Tuesday, September 27, 2016

അശ്വത്‌ഥാമാവ്‌

ഏഴ്‌ ചിരംജീവികളില്‍ ഒരാളാണ്‌ അശ്വത്‌ഥാമാവ്‌. ദ്രോണര്‍ക്ക്‌ കൃപരുടെ സഹോദരിയായ കൃപിയില്‍ ജനിച്ച പുത്രന്‍. കൌരവ-പാണ്‌ഡവ യുദ്ധത്തില്‍ ഭീമന്റെ ഗദാഘാതമേറ്റ്‌ ദുര്യോധനന്റെ തുട തകര്‍ന്നപ്പോഴേക്കും കൌരവപക്ഷത്തുള്ള മൂന്നുപേരൊഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടു. മരണാസന്നനായ ദുര്യോധനന്റെ നിര്‍ദ്ദേശപ്രകാരം കൃപര്‍ അശ്വത്‌ഥാമാവിനെ കൌരവരുടെ അവസാന സേനാനായകനായി അഭിഷേകം ചെയ്‌തു. പാണ്‌ഡവരെ നശിപ്പിക്കുമെന്ന്‌ ദുര്യോധനന്‌
വാക്കുനല്‍കിയ അശ്വത്‌ഥാമാവ്‌ ഇരുട്ടില്‍ പാണ്‌ഡവ ശിബിരത്തിലെത്തി പാഞ്ചാല പുത്രന്മാരെ മുഴുവനും കൊന്ന്‌ ശിബിരം തീയിട്ടു. അനന്തരം കൃഷ്‌ണദ്വൈപായന വ്യാസന്റെ അടുത്തുപോയി.

ഇതറിഞ്ഞ്‌ അര്‍ജ്ജുനനും ഭീമനും അശ്വത്‌ഥാമാവിനെ വധിക്കാനെത്തി. അപ്പോള്‍ അശ്വത്‌ഥാമാവ്‌ ദ്രോണര്‍ തനിക്കും അര്‍ജ്ജുനനും മാത്രം ഉപദേശിച്ചു കൊടുത്തിട്ടുള്ള ബ്രഹ്‌മശിരോസ്‌ത്രം തൊടുത്തു വിട്ടു. വ്യാസന്‍ ആവശ്യപ്പെട്ടിട്ടും അശ്വത്‌ഥാമാവിന്‌ ആ അസ്‌ത്രം പിന്‍വലിക്കാനായില്ല. ഒടുവില്‍ ആ അസ്‌ത്രം അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തിലേക്ക്‌ അശ്വത്‌ഥാമാവ്‌ തിരിച്ചുവിട്ടു. കുഞ്ഞ്‌ അസ്‌ത്രമേറ്റ്‌ മരിച്ചെങ്കിലും കൃഷ്‌ണന്‍ പുനരുജ്ജീവിപ്പിച്ചു. പ്രതികാര ചിന്തയില്‍ ഗര്‍ഭസ്‌ഥശിശുവിനെപ്പോലും കൊന്ന അശ്വത്‌ഥാമാവ്‌ വ്രണം വന്ന്‌ പഴുത്ത്‌ മൂവായിരം കൊല്ലക്കാലം ആരാലും അറിയപ്പെടാതെ അലഞ്ഞുതിരിഞ്ഞു നടക്കട്ടെ എന്ന്‌ കൃഷ്‌ണന്‍ ശപിക്കുകയായിരുന്നു.....

No comments:

Post a Comment