Monday, October 17, 2016

കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍

ത്രേതായുഗത്തിലെ വൈഷ്‌ണവ അവതാരങ്ങളായ ശ്രീരാമ ലക്ഷ്‌മണ ഭരത ശത്രുഘ്‌നന്മാര്‍ കുടികൊള്ളുന്ന രാമപുരം കൂടപ്പുലം അമനകര, മേതിരി എന്നീ സ്‌ഥലങ്ങളിലുള്ള ക്ഷേത്രങ്ങള്‍ 'നാലമ്പലം' എന്ന അപരനാമത്തില്‍
അറിയപ്പെടുന്നു. കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തില്‍ കേവലം മൂന്ന്‌ കിലോമീറ്റര്‍ മാത്രം ചുറ്റളവില്‍ സ്‌ഥിതിചെയ്യുന്ന ഈ ക്ഷേത്രങ്ങള്‍ ഭക്‌തര്‍ക്ക്‌ സാക്ഷാല്‍ വൈകുണ്‌ഠ സമാനമാണ്‌.
കേരളത്തിലെ മറ്റു ക്ഷേത്രദര്‍ശന സമ്പ്രദായങ്ങളില്‍ നിന്നും എന്തുകൊണ്ടും പ്രാധാന്യം കല്‍പ്പിക്കുന്നതും ഇതര ക്ഷേത്രദര്‍ശന രീതിയില്‍ നിന്നും വ്യത്യസ്‌തവുമാണ്‌ ഈ നാലമ്പലദര്‍ശനം. രാമയണ മാസത്തില്‍ ഭരത-ലക്ഷ്‌മണ-ശത്രുഘ്‌നന്മാരെ വണങ്ങി ശ്രീരാമനെ വന്ദിക്കണമെന്നാണ്‌ വിശ്വാസം. അപ്പോള്‍ മാത്രമേ ശ്രീരാമദര്‍ശനം സാക്ഷാത്‌കരിക്കൂ.
വൈകുണ്‌ഠവാസിയായ ഭഗവാന്റെ വിശ്വരൂപം കാണിക്കുന്ന പ്രതിഷ്‌ഠകളാണ്‌ ഈ നാലമ്പലത്തില്‍ ഉള്ളത്‌. ശ്രീരാമനും ലക്ഷ്‌മണനും ഭരതനും ശത്രുഘ്‌നനും എല്ലാം ഞാന്‍ തന്നെയാണ്‌ എന്നുകാണിക്കുന്നു ഈ മഹത്‌ ദര്‍ശനത്തില്‍. ഇതിനുപുറമേ ക്ഷേത്രാരാധനയിലെ പ്രദിക്ഷിണതത്വത്തിന്റെ പ്രധാന്യവും എടുത്തുപറയേണ്ടതാണ്‌.
ക്ഷേത്രചുറ്റുമതിലിന്‌ പുറത്തുള്ള പ്രദക്ഷിണത്തിന്റെ ആറിരട്ടി ഗുണം ഈ ഗ്രാമപദക്ഷിണം വഴി ഭക്‌തന്മാര്‍ക്ക്‌ ലഭിക്കും എന്നാണ്‌ വിശ്വാസം.
തപശ്‌ചര്യയുള്ള യോഗീശ്വരന്മാരാല്‍ പ്രതിഷ്‌ഠിതമായിട്ടുള്ള ഈ ക്ഷേത്രങ്ങള്‍ക്ക്‌ സഹസ്രാബ്‌ദങ്ങളുടെ പഴക്കം കാണുന്നു. ഈ ക്ഷേത്രങ്ങളെല്ലാം ഓരേ കാലയളവില്‍ തന്നെ പണികഴിപ്പിച്ചിട്ടുള്ളതാണ്‌ എന്നുവേണം അനുമാനിക്കാന്‍ . വലിയ കരിങ്കല്‍ശിലകളാല്‍ കൊത്തിച്ചേര്‍ത്തിട്ടുള്ള കഴുക്കോലുകളോടുകൂടിയ ശ്രീകോവിലുകളും നമസ്‌കാര മണ്ഡപങ്ങളും വാസ്‌തുശില്‍പവേലകളും ക്ഷേത്രങ്ങളുടെ പൗരാണികതയെ എടുത്തുകാണിക്കുന്നു. നാലമ്പലങ്ങളില്‍പ്പെട്ടതായ നാലു ക്ഷേത്രങ്ങളുടെയും സമീപത്തായി ശക്‌തിസ്വരൂപിണിയായുള്ള ഓരോ
ദേവീക്ഷേത്രങ്ങളും ഉണ്ട്‌ എന്നതും പ്രത്യേകതയാണ്‌.
കേരളത്തില്‍ എന്നല്ല ഭാരത്തില്‍ തന്നെ ഇതുപോലുള്ള ക്ഷേത്രസമുച്ചയങ്ങള്‍ ഇന്ന്‌ വളരെ വിരളമാണ്‌. പുരാതനവും പ്രാചീനകാലം മുതല്‍ പ്രസിദ്ധവുമായിരുന്ന ഈ ക്ഷേത്രങ്ങളിലെ നാലമ്പല ദര്‍ശനത്തെക്കുറിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ
1997 ലെ ക്ഷേത്ര സര്‍വ്വേയില്‍ രേഖപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്‌.
ദര്‍ശന മഹാത്മ്യം
കലിയുഗത്തില്‍ ഈശ്വര സാക്ഷാത്‌കാരത്തിനും ഭഗവത്‌ പ്രീതിക്കും രാമനാമപജവും ശ്രീരാമ അംശാവതാരദര്‍ശനവും പുണ്യമായതിനാല്‍ പൂര്‍വ്വികകാലം മുതല്‍തന്നെ നാലമ്പല ദര്‍ശനത്തിന്‌ പ്രാധാന്യമുണ്ടായിരുന്നു. പരിപാവനമായ ഈ നാല്‌ ക്ഷേത്രങ്ങളിലും ഒറ്റദിവസം ദര്‍ശനം നടത്തുന്നത്‌ പുണ്യവും അനുഭവ വിശേഷവുമാണ്‌. ശ്രീരാമന്റെ ഉച്ചപൂജയ്‌ക്ക് മുമ്പായി ശ്രീരാമസ്വാമിയെ ദര്‍ശനം ചെയ്‌ത് സഹോദര ദേവന്മാരേയും തൊഴുതുവണങ്ങി ഇഷ്‌ടവഴിപാടുകള്‍ നടത്തി ശ്രീരാമഭക്‌ത ഹനുമാനേയും വണങ്ങി ശ്രീരാമസ്വാമിയെ വീണ്ടും ദര്‍ശനം നടത്തുകയോ സ്‌മരിക്കുകയോ ചെയ്‌ത് ഭഗവത്‌ ദര്‍ശന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നു.
അപരിമേയമായ ചൈതന്യവിശേഷമുള്ള മഹാവിഷ്‌ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീരാമ-അംശാവതാര ദര്‍ശനത്തിനായി കേരളത്തിന്റെ നാനാഭാഗത്തുനിന്നും ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും ഭക്‌തജനങ്ങള്‍ എത്താറുണ്ട്‌.
രാമായണമാസം ആകുന്നതോടെ (കര്‍ക്കിടകം) വിശ്വാസികളുടെ പ്രവാഹം തന്നെ ഈ ക്ഷേത്രങ്ങളില്‍ അനുഭവപ്പെടുന്നു. കൂടാതെ വിഷ്‌ണുവിന്‌ പ്രധാനമായ വ്യാഴാഴ്‌ചകളിലും ഞായറാഴ്‌ചകളിലും മാസംതോറും നാലമ്പല ദര്‍ശനം ഭജനമായി നടത്തുവരുടെ എണ്ണവും ഒട്ടും കുറവല്ല. ഈ ക്ഷേത്രങ്ങള്‍ കുറഞ്ഞ ദൂരത്തില്‍ സ്‌ഥിതിചെയ്യുന്നു എന്നതും ചുരുങ്ങിയ സമയം കൊണ്ട്‌ വിധിയാം വണ്ണം ദര്‍ശനം നടത്താവുന്നതും ക്ഷേത്രാരാധകര്‍ക്ക്‌ വലിയ ഒരു അനുഗ്രഹമാണ്‌.
(ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്‌തര്‍ക്ക്‌ ഈ നാല്‌ ക്ഷേത്രങ്ങളുടെ ഒരു ലഘുലേഖ ഇതോടൊപ്പം ചേര്‍ക്കുന്നു.)
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം
ശ്രീരാമപുരേശ വാസിയായിടും
ശ്രീരാമനെന്നില്‍ വിളയാടിടേണം
ശ്രീമാരുതി മാനസവാസിയായി വിളങ്ങും
ശ്രീമൈഥിലിനാഥാ വണങ്ങിടുന്നേന്‍
നാലമ്പലങ്ങളിലെ ശ്രീരാമന്റെ പ്രതിഷ്‌ഠയുള്ള ക്ഷേത്രമാണ്‌ രാമപുരത്ത്‌ സ്‌ഥിതിചെയ്യുത്‌. കിഴക്കോട്ട്‌ ദര്‍ശനമുള്ള ഈ ക്ഷേത്രത്തോട്‌ ചേര്‍ന്ന്‌ ഹനുമാന്റെയും ഉപദേവീ-ദേവന്മാരുടെയും പ്രതിഷ്‌ഠകളുണ്ട്‌. ഈ നാടിന്‌ രാമപുരം എന്ന പേര്‌
സിദ്ധിച്ചത്‌ ശ്രീരാമ പ്രതിഷ്‌ഠയ്‌ക്ക് ശേഷമാണ്‌. ഭൂപരിഷ്‌കരണം ക്ഷേത്ര സമ്പത്ത്‌ നഷ്‌ടപ്പെടുത്തിയെങ്കിലും തികച്ചും രാജകീയമായി പ്രതിഷ്‌ഠിതമായിട്ടുള്ള ദേവചൈതന്യം ഒന്നുകൊണ്ടുമാത്രമാണ്‌ ഇന്നും ക്ഷേത്രം പുര്‍വ്വോപരി തേജസ്സോടെ നിലനില്‍ക്കുന്നത്‌. പൂജാദികര്‍മ്മങ്ങള്‍ ഇന്നും ആചാര അനുഷ്‌ഠാനങ്ങള്‍ക്ക്‌ വിധേയമായി നടത്തുന്നതിന്‌ ക്ഷേത്രഭാരവാഹികള്‍ ശ്രദ്ധാലുക്കളാണ്‌.
ക്ഷേത്രകലകള്‍ക്ക്‌ ഇവിടെ പ്രധാന്യം ഏറെയാണ്‌. കഥകളി, ചാക്യാര്‍കൂത്ത്‌, 
ഓട്ടന്‍തുള്ളല്‍ തുടങ്ങിയവ ദേവന്‌ വളരെ പ്രിയപ്പെട്ടവയാണ്‌. എന്നിരുന്നാലും 'ഖരവധം' കഥകളി ഇവിടെ ആടാറില്ല എന്നത്‌ ഒരു പ്രത്യേകതയാണ്‌.
'കുചേലവൃത്തം വഞ്ചിപ്പാട്ടി'ന്റെ രചയിതാവ്‌ മഹാകവി രാമപുരത്ത്‌ വാര്യരുടെ ജന്മദേശം കൂടിയാണ്‌ ഈ നാട്‌ എന്നത്‌ ഏവര്‍ക്കും അഭിമാനിക്കാവുന്നതാണ്‌. അദ്ദേഹം ഈ ക്ഷേത്രത്തിലെ ജീവനക്കാരന്‍ ആയിരുന്നതായാണ്‌ ചരിത്രത്തില്‍
കാണുന്നത്‌.
ഒരിക്കല്‍ ക്ഷേത്രത്തിലെ കഴകജോലി നിര്‍വ്വഹിച്ചിരുന്ന സമയം കൂത്തുകേള്‍ക്കാന്‍ ചെല്ലാതിരുന്ന വാര്യരോട്‌ ചാക്യാര്‍ പരിഭവം പറഞ്ഞുവത്രേ ! തന്റെ മാലകെട്ട്‌ കാണുന്നതിനും അങ്ങ്‌ വരാറില്ലല്ലോ എന്ന മറുപടിയില്‍ ചാക്യാര്‍ ഇങ്ങനെ
ചോദിച്ചു. മാലകെട്ടില്‍ എന്താണ്‌ വിശേഷിച്ച്‌ കാണുവാനുള്ളത്‌? പിറ്റേന്ന്‌ ഭഗവാന്‌ ചാര്‍ത്തിയമാല ഒരു ശ്ലോകരൂപത്തില്‍ താഴെകാണുംവിധം പ്രത്യക്ഷപ്പെട്ടു.
നകൃതം സുകൃതം കിഞ്ചില്‍
ബഹുധാ ദുഷ്‌കൃതം കൃതം
നജാനേ ജാനകീ ജാനേ
യമഹ്വാനെ കിമുത്തരം
ഈ ശ്ലോകത്തിന്റെ പരിഭാഷ ഇപ്രകാരമാണ്‌.
ഒന്നും ചെയ്‌തീല സുകൃതം
ഒട്ടേറെ ചെയ്‌തുദുഷ്‌കൃതം
രാമാ! കാലന്‍ വിളിക്കുമ്പോള്‍
അവനോടെന്തൊരുത്തരം
കലിയുഗത്തില്‍ ഈശ്വരസാക്ഷാത്‌കാരത്തിനും ഭഗവത്‌ പ്രീതിക്കും അവതാര വിഷ്‌ണുഭജനവും ശ്രീരാമ അംശാവതാര ദര്‍ശനത്തിനും വളരെ പ്രാധാന്യമുള്ളതായാണ്‌ കാണുന്നത്‌. മീനമാസത്തില്‍ തിരുവോണനാളില്‍ ആറാട്ട്‌
വരത്തക്കവിധം കൊടികയറി എട്ടുദിവസത്തെ ഉത്സവമാണ്‌ ക്ഷേത്രത്തില്‍. സഹോദരക്ഷേത്രമായ അമനകര ശ്രീഭരതസ്വാമിക്ഷേത്രത്തിലാണ്‌ ആറാട്ട്‌ നടക്കുക.

No comments:

Post a Comment