Saturday, September 10, 2016

ശിവപുരാണം --- ഗണപതി വാഹനം

മൂഷികന്‍‌ എന്ന് പേരായ ഒരു അസുരന്‍ ഉണ്ടായിരുന്നു..അയാള്‍ ഉഗ്രമായ തപസ്സിലൂടെ ശക്തിമാനാകാന്‍ ആഗ്രഹിച്ചു..അസുരന്മാരുടെ ഇഷ്ടദേവനായ മഹേശ്വരനെയാണ് മൂഷികന്‍‌ ഉപാസിച്ചത്...
എകാന്തമായൊരു ഗുഹാന്തര്‍ഭാഗത്ത് നമ:ശിവായ മന്ത്രങ്ങള്‍ ഉരുക്കഴിച്ചു തപസ്സാരംഭിച്ചു..തപസ്സു അനേകം സംവത്സരങ്ങള്‍ നീണ്ടുനിന്നു..അന്നപാനീയാദികള്‍ വെടിഞ്ഞു തപം തുടര്‍ന്നു....തപസ്സിന്റെ തീഷ്ണജ്വാലകള്‍ ഭൂസ്വര്‍ഗ്ഗപാതാളങ്ങളെ ചുട്ടുപൊള്ളിച്ചു...ഹിമഗിരിശ്രുംഗങ്ങള്‍ ഉരുകിയൊലിക്കാന്‍ തുടങ്ങി...ശ്രീശൈലത്തിങ്കലും അത് പ്രതിഫലിച്ചു...അസുരന്റെ തപസ്സിന്റെ ചൂട് ഭഗവാനും അറിഞ്ഞു...

അസുരന് വരം നല്കിയാലുള്ള ഭവിഷ്യത്ത് നന്നായി അറിയാവുന്ന ഉമാപതി തപോഭംഗം വരുത്തുവാന്‍ സ്വന്തം കണ് ടാഭരണമായ സര്‍പ്പത്തിനോടാവശ്യപ്പെട്ടു...സര്‍പ്പം ഇഴഞ്ഞിഴഞ്ഞു മൂഷികാസുരന്‍ തപസ്സു ചെയുന്ന ഗുഹയിലെത്തി....ഉഗ്രമായ ശീല്‍ക്കാരത്തോടെ അവന്റെ നേരെ ചീറ്റി..ശരീരത്തിലൂടെ ഇഴഞ്ഞു കയറി തപ്സ്സുമുടക്കാന്‍ ശ്രമിച്ചു..തപോലീനനായ അസുരന്റെ പുരികക്കൊടിപോലും ചലിപ്പിക്കാന്‍ ആ സര്‍പ്പതിനായില്ല....

തന്റെ പ്രിയഭക്തന്റെ അചഞ്ചലമായ ഭക്തിക്കു മുമ്പില്‍ കീഴടങ്ങാതിരിക്കാന്‍ ഭാഗവാനുകുമോ..പരമശിവന്‍ മൂഷികനു മുന്നില്‍ പ്രത്യക്ഷനായി...
"ഭക്താ നിന്നില്‍ നാം സംപ്രീതനായിരിക്കുന്നു ...എന്ത് വരം വേണമെങ്കിലും ചോദിച്ചുകൊള്‍ക..."
"ഭഗവാനെ ഈയുള്ളവന്‍ ത്രിലോകാധിപത്യം ആഗ്രഹിയ്ക്കുന്നു..സ്വര്‍ഗ്ഗം , ഭൂമി ,പാതാളം എന്നിവിടങ്ങളില്‍ അനിഷേധ്യനായ ചക്രവര്‍ത്തിയായി എനിക്ക് വാഴണം..സാധാരണ മനുഷ്യരോ ദേവന്മാരോ ,അസുരന്മാരോ എന്നെ വധിയ്ക്കരുത്...അപ്രകാരം സംഭവിക്കട്ടെ എന്നനുഗ്രഹിച്ചു ശിവന്‍ മറഞ്ഞു...

വരപ്രാപ്തിയില്‍ ഉല്‍ക്കടനായ മൂഷികരാജന്‍ ഇന്ദ്രനെ തോല്‍പ്പിച്ചു സ്വര്‍ഗ്ഗാധിപത്യം നേടി..പാതാളദേശത്തുള്ള അസുരന്മാരെ ഒത്തുചേര്‍ത്ത് അവരോടൊപ്പം ഭൂമിയില്‍ സകലദുഷ്ടത്തരങ്ങള്‍ക്കും നേത്രുതം നല്‍കി...ആശ്രമകവാടങ്ങള്‍ തീയെരിച്ചു സജ്ജനങ്ങളെ ഹിംസിച്ചു .....എങ്ങും അശാന്തിയും അക്രമവും കളിയാടി...മഹര്‍ഷിമാരുടെ ദീനരോദനങ്ങള്‍ പരമശിവന്റെ കാതിലും എത്തി...നാരദാദിമുനികളും ബ്രഹ്മാദിദേവകളും ഭഗവാനെ ശരണം പ്രാപിച്ചു...മഹാപ്രഭോ അങ്ങിതു കേള്‍ക്കുന്നില്ലേ...അങ്ങയുടെ അനുഗ്രഹം ത്രിഭുവനത്തിലും ശാപമായി മാറിയിരിക്കുന്നു...എന്താണ് ഇതിനു ഒരു പരിഹാരം...അങ്ങ് തന്നെ പറഞ്ഞാലും...

നിങ്ങള്‍ വിഷമിക്കേണ്ട നിങ്ങള്‍ക്കുണ്ടായ സകല ദുരിതങ്ങള്‍ക്കും ഉടന്‍ അറുതി വരും...എന്റെ വത്സലപുത്രനായ ഗണപതി അവനെ കീഴടക്കും..
"മകനെ ഗണേശാ വേഗം വരൂ "...ഉടനെ പാര്‍വ്വതീ ദേവി തടസ്സവാദം ഉന്നയിച്ചു..
"എന്താണ് നാഥാ അങ്ങീപറയുന്നത് ..കുട്ടിത്തം വിട്ടുമാറാത്ത ഈ പിഞ്ചു ബാലനോ..!!!...അസുര ചക്രവര്‍ത്തിയെ കീഴ് പ്പെടുത്തുന്നത് ...?
"ഗൌരീ ! എന്തിനാണ് ഭയപ്പെടുന്നത് ...നമ്മുടെ അനുഗ്രഹാശിസ്സുകളുണ്ടെങ്കില്‍ ഗണപതിയ്ക്ക് ഇതെത്ര നിസ്സാരം..ഉണ്ണീ ഇതാ നിനക്ക് ഇന്ന് മുതല്‍ ദിവ്യയുധങ്ങളും അത്ഭുതസിദ്ധികളും കരഗതമായിരിക്കുന്നു...ഭൂതഗണങ്ങള്‍ക്ക് നാഥനായി ഈ ലോകത്തിന്റെ വിഘ്നങ്ങള്‍ അകറ്റിയാലും..അസുരനെ ജീവനോടെ നമ്മുടെ മുന്നില്‍ എത്തിച്ചാലും.."...ഗണപതി , മാതാപിതാക്കളുടെയും , ബ്രഹ്മാദിദേവകളുടെയും അനുഗ്രഹത്തോടെ ഭൂതഗണസേനയും നയിച്ച്‌ മൂഷികരാജനെ നേരിടാന്‍ പുറപ്പെട്ടു...

അപ്പോഴതാ അസുരന്‍ അനേകായിരം രാജാക്കന്മാരെയും , സന്യാസിമാരെയും മറ്റു സജ്ജനങ്ങളെയും പിടികൂടി കാരാഗ്രഹത്തിലടച്ചു അവരുടെ വേദന കണ്ടു രസിക്കുകയായിരുന്നു..ഗണേശഭഗവാന്‍ അവനെ യുദ്ധത്തിനു വെല്ലുവിളിച്ചു...അസുരസേനാധിപന്മാര്‍ ,ഗണപതിക്ക്‌ മുന്നില്‍ മുട്ടുമടക്കി...അസുരപ്പട ചിന്നഭിന്നമായി...ഒടുവില്‍ ഗണപതിയും മൂഷികനുമായി നേരിട്ടായി യുദ്ധം..വളരെനാള്‍ യുദ്ധം നീണ്ടുനിന്നു
....ദ്വന്ദയുദ്ധത്തിനൊടുവില്‍ അസുരന്‍ തളര്‍ന്നുവീണു..എങ്കിലും ശൌര്യം കുറയാതെ മൂഷികാസുരന്‍ വീണ്ടും പോരിനു പുറപ്പെട്ടു..
മഹാഗണപതിക്ക് ഒരു യുക്തി തോന്നി..അസുരന്റെ പേര് അന്വര്‍ത്ഥമാക്കുന്ന ഒരു വിദ്യ..മൂഷികാസുരനെ വെറും മൂഷികനാക്കിമാറ്റുക തന്നെ..നിമിഷ നേരംകൊണ്ട് വീരശൂരപരാക്രമിയായ മൂഷികരാജന്‍ ഒരു നിസ്സാരനായ എലിയായി മാറി..അവനെ ഗണപതി തന്റെ കൈക്കുമ്പിളിലെ കളിപ്പാവയാക്കിയെടുത്ത് അച്ഛന് മുമ്പില്‍ കാഴ്ച വെച്ചു...സന്തുഷ്ടനായ പിതാവ് മകനെ അനുഗ്രഹിച്ചു..

"മകനെ, നീ ഉത്തമനായ ഒരു പുത്രന് യോജിച്ച പ്രവര്‍ത്തിയിലൂടെ ശ്രേഷ്ടത നേടി.. ഗണനായകനായ നീ വിഘ്നവിനാശകനായി സര്‍വ്വാരാദ്ധ്യനായി വാഴ്ക..ഈ മൂഷികന്‍‌ എന്നും ഒരു ആശ്രിതനായി നിന്റെ കൂടെയുണ്ടാവും...അവന്റെ പ്രീതി ഇനിമേല്‍ നിനക്കും പ്രീതി നല്‍കും"...

അന്ന് മുതലാണ്‌ ഗണപതിയുടെ വാഹനം എലി ആയതു എന്ന് പറയപ്പെടുന്നു...

തിനെട്ട് പുരാണങ്ങളിൽ ഒന്നാണ് ശിവപുരാണം. ഇതിൽ പന്ത്രണ്ട് സംഹിതകളിലായി ഒരു ലക്ഷം ശ്ലോകങ്ങളുണ്ട്. ഇതിനെ വേദവ്യാസൻ 2,40,000 ശ്ലോകങ്ങളായി വർദ്ധിപ്പിക്കുകയും ശിഷ്യനായ ലോമഹർഷനെ പഠിപ്പിക്കുകയും ചെയ്തതായി വിശ്വസിക്കുന്നു. ഓരോന്നിലുമുള്ള ശ്ലോകങ്ങൾ

വിന്ധ്യേശ്വര സംഹിത - 10,000
രുദ്ര സംഹിത - 8,000
വൈനായക സംഹിത - 8,000
ഉമാസംഹിത - 8,000
മാത്രി സംഹിത - 8,000
രുദ്രൈകാദശ സംഹിത - 13,000
കൈലാസ സംഹിത - 6,000
ശതരുദ്ര സംഹിത - 3,000
സഹസ്രകോടിരുദ്രസംഹിത - 11,000
കോടിരുദ്ര സംഹിത - 9,000
വയാവിയ സംഹിത - 4,000
ധർമ്മ സംഹിത - 12,000

No comments:

Post a Comment