Thursday, September 22, 2016

പാപം ശമിക്കുന്ന തിരുവില്വാമല

തൃശൂർ ജില്ലയിലെ ഒരു പാറയുടെ മുകളിലാണ് പ്രശസ്തമായ തിരുവില്വാമല ക്ഷേത്രം. ഈ പാറയുടെ അടിഭാഗത്ത് ഗുഹയുണ്ടെന്നും അതിൽ സ്വർണ വില്വമരമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. രണ്ട് വിഷ്ണു വിഗ്രഹങ്ങളാണ് ക്ഷേത്രത്തിൽ. രണ്ടിനും പ്രത്യേകം പ്രത്യേകം ശ്രീകോവിലുകൾ. കിഴക്കോട്ടു ദർശനമായിട്ടുള്ളതാണ് പ്രധാന മൂർത്തി. ഇതു ലക്ഷ്മണനാണെന്ന് സങ്കല്പം. ശംഖുചക്ര ഗദാധാരികളാണ് വിഗ്രഹങ്ങൾ.

ഐതിഹ്യം,മാഹാത്മ്യം
പിതൃക്കളുടെ മോക്ഷത്തിനുവേണ്ടി പരശുരാമൻ തപസ് ചെയ്തപ്പോൾ ശ്രീപരമേശ്വരൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിൽ നിന്ന് പരശുരാമൻ ശിവൻ പൂജിച്ചിരുന്ന വിഷ്ണുവിഗ്രഹം കരസ്ഥമാക്കി. വിഗ്രഹ പ്രതിഷ്ഠയ്ക്കായി പറ്റിയ സ്ഥലം അന്വേഷിച്ച് പോകുമ്പോൾ തിരുവില്വാമലയിലെത്തി. ഇവിടത്തെ പാറ കണ്ട് സന്തുഷ്ടനായ പരശുരാമൻ വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. കിഴക്കോട്ട് ദർശനമായിട്ടായിരുന്നു പ്രതിഷ്ഠ. കാലാന്തരത്തിൽ പടിഞ്ഞാറ് ദർശനമായി മറ്റൊരു വിഗ്രഹം വില്വമംഗലം പ്രതിഷ്ഠിച്ചെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന മൂർത്തിക്ക് വില്വാദ്രിനാഥൻ എന്ന് പേരിട്ടതും വില്വമംഗലമാണത്രേ.

ആമലക മഹർഷിയാണ് തിരുവില്വാമലയിൽ പ്രതിഷ്ഠ നടത്തിയതെന്നും മറ്റൊരു ഐതിഹ്യമുണ്ട്. രാമനാമജപം സംവത്സരങ്ങളോളം ജപിച്ച് തപസിൽ കഴിഞ്ഞിരുന്ന മഹർഷിക്ക് മുന്നിൽ വിഷ്ണു പ്രത്യക്ഷനായെന്നും മഹർഷിയുടെ ആഗ്രഹപ്രകാരം ശ്രീരാമഭാവത്തിൽ വസിക്കുന്നുവെന്നും വിശ്വാസമുണ്ട്.

പ്രശസ്തമായ പുനർജനനി നൂഴൽ എന്നൊരു പ്രത്യേക ആചാരവുംതിരുവില്വാമലയുമായി ബന്ധപ്പെട്ടുണ്ട്. ക്ഷേത്രത്തിൽ നിന്ന് രണ്ടരക്കിലോമീറ്ററോളം അകലെ വില്വമലയിലാണ് ഈ ഗുഹ. വൃശ്ചികമാസത്തിലെ ഏകാദശി നാളിൽ ഒരു ഗുഹയിൽ കടന്ന് മറ്റൊരു ഗുഹാമുഖത്തിലൂടെ പുറത്തുവന്നിരുന്നതാണ് ഈ ചടങ്ങ്. ഗുഹയ്ക്ക് സമീപമുള്ള പാപനാശിനിയിൽ കുളിച്ച് ഗുഹയിലിറങ്ങി നൂണ്ട് കടന്നാൽ പാപങ്ങളെല്ലാം ശമിച്ച് പുനർജന്മമായെന്ന് സങ്കല്പം.

എത്തിച്ചേരാൻ
തൃശൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് തിരുവില്വാമല. വടക്കാഞ്ചേരി ചേലക്കര വഴി ബസിൽ എത്താവുന്നതാണ്. ട്രെയിൻ മാർഗമാണെങ്കിൽ തൃശൂരിലോ വടക്കാഞ്ചേരിയിലോ ഇറങ്ങി ബസിൽ പോകാം. 
copied from# keralakaumudi

No comments:

Post a Comment