Tuesday, August 30, 2016

ഭാര്യാ ഭർത്തൃ ധർമ്മം:

"പതിർഗുരു:പതിസ്തീർത്ഥമിതി സ്ത്രീണാം വിദുർബുധാ"
ഭർത്താവുതന്നെയാണ് ഗുരുവും പുണ്യതീർത്ഥവുമെന്ന് വിദ്വാന്മാർ വിധിച്ചിരിക്കുന്നു.
"പതിസേവാ ഗുരൌവാസ:" (മനുസ്മൃതി)
പതിശുശ്രൂഷ ഗുരുകുലവാസമാണെന്ന് മനു വിധിച്ചിരിക്കുന്നു. ഇത് സ്ത്രീകളെ അസ്വതന്ത്രരും അടിമകളും ആക്കുവാനുള്ള കുതന്ത്രമല്ല. ധർമ്മം സ്വഭാവേന വർത്തിക്കേണ്ടതാണ്. 'ഭർത്താവ്' എന്ന വാക്കിന് ഭരിക്കുന്നവൻ എന്നാണർത്ഥം. ഭാര്യ ഭരിക്കപ്പെടുന്ന തത്വമാണ്. ഭരണം അധികാരമോഹം കൊണ്ടുള്ള അധീശത്വമല്ല. വിനയപൂർണ്ണമായ സേവനമാണ്. ത്യാഗമേറ്റെടുക്കേണ്ട ചുമതലയും അതിലുണ്ട്. നിയന്ത്രണംകൊണ്ടും സേവനംകൊണ്ടും മാത്രമേ ഒരു തത്വം പഠിക്കുവാനും കഴിയൂ. ഭർത്താവും ഭാര്യയും ഈ തത്വം അറിഞ്ഞു പ്രവർത്തിക്കണം. തന്മൂലം കുഞ്ഞുങ്ങൾ അതനുകരിക്കും. സംസ്ക്കാരത്തിന് ഈ മേന്മ അന്തർലീനമായിരിക്കും. അച്ഛൻ, അമ്മ, കുഞ്ഞുങ്ങൾ എന്നീ ബന്ധങ്ങളിലൂടെ വലുതാകുന്ന സമൂഹം നിയന്ത്രണവും സേവനവും സമാധാനവും ഉള്ളതായിരിക്കും. പരസ്പരധാരണ നഷ്ടപ്പെടുകയില്ല.
ഭാര്യാഭർത്തൃ സങ്കല്പം വ്യത്യസ്തതത്വങ്ങളല്ല. രണ്ടും ഒരു തത്വം തന്നെയാണ്. തത്വാർത്ഥമനുസരിച്ച് ഭർത്താവിനെക്കൂടാതെ ഭാര്യ നിലനിൽക്കുന്നില്ല. തിരമാലകളും സ്വച്ഛമായ സമുദ്രവും പോലെ രണ്ടും ഒന്നുതന്നെ. സമുദ്രജലത്തിന്റെ തന്നെ ചലനമാണ് തിരയായിത്തോന്നുന്നത്. ഓളവും തിരയും കൊണ്ട് ജലത്തെ അറിയുന്നതുപോലെ കർമ്മചലനം (നാനാകർമ്മങ്ങൾ) കൊണ്ട് നിശ്ചലമായ ആത്മതത്ത്വം അറിയണം. ഈ തത്ത്വം തന്നെയാണ് ഭാര്യാഭർത്തൃബന്ധത്തിലും ഉള്ളത്. വെള്ളംകൂടാതെ തിരയില്ലാത്തതുപോലെ, ഭർത്താവിനെ കൂടാതെ ഭാര്യയില്ല. പ്രകൃതിമുഴുവൻ ഈ പരസ്പര ബന്ധമാണ്. ആത്മാവ് (ജീവൻ) ഭർത്താവും അത് വസ്തുക്കളോട് ബന്ധപ്പെടുമ്പോൾ ഭാര്യയും ആയിമാറുന്നു.ഭർത്ത്രു സങ്കൽപ്പത്തിന് പുരുഷനെന്നും ഭാര്യാസങ്കൽപ്പത്തിന് പ്രകൃതിയെന്നും പറയാം.
പുരുഷൻ - പ്രകൃതി, ശിവൻ - ശക്തി, വിഷ്ണു - മായ എന്നീ സങ്കൽപ്പങ്ങളിലെല്ലാം ഒരേ തത്വം തന്നെയാണുള്ളത്. പ്രകൃതിയിലുള്ള നാനാതത്വങ്ങളിൽ വ്യാപരിക്കുന്ന ജീവൻ (ആത്മതത്വം) ഏകമാണ്. പ്രകൃതിയിലെ നാനാതത്വങ്ങളെ (ബ്രഹ്മം, ജ്ഞാനം )
ആത്മതത്വം കൂട്ടിയിണക്കുന്നതുകൊണ്ട് പ്രകൃതിയിൽ കാണുന്ന സർവ്വവും ബ്രഹ്മമെന്ന പൈതൃകത്തിൽ പെട്ടിരിക്കുന്നു. അതിനാൽ പ്രപഞ്ചം മുഴുവൻ ഒരു കുടുംബം എന്ന സങ്കൽപ്പത്തിന് വിധേയമാണ്.
"വസുധൈവ കുടുംബകം" പ്രപഞ്ചം തന്നെയാണ് കുടുംബം. നമ്മുടെ കുടുംബങ്ങളിലും ഈ ബന്ധം തന്നെയാണുള്ളത്. വളർത്തേണ്ടതും നിലനിർത്തേണ്ടതും ഈ തത്വം തന്നെയാണ്. ഭർത്താവായ ആത്മാവിന്റെ ധർമ്മമാണ് പ്രകൃതി (ഭാര്യ). ഭർത്താവായ ആത്മാവിൽനിന്നും പ്രകൃതി (ഭാര്യ) ഉണ്ടാകുന്നു. ഭാര്യയായ പ്രകൃതിയിലൂടെ ഭർത്താവിനെ അറിയുന്നു. വേർതിരിക്കാൻ ആവാത്ത തത്വമാണ് ഭാര്യാഭർത്തൃ സങ്കൽപ്പത്തിനുള്ളതെന്ന് ഇതുകൊണ്ടറിയണം.
"പാണിഗ്രഹണമന്ത്രാർത്ഥവുമോർക്കണം
പ്രാണാവസാനകാലത്തും പിരിയുമോ"
എന്ന് മൈഥിലി രാമനോട് ചോദിക്കുന്നതും ഇതേ തത്വത്തെയാണ് സൂചിപ്പിക്കുന്നത്. അഭേദ്യമായ ഈ തത്വത്തെ മുറിച്ചും മറച്ചും സ്വാതന്ത്ര്യം കാണാൻ തുനിയുന്ന ആധുനികത അപകടം സൃഷ്ടിക്കും. അത് തികച്ചും പ്രകൃതി വിരുദ്ധമാണ്. അതുകൊണ്ടുതന്നെ അശാസ്ത്രീയവും അസംഗതവുമാകുന്നു. ഭാരതീയ കുടുംബങ്ങളിൽ ഇന്ന് കാണുന്ന അസ്വസ്ഥതയ്ക്കുള്ള അടിസ്ഥാനകാരണവും ഇതുതന്നെ. തത്വത്തിൽനിന്ന് വേർപെട്ട് സ്വാതന്ത്ര്യത്തെ കാണുന്നത് അപഥസഞ്ചാരമാണ്.
ഭാര്യാഭർത്ത്രുബന്ധത്തിനടിസ്ഥാനം വികാരമല്ല. തത്വമാണ്. ഭാരതത്തിലെ കുടുംബസങ്കൽപ്പത്തിന്റെ മഹത്ത്വം ഇതുകൊണ്ട് ചിന്തിക്കപ്പെടണം. ഇന്ദ്രിയവിഷയങ്ങളിലുള്ള അസംതൃപ്തിയും വികാരങ്ങളുമാണ് പല കുടുംബബന്ധങ്ങളെയും തകരാരിലാക്കുന്നതും തകർക്കുന്നതും.
ഭാര്യാഭർത്ത്രുബന്ധം അറിയുവാനും അനുഭവിക്കാനുമുള്ള തത്വത്തിൽ അധിഷ്ഠിതമാണ്. അറിയിക്കുക എന്നുള്ളത് അതിന്റെ ധർമ്മമാണ്. സ്ത്രീപുരുഷബന്ധവും കുടുംബതത്വവും അടിമത്തവും അധീശത്വവും തമ്മിലുള്ള മത്സരമല്ല. മറിച്ചു് ഒരേ തത്വത്തിന്റെ ഭാവങ്ങൾ മാത്രം. തത്വം അറിഞ്ഞുള്ള കുടുംബജീവിതം. "ലോകം ഒരു കുടുംബം" എന്ന വിശ്വവിശാലമായ സങ്കൽപ്പംവരെ വളർന്നെത്തണമെന്നാണ് ഭാരതീയ ദർശനം.
ഭർത്ത്രുധർമ്മം:-
ഭാര്യ ഭർത്താവിനെ ഗുരുവായി കാണണമെങ്കിൽ ഭർത്താവ് ആദർശവാനായിരിക്കണം. ഏകപക്ഷീയമായ മൃഗീയശാസനം അനുസരിക്കേണ്ടവളല്ല ഭാരതീയ സങ്കൽപ്പത്തിലെ ഭാര്യ. ഭർത്താവ് ഭാര്യയോട് ധർമ്മാനുസരണം പ്രവർത്തിക്കണം.
"ന ഭാര്യാം താഡയേത് ക്വാപി മാത്രുവത്പരിപാലയേത്
ന ത്യജേത് ഘോരകഷ്ടേപി യദി സാധ്വീ പതിവൃതാ
ധനേന വാസസാ പ്രേണോ ശ്രദ്ധയാ മൃദു ഭാഷണൈ
സതതം തോഷയേദ്ദാരാൻ നാപ്രിയം ക്വചിദാചരേത്
സ്ഥിതേഷു സ്വീയ ദാരേഷു സ്ത്രീയമന്യാം ന സംസ്പ്രുശേത്
ദുഷ്ടേന ചേതസാ വിദ്വാൻ അന്യഥാ നാരകീഭവേത്
വിരളേ ശയനം വാസം ത്യജേത് പ്രാജ്ഞ: പരസ്ത്രീയാ
അയുക്ത ഭാഷണം ചൈവ സ്ത്രീയം ശൗര്യം ന ദർശയേത്" (മനുസ്മൃതി)
ഭാര്യയെ യാതോരിടത്തും ദു:ഖിപ്പിക്കരുത്. അമ്മയെ സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കണം ഏതു കഷ്ടാവസ്ഥയിലും പതിവൃതയായ ഭാര്യയെ ഉപേക്ഷിക്കരുത്. ധനം, വസ്ത്രം, സ്നേഹം, ശ്രദ്ധ, മൃദുഭാഷണം ഇവകൊണ്ട് സന്തോഷിപ്പിക്കണം. അപ്രിയം ഒരിക്കലും ചെയ്യരുത്. സഭാര്യന് ഒരിക്കലും പരസ്ത്രീ
സമ്പർക്കമരുത്. അപ്രകാരം ചെയ്യുന്ന ദുഷ്ടഹൃദയൻ നരകം അനുഭവിക്കും. അറിവുള്ളവൻ പരസ്ത്രീയോട് രഹസ്യവേഴ്ച പുലർത്തുകയില്ല. രഹസ്യഭാഷണവും വർജ്ജിക്കണം. സ്വപത്നിയുടെ നേർക്ക്‌ ഒരിക്കലും ശൗര്യം പാടില്ല.
പരസ്പരധാരണയും ത്യാഗസമ്പത്തുമുള്ള ഒരു കുടുംബജീവിതം നന്മയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു. ധർമ്മാനുസ്രുതമായ ജീവിതംകൊണ്ട് കുടുംബത്തെ ഒരു യജ്ഞശാലയാക്കി മാറ്റണം. അമ്മ, അച്ഛൻ, ആചാര്യൻ ഇവരുടെ നിയന്ത്രണവും ശിക്ഷണവുമുള്ള ഒരു കുടുംബസങ്കൽപ്പമാണ് ഭാരതത്തിലുള്ളത്.
"യഥാമാത്രുമാൻ പിത്രുമാൻ ആചാര്യവാൻ ബ്രുയാത്
തഥാ ച്ഛൈലിനിരബ്രവീത്" (ബ്രുഹദാരണ്യകോപനിഷത്ത് )
എന്ന യാജ്ഞവൽക്യവചനം മേൽപ്പറഞ്ഞ ഗുരുക്കന്മാരുടെ ആവശ്യവും ശിക്ഷണമാഹാത്മ്യവും വ്യക്തമാക്കുന്നു. ഭാരതീയ കുടുംബദർശനം വിശ്വദർശനമായി വളരുവാനുള്ളതാണ്.

No comments:

Post a Comment