Monday, October 17, 2016

രഘുവംശ ധര്‍മ്മം

രാജധര്‍മ്മം രാജാവിനെ ആരുപഠിപ്പിക്കും? രാജാവ് അതു പാലിക്കുന്നുണ്ടെന്ന് ആര് ഉറപ്പുവരുത്തും? രാജ പുരോഹിതനായി ഒരു നിഷ്‌കിഞ്ചനനായ ഋഷിയെ സ്ഥാപിച്ചാണ് ആര്‍ഷഭാരതം ഇത് ഉറപ്പുവരുത്തിയത്. രാജാവ് ദാര്‍ശനികനാവണമമെന്നതലം വരെ മാത്രമേ മറ്റുസംസ്‌കാരങ്ങള്‍ എത്തിയുള്ളൂ. എന്നാല്‍ എന്നും രാജാവിനെ നയിക്കുന്ന നൈതികമായും വിജ്ഞാനതലത്തിലും രാജാവിനേക്കാള്‍ എത്രയോഉയര്‍ന്ന പുരോഹിതന്മാര്‍ രാജവംശത്തിനു ഗുരുക്കന്മാരായി ഉണ്ടായിരുന്നു. രാജകൊട്ടാരത്തില്‍നിന്നകന്ന് വളരെ ലളിതജീവിതം നയിച്ച അവരില്‍ നിന്നാണ് രാജ്യവും രാജാവും ജനസമ്മതി നേടിയിരുന്നത്. ജനങ്ങള്‍ അംഗീകരിക്കാത്ത ഏതു വന്‍ സാമ്രാജ്യവും തകര്‍ന്നടിയുമല്ലോ? വിരക്തരും വിദ്വാന്മാരുംസിദ്ധപുരുഷന്മാരുംഎല്ലാ കഴിവുകളുമുള്ള പുരോഹിതരാണ് പുരോഹിതര്‍. അന്ധവിശ്വാസങ്ങളുടേയും മാമൂലുകളുടേയും കാവലാള്‍മാരല്ല. അത്തരം രാജപുരോഹിതന്മാര്‍കാരണം രാജര്‍ഷിമാരുടെ ഒരു പരമ്പരതന്നെ ഭാരതത്തിലുണ്ടായി.’യഥാരാജ തഥാ പ്രജ,’ എന്നതിന്നാല്‍ ധര്‍മ്മാധിഷ്ഠിതമായ ഒരു സമാജം ഇവിടെ ഉയര്‍ന്നുവന്നു. ഭരതനും രാമനും അയോദ്ധ്യയിലെ ഭരണം കൈയകലത്താണ്. എന്നിട്ടും രണ്ടുപേരും അതേറ്റെടുക്കാന്‍ തയ്യാറാവുന്നില്ല. ഏതു നീച മാര്‍ഗം ഉപയോഗിച്ചും അവലംബിച്ചും ജയിക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ തെരഞ്ഞെടുപ്പു രംഗവുമായി ഒന്നു തട്ടിച്ചു നോക്കിയാലറിയാം രാമരാജ്യം എത്ര വിദൂരസ്വപ്‌നമാമെന്ന്. ദുഷ്ട നിഗ്രഹത്തിനായാണ് രാമന്‍ വ്രതമെടുത്ത് വനവാസമനുഷ്ഠിക്കുന്നത്. എന്നുനല്ല വണ്ണം ബോദ്ധ്യമായപ്പോള്‍ മാത്രമാണ് ഭരതരാജകുമാരന്‍ രാമന്റെ പ്രതിനിധിയായി ഭരണം നടത്താമെന്നു സമ്മതിക്കുന്നത്. ശരഭംഗ ഋഷിയും അത്രി അനസൂയ ഋഷി ദമ്പതിമാരും കോമളപ്രായക്കാരായ രാമലക്ഷ്മണന്മാരേയും സീതയേയും ഘോര വിപിനത്തിലേക്കും രാക്ഷസന്മാരെ നേരിടാനും പോകുന്നതില്‍ നിന്നും തടയുന്നില്ല. രാജധര്‍മ്മം പ്രജാ പരിപാലനത്തോടൊപ്പം ധര്‍മ സംരക്ഷണവുമാണെന്നതാണ് അതിനു കാരണം. ഇതു നല്ലപോലെ അറിയാവുന്ന ഋഷിമാരാരും ആ ഭീകര അന്തരീക്ഷം വിട്ട് അയോദ്ധ്യയിലേക്കു പലായനം ചെയ്തില്ല. അവരവിടെ ഉറച്ചുനിന്നു.ധര്‍മ്മ പാലനത്തിലും ദൃഢതയോടെ പിടിച്ചുനിന്നു. ഋഷി ധര്‍മം രാജ ധര്‍മത്തേക്കാള്‍ കഠിനമാണെന്നുസാരം. രാജകുമാരന്മാര്‍ക്ക് അസ്ത്രവിദ്യയുണ്ടായിരുന്നു. ഋഷിമാര്‍ക്കോ തപോബലംമാത്രം. ‘ശസ്‌ത്രേണ രക്ഷിതേ രാഷ്ട്രശാസ്ത്ര ചിന്താപ്രവര്‍ത്തതേ’ എന്ന വാക്യം സത്യമാക്കാനാണ് ഋഷിമാരെ രക്ഷിക്കാന്‍ ശ്രീരാമന്‍ വനത്തിലെത്തിയത്. വിരാധ വധത്തിലൂടെ തങ്ങളുടെ ദൗത്യത്തിന് ആരംഭം കുറിച്ച ശ്രീരാമനും ലക്ഷ്മണനും മുനി മണ്ഡലത്തിലെ അസ്ഥിക്കൂമ്പാരം കണ്ട് പരിഭ്രമിക്കുകയല്ല മറിച്ച് ”നിഷ്ഠൂരതരമായ ദുഷ്ട രാക്ഷസകുല മൊട്ടൊഴിയാതെ വെന്നു നഷ്ടമാക്കീടുവാന്‍ ഞാന്‍.” എന്നപ്രതിജ്ഞയെടുക്കുകയാണ് ചെയ്തത്.എന്നാല്‍ താടകമുതല്‍ വധിക്കപ്പെട്ട രാക്ഷസന്മാരെല്ലാവരും തന്നെ ശുദ്ധാത്മാക്കളായിത്തീര്‍ന്നു എന്നുംകാണാം. അതായത് ആസുരസ്വഭാവമാണ് നശിപ്പിക്കപ്പെട്ടത്. ആസുരഭാവം ഇന്ദ്രിയ സുഖത്തിലും അവിവേകത്തിലും ഊന്നല്‍ നല്‍കുന്നു. സ്വാഭാവികമായും അസുരന്മാര്‍ മറ്റുള്ളവരെ ദ്രോഹിക്കാന്‍ കടന്നാക്രമിക്കുന്നവരാണ്. ദേവന്മാര്‍, ദ്രോഹിച്ചാല്‍മാത്രം തിരിച്ചടിക്കുന്നവരും സ്വഭാവം കൊണ്ട് പരോപകാരം ചെയ്യുന്നവരുമാണ്. എന്നാല്‍ രാക്ഷസന്മാരുടെ പീഡനപരമ്പരയുടെ ചരിത്രം കണക്കാക്കിയാണ് ശ്രീരാമന്‍ കടന്നാക്രമിക്കുന്ന നയം സ്വീകരിച്ചിരിക്കുന്നത്.സാമൂഹ്യ പരിഷ്‌കരണമെന്നാല്‍ തിന്മയുടെ ഉന്മൂലനവും നന്മയുടെ പോഷണവുമാണ്.

No comments:

Post a Comment