Thursday, September 22, 2016

ഉരക്കുഴി തീര്‍ത്ഥം

ശബരീശന്റെ അനുഗ്രഹത്തിനായി മലകയറുന്ന ഒരോ അയ്യപ്പഭക്തര്‍ക്കും പാപം കഴുകുന്ന പുണ്യമായി മാറുകയാണ് ഉരക്കുഴി എന്ന കാനനതീര്‍ത്ഥം.
ഭഗവത് ദര്‍ശനത്തിന് ശേഷം ഈപുണ്യതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച് തങ്ങളുടെ പാപഭാരങ്ങളും, ക്ഷീണവും കഴുകികളഞ്ഞാണ് ഓരോ ഭക്തനും മലയിറങ്ങുന്നത്. പാണ്ടിത്താവളത്തില്‍ നിന്നും മുന്നൂറ് മീറ്ററോളം ദൂരെയാണ് ഈപുണ്യതീര്‍ത്ഥം സ്ഥിതിചെയ്യുന്നത്.
പരമ്പരാഗത പാതയായ പുല്ലുമേട്ടില്‍ നിന്നും നടന്നുവരുന്ന ഭക്തര്‍ ഈതീര്‍ത്ഥം കടന്നാണ് ഭഗവത് സന്നിധിയില്‍ എത്തിച്ചരുന്നതും. മഹിഷീ നിഗ്രഹത്തിന് ശേഷം ധര്‍മ്മശാസ്താവ് ഈ കാനനതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച് പാപമോക്ഷം നേടി് സന്നിധിയില്‍ എത്തിച്ചേര്‍ന്നു എന്നാണ് വിശ്വാസം.

ഈവിശ്വാസത്തിന്റെ ചുവട്പിടിച്ച് പാപഭാരങ്ങളില്‍ നിന്നുംമുക്തിനേടുന്നതിനായി പവിത്രമായ ഈതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിക്കാന്‍ നിരവധി ഭക്തരാണ് ഇവിടേക്ക് എത്തിച്ചരുന്നത്. ഒരാള്‍ക്ക് മാത്രമേഇരുന്ന് കുളിക്കാന്‍ കഴിയൂ എന്നതും, ഇവിടേക്കെത്തുന്ന ജലം പുണ്യ നദിയായ പമ്പയുടെ കൈവഴിയായ കുമ്പളം തോട്ടില്‍ നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്കുപതിക്കുന്ന ഔഷധവാഹിനിയുമാണ്.
ഉരക്കുഴി തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്ത് അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്നതിന് പിന്നില്‍ വിശ്വാസത്തിന്റെ അടിയുറച്ച പിന്‍ബലമാണ് ഉള്ളത്. മഹിഷീനിഗ്രഹം കഴിഞ്ഞെത്തിയ മണികണ്ഠന്‍ ഉരക്കുഴി തീര്‍ത്ഥത്തില്‍ സ്‌നാനം നടത്തിയശേഷമാണ് ശബരിമലയിലേക്ക് പുറപ്പെട്ടതെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ഇവിടെ കുളിച്ച് ഭഗവത്ദര്‍ശനം നടത്തുന്നത് പുണ്യമെന്നാണ് ‘ഭക്തജനവിശ്വാസം.
സ്‌നാനത്തിന് ശേഷം പുറപ്പെട്ട മണികണ്ഠന്‍ഭിക്ഷ നല്‍കിയതിനെ അനുസ്മരിപ്പിച്ച് ഈ തീര്‍ത്ഥത്തിന് സമീപത്തായി അടുത്തകാലംവരെ ഒരു ഭിക്ഷാടനപ്പുര നിലനിന്നിരുന്നു. തേനി ഗൂഡല്ലൂര്‍ സ്വദേശി എസ്സ് കുറുപ്പസ്വാമിയാണ് അവസാനമായി ഭിക്ഷാടനം നടത്തിയിരുന്നത്.
മലമുകളില്‍നിന്നും ഒഴുകിയെത്തുന്ന അരുവിയുടെ താഴ്‌വാരത്തായി പാണ്ടിത്താവളത്തിന് സമീപമാണ് ഉരക്കുഴിതീര്‍ത്ഥം സ്ഥിതിചെയ്യുന്നത്.
ഒരാള്‍ക്ക് ഇറങ്ങിയിരുന്ന് സ്‌നാനം നടത്താന്‍ കഴിയുന്ന വിസ്താരം കുറഞ്ഞ കുഴിയെയാണ് ഉരല്‍ക്കുഴി തീര്‍ത്ഥം എന്നറിയപ്പെടുന്നത്. ഒരാള്‍കുഴി തീര്‍ത്ഥം എന്നാണ് ഇത് പണ്ട് അറിയപ്പെട്ടിരുന്നതെന്നും പഴമക്കാര്‍ പറയുന്നു. ഏകദേശം മൂന്ന് അടിയോളം ആഴമാണ് ഇതിനുള്ളത്. പത്ത് മീറ്റര്‍ ഉയരമുള്ള പാറയുടെ മുകളില്‍നിന്നുമാണ് ജലമൊഴുകിയെത്തുന്നത്. കാലഭേദങ്ങളില്ലാതെ ഇതില്‍ വെള്ളം നിറഞ്ഞുനില്‍ക്കും എന്നതാണ് ഇതിന്റെ പ്രത്യകത. ഔഷധഗുണമുണ്ട് എന്ന് വിശ്വസിക്കുന്ന ഈ കുഴിയില്‍ കുളികഴിഞ്ഞ് ശബരീശദര്‍ശനം നടത്തുന്ന അയ്യപ്പ‘ഭക്തന്മാര്‍ ഏറെയാണ്.
സ്വാമിയെ ശരണമയ്യപ്പാ

No comments:

Post a Comment