Monday, September 19, 2016

ശ്രീ മഹാമ്മ്യം

ശ്രീ' എന്നത് ഐശ്വര്യത്തിന്റെ പ്രതിരൂപമാണ്. ഏതു പെരിനോടൊപ്പവും 'ശ്രീ' ചേര്‍ക്കാവുന്നതാണ്. അതിന് പുല്ലിംഗ - സ്ത്രീലിംഗ വ്യത്യാസം നോക്കേണ്ട കാര്യമില്ല. ഉദാഹരണത്തിന്, ശ്രീമഹാദേവന്‍, ശ്രീമഹാവിഷ്ണു, ശ്രീസുബ്രഹ്മണ്യസ്വാമി എന്നെല്ലാം 'ശ്രീ' ചേര്‍ത്ത് ദേവന്മാരെ സംബോധന ചെയ്യുന്നതുപോലെതന്നെ, ശ്രീപാര്‍വ്വതീദേവി, ശ്രീലക്ഷ്മീദേവി, ശ്രീസരസ്വതീദേവി എന്നൊക്കെ ദേവിമാരെയും സംബോധന ചെയ്യാറുണ്ട്. നമ്മുടെ നാട്ടില്‍ പൊതുവേ ഒരു ധാരണയുണ്ട്; സ്ത്രീകളാകുമ്പോള്‍ 'ശ്രീമതി' എന്ന് ചേര്‍ക്കണമെന്ന്. അതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഏവരെയും ഐശ്വര്യത്തിന്റെ പ്രതീകമായ 'ശ്രീ' ചേര്‍ത്ത് സംബോധന ചെയ്യാവുന്നതാണ്. 'ശ്രീ' എന്ന അക്ഷരം പേരിനു മുമ്പ് ചേര്‍ക്കുമ്പോള്‍ ആ പേരിനുതന്നെ ഒരു പ്രത്യേക ഐശ്വര്യവും ആകര്‍ഷണീയതയും കൈവരുന്നു. അതായത്, ഈശ്വര ശക്തിയെ പ്രതിനിധാനം ചെയ്യുന്ന ഒരു മഹത് വാക്കാണ്‌ 'ശ്രീ'.

ശ് , ര് , ഈ എന്നീ മൂന്നക്ഷരങ്ങളുടെ കൂട്ടായ്മയില്‍നിന്ന് ജനിക്കുന്നതാണ് 'ശ്രീ' എന്ന വാക്ക്. ഇവയില്‍ ' ശ് ' ആത്മാവിനെയും ' ര് ' പ്രകൃതിയെയും ' ഈ ' മായാശക്തിയെയും സൂചിപ്പിക്കുന്നു. വാക്കുകളില്‍ പ്രഥമവും പ്രധാനവുമായ സ്ഥാനമാണ് 'ശ്രീ' എന്ന വാക്കിനുള്ളത്.

ഒരാളിന്റെ പേര് അയാളുടെ കേവലനാമം കൊണ്ട് പൂര്‍ണ്ണതയെ പ്രാപിക്കുന്നില്ല. ഒറ്റപ്പെട്ട് നില്‍ക്കുന്ന ആ നാമത്തിന് പ്രകൃതിയുടെ, അല്ലെങ്കില്‍ ഐശ്വര്യത്തിന്റെ പൂര്‍ണ്ണത കൈവരുന്നതിന് വേണ്ടിയാണ് വ്യക്തിയുടെ നാമത്തിനു മുമ്പില്‍ 'ശ്രീ' ചേര്‍ക്കുന്നത്. ഈശ്വര മാഹാത്മ്യമുള്ള, പ്രകൃതിയുടെ സകലവിധ ഗുണങ്ങളുമടങ്ങിയ വാക്കാണ്‌ 'ശ്രീ' എന്നത്. ഈശ്വരചൈതന്യത്തിനും സാക്ഷാത്കാരത്തിനും സര്‍വ്വപ്രധാനമായത് ദേവീകടാക്ഷമാണ്. അതുകൊണ്ടാണ്, പുല്ലിംഗമായ പുരുഷനാമത്തിനു മുമ്പിലും 'ശ്രീ' എന്ന സ്ത്രീലിംഗവാക്കു ചേര്‍ക്കുന്നത്. നാമത്തിനു മുന്നില്‍ 'ശ്രീ' എന്ന് ചേര്‍ക്കുമ്പോള്‍ ആ നാമത്തിന് ദേവീസ്വരൂപം കൈവരുന്നു. ഒരു നാമം ഐശ്വര്യ ദായകമാകുന്നതിനും പൂര്‍ണ്ണത കൈവരുന്നതിനും 'ശ്രീ' എന്ന വാക്ക് ചേര്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

No comments:

Post a Comment