളങ്ങളും ബ്രഹ്മരക്ഷസ്സുകളും സര്‍പ്പങ്ങളും മൂലമുണ്ടാകുന്ന പീഡകള്‍ പത്തുമുഖമുള്ള രുദ്രാക്ഷം ധരിക്കുന്നതുകൊണ്ട് ഇല്ലാതാകും.
പതിനൊന്ന് മുഖമുള്ള രുദ്രാക്ഷം ഏകാദശ രുദ്രന്മാരാണെന്ന് പറയപ്പെടുന്നു. ആയിരം അശ്വമേധവും നൂറു വാജപേയവും യഥാവിധി പതിനായിരം ഗോദാനവും ചെയ്താല്‍ എത്ര പുണ്യം ലഭിക്കുമോ, അത്രത്തോളം പുണ്യം പതിനൊന്ന് മുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ലഭിക്കും. പന്ത്രണ്ട് മുഖമുള്ള രുദ്രാക്ഷം കാതില്‍ ധരിച്ചാല്‍ പന്ത്രണ്ടു മുഖങ്ങളിലായി സ്ഥിതി ചെയ്യുന്ന പന്ത്രണ്ട് ആദിത്യന്മാരും നിത്യവും സന്തുഷ്ടരാകും.
പതിമൂന്ന് മുഖമുള്ള രുദ്രാക്ഷം കാര്‍ത്തികേയന് തുല്യമാണ്. സര്‍വ്വകാമാര്‍ത്ഥങ്ങളെയും അത് പ്രദാനം ചെയ്യും. പതിന്നാലു മുഖമുള്ള രുദ്രാക്ഷം ശിരസ്സില്‍ ധരിക്കുന്നവന്‍ ശിവതുല്യനായിത്തീരുന്നു.
ഉത്തമബ്രാഹ്മണര്‍ ശിരസ്സില്‍ ഭക്തിപൂര്‍വ്വം ഒരു രുദ്രാക്ഷം അവശ്യം ധരിക്കേണ്ടതാണെന്ന് വേദം പറയുന്നു. ഇരുപത്തിയാറ് രുദ്രാക്ഷംകൊണ്ടുള്ള മാല മുടിയില്‍ ചൂടണം. അമ്പതെണ്ണമുള്ള മാല മാറിലും പതിനാറെണ്ണമുള്ളത് തോളിലും പന്ത്രണ്ടണ്ണമുള്ളത് വളപോലെ മണിബന്ധത്തിലും ധരിക്കണം.
No comments:
Post a Comment