Monday, July 4, 2016

കന്യാകുമാരി ബാലാംബിക


കന്യാകുമാരിയില്‍ ധ്യാനത്തിലമര്‍ന്ന പെണ്‍കിടാവിന്റെ രൂപത്തിലാണ് ദേവി. ഇന്ത്യയുടെ തെക്കേ മുനമ്പില്‍, സമുദ്രങ്ങള്‍ സംഗമിക്കുന്ന ത്രിവേണിയില്‍. ബാലാംബികയായി. സ്വയംവരമംഗല്യഹാരവുമായി ശുചീന്ദ്രനാഥനെ കാത്തിരുന്ന കുമാരിയാണ് ദേവി എന്ന് ഐതിഹ്യം. വിവാഹനാളില്‍ ദേവന്‍ എത്താത്തതിനെ തുടര്‍ന്ന് കുമാരി കന്യകയായി തുടര്‍ന്നു. വലംകൈയ്യില്‍ രണ്ടു മടക്കുള്ള സ്വര്‍ണ്ണരുദ്രാക്ഷ ജപമാലയേന്തി അഭയമുദ്രയുമായി നില്‍ക്കുന്ന കന്യകയായ ദേവിയുടെ രുദ്രാക്ഷശില കൊണ്ടുള്ള വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്്. കുമാരിയുടെ വജ്രമൂക്കുത്തിയുടെ ഉജ്ജ്വലദ്യുതി കേള്‍വികേട്ടതാണ്.
കിഴക്കോട്ടാണ് പ്രതിഷ്ഠയെങ്കിലും വടക്കേനടയിലൂടെയാണ് പ്രവേശനം. പ്രധാന ഉത്സവസമയത്തു മാത്രമെ കിഴക്കെ നട തുറക്കാറുള്ളൂ. ക്ഷേത്രം തമിഴ്‌നാട്ടിലാണെങ്കിലും മലയാളക്ഷേത്രാചാര പ്രകാരമുള്ള പൂജാവിധികളാണ് ഇവിടെ തുടരുന്നത്. ഇടവമാസത്തിലെ വൈകാശി ഉത്സവമാണ് ഏറ്റവും പ്രധാനം. നവരാത്രി ആഘോഷവും ഗംഭീരമാണ്. വിജയദശമി ദിവസം ദേവി വെളളിക്കുതിരപ്പുറത്തേറി പതിനൊന്നു കിലോമിറ്റര്‍ അകലെയുള്ള മഹാദാനപുരത്തേക്ക് ഘോഷയാത്രയായി എഴുന്നള്ളും.
കന്യകയാല്‍ മാത്രമെ വധിക്കപ്പെടൂ എന്ന് ബാണാസുരനു ലഭിച്ച വരദാനത്തെ തുടര്‍ന്നാണ് പരാശക്തി കുമാരിയായി അവതാരമെടുത്തത്. കുമാരിയില്‍ മഹാദേവന്‍ അനുരക്തനായി. വിവാഹമുറച്ചു. അവതാരോദ്ദേശ്യം പാളുമെന്നായപ്പോള്‍ ദേവകള്‍ നാരദനെ സമീപിച്ചു. അര്‍ദ്ധരാത്രിയുള്ള മുഹൂര്‍ത്തത്തിലെത്താന്‍ പുറപ്പെട്ട മഹാദേവനു മുന്നില്‍ നാരദന്‍ കോഴിയായി കൂവി. പ്രഭാതമായെന്നും മുഹൂര്‍ത്തം മാറിയെന്നും ധരിച്ച ശങ്കരന്‍ നിരാശനായി മടങ്ങിപ്പോയി. കാത്തിരുന്നു ദു:ഖിതയായ കുമാരി നിത്യകന്യകയായി തുടര്‍ന്നു. സദ്യക്കു വേണ്ടി തയ്യാറാക്കിയ അരിയും മറ്റും കുമാരി വലിച്ചെറിഞ്ഞതു കൊണ്ടാവണം കന്യാകുമാരിയിലെ മണ്‍തരികള്‍ ധാന്യമണികള്‍ പോലെയാണിന്നും.
കന്യാകുമാരിയുടെ അനുഗ്രഹം വാങ്ങിയാണ് വിവേകാനന്ദന്‍ കടലിനപ്പുറത്തുള്ള പാറമേല്‍ ധ്യാനലീനനായിരുന്ന്് ഇന്ത്യയെക്കുറിച്ച് മനനം ചെയ്തത്.

ഉതംഗ മഹർഷിയും ശ്രീകൃഷ്ണനും

☀മഹാഭാരത യുദ്ധം കഴിഞ്ഞു ശ്രീകൃഷ്ണൻ തിരിച്ചു ദ്വാരകയിലെയ്ക്ക് പോകും വഴിയെ പഴയ സുഹൃത്തായ ഉതംഗ മഹർഷിയെ കണ്ടു. പിരിയാൻ നേരം അദ്ദേഹത്തിനു എന്തെങ്കിലും വരം നൽകാൻ കൃഷ്ണൻ തീരുമാനിച്ചു. പക്ഷെ കൃഷ്ണന്റെ വിശ്വരൂപം തന്നെ കണ്ട ഉതംഗ മഹർഷിക്ക് വേറെ  ഒരു വരവും വേണ്ട എന്ന് പറഞ്ഞു. അവസാനം ഭഗവാന്റെ നിർബന്ധത്തിനു വഴങ്ങി എപ്പോഴൊക്കെ തനിക്കു ദാഹിക്കുന്നുവോ അപ്പോഴൊക്കെ കുടിക്കാനാവശ്യമായ ജലം ലഭിക്കണം എന്നാ വരം ആവശ്യപ്പെട്ടു. അങ്ങനെയാവട്ടെ എന്ന്  കൃഷ്ണൻ അനുഗ്രഹിച്ചു.
ഒരു ദിനം ഉതംഗ മഹർഷിക്ക്  യാത്രയ്ക്കിടയിൽ വനത്തിനു നടുവിൽ വച്ചു ദാഹം തോന്നി. അദ്ദേഹം തനിക്കു കൃഷ്ണനിൽ നിന്ന് ലഭിച്ച വരത്തെ കുറിച്ചു ആലോചിച്ചു. അപ്പോൾ ഒരു കാട്ടാളൻ അത് വഴി വരുന്നത് കണ്ടു. കീറിയ, മുഷിഞ്ഞ വസ്ത്രവും, കൂടെ അഞ്ചു വേട്ട നായ്ക്കളും ഉണ്ടായിരുന്ന അയാളുടെ ചുമലിൽ തുകൽസഞ്ചി തൂക്കിയിട്ടിരുന്നു.. ഉതംഗമഹാര്ഷിയെ കണ്ട കാട്ടാളൻ ചിരിച്ചു കൊണ്ട്  "അങ്ങയെ കണ്ടിട്ട് ദാഹം കൊണ്ട് തളർന്നത് പോലെയുണ്ടല്ലോ, ഇതാ ജലം കുടിച്ചാലും" എന്ന് പറഞ്ഞു തന്റെ തുകൽ സഞ്ചിയിലെ ജലം വാഗ്ദാനം ചെയ്തു.  പക്ഷെ യാതൊരു വൃത്തിയും ഇല്ലാത്ത ഈ കാട്ടാളന്റെ വേഷവും സഞ്ചിയും ഒക്കെ കണ്ടു അതൊക്കെ ഇഷ്ടപ്പെടാതിരുന്ന ഉതംഗ മഹർഷി പറഞ്ഞു "സുഹൃത്തേ നന്ദി, പക്ഷെ എനിക്ക് വേണ്ട". എന്നിട്ട് മനസ്സില് സങ്കടത്തോടെ കരുതി.. "കൃഷ്ണാ നീ എനിക്ക് തന്ന വരം എവിടെപ്പോയി?"
കാട്ടാളൻ വീണ്ടും വീണ്ടും ജലം കുടിക്കാൻ ഉതംഗനെ നിർബന്ധിച്ചു, പക്ഷെ മഹർഷി വെള്ളം വേണ്ട എന്ന് നിഷേധിച്ചു കൊണ്ടേയിരുന്നു. അവസാനം കാട്ടാളൻ അപ്രത്യക്ഷനായി. അപ്പോഴാണ്‌ ഉതംഗ മഹര്ഷിക്ക് ഇത് ഒരു സാധാരണ മനുഷ്യൻ ആയിരുന്നില്ല എന്ന് മനസ്സിലായത്‌. ആകെ വിഷമത്തിലായ അദ്ദേഹത്തിന്റെ മുന്നിൽ കൃഷ്ണൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തോട് ഉതംഗമുനി ചോദിച്ചു, "കൃഷ്ണാ, ഇതെന്തു പരീക്ഷണമാണ്... ഒരു വൃത്തിയുമില്ലാത്ത കാട്ടാളന്റെ കൈവശമാണോ  ജലം കൊടുത്തയക്കുന്നത് ?."
കൃഷ്ണൻ ദുഖത്തോടെ പറഞ്ഞു "ഉതംഗാ, അങ്ങയ്ക്ക് ദാഹിച്ചപ്പോൾ ഇന്ദ്രനോട് അമൃത് തന്നെ തരാൻ ആണ് ഞാൻ ആവശ്യപ്പെട്ടത്. എന്നാൽ ഒരു സാധാരണ മനുഷ്യൻ അമൃത് കുടിച്ചു അമരൻ ആവുന്നത് ഇഷ്ടമില്ലാതിരുന്ന ഇന്ദ്രൻ അതിനു തയാറായില്ല. അവസാനം എന്റെ നിര്ബന്ധം കാരണം, ഒരു നിബന്ധന ഇന്ദ്രൻ മുന്നോട്ടു വച്ചു... ഒരു കാട്ടാളന്റെ രൂപത്തിൽ പോയി മാത്രമേ താൻ ഉതംഗനു അമൃതം കൊടുക്കൂ എന്നായിരുന്നു ആ നിബന്ധന. അങ്ങ് യഥാർത്ഥ ജ്ഞാനം നേടിയതിനാൽ ഈ പരീക്ഷണം ജയിക്കും എന്നും കാട്ടാളന്റെ വേഷത്തിൽ വന്ന ഇന്ദ്രനിൽ നിന്നും അമൃത് കുടിക്കുമെന്നും വിശ്വസിച്ചു ഞാൻ അത് സമ്മതിച്ചു. പക്ഷെ ഇതാ നിന്റെ മനസ്സിലെ ഭേദഭാവം കാരണം ഇന്ദ്രന്റെ മുന്നില് ഞാനും തോറ്റു പോയിരിക്കുന്നു."
ഇത് കേട്ട ഉതംഗമഹർഷിക്കു തന്റെ തെറ്റ് മനസ്സിലായി....യഥാർത്ഥജ്ഞാനം തനിക്കു ഇത് വരെ ലഭിച്ചിട്ടില്ല എന്ന് തന്നെ മനസ്സിലാക്കിക്കാൻ വേണ്ടി കൃഷ്ണൻ തന്നെ നടത്തിയ ഒരു പരീക്ഷണം ആണ് എന്ന് അദ്ദേഹത്തിനു ബോധ്യമായി. ഒരാളുടെ കുലമോ വസ്ത്രമോ ഒന്നും അല്ല പ്രധാനം എന്നും, എല്ലാവരും തുല്യരാണ് എന്നും ഉള്ള കാര്യം ഉതംഗൻ മറന്നു പോയിരുന്നു. കാട്ടാളനിലും  ഉള്ളത് ഒരേ ഈശ്വരൻ തന്നെയാണ് എന്ന് ഉതംഗമുനിക്ക്‌ കൃഷ്ണൻ മനസ്സിലാക്കി കൊടുത്തു.

ഗൃഹസ്ഥാശ്രമം

ഗൃഹസ്ഥാശ്രമിക്കും ഒരുപാട് ധർമ്മങ്ങൾ ഉണ്ട്. ഇന്നുമതിനുനല്ല പ്രസക്തിയുണ്ട്.ഗൃഹസ്ഥാശ്രമജീവിതത്തിൽ പണ്ട് പഞ്ചയജ്ഞങ്ങളും ആറു കർമ്മങ്ങളും ആചരിച്ചുവന്നിരുന്നു. ഇന്ന് ഗ്രഹസ്ഥാശ്രമ ജീവിതത്തിൽ നിന്ന് എന്തെല്ലാം മനസിലാക്കണം? നോക്കാം; കുടുംബബന്ധങ്ങൾ ശിഥിലമാകുമ്പോൾ ആ കുടുംബത്തിൽ നിന്നുമുണ്ടാകുന്ന കുട്ടികളുടെ ജീവിതവും ഭാവിയും വിജയവും ശിഥിലമാവും. കുട്ടികൾ വഴിതെറ്റിപ്പോകുവാനും ബന്ധങ്ങളുടെ തകർച്ച കാരണമാകും. പഠനകാലത്ത് തന്നെ കുടുംബജീവിതത്തിന്റെ മഹത്വ വും ഗൌരവവും ബോധ്യപ്പെടുത്തുവാൻ കഴിയണം. ശൈശവകാലത്തുതന്നെ ധർമ്മബോധം വളർത്തിയെടുക്കാത്തതുകൊണ്ടും പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. പ്രശ്നങ്ങള് ഇല്ലാതിരിക്കാന് പരസ്പരമുള്ള ഉത്തരവാദിത്തങ്ങൾ നിർവിഹിച്ചുകൊണ്ട് ജീവിതംതുടരണം. അച്ഛനും അമ്മയും ഭാര്യയും ഭർത്താവും മക്കളും സുഹൃത്തുക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും തൊഴിലാളികളും ഉടമകളും ഭരിക്കുന്നവരും പ്രജകളും ഗുരുവും ശിഷ്യരും മറ്റുവിധത്തിൽ പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാവരും അവരുടെ കടമകളും ഉത്തരവാദിത്വങ്ങളും എന്തെന്ന് തിരിച്ചറിയണം. എല്ലാവരും ജാഗ്രതയോടും ഉത്തരവാദിത്വബോധത്തോടുകൂടിയും ജീവിതം തുടരണം. ഗ്രഹസ്ഥാശ്രമത്തിൽ ഉത്തരവാദിത്തം പുലർത്താത്തവർ വയസ്സായ അച്ഛന മ്മമാരെ വഴിയിൽ ഉപേക്ഷിച്ച് അവരുടെ സുഖംതേടി പോകുന്നു. വിവിധ സേവാപ്രവർത്തനങ്ങളിലും ആത്മീയപ്രഭാഷണങ്ങളിലും മറ്റു കർമ്മമേഖല കളിലും വ്യാപരിക്കുന്നവരിലും ഇത്തരം പ്രവണതകൾ കണ്ടുവരുന്നു. സ്വ ന്തം അച്ഛനമ്മമാരേയും കുടുംബത്തേയും സേവിച്ചിരുന്നുവെങ്കിൽ മനുഷ്യസമു ദായത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകുമായിരുന്നു. വലിയവലിയ കാര്യങ്ങളൊന്നും നിങ്ങൾ ചിന്തിക്കണം എന്നില്ല. അല്പം മനുഷ്യത്വമെങ്കിലും ഉള്ളവരായി ജീവിച്ചാൽ മതി. മനുഷ്യത്വം ഉണ്ടാകുവാൻ എന്തുചെയ്യണം? യജ്ഞം,ദാനം,തപസ്സ് ഇവ ആചരിച്ചുകൊണ്ട് ജീവിതം തുടരുമ്പോൾ മനുഷ്യത്വം ഉള്ളവരാകും. മനുഷ്യത്വമുള്ളവരായി ജീവിക്കുമ്പോൾ വ്യക്തി,കുടുംബം, സമൂഹം ഇവയെല്ലാം ക്രമത്തിൽ മെച്ചപ്പെടുകയും ചെയ്യും. സമൂഹം മെച്ചപ്പെടണമെങ്കിൽ ആദ്യം വ്യക്തിത്വം രൂപപ്പെടണം. വ്യക്തിത്വം രൂപപ്പെടുന്നത് കുടുംബത്തിൽ നിന്നുമാകുന്നു. ഗ്രഹസ്ഥാശ്രമ ജീവിതം നല്ലതുപോലെ അനുഷ്ഠിച്ചാൽ വ്യക്തികൾ നല്ലവരാകും. ആ വ്യക്തി പിന്നീട് ഗൃഹസ്ഥനും കുടുംബിനിയും സമൂഹത്തിലെ ഒരംഗവു മാകുന്നു. ആശ്രമജീവിതധർമ്മം അറിഞ്ഞുകൊണ്ട് ഗ്രഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കണം. ഗൃഹസ്ഥാശ്രമ ജീവിതത്തെ ഈശ്വരനിൽ ഭക്തിയും, വിഷയങ്ങളിൽ വിരക്തിയും വളർത്തുവാനുള്ള മാർഗമാക്കുകയും ചെയ്യണം. ദേശകാലാവസ്ഥയനുസരിച്ച് എല്ലാവരും അവരുടെ ധർമ്മങ്ങൾ ആചരിക്കണം. ലോകത്തിൽ നന്മകളുണ്ടാകുവാൾ മനുഷ്യസമുദായംവേണം.
ഗൃഹസ്ഥാശ്രമം നല്ലതാകുവാൻ എന്തെല്ലാം ശ്രദ്ധിക്കണം? -
ഒരു ഗ്രഹസ്ഥാശ്രമി നല്ലഗൃഹസ്ഥാശ്രമിയാകുവാൻ ഗൃഹസ്ഥ ധർമ്മം തന്റെകർത്തവ്യം ആണെന്നബോധത്തോടുകൂടി ജീവിക്കണം. ഭാര്യാ ഭർത്താക്കന്മാർ പരസ്പരം പരിശുദ്ധഭാവനയോടുകൂടി ബന്ധപ്പെടുകയും ചെയ്യണം.നിങ്ങൾ സത്സന്താനത്തിന് ജന്മംകൊടുക്കുവാൻ വേണ്ടി മൈഥുന ധർമ്മത്തിൽ ഏർപ്പെടണം. ദമ്പതികൾ സത്യത്തെഅറിയുവാൻ വേണ്ടി ജീവി ക്കുമ്പോൾ സത്സന്താനമുണ്ടാകുന്നു. ഈശ്വരനാണ് സത്യം. ഈശ്വരന്റെ ഒന്നാമത്തെഭാവം അച്ഛനാകുന്നു. അമ്മ ഈശ്വരന്റെ രണ്ടാമത്തെ ഭാവവുമാകുന്നു. വല്ല സഹായവും തേടിവരുന്നവരേയും ഈശ്വരനായിട്ടുതന്നെ അറിയണം. സന്യാസഗുരുവെ പരമാത്മാവായഈശ്വരനായിട്ടും അറിയണം. അറിവുള്ളവർ മാതാ,പിതാ,ഗുരുജനങ്ങളെ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. അനുസരിച്ച് ജീവിതംതുടരുന്നദമ്പതികൾക്ക് സത്സന്താനം ഉണ്ടാവുകയും ചെയ്യുന്നു.
ഗൃഹസ്ഥാശ്രമം പൂർണ്ണമാകണമെങ്കിൽ എന്തുചെയ്യണം?
ഗൃഹസ്ഥാ ശ്രമം പൂർണ്ണമാകണമെങ്കിൽ സന്തതിപരമ്പരകൾക്ക് നല്ല ഗൃഹസ്ഥാശ്രമജീവിതം നയിക്കുവാനുള്ള കഴിവുണ്ടാക്കി കൊടുക്കണം. ജന്മംകൊടുത്താൽ മാത്രം പോരാ അവരെ നല്ലവരാക്കി വളർത്തിയെടുക്കയും വേണം. നല്ലവരാകുവാൻ എല്ലാവരുടേയും ജീവിതം ഈശ്വരാഭിമുഖമാക്കണം. വാക്കുകൾ, നോട്ടം, കർമ്മം മുതലായ സർവവ്യാപാരങ്ങളും ഈശ്വരപരമാവണം. എല്ലാം ഈശ്വരപരമാകുമ്പോൾ ഈശ്വരസ്മരണ നമ്മുടെസ്വഭാവമായിത്തീരും. സദാപിയുള്ള സ്മരണകൊണ്ട് ഈശ്വരാനുഭൂതി ലഭിക്കുവാൻ തുടങ്ങുമ്പോൾ മനുഷ്യജന്മം സഫലമാവുകയും ചെയ്യുന്നു. അനുഭൂതി എല്ലാമനുഷ്യർക്കും നേടിയെടുക്കാം. അതിനുവേണ്ടി കുടുംബജീവിതം സ്ത്രീപുരുഷന്മാർക്കുണ്ടാകുന്ന പരസ്പര ആസക്തികൾ കുറയ്ക്കുവാൻ വേണ്ടി ഉപയോഗിക്കണം. അപ്പോൾ സംസ്കാരം ശുദ്ധമാകുകയും ചെയ്യും. ദേഹത്തിനുദേഹത്തിനോട് തോന്നുന്നആസക്തികൾ അകലുമ്പോൾ യഥാർത്ഥതത്വം ബോധിക്കുവാൻ കഴിയും. പുരുഷൻ ഇത്രയേയുള്ളൂ എന്ന് സ്ത്രീക്കും സ്ത്രീ ഇത്രയേയുള്ളൂ എന്ന് പുരുഷനും അറിയുവാൻ കഴിയണം. കുടുംബ ജീവിതത്തിൽ ഒട്ടലുകൾ ഇല്ലാതാകുമ്പോൾ സംസ്കാരം വളരും. ശരീരാസക്തിവളരുമ്പോൾ സംസ്കാ രം ക്ഷയിക്കുകയും ചെയ്യുന്നു. സ്ത്രീപുരുഷന്മാർ പരസ്പരം ശക്തിയും ചൈ തന്യവും ആയറിയണം. മനുഷ്യർ പരസ്പരംദൈവീകമായ ഭാവനകളോട്കൂ ടി ജീവിക്കുമ്പോൾ ആസക്തികൾ ഇല്ലാതാകും. ആസക്തികൾ കുറയുമ്പോൾ സംസ്കാരം നിലനില്ക്കുകയും ചെയ്യും. സംസ്കാരം വ്യക്തികൾക്ക് ആവശ്യമായിത്തീരുമ്പോൾ സംസ്കാരം പുഷ്ഠിപ്രാപിക്കുകയും ചെയ്യും. മനുഷ്യ സംസ്കാരം നല്ലതായി മുന്നോട്ടുപോകണമെങ്കിൽ ഭാര്യാഭർത്താക്കന്മാരും മറ്റു ജനങ്ങളും സത്സ്വഭാവത്തോട്കൂടി ജീവിതം നയിക്കുക തന്നെചെയ്യണം. ഭർത്താവ്ഭാര്യയെ ഈശ്വരിയായിട്ടും ഭാര്യഭർത്താവിനെ ഈശ്വരനായിട്ടും അറിയണം. മനുഷ്യർ തമ്മിൽ തമ്മിൽ ദൈവങ്ങളായി അറിയുമ്പോൾ എല്ലാ സദാചാരവും അവിടെ വളരുകയും ചെയ്യും. ഈശ്വരന്റെ ശക്തി ഈശ്വരി യാകുന്നു. ചൈതന്യത്തിനെന്തെങ്കിലും കർമ്മം ചെയ്യണമെങ്കിൽ ശക്തിയത്യാവ ശ്യവുമാകുന്നു. എല്ലാ ആശ്രമങ്ങളുടേയും നട്ടെല്ലായിരിക്കുന്നത് ഗൃഹസ്ഥാശ്ര മമാകുന്നു. അച്ഛനമ്മമാർ നിഷ്കളങ്കമായ വാത്സല്യം കുഞ്ഞങ്ങൾക്ക് പകർന്നു കൊടുക്കുമ്പോൾ കുട്ടികളിൽ സത്സംസ്കാരം വളരും. നിഷ്കളങ്കമായ വാത്സല്യവും നിരുപാധികമായസ്നേഹവും കിട്ടിവളർന്നു വരുന്നവരിൽ മാതൃപിതൃഗുരുഭക്തികൾ ഉണരുകയും ചെയ്യും.
ഭക്തിയെന്നാൽ എന്താകുന്നു?
ഒരു കുട്ടിക്ക് മാതാ,പിതാ,ഗുരുക്കന്മാരോട്തോന്നുന്ന അങ്ങേയറ്റത്തെസ്നേഹത്തെ ഭക്തിയെന്നുപറയുന്നു. ഇത്തരത്തിലുള്ള യഥാർത്ഥസത്യം ഗുരുവിൽ നിന്നും അറിയുവാൻ കഴിയുന്നു.
സ്നേഹം എന്നാൽ എന്താകുന്നു?
ഒന്നാകുവാനുള്ള പ്രേരണയെ സ്നേഹമെന്നുപറയുന്നു.
അമ്മയും മക്കളും ഗുരു വും ശിഷ്യരും ഒന്നാണെന്ന് അറിയുവാൻ കഴിയണം. ഒന്നെന്നബോധം കൊച്ചുകുട്ടിയായിരിക്കുമ്പോൾ എല്ലാവരും അനുഭവിക്കുന്നുണ്ട്. ചിത്ത വൃത്തികൾ കൂടുന്നതിനനുസരിച്ച് ഒന്നെന്നബോധം അകന്നു പോകുന്നു. അനുഭവം, ദർശനം എന്നെല്ലാം പറഞ്ഞാൽ ഒന്നാവുക എന്ന അർത്ഥമാണ്. ഒന്നെന്നബോധം ഉറയ്ക്കുമ്പോൾ ഈശ്വരനെ അനുഭവിക്കാൻ കഴിയും. ബന്ധങ്ങൾ ഈശ്വരനെ അനുഭവിക്കുവാൻ പ്രയോജനപ്പെടുത്തണം. അതിനുവേണ്ടി ഭാര്യയും ഭർത്താവും സ്വാതന്ത്ര്യം നിലനിറുത്തി ജീവിതം തുടരണം. സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കുമ്പോൾ
പരസ്പരം ശക്തിയും ചൈതന്യവും ആണെന്നറിയുകയും ചെയ്യും.അപ്പോൾ ജീവൻ ഈശ്വരൻ തന്നേയാകുന്നു എന്നത് ബോധിക്കുകയും ചെയ്യാം.
ഈശ്വരൻ തന്നെ ചൈതന്യവും ശക്തിയുമാകുന്നു. അങ്ങനെ അറിയുമ്പോൾ ആസക്തികൾ ഇല്ലാതാകും. അനാസക്തമായി ജീവിതം നയിച്ചാൽ സംസ്കാരവും സന്തതിപരമ്പരകളും നല്ലതായിത്തീരും; അതിനുവേണ്ടി ജീവിക്കുന്നവരാകണം. സമുദായം നന്നാവുന്നതും കേടുവരുന്നതും ഗൃഹസ്ഥാശ്രമ ത്തിലൂടെ ആകുന്നു.
ശക്തിയും ചൈതന്യവും എല്ലാവർക്കും വേണം. പരസ്പരം ശക്തിയുംചൈതന്യവും ആണെന്നറിയാതെ വരുമ്പോൾ ജീവിതം വിഷയാഭിമുഖമാകുന്നു. ജിവിതം വിഷയാഭിമുഖമാക്കരുത്. ജീവിതം വിഷയത്തിനുവേണ്ടി മാത്രമാകുമ്പോൾ ബന്ധങ്ങൾ ശിഥിലമാകുന്നു. ഈശ്വരാഭിമുഖമാകുമ്പോൾ ബന്ധങ്ങൾ സഫലമാ കുന്നു. ബന്ധങ്ങൾ ഈശ്വരാഭിമുഖമാകുമ്പോൾ അവിടെ ഒരുമയും സ്നേഹ വും ത്യാഗവും ജ്ഞാനവും വരും. അപ്പോൾ ശക്തി കൂടുകയും ചെയ്യും. അതിന് ഭാര്യയെ ഭരിക്കാൻ ഭർത്താവും ഭർത്താവിനെഭരിക്കുവാൻ ഭാര്യയും പോകരുത്. ഭാര്യയും ഭർത്താവും ഉത്തമ ജീവിതത്തിന്റെ രണ്ടുവശങ്ങളാകുന്നു.ഭാര്യയും ഭർത്താവും ഏകമായ ഒന്നിന്റെ രണ്ടുവശങ്ങളാകുന്നു. വാസ്തവത്തിൽ ഒന്ന് മാത്രമേയുള്ളൂ. ഈ രണ്ടുവശങ്ങൾ പോകുമ്പോൾ ഒന്ന്മാത്രമായിത്തീരും. ഒന്നെന്നറിയുവാൻ പരസ്പരം ത്യാഗത്തോട്കൂടി ജീവിക്കണം. ഉള്ളതിനെ ത്യജിക്കുവാൻ ആർക്കും പറ്റുകയില്ല. ഉള്ളത് നിത്യ,ശുദ്ധ,ബുദ്ധ,മുക്ത,നിജ, ജ്ഞാനസ്വരൂപമായ ഈശ്വരൻ മാത്രം. നിങ്ങൾ ഈശ്വരനെ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഈശ്വരനെ ഉപേക്ഷി ക്കുവാൻ ആർക്കും സാധിക്കുകയില്ല.
സുഖവും ദു:ഖവും ഇല്ലാത്ത അവ സ്ഥയിലെ അനുഭവം എന്തോ അതിനെ ഈശ്വരൻ എന്ന് പറയുന്നു. ജീവിത ത്തിന്റെ സന്തുലിതമായ അവസ്ഥയിൽ സുഖവും ദു:ഖവും ഇല്ല. സന്തുലിതമായ അവസ്ഥപ്രാപിക്കുവാൻ വേണ്ടി ബോധത്തോടുകൂടി ജീവിക്കണം. അപ്പോൾ അസത്തിൽ നിന്നും സത്തിലേക്ക് വരുവാൻ സാധിക്കുകയും ചെയ്യും. അസത്തിൽ നിന്നും സത്തിലേക്ക് വരുവാൻ എല്ലാവരും അനുഷ്ഠാനം ചെയ്യണം.

ശ്രീകൃഷ്ണാവതാരം


ഭഗവാന്‍ വിഷ്ണുവിന്റെ അവതാരങ്ങളില്‍വെച്ച് ഏറ്റവും സംഭവബഹുലമായിരിക്കുന്നത് ശ്രീകൃഷ്ണാവതാരമാണ്.
പൂര്‍ണ്ണ പുണ്യാവതാരമാണ് ശ്രീകൃഷ്ണനെന്ന് മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാട് നാരായണീയത്തില്‍ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു.
വസുദേവരുടെ അഷ്ടമപുത്രനായാണ് ശ്രീകൃഷ്ണഭഗവാന്‍ അവതരിക്കുന്നത്. ജനിച്ചയുടനേതന്നെ ശ്രീകൃഷ്ണനെ വസുദേവന്‍ നന്ദഗോപരുടെ ഗൃഹത്തിലാക്കി. നന്ദഗോപരുടെ പത്‌നിയായ യശോദ പ്രസവിച്ച പെണ്‍കുഞ്ഞിനെ തിരികേകൊണ്ട് കിടത്തി. സാക്ഷാല്‍ മായാദേവിതന്നെയായ ആ ശിശുവിനെ വധിക്കുവാന്‍ വേണ്ടി കംസന്‍ തുനിഞ്ഞു.
ആ സമയത്ത് ബാലിക ആകാശത്തിലേക്കുയര്‍ന്ന് നിന്റെ അന്തകനായിരിക്കുന്നവന്‍ ഭൂമിയില്‍ ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഇതുകേട്ടതോടുകൂടി അത്യധികം ഭയചകിതനായ കംസന്‍ ആയിടയ്ക്ക് ജനിച്ച ശിശുക്കളെയെല്ലാം നിഗ്രഹിക്കുന്നതിനായി പൂതന എന്ന രാക്ഷസിയെ അയച്ചു.
നന്ദഗോപഗൃഹത്തിലെത്തിയ പൂതന അവിടെ വളരുന്ന ശ്രീകൃഷ്ണന് വിഷം പുരട്ടിയ സ്തന്യത്തെ നല്‍കി. ശ്രീകൃഷ്ണനാകട്ടെ സ്തന്യത്തോടുകൂടി പൂതനയുടെ പ്രാണനെയും വലിച്ചെടുത്തു. അങ്ങനെ പൂതന ജീവന്‍ വെടിഞ്ഞ് ഭൂമിയില്‍ പതിച്ചു.
ഇതിനുശേഷം കംസന്‍ തൃണാവര്‍ത്തന്‍ എന്ന അസുരനെ കൃഷ്ണനെ നിഗ്രഹിക്കാനായി പറഞ്ഞയച്ചു. അമ്പാടിയിലെത്തിയ തൃണാവര്‍ത്തന്‍ ചുഴലിക്കാറ്റായിവന്ന് കൃഷ്ണനെ എടുത്തുകൊണ്ട് ആകാശത്തിലേക്കുയര്‍ന്നു. ശ്രീകൃഷ്ണന്‍ അസുരന്റെ കഴുത്തില്‍ ഞെക്കിപിടിച്ച് അവനെ കൊന്നുകളഞ്ഞു.
പിന്നെ ശകടന്‍ എന്നൊരു അസുരന്‍ ശകടമായി വന്ന് കൃഷ്ണനെ വധിക്കുവാന്‍ നോക്കി. കൃഷ്ണന്‍ തന്റെ കുഞ്ഞിക്കാലുകള്‍കൊണ്ട് മെല്ലെ തട്ടിയതോടുകൂടി ശകടാസുരന്‍ മരിച്ചുവീണു.
വല്‍സന്‍ എന്നൊരു അസുരന്‍ പശുവായി വന്ന് കൃഷ്ണനെ വധിക്കുവാന്‍ നോക്കി. കൃഷ്ണന്‍ അതിന്റെ വാലും കാലും കൂട്ടിപ്പിടിച്ച് ദൂരത്തേക്ക് വലിച്ചെറിഞ്ഞു. അങ്ങിനെ അവനും മരിച്ചുവീണു.
അതിനുശേഷം കംസന്‍ പൂതനയുടെ സഹോദരനായ ബകനെ കൃഷ്ണവധത്തിനായി നിയോഗിച്ചു. അവന്‍ ഒരു വലിയ പക്ഷിയുടെ രൂപം ധരിച്ച് ശ്രീകൃഷ്ണനെ വിഴുങ്ങി. കൃഷ്ണസ്പര്‍ശംകൊണ്ട് അവന്റെ ഉദരം ദഹിക്കുവാന്‍ തുടങ്ങി. അങ്ങനെ അവന്‍ മരിച്ചു വീണു.
ഇതിനുശേഷം വന്നത് അഘന്‍ എന്ന അസുരനായിരുന്നു. അവന്‍ ഒരു പെരുമ്പാമ്പിന്റെ രൂപം പൂണ്ട് രാമകൃഷ്ണന്‍മാരെയും ഗോപാലന്‍മാരെയും വിഴുങ്ങി. ശ്രീകൃഷ്ണന്‍ അവന്റെ ഉദരത്തെ ദഹിപ്പിച്ച് അവനെ കൊന്നുകളയുകയും ചെയ്തു.
ശ്രീകൃഷ്ണന്റെ ബാലലീലകള്‍ ഏവര്‍ക്കും ആനന്ദത്തെ പ്രദാനം ചെയ്യുന്നതായിരുന്നു. രാമകൃഷ്ണന്മാര്‍ക്ക് നാമകരണം ചെയ്തത് ഗര്‍ഗ്ഗമുനിയായിരുന്നു.
ഒരുനാള്‍ ശ്രീകൃഷ്ണന്‍ മണ്ണുതിന്നുന്നതായി ഗോപികമാര്‍ യശോദയോട് പറയുകയുണ്ടായി. അതനുസരിച്ച് ശ്രീകൃഷ്ണന്റെ വായ തുറന്നുനോക്കിയ യശോദ അവിടെ ഈരേഴുപതിനാല് ലോകങ്ങളും കാണുകയുണ്ടായി. അതുകണ്ട് യശോദ പരിഭ്രമിച്ച് കണ്ണുകളടച്ചുകളഞ്ഞു.
ശ്രീകൃഷ്ണചരിതത്തിലെ ഒരു സുപ്രധാന സംഭവമാണ് ഗോവര്‍ദ്ധനോദ്ധാരം. ഗോകുലവാസികള്‍ പതിവായി മഴയുടെ ദേവതയായ ഇന്ദ്രനെ പൂജിക്കാറുണ്ടായിരുന്നു. ശ്രീകൃഷ്ണന്‍ ഇതിനെ എതിര്‍ക്കുകയും ഗോകുലവാസികളുടെ കുലദൈവം ഗോവര്‍ദ്ധനപര്‍വതമാണെന്നും അതിനെ പൂജിച്ചാല്‍ മതിയെന്നും പറഞ്ഞു. ശ്രീകൃഷ്ണന്റെ ഉപദേശപ്രകാരം ഗോകുലവാസികള്‍ ആ വര്‍ഷം ഗോവര്‍ദ്ധനപര്‍വതത്തെ പൂജിച്ചു.
ഇന്ദ്രന്‍ ഇതില്‍ കുപിതനായി പെരുമഴയും വെള്ളപ്പൊക്കവും വരുത്തി. ശ്രീകൃഷ്ണനാകട്ടെ ഗോവര്‍ദ്ധനപര്‍വതത്തെ പൊക്കിയെടുത്ത് ഗോകുലവാസികളെ അതിന്റെ അടിയിലാക്കി രക്ഷിച്ചു. അവസാനം ഇന്ദ്രന്‍ പരാജയം സമ്മതിക്കുകയും ശ്രീകൃഷ്ണഭഗവാനെ വന്ന് സ്തുതിക്കുകയും ചെയ്തു.
ഗോക്കളെ രക്ഷിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ കൃഷ്ണന് ഗോവിന്ദന്‍ എന്നൊരു നാമത്തെ കല്പിച്ചു. ദേവസുരഭി ശ്രീകൃഷ്ണനെ വന്ന് വണങ്ങുകയും തന്റെ ക്ഷീരംകൊണ്ട് കൃഷ്ണനെ ഗോപന്മാരുടെ ഇന്ദ്രനായി അഭിഷേകം ചെയ്യുകയും ചെയ്തു.
വിഷ്ണു പത്‌നിയായ ലക്ഷ്മീദേവി എട്ടു സ്വരൂപത്തോട് കൂടിയവളാണ്. ആദിലക്ഷ്മി, ധൈര്യലക്ഷ്മി, ധാന്യലക്ഷ്മി, സന്താനലക്ഷ്മി, ധനലക്ഷ്മി, ഗജലക്ഷ്മി, വിദ്യാലക്ഷ്മി, വിജയലക്ഷ്മി തുടങ്ങിയതാണ് ലക്ഷ്മീദേവിയുടെ എട്ട് സ്വരൂപങ്ങള്‍.
അതുപോലെതന്നെ വിഷ്ണുഭഗവാന്റെ പൂര്‍ണപുണ്യാവതാരമായിരിക്കുന്ന ശ്രീകൃഷ്ണനും എട്ടു പത്‌നിമാരോട് കൂടിയവനാണ്. രുഗ്മിണി, സത്യഭാമ, സത്യ, ഭദ്ര, കാളിന്ദി, മിത്രവിന്ദ, ലക്ഷ്മണ, ജാംബവതി എന്നിവരാണ് കൃഷ്ണന്റെ അഷ്ടപത്‌നിമാര്‍.
ഇതിനുപുറമെ നരകാസുരന്റെ കാരാഗൃഹത്തില്‍നിന്ന് മോചിപ്പിച്ച 16000 കന്യകമാരെയും കൃഷ്ണന്‍ പത്‌നിമാരായി സ്വീകരിച്ചു. രുക്മിണിയുടെ പുത്രനായി ശൈവാംശത്തോടുകൂടിയ സാംബനും ജനിച്ചു.
കൃഷ്ണന് ഓരോ പത്‌നിമാരിലും പത്ത് പുത്രന്മാര്‍ വീതം ജനിച്ചതായി ഭാഗവതത്തില്‍ പറയുന്നു.
കൗരവരെയും പാണ്ഡവരെയും നിമിത്തമാക്കി ഭൂഭാരം ഇല്ലാതാക്കുന്നതിനുവേണ്ടിയായിരുന്നു ശ്രീകൃഷ്ണന്‍ അവതരിച്ചത്.
കൗരവര്‍ കള്ളചൂതുകളിച്ച് പാണ്ഡവരുടെ രാജ്യത്തെ അപഹരിച്ചു. തുടര്‍ന്ന് പാണ്ഡവര്‍ 12 വര്‍ഷം വനവാസവും ഒരുവര്‍ഷം അജ്ഞാതവാസവും അനുഷ്ഠിച്ചു. ഇതിനുശേഷം രാജ്യം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൗരവര്‍ നല്‍കിയില്ല. തുടര്‍ന്ന് യുദ്ധത്തിലൂടെ തന്നെ രാജ്യത്തെ തിരികേ നേടുവാന്‍ പാണ്ഡവര്‍ പരിശ്രമിച്ചു. ഈ സമയത്ത് ശ്രീകൃഷ്ണന്‍ സമാധാനദൂതനായി കൗരവസദസ്സിലേക്ക് ചെന്നു. കൗരവര്‍ ശ്രീകൃഷ്ണന്റെ വാക്കുകളെ മാനിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ തടവിലാക്കുവാന്‍വരെ പരിശ്രമിക്കുകയുണ്ടായി.
ഈ സമയത്ത് ശ്രീകൃഷ്ണന്‍ തന്റെ വിശ്വരൂപത്തെ പ്രദര്‍ശിപ്പിച്ചു. ഭഗവാന്റെ ദിവ്യസ്വരൂപത്തെ കണ്ട് ഭീഷ്മര്‍ തുടങ്ങിയവര്‍ ഭക്തിയോടുകൂടി സ്തുതിച്ചു.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഉപദേശിക്കുന്നതാണ് ഭഗവദ്ഗീത. ഒരു മനുഷ്യന്റെ പരമമായ കര്‍ത്തവ്യം എന്താണ്, എങ്ങനെയാണ് അലസതകളില്‍നിന്നും വിഷാദത്തില്‍നിന്നും മുക്തി പ്രാപിക്കുവാന്‍ സാധിക്കുക, തുടങ്ങിയവ മുതല്‍ അത്യുന്നതമായ വേദാന്തസങ്കല്‍പങ്ങള്‍ വരെ ഭഗവദ്ഗീതയില്‍ അടങ്ങിയിരിക്കുന്നു.
ഭഗവദ്ഗീതയെ ഉപനിഷത് സാരമായി പ്രകീര്‍ത്തിക്കപ്പെടുന്നു. 
18 അധ്യായങ്ങളും 700 ശ്ലോകങ്ങളുമാണ് ഗീതയില്‍ അടങ്ങിയിരിക്കുന്നത്. ഭഗവാന്റെ തിരുമുഖത്തുനിന്നും ഉപദേശം ശ്രവിച്ചതോടുകൂടി അര്‍ജ്ജുനന്‍ തന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ബോധവാനായിത്തീരുകയും ശത്രുപക്ഷത്തെ എതിരിടുകയും ചെയ്തു.
പതിനെട്ട് ദിവസത്തെ യുദ്ധം കഴിഞ്ഞതോടെ ഇരുപക്ഷത്തെയും ഏതാനും ചിലര്‍ ഒഴിച്ചുള്ളവരെല്ലാം വധിക്കപ്പെട്ടു. പാണ്ഡവപക്ഷത്ത് പഞ്ചപാണ്ഡവരും സാത്യകിയും മാത്രം അവശേഷിച്ച്.
അതുപോലെ കൗരവപക്ഷത്ത അശ്വത്ഥാമാവ്, കൃപര്‍, കൃതവര്‍മാവ് എന്നീ മൂന്നുപേരും മാത്രം അവശേഷിച്ചു. തന്റെ പുത്രന്‍മാരെല്ലാം കൊല്ലപ്പെട്ടതുകൊണ്ട് അത്യധികം ദുഃഖിതയായ ഗാന്ധാരി ഈ സര്‍വനാശത്തിന്റെ കാരണക്കാരന്‍ ശ്രീകൃഷ്ണനാണെന്ന് മനസ്സിലാക്കി. ഭഗവാനെ ഇപ്രകാരം ശപിച്ചു. കുരുപാണ്ഡവന്മാര്‍ തമ്മിലടിച്ച് ഇല്ലാതായതുപോലെ മുപ്പത്താറു വര്‍ഷം കഴിയുമ്പോള്‍ നിന്റെയും വംശം പരസ്പരം പോരടിച്ച് ഇല്ലാതായിത്തീരട്ടെ. ഭഗവാന്‍ ഗാന്ധാരിയുടെ ശാപത്തെ മന്ദസ്മിതത്തോടുകൂടി സ്വീകരിച്ചു.
ശ്രീകൃഷ്ണചരിതം പൂര്‍ണമായിത്തന്നെ പ്രതിപാദിക്കുന്ന പുണ്യഗ്രന്ഥമാണ് ശ്രീമദ്ഭാഗവതം. 18000 ശ്ലോകങ്ങളോടും 12 സ്‌കന്ധങ്ങളോടും കൂടിയ ഈ പുരാണഗ്രന്ഥത്തെ ഭഗവാന്റെ തിരുസ്വരൂപംതന്നെയായി പ്രകീര്‍ത്തിക്കുന്നു.
കൂടാതെ, മഹാഭാരതം, ബ്രഹ്മവൈവര്‍ത്തപുരാണം, പദ്മപുരാണം, വിഷ്ണു പുരാണം, ഹരിവംശം തുടങ്ങിയ ഗ്രന്ഥങ്ങളിലൊക്കെയും ശ്രീകൃഷ്ണചരിതം പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്.
ഭാരതീയ സാഹിത്യത്തെയും കലയെയും സംസ്‌കാരത്തെയും പരിപുഷ്ടമാക്കുന്നതില്‍ ഭാഗവതാദിഗ്രന്ഥങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്.
സംസ്‌കൃതത്തിലും പ്രാദേശിക ഭാഷകളിലും ശ്രീകൃഷ്ണചരിതത്തെ അവലംബിച്ചുകൊണ്ട് നിരവധി മഹാകാവ്യങ്ങളും ലഘുകാവ്യങ്ങളും സ്‌തോത്രകാവ്യങ്ങളുമൊക്കെ ഉണ്ടായിവന്നിട്ടുണ്ട്. വര്‍ത്തമാനകാലത്തിലും ഭഗവാന്റെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.      

ഇരുപത്തെട്ട് നരകങ്ങൾ

താമിസ്രം
പുരദ്രവ്യം, പരസ്ത്രീ എന്നിവരെ അപഹരിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് താമിസ്രനരകം. താമിസ്രവാസം വിധിച്ചവരെ മൃത്യുദൂതന്മാർ (കാലകിങ്കരന്മാർ) അവിടേക്ക് കെട്ടിവരിഞ്ഞെത്തിക്കും. ദാഹവും വിശപ്പും സഹിച്ച് പാപകർമ്മദോഷം തീരുന്നതുവരെയുള്ള താഡനമാണ് താമിസ്രത്തിലെ ശിക്ഷ. ഇതിലും കഠിനമാണ് അന്ധതാമിസ്രത്തിലെ ശിക്ഷ. ജീവജന്തുജാലങ്ങളെ ഹിംസിക്കുന്നവരെയാണ് അന്ധതാമിസ്രത്തിലേക്ക് അയക്കുന്നത്
രൗരവം
ജീവദ്രോഹം ചെയ്ത് ദാനകർമ്മാദികളിലേർപ്പെടാതെ ലുബ്ദനായി കഴിയുന്നവർക്കുള്ളതാണ് രൗരവനരകം. പുരുഷന്മാരാൽ കൊല്ലപ്പെട്ടവരെല്ലാം ഭൂതങ്ങളായി നരകത്തിലെത്തിചേരുന്നു. അവർ തങ്ങളെ പീഡിപ്പിച്ചതുപോലെ വിധേയനേയും യുഗങ്ങളോളം ഹിംസിക്കുന്നു. ഇവയിലും ക്രൂരമായപ്രവർത്തികൾ ചെയ്തവർക്കാണ് മഹാരൗരവം വിധിക്കപ്പെട്ടിരിക്കുന്നത്. രുരുക്കൾ (ക്രൂരസർപ്പങ്ങൾ) കൊത്തിവലിക്കുന്നതിനാലാണ് ഇവയ്ക്ക് ആ നാമം ലഭിച്ചത്.
കുംഭീപാകം
പശുക്കൾ (നാൽ‌ക്കാലികൾ), പക്ഷികൾ, പ്രാണികൾ മുതലായവയെ ഹിംസിക്കുന്നവർക്കുള്ളതാണ് കുംഭീപാകം. ഇതിലെ വാസത്തിനു യോഗ്യമായവരെ മൃത്യുദൂതന്മാർ തിളച്ച എണ്ണ നിറഞ്ഞ ചെമ്പിലിട്ട് തിളപ്പിക്കുന്നു. ശരീരം മുഴുവൻ പൊള്ളി വികൃതമാകുമ്പോൾ കൊടിലിൽ കൊരുത്ത് പുറത്തെടുത്ത് ഉടൽ ജലം തളിച്ച് പോഷിപ്പിക്കുന്നു. ശേഷം വീണ്ടും വറുക്കാനായി ചെമ്പിലേക്കിടുന്നു. ദുഷ്കർമ്മത്തിന്റെ പാപഫലത്തിനറുതി വരെ ഈ ശിക്ഷാരീതി തുടരുന്നു.
കാലസൂത്രം
പിതൃക്കൾ, ബ്രാഹ്മണർ (ബ്രഹ്മജ്ഞാനമുള്ളവർ) എന്നിവരോട് ദ്രോഹം ചെയ്യുന്നവർക്കുള്ളതാണ് കാലസൂത്രനരകം. ഇതിഒഎ ദണ്ഡനവിധേയനായവനെ മൃത്യുദൂതന്മാർ പതിനായിരം കാതം വിസ്താരമുള്ള കിഴുക്കാം തൂക്കായി കെട്ടിതൂക്കുന്നു. ശേഷം അതിന്നടിയിൽ അഗ്നി ജ്വലിപ്പിക്കുന്നു. വിശപ്പും ദാഹവും സഹിച്ച് ദുഷ്കർമ്മത്തിനറുതിയുണ്ടാകും വരെ ഈ നിലയിൽ തുടരേണ്ടി വരും
അസിഃപത്രം
സ്വധർമ്മത്തെ ഉപേക്ഷിച്ച് പരധർമ്മത്തെ സ്വീകരിക്കുന്ന പാപികളായ മനുഷ്യർക്കുള്ളതാണ് ഈ നരകം.
ഈ നരകത്തിൽ തള്ളുന്ന പാപികളെ യമകിങ്കരന്മാർ അസിപത്ര ചമ്മട്ടികൊണ്ട് ഓടിച്ചിട്ടടിക്കുന്നു. അടികൊണ്ടോടുന്ന സമയം അവർ കല്ലുകളിലും മുള്ളുകളിലും തട്ടി കമിഴ്ന്നു വീഴും. അപ്പോൾ ഭടന്മാർ അസിപത്രക്കത്തികൊണ്ട് അവരെ കുത്തി മുറിവേല്പിക്കും. അവർ മോഹാലസ്യപ്പെട്ടു വീഴും. പിന്നെ ബോധം വീണാൽ ഇതു തന്നെ ആവർത്തിക്കും
അന്ധകൂപം
കുംഭീപാകനരകത്തിൽ പറയാതെയുള്ള ജീവജന്തുക്കളെ ദ്രോഹിക്കുന്നവർക്കുള്ളതാണ് അന്ധകൂപം. അന്ധകൂപവാസത്തിനു വിധേയരായവരെ കാലകിങ്കരന്മാർ ആയിരകണക്കിനു യോജന വിസ്താരമുള്ള ഒരു കിണറ്റിൽ (കൂപം - കിണർ) പിടിച്ചിടുന്നു. ശ്വാസം പോലും ലഭിക്കാതെ പാപഫലം തീരുന്നതു വരെ അവിടെ കഴിയേണ്ടി വരും.
സന്ദംശം
സജ്ജനങ്ങളുടെ ധനം അപഹരിക്കുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് സന്ദംശനരകം വിധിക്കപ്പെട്ടിരിക്കുന്നത്. സന്ദംശത്തിലെത്തിച്ചേരുന്നവരുടെ ത്വക്കിൽ മൃത്യുദൂതന്മാർ ചുട്ടു പഴുത്ത കൊടിൽ കുത്തിയിറക്കിയ ശേഷം പിടിച്ചു വലിക്കുന്നു. പുലയാടീടുന്നവരെ ഇരുമ്പുപാവ ഉലയിൽ വച്ച് പഴുപ്പിച്ച ശേഷം ആലിംഗനം ചെയ്യിപ്പിക്കുന്നു
ശാല്‌മിനി
കാമഭോഗത്തിൽ മാത്രം മനസ്സൂന്നി നടക്കുന്നവൻ വജ്രകണ്ഡകമായ ശാല്‌മിനി നരകത്തിലെത്തിച്ചേരുന്നു. ഇവിടെ കാലകിങ്കരന്മാരാൽ വിധേയനെ കൊമ്പുകളിൽ കോർത്ത് മേൽ‌പ്പോട്ടെറുഞ്ഞും ഘോര വൈതരണികളിലാക്കി ക്രൂരജന്തുക്കളാൽ ദംശനം നൽകുകയും ചെയ്യുന്നു. ഇതിനുശേഷവും പാപഫലങ്ങൾ തീരാത്തവരെ വിശപ്പും ദാഹവും സഹിച്ച് ചോരയും ചലവും മലമൂത്രാദികളും നിറഞ്ഞ കുഴിയിലിടുന്നു
പൂയോദകം
ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) ശൂദ്രസ്ത്രീയെ പ്രാപിച്ചാൽ അയാൾക്കുള്ളതാണ് പൂയോദകനരകം. യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ചലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ അതിൽ മുങ്ങിയും പൊങ്ങിയും ചലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.
പ്രാണനിരോധകം
ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) നായാട്ട് നടത്തിയാൽ അയാൾക്കുള്ളതാണ് പ്രാണനിരോധകം. ഇതിന്നു പാതനാകുന്നവനെ ആയിരം കാതം വലിപ്പമുള്ള ഗർത്തത്തിലേക്കിടുന്നു. ശേഷം ഉറവിടമറിയാത്ത തരത്തിലുള്ള ശരവർഷത്തിന്നു (അമ്പ്) പാത്രനാകേണ്ടി വരും.
ലാലഭക്ഷം
ധർമ്മപത്നിയെക്കൊണ്ട് വദനസുരതം ചെയ്യിപ്പിക്കുന്ന പതിക്കുള്ളതാണ് ലാലഭക്ഷനരകം.യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ശുക്ലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ അതിൽ മുങ്ങിയും പൊങ്ങിയും ശുക്ലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.
അവീചി
കള്ളസാക്ഷി പറയുന്നുള്ളവർക്കാണ് അവീചി നരകം. ഈ നരകവാസം വിധിക്കുന്ന വ്യക്തിയെ കാലകിങ്കരന്മാർ നൂറ് യോജന ഉയരമുള്ള കുന്നിനു മുകളിൽ നിന്നും താഴേയ്ക്ക് ഉരുട്ടുന്നു. പാപഫലം തീരുന്നത് വരെയാണ് ഈ ശിക്ഷാരീതി തുടരുക.
അയഃപാനം
ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) മദ്യസേവ ചെയ്താൽ അയാൾക്കുള്ളതാണ് അയഃപാനനരകം. പാപഫലം തീരുന്നതു വരെ മൃത്യുദൂതന്മാർ വിധേയനെ ബലമായി ഉരുലിയ കാരിരുമ്പ് കോരി കുടിപ്പിക്കുന്നു.
ക്ഷാരകർദ്ദമം
സജ്ജനനിന്ദയും ദ്രോഹവും ചെയ്യുന്നവർക്കുള്ളതാണ് ക്ഷാരകർദ്ദമനരകം. ഇതു പ്രകാരം വിധേയനെ മൃത്യുദൂതന്മാർ ക്ഷാരമയമുള്ള (ഉപ്പുരസം) ചെളിയിൽ തലകീഴായി കാലുകൾ മാത്രം വെളിയിൽ വരുന്ന രീതിയിൽ കെട്ടിതൂക്കുന്നു. പാപഫലം തീരുന്നതുവരെയാണ് ഈ ശിക്ഷാരീതി.
ശൂലപ്രോതം
വഞ്ചനകാട്ടുന്നവർക്കുള്ളതാണ് ശൂലപ്രോതനരകം. കാലകിങ്കരന്മാർ വിധേയനെ ശൂലാഗ്രത്തിൽ കൊരുത്തിടുന്നു. കാകനും കഴുകനുമെത്തി പാപിയുടെ ശരീരഭാഗങ്ങൾ കൊത്തിപറിച്ചുകൊണ്ട് പോകുന്നു. പച്ചജീവനിൽ നിന്നും പ്രാണൻ കൊത്തിപ്പറിക്കുന്ന വേദനയനുഭവിച്ച് കൊണ്ട് പാപം തീരുന്നതു വരെ വിധേയൻ കഴിയേണ്ടി വരും
ജീവികളുടെ മരണാനന്തരമുള്ള അവസ്ഥയെക്കുറിച്ച് പ്രാചീനകാലത്തു നടന്നിട്ടുള്ള ചിന്തയിൽനിന്നാണ് നരകസങ്കല്പം രൂപംകൊണ്ടത്‌ . ചരാചര പ്രപഞ്ചത്തെ മുഴുവനും ഭരിക്കുന്ന ദിവ്യശക്തിയെക്കുറിച്ചുള്ള സങ്കല്പംകൂടി ഈ ചിന്തയിൽ അന്തർഭവിച്ചിരിക്കുന്നു. അതിനാൽ ജീവിതകാലത്തു ജീവി ചെയ്യുന്ന പുണ്യകൃതികൾക്കു സമ്മാനവും പാപകൃത്യങ്ങൾക്കു ശിക്ഷയും മരണാനന്തരം അനുഭവിക്കേണ്ടിവരും എന്ന് മനുഷ്യൻ ചിന്തിച്ചതും സ്വാഭാവികമാണ്. പുണ്യാത്മാക്കൾ സ്വർഗത്തിലും പാപാത്മാക്കൾ നരകത്തിലും എത്തിച്ചേരുന്നു എന്നാണ് വിശ്വാസം. ആദ്യകാല മതചിന്തകളെല്ലാം വ്യത്യസ്ത രൂപങ്ങളിൽ ഈ സ്വർഗനരകസങ്കല്പങ്ങളെ അംഗീകരിക്കുന്നവയാണ്.

ആൽമരം എന്ന പുണ്യവൃക്ഷം

ഭാരതത്തിന്റെ ദേശീയ വൃക്ഷമാണ് ആൽമരം. ആൽമരം കേവലം ഒരു സാധാരണ മരം അല്ല. ഭാരതീയർ വളരെ ശ്രേഷ്ഠവും പവിത്രവും ആയി കരുതി പുണ്യവൃക്ഷമായി ആരാധിക്കുന്ന ആലിന് തീർച്ചയായും ആ സ്ഥാനത്തിന് അർഹതയുണ്ട്. പേരാൽ, അരയാൽ, ഇത്തിയാൽ, കല്ലാൽ തുടങ്ങി പലയിനം ആൽമരങ്ങളുണ്ട്. വൃക്ഷരാജൻ എന്നറിയപ്പെടുന്ന ആൽമരത്തിന് 2000 വർഷത്തോളം ആയുസ്സുണ്ടാവുമത്രേ. ആനയുടെ ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം ആൽമരത്തിന്റെ ഇലയാണത്രേ.
അരചന്‍ ആല്‍ എന്നു പറയുന്ന അരയാല്‍ ആനക്ക്‌ പ്രിയപ്പെട്ട ആഹാരം ആയതു കൊണ്ടു കുഞ്ജരാശനം എന്ന പേരിലും അറിയപ്പെടുന്നു. കുഞ്ജരം എന്നാല്‍ ആന. അശനം എന്നല്‍ ഭക്ഷണം കഴിക്കല്‍. ആല്‍മരത്തിണ്റ്റെ ഇല സദാ ചലിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ചലദല (ചലിക്കുന്ന ദളം) എന്നും അറിയപ്പെടുന്നുണ്ടു. 
വളരെയധികം ഓക്സിജൻ ഉത്പാദിപ്പിക്കുന്ന മരമാണ് ആൽമരം. നമ്മുടെ നാട്ടിൽ വഴിവക്കിലൊക്കെ കാണുന്ന വളരെ പഴക്കം ചെന്ന ആൽമരങ്ങളുടെ ചുവടുകൾ സഞ്ചാരികൾക്ക് എന്നും വിശ്രമ സ്ഥലമായിരുന്നു. ആൽമരത്തിന്റെ ചുറ്റിലും നടക്കുന്നതും ആൽച്ചുവട്ടിൽ വിശ്രമുക്കുന്നതു പോലും ആരോഗ്യത്തിന് വളരെ നല്ലതും ഊർജ്ജദായകവും ആണ്. ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരുടെ ആലയം ആണ് ആൽമരം എന്ന് സങ്കൽപ്പിച്ചു കൊണ്ട്, ആൽമരം പ്രദക്ഷിണം വയ്ക്കുമ്പോൾ ചൊല്ലുന്ന മന്ത്രം …
“മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപായ
അഗ്രതോ ശിവരൂപായ
വൃക്ഷരാജായതേ നമ:”
മൂലസ്ഥാനത്തിൽ (ചുവട്ടില്‍) ബ്രഹ്മാവും മധ്യത്തിൽ വിഷ്ണുവും അഗ്രത്തിൽ (മുകളില്‍) ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ ഞാന്‍ നമസ്കരിക്കുന്നു എന്ന്‌ അര്‍ത്ഥം. ത്രിമൂര്‍ത്തികള്‍ക്ക്‌ സ്ഥാനം കല്‍പ്ച്ചിരിക്കൂന്ന അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത്‌ ശനിദോഷങ്ങള്‍ക്കും നിവാരണമാണു.
. ഭഗവത്ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നു “…. വൃക്ഷങ്ങളിൽ ഞാൻ ആൽമരമാണ് (അരയാല്‍)…”
ശ്രീബുദ്ധന് ജ്ഞാനയോഗം ഉണ്ടായതും അരയാലിന്റെ ചുവട്ടിൽ വച്ചാണല്ലോ. സന്ന്യാസിമാർ തപസ്സുചെയ്യാൻ സ്ഥലം കണ്ടെത്തിയിരുന്നതും ആൽമരച്ചുവട്ടിൽ തന്നെ. ഇതെല്ലാം, അവിടെ ഓസ്കിജന്റെ അളവ് മറ്റു മരങ്ങളിൽ നിന്നുള്ളതിനേക്കാൾ അധികമാണെന്നതിന്റെ തെളിവുകളാണ്.
ബുദ്ധനെ സിദ്ധനാക്കിയത്‌ ബോധിവൃക്ഷ ചുവട്ടിലെ നിരന്തരമായ ധ്യാനം ആണു. ബോദ്ധിവൃക്ഷം എന്നു അരയാലിനു വിശേഷാര്‍ത്ഥം കല്‍പിച്ചിരിക്കുന്നത്‌ അതിനാലാണു. 
ആലുന്നത്‌ കൊണ്ടു ആല്‍ ആയി. ആലുക എന്നാല്‍ അനങ്ങുക തൂങ്ങിക്കിടക്കുക എന്നെല്ലാമര്‍ത്ഥം. ആല്‍മര ദര്‍ശന-സ്പര്‍ശന വേളകളില്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ പലതാണു."യാതൊന്നു ദൃഷ്ടിയില്‍ പെടുമ്പോള്‍ അസുഖത്തില്‍ നിന്നു മോചനം ലഭിക്കുന്നുവോ യാതൊന്നിനെ സ്പര്‍ശിക്കുമ്പോള്‍ പാപത്തില്‍ നിന്ന്‌ മോചനം ലഭിക്കുന്നുവോ യാതൊന്നിണ്റ്റെ പരിസരത്ത്‌ സ്ഥിതിചെയ്യുമ്പോള്‍ എന്നെന്നും നിലനിക്കൂന്നതായി ഭവിക്കുന്നുവോ അപ്രകാരമുള്ള അരയാലിനെ നമസ്കരിക്കുന്നു. "
"അശ്വത്ഥ ഹുതഭുക്ക്‌ വാ സോ / ഗോവിന്ദസ്യസദാശ്രയ അശേഷം ഹരമേശോകം / വൃക്ഷരാജ നമോസ്തുതേ"
നമസ്കാര മന്ത്രം ആണു ഇതു. ആലിനു എത്ര ര്പദക്ഷിണം വെച്ചൊ അത്രയും നമസ്കാരം ചെയ്യുന്നത്‌ ഉത്തമമാണു. അരയാലിനു 7 പ്രദക്ഷിണം വേണം 7 ന്ടെ ഗുണിതങ്ങളും ആകാം 108 ആയാല്‍ പ്രദക്ഷിണം അത്യുത്തമം .ആല്‍മരചുവടുകളില്‍ പ്രാണന്‍ , അപാനന്‍, വ്യാനന്‍ ഉദാനന്‍, സമാനന്‍ തുടങ്ങിയ ശ്രേഷ്ട്ഠമായ വായു അംശങ്ങളെ കൊണ്ട്‌ നിറഞ്ഞിരിക്കുന്നതിനാല്‍ ദിവസവും കുറച്ചു സമയം ആല്‍ത്തറയില്‍ ചിലവഴിച്ചാല്‍ ആയുരാരോഗ്യ്ത്തോടെ ജീവിക്കുമെന്ന്‌ ശാസ്ത്രമതം.
ആലിണ്റ്റെ വിവിധ ഭാഗങ്ങള്‍ വിവിധ രോഗങ്ങളുടെ ശമനത്തിനു ആയുര്‍വേദത്തില്‍ ഉപയൊഗിക്കൂന്നു. പുരുഷബീജാണു കുറവിനും ചിലഗര്‍ഭാശയ രോഗങ്ങളുടെ ശമനത്തിനു ആല്‍മരത്തൊലിയില്‍ നിന്നു ഉണ്ടാക്കുന്ന്‌ കഷായം ഫലപ്രദമാണു. വന്ധ്യതാനിവാരണ ചികിത്സയില്‍ മരുന്നുകള്‍ക്കൊപ്പം ആല്‍മരപ്രദക്ഷിണവും നമസ്ക്കാരവും നാല്ലതാണു. പ്രമേഹം ,കുഷ്ഠം , ത്വക്ക്‌ , അര്‍ശ്ശസ്സ്‌ , രക്തശുദ്ധി ഇവക്കെല്ലാം ആല്‍ തണാലാണു. ശനിദശാകാലം ശനിയുടെ അപഹാരം ,കണ്ടക ശനി, ഏഴരശനി തുടങ്ങിയ സമയങ്ങളില്‍ ആല്‍മരപ്രദക്ഷിണം ഉത്തമമാണു. അതിനു കാരണം ശനിയാഴ്ചകളില്‍ മഹാലഷ്മിയുടെ സാന്നിദ്ധ്യം ഇതിലുണ്ടാകുമെന്നാണു. പുരാണ മതം. ഇതിണ്റ്റെ പിന്നിലെ പുരാണകഥ ..പാലാഴി കടഞ്ഞ്പ്പോള്‍ ഉയര്‍ന്നു വന്നവയുടെ കൂട്ടത്തില്‍ മഹാലക്ഷ്മിയു ടെ ജ്യേഷ്ഠ സ്ഥാനം കല്‍പിക്കുന്ന ജ്യേഷ്ഠാ ഭഗവതിയും.(മൂതേവി) ഉണ്ടായിരുന്നു.ജ്യേഷ്ട്ഠാ ഭഗവതിയെ ആരും കൈകൊള്ളതിരുന്നപ്പോള്‍ ത്രിമൂര്‍ത്തികള്‍ ആല്‍മരചുവട്ടില്‍ ഇരുന്നുകൊള്ളന്‍ അനുവദിച്ചു. അതെ തുടര്‍ന്നു ഒരു വ്യവസ്തപ്രകാരം എല്ലാശനിയാഴ്ചയും മഹാലക്ഷ്മി ആല്‍ മരചുവട്ടില്‍ എത്തുന്നു. അതു കൊണ്ടു ശനിയാഴ്ചയിലെ നമസ്കാരത്തിനു പ്രാധാന്യം വന്നു. ഉച്ചകഴിഞ്ഞും രാത്രിയിലും ആലിനെ പ്രദക്ഷിണം ചെയ്യരുത്‌ എന്നു വിധിയുണു..എന്തായാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ എയര്‍കൂളര്‍ ശരീരത്തിനും മനസ്സിനും നവോന്‍മേഷം നല്‍കും എന്നതില്‍ യാതൊരു സംശയം ഇല്ല.

കലിയുഗത്തിന്റെ മഹിമ...

കലിയുഗത്തിന് തിഷ്യയുഗം എന്നൊരു പേരുകൂടിയുണ്ട്. ഏറ്റവും ശ്രേഷ്ഠമായ യുഗം എന്നാണ് അതിന്റെ അര്‍ത്ഥം. മഹാപാപങ്ങള്‍ വിളയാടുന്ന കലിയുഗം എങ്ങിനെയാണ് ശ്രേഷ്ഠമായിരിക്കുക എന്നൊരു ചോദ്യം ഉന്നയിക്കപ്പെടാം.
കലിയുഗത്തില്‍ സര്‍വ്വവും ക്ഷിപ്രസാധ്യമായിത്തീരുന്നു എന്നതു തന്നെയാണ് അതിന്റെ കാരണണം. അന്യയുഗങ്ങളില്‍ അനേകവര്‍ഷം യജ്ഞം, തപസ്സ് തുടങ്ങിയവ അനുഷ്ഠിച്ചാലാണ് മുക്തി ലഭിക്കുക. എന്നാല്‍ കലിയുഗത്തില്‍ ഭഗവാന്റെ തിരുമാനങ്ങള്‍ ഭക്തിയോടുകൂടി ജപിച്ചാല്‍ തന്നെ സര്‍വാഗ്രഹങ്ങളും വളരെ വേഗത്തില്‍ സാധിക്കുന്നു എന്നു പറയുന്നു.
അതുകൊണ്ടുതന്നെ വിദ്വാന്മാര്‍ കലിയുഗത്തെ പ്രശംസിക്കുന്നു. മേല്‍പ്പത്തൂരിന്റെ നാരായണീയത്തില്‍ കലിയുഗത്തെ ഇപ്രകാരം പ്രകീര്‍ത്തിച്ചിരിക്കുന്നു.
“ സോയം കാലേയകാലോ ജയതി മുരരിപോ യത്ര സങ്കീര്‍ത്തനാദൈ്യര്‍- ന്നിര്യത്തൈരേവമാര്‍ഗ്ഗൈരഖിലദന ചിരാത് ത്വത്പ്രസാദം ഭജന്തേ ജാതാസ്‌ത്രേതാകൃതദാവപിഹികിലകലൗ സംഭവം കാമയന്തേ ദൈവാത് തത്രൈവതാന്‍ വിഷയവിഷരസൈര്‍ മ്മാവിഭോവഞ്ചയാസ്മാന്‍
ദുഷ്ടനിഗ്രഹനിരതനും, ഭക്തന്മാരുടെ സര്‍വ്വാഭിലാഷങ്ങളെയും സാധിപ്പിക്കുന്നവനുമായ അല്ലയോ ഭഗവന്‍, കൃതാദികളെ അപേക്ഷിച്ച് മേന്മയുള്ളത് ഈ കലിയുഗത്തിനു തന്നെയാണ്. അതിപ്രയാസകരങ്ങളായ തപസ്സ് മുതലായവ കൊണ്ട് കൃതയുഗം തുടങ്ങിയവയില്‍ അവിടുന്ന് പ്രസാദിക്കുന്നു. എന്നാല്‍ കലിയുഗത്തിലാകട്ടെ, അങ്ങയുടെ സ്മരണം, തിരുനാമജപം തുടങ്ങിയവകൊണ്ട് സര്‍വര്‍ക്കും നിന്തിരുവടിയുടെ പ്രസാദം സിദ്ധിക്കുന്നു.
അതുകൊണ്ട് ഇതരയുഗങ്ങളില്‍ ജനിച്ചവര്‍കൂടി കലിയില്‍ ജന്മം സിദ്ധിക്കുന്നതിന് ആഗ്രഹിക്കുന്നു. അത്രയ്ക്ക് ഉത്കര്‍ഷം നിറഞ്ഞ കലിയുഗത്തില്‍ ഭാഗ്യം കൊണ്ട് ജന്മം സിദ്ധിച്ച ഞങ്ങളെ അവിടുന്ന് വിഷയസുഖങ്ങളില്‍ വ്യാമോഹിപ്പിച്ച് ചതിക്കരുതേ. കലിയുഗം അനേകം ദോഷങ്ങളോട് കൂടിയതാണെങ്കിലും വളരെവേഗത്തില്‍ ഫലസിദ്ധിയെ നല്‍കുന്നു എന്നൊരു സവിശേഷത അതിനുള്ളതായി പറയുന്നു. കലിദോഷത്തില്‍ നിന്ന് വളരെ വേഗത്തില്‍ മുക്തി കൈവരിക്കുന്നതിനുവേണ്ടിയാണ് വേദവ്യാസന്‍ പുരാണങ്ങള്‍ രചിച്ചത് എന്നൊരു വിശ്വാസം നിലനില്‍ക്കുന്നു.
പുരാണങ്ങള്‍ മനുഷ്യമനസ്സിലെ എല്ലാ ദുര്‍വിചാരങ്ങളെയെല്ലാം ഇല്ലാതാക്കി പരിശുദ്ധമാക്കുന്നു എന്ന തത്വമാണ് ഇവിടെ ഒളിഞ്ഞുകിടക്കുന്നത്. ശ്രീകൃഷ്ണഭഗവാന്റെ തിരുനാമങ്ങള്‍ കീര്‍ത്തിക്കുക, ലീലകള്‍ സ്മരിക്കുക തുടങ്ങിയവകൊണ്ട് തന്നെ അനായാസമായി മുക്തിസിദ്ധിക്കുന്ന കലിയുഗം തന്നെയാണ് നാലുയുഗങ്ങളില്‍ വെച്ച് ശ്രേഷ്ഠമായിരിക്കുന്നത് എന്നാലപിച്ച (നാരായണീയം – 92-6) മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാട് തന്നെ കലിയില്‍ മുക്തിപ്രദങ്ങളായ എട്ടു വസ്തുക്കളെക്കുറിച്ച് ഇപ്രകാരം വിവരിച്ചിട്ടുണ്ട്.
ഗംഗാഗീതാച ഗായത്ര്യപിചതുളസികാ ഗോപികാ ചന്ദനം തത് സാലഗ്രാമാഭിപൂജാ പരപുരുഷതഥൈ- കാദശീ നാമവര്‍ണ്ണാഃ ഏതാനുഷ്ടാപ്യയത്‌നാന്യയി കലിസമയേ ത്വത്പ്രസാദപ്രവൃദ്ധ്യാ ക്ഷിപ്രം മുക്തിപ്രദാനീത്യഭിദധുരൃഷയ സ്‌തേഷുമാം സജ്ജയോഥാഃ
അല്ലയോ പരംപുരുഷനായ ഭഗവാന്‍, ഗംഗാസ്‌നാനം, ഭഗവദ്ഗീതാ പാരായണം, ഗായത്രിമന്ത്രജപം, തുളസിപ്പൂ ധരിക്കുക, ചന്ദനം കൊണ്ട് ഗോപി ധരിക്കുക, സാളഗ്രാമപൂജ, ഏകാദശീവ്രതം അനുഷ്ഠിക്കുക, നിന്തിരുവടിയുടെ തിരുനാമങ്ങള്‍ ജപിക്കുക തുടങ്ങിയവകൊണ്ട് കലിയുഗത്തില്‍ അനായാസമായി മുക്തി സിദ്ധിക്കുമെന്ന് ഋഷിമാർ പറഞ്ഞിട്ടുണ്ട്.

Sunday, March 20, 2016

മാര്‍ഗ്ഗശകുനങ്ങള്‍


പ്രശ്നം പറയുന്നതിനായി വീട്ടില്‍ നിന്ന് തിരിക്കുന്ന ദൈവജ്ഞന്‍ (ജ്യോതിഷി) വഴിയില്‍ കാണുന്ന ശകുനങ്ങളേയും വീക്ഷിക്കണം. അവയും പ്രശ്നഫലത്തിന്‍റെ ആനുകൂല്യപ്രാതികൂല്യങ്ങളെ സൂചിപ്പിക്കുന്നവയാണ്. പരുത്തി, മരുന്ന്, കൃഷ്ണധാന്യം, ഉപ്പ്, ഹിംസിക്കാനായി ഉപയോഗിക്കുന്ന വല തുടങ്ങിയവ, ഭസ്മം, തീക്കനല്‍, ഇരുമ്പ്, മോര്, സര്‍പ്പം, പഴുപ്പ്, മലം, ഛര്‍ദ്ദിച്ചത്, ഭ്രാന്തന്‍, അപകടത്തില്‍പ്പെട്ടവര്‍, മന്ദബുദ്ധി, ഊമ, പൊട്ടന്‍, മറ്റൊരാളുടെ ജോലിക്കാരന്‍, അതുപോലെ മനസ്സിനും കണ്ണിനും പിടിക്കാത്തെല്ലാം ദുഃശകുനങ്ങളാണ്. പൂച്ച, ഉടുമ്പ്, കീരി, വാനരന്‍ ഇവ റോഡുമുറിച്ചു പോകുക. ആരെങ്കിലും കടുക്, വിറക്, കല്ല്‌, പുല്ല്, ഇവ കൊണ്ടുവരുന്നതും നല്ലതല്ല.
പച്ചമാംസം, മദ്യം, തേനും നെയ്യും, അലക്കിയ വസ്ത്രം, ചന്ദനക്കൂട്ട്, രത്നം, ആന, കൊടിക്കൂറ, കുതിരകള്‍, രാജാവ്, ദേവപ്രതിമ, വെണ്‍ചാമരം, പ്രിയപ്പെട്ട അന്നപാനാദികള്‍, ശവശരീരം, രണ്ടു ബ്രാഹ്മണര്‍, കത്തുന്ന തീയ്യ് ഇവ ശുഭശകുനങ്ങളാണ്.
ഉപ്പന്‍ പക്ഷി, കീരി, വ്യാഘ്രം, ഇവ വലതുഭാഗത്ത് നിന്ന് ഇടതു ഭാഗത്തോട്ട് പോകുന്നത് നല്ലതാണ്. അതുപോലെ പന്നി, പാമ്പ്, ചെന്നായ്, മാന്‍, ആട്, ആന, പട്ടി എന്നിവ ഇടതുഭാഗത്ത് നിന്നും വലതുഭാഗത്തേയ്ക്കു പോകുന്നതും നല്ലതാണ്. കഴുത, ഒട്ടകം, കുതിര, ഇവയില്‍ കയറിയ മനുഷ്യര്‍, ഉടുമ്പ്, ചേര, ഓന്ത്, പൂച്ച, ദുഷ്ടന്മാര്‍ ഇവരെ ഇടതും വലതും കാണുന്നത് നല്ലതല്ല.
വീണ, ഓടക്കുഴല്‍, മൃദംഗം, ശംഖ്‌, പടഹം, ഭേരി ഇവയുടെ ഒച്ച (ശബ്ദം), പാട്ട്, സ്ത്രീ, വേശ്യ, തൈര്, അക്ഷതം, കരിമ്പ്‌, കറുകപ്പുല്ല്, ചന്ദനം, നിറകുടം, പൂവ്, മാല, കന്യക, മണിയൊച്ച, ദീപം, താമരപ്പൂവ്, ഇതെല്ലാം കാണുന്നത് നല്ല ശകുനമാണ്.
കുട, കൊടിക്കൂറ, ഭംഗിയുള്ള വാഹനം, സ്ത്രോത്രം ചോല്ലുന്നത് കേള്‍ക്കല്‍, വേദധ്വനി, കയറിട്ട ഒരു പശു, കാള, കണ്ണാടി, സ്വര്‍ണ്ണം, പശുകുട്ടിയോടു കൂടിയ പശു, ഭക്തിപൂര്‍വ്വം കൊണ്ടുവരുന്ന മണ്ണ്,  വിദ്വാന്‍, കണ്ണുകള്‍ക്കും ചെവികള്‍ക്കും ഹൃദ്യമായാത് ഇവയെല്ലാം നല്ല ശകുനങ്ങളാണ്‌.
യാത്രാരംഭത്തില്‍ ഐശ്വര്യലക്ഷണങ്ങളോടുകൂടിയ രാജാവ്, പാല്, കരിമ്പിന്‍ തുണ്ട് ഇവ കാണുക. ഗരുഡന്‍, വലിയ കാക്ക, പക്ഷിക്കൂട്ടം, തേന്‍, അക്ഷതം ഇവയെ കാണല്‍, രുദ്രാക്ഷം, രാജാവിന്‍റെ ഉപകരണങ്ങള്‍, രണ്ടു ബ്രാഹ്മണര്‍ ഇവരെ കാണല്‍ എന്നിവശുഭപ്രാദങ്ങളാണ്.
വേശ്യകള്‍, മംഗളവാദ്യങ്ങള്‍, പൂവ്, കുട, കത്തുന തീയ്, നെയ്‌ച്ചോറ്, താമര, രത്നം, ശുഭവസ്ത്രം, സ്ത്രീ, മദ്യപാനം, കൊടി, പശു, വേദധ്വനി, മലര്‍ നിറച്ച കുടം, ചെവിക്കിമ്പമായ സ്വരങ്ങള്‍, ഹോമദ്രവ്യങ്ങള്‍, പക്ഷികള്‍ ഇവയെ യാത്രാസമയത്തുകണ്ടാല്‍ അഭീഷ്ട സിദ്ധിയുണ്ടാകും.
വേശ്യാസ്ത്രീ, ഭര്‍ത്താവിനോടോ പുത്രനോടോകൂടി എതിരേ വരുന്ന സ്ത്രീ, പശു, മാന്‍, വണ്ട്‌, കുരങ്ങ്, രുരുമാന്‍, പട്ടി, കുതിര, പക്ഷി ഇവയെ ശകുനമായി കണ്ടാല്‍ നല്ല അനുഭവം ഉണ്ടാകും.
ജന്തുക്കള്‍ ചെവി ചൊറിയുക, യുദ്ധം ചെയ്യുക, മുറിവ് പറ്റി കരയുക, കോപിച്ച് കാല് കുളമ്പ്, കൊമ്പ്, വാല് ഇവ അടിക്കുക. പല്ലുകൊണ്ട് മുറിക്കുക, മൈഥുനം ചെയ്യുക, മൂത്രം ഒഴിക്കുക, ബന്ധനത്തിലാക്കുക, പ്രാണത്യാഗം, തടസ്സം, വേദന ഇതുമായി ബന്ധപ്പെട്ടു കോലാഹലം കേള്‍ക്കുക ഇങ്ങനെ വന്നാല്‍ യാത്രക്കാരന് അശുഭമായി വരും.
വസ്ത്രം കുട മുതലായവ കൈയില്‍ നിന്ന് വഴുതി വീഴുക, ചീത്തവാക്ക് കേള്‍ക്കുക, കുഴിയില്‍ വീഴുക, തൂണ്‍ മുതലായവയില്‍ തട്ടുക, മെലിഞ്ഞരോഗി എതിരെ വരിക, ആഹാരം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞ് ആരെങ്കിലും കൈപിടിച്ച് തടയുക, പിന്നില്‍ നിന്ന് വിളിക്കുക, ഇങ്ങനെ വന്നാലും യാത്രയില്‍ പോകുന്ന ആളിന് രോഗം വരും.
ഭ്രാന്തന്‍, അന്ധന്‍, വിരൂപന്‍, മുടന്തന്‍, ജട ധരിച്ചവന്‍, വ്യാധിയുള്ളവന്‍, എണ്ണതേച്ചവന്‍, ഒരു കാല്‍ ഞൊണ്ടി, ഒറ്റ ബ്രാഹ്മണന്‍, തലമുടി അഴിച്ചിട്ടവന്‍, വിധവ, നഗ്നന്‍, വിശന്നവന്‍, ദുഷ്ടന്‍, ഷണ്ഡന്മാരെ ഇഷ്ടപ്പെടുന്നവന്‍, മൊട്ടയടിച്ചവന്‍, ഊമയായവന്‍, ആയുധമേന്തിയവന്‍ ഇവരെ യാത്രാരംഭത്തില്‍ കണ്ടാല്‍ പ്രാണശങ്കയ്ക്ക് ഇടവരും.
തോല്, തീകൊള്ളി, പുല്ല്, എല്ല്, ചെളി, ഉപ്പ്, പക്ഷിപിടിയന്‍, ഉടുമ്പ്, സര്‍പ്പം, പൂച്ച, കൂനുള്ളവന്‍, മുയല്‍, കടുവ, പ്രസവിക്കാത്ത സ്ത്രീ, പന്നി, എണ്ണ, തൈര്, സന്യാസി, ചാമ്പല്‍, പരുത്തി, വിറക്, ഒഴിഞ്ഞ കുടം, ഉമി, ഇവയെ കണ്ടാല്‍ ദോഷാനുഭവം ഉണ്ടാകും എന്നതുകൊണ്ട്‌ യാത്ര ചെയ്യരുത്.
കരടി, ഗരുഡന്‍, കുരങ്ങന്‍ ഇവയുടെ കരച്ചില്‍ കേള്‍ക്കുകയോ കാണുകയോ ചെയ്യുക. അവയുടെ പേര് പറയുക, പ്രാവ് മുരളുന്നത് കേള്‍ക്കുക, യാത്രാ സമയത്ത് അകാല വൃഷ്ടിയുണ്ടാകുക, ഇവയെല്ലാം യാത്രയില്‍ ക്ലേശപ്രദങ്ങളാണ്.
മൃഗങ്ങള്‍ ദൈവജ്ഞനെ പ്രദക്ഷിണം വച്ച് പോകുന്നത് നല്ലതാണ്. പക്ഷെ പട്ടിയും കുറുക്കനും അപ്രദക്ഷിണമായിട്ട് പോകുന്നതാണ് നല്ലത്. ഇരട്ടയല്ലാത്ത മൃഗങ്ങളും ഒറ്റ മൃഗങ്ങള്‍ നല്ലതാണ്.
കാട്ടുകാക്ക, ചെമ്പോത്ത്, കീരി, ആട്, മയില്‍, രണ്ടു മത്സ്യങ്ങള്‍, കുടം കൊണ്ട് വരുന്ന ആള്‍, ദമ്പതികള്‍, വില്ലെടുത്തിരിക്കുന്ന ആള്‍, മുതല, തുലാസ് ധരിച്ച ആള്‍, കന്യക, അലങ്കാരസാമഗ്രികള്‍ ഇവയെല്ലാം നല്ലതാണ്.

അംബരീഷ മഹാരാജാവും സുദര്‍ശന ചക്രവും

പണ്ട് ഭാരതത്തില്‍ അംബരീഷന്‍ എന്നൊരു രാജാവ് ഭരിച്ചിരുന്നു. അദ്ദേഹം പരമഭക്തനും ജാഞാനിയും ആയിരുന്നു. അദ്ദേഹത്തിന്റെ രക്ഷക്കായി വിഷ്ണുഭഗവാന്‍ തന്നെ സ്വന്തം സുദര്‍ശനചക്രത്തെ കൊട്ടാരത്തില്‍ വച്ചിരുന്നു. ഒരു ദിവസം ദുര്‍വാസാവു മഹര്‍ഷി, രാജാവിന്റെ കൊട്ടാരത്തില്‍ എത്തി. അന്ന് രാജാവ് ഏകാദശിവ്രതം കഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക് തുടങ്ങുകയായിരുന്നു. ഉടനെ രാജാവ് മഹര്‍ഷിയെ പൂജിച്ചിരുത്തി, കൊട്ടാരത്തില്‍ നിന്നും ഭിക്ഷ സ്വീകരിക്കണമെന്നപേക്ഷിച്ചു. ആ ക്ഷണം സ്വീകരിച്ച് മഹര്‍ഷി കുളിക്കാനായി പുറപ്പെട്ടു. വളരെ സമയമായിട്ടും മഹര്‍ഷി കളികഴിഞ്ഞെത്തിയില്ല. ഏകാദശിവ്രതം അവസാനിപ്പിക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. അംബരീഷ മഹാരാജാവിന് വ്രതം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. അദ്ദേഹം പണ്ഡിതന്മാരുമായി പരിഹാരം ചര്‍ച്ചചെ്തു. പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ജലപാനം നടത്തി വ്രതം അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു. കുറെ സമയം കഴിഞ്ഞപ്പോള്‍ ദുര്‍വ്വാസാവ് മഹര്‍ഷി എത്തി. അതിഥിയായ താന്‍ എത്തുന്നതിനുമുമ്പ് രാജാവ് ആഹാരം കഴിച്ചിരിക്കുന്നു. എന്ന് അദ്ദേഹം തന്റെ ജ്ഞാനദൃഷ്ടികൊണ്ട് മനസ്സിലാക്കി. ഇത്, തന്നെ ധിക്കരിച്ചതാണെന്ന് ധരിച്ച് കോപിഷ്ഠനായ ദുര്‍വാസാവ് മഹര്‍ഷി തന്റെ ജട പറിച്ചെടുത്ത് നിലത്ത് ആഞ്ഞടിച്ചു. അപ്പോള്‍ തീജ്വാല വമിക്കുന്ന കണ്ണുകളോടുകൂടിയ കറുത്ത ഒരു ഭീകരരൂപം ഉണ്ടായി. കൃത്തിക എന്നാണവളുടെ പേര്. പനയെക്കാള്‍ പൊക്കവും ആനയെക്കാള്‍ വണ്ണവും ഉണ്ട്. കൃത്തിക രാജാവിനെ വിഴുങ്ങുന്നതിനായി പാഞ്ഞടുത്തു. രാജാവിന് ഒരു ഭയവും തോന്നിയില്ല. പക്ഷേ സുദര്‍ശനചക്രം പാഞ്ഞുവന്ന് തന്റെ രശ്മ്ികള്‍ കൊണ്ട് കൃത്തികയെ ഭസ്മമാക്കി എന്നിട്ട് ദുര്‍വാസാവു മഹര്‍ഷിയുടെ നേരെ തിരിഞ്ഞു. മഹര്‍ഷി പേടിച്ച് ഓടി കൈലാസത്തില്‍ ശിവന്റെ അടുത്തെത്തി അഭയം അഭ്യര്‍ത്ഥിച്ചു. മഹര്‍ഷി ശിവഭക്തനാണല്ലോ? പക്ഷെ ശിവന്‍ പറഞ്ഞു-സുദര്‍ശനചക്രത്തോട് എതിരിടാന്‍ തനിക്ക് കഴിവില്ല എന്ന്. ദുര്‍വാസാവ് അവിടെ നിന്നും ബ്രഹ്മാവിന്റെ അടുത്തേക്കോടി. പക്ഷേ മഹര്‍ഷിക്ക് അവിടെയും അഭയം കിട്ടിയില്ല.
പിന്നെ സുദര്‍ശനചക്രത്തിന്റെ ഉടമയായ വിഷ്ണഭഗവാന്റെ അടുത്തുതന്നെ ചെന്ന് തന്നെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ വിഷ്ണു ഭഗവാന്‍ പറഞ്ഞതെന്താണെന്നോ ‘ഞാനെന്തുചെയ്യാനാണ്. ഞാന്‍ എന്റെ ഭക്തന്റെ ദാസനാണ്. എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ. എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കൂ. പിന്നെ മഹര്‍ഷേ, ഒരുകാര്യം കൂടി മനസ്സിലാക്കൂ. തപസ്സും യോഗശക്തിയും എല്ലാം ഉണ്ടെങ്കിലും വിനയം ഇല്ലെങ്കില്‍ അതെല്ലാം നിഷ്ഫലമാണ്. ഇത്രയും കേട്ടപ്പോള്‍ മഹര്‍ഷി പശ്ചാത്താപത്തോടുകൂടി അംബരീഷ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. ഇത്രയും സംഭവങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു. അവിടെ ചെന്നപ്പോള്‍ ദുര്‍വാസാവ് മഹര്‍ഷികണ്ടതെന്താണ്? രാജാവ് മഹര്‍ഷിയെ പ്രതീക്ഷിച്ച് അന്ന് നിന്നിടത്തുതന്നെ നില്ക്കുകയാണ്. മഹര്‍ഷി രാജാവിന്റെ കാല്‍ക്കല്‍വീണ് രക്ഷക്കായി അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ രാജാവ് സുദര്‍ശനചക്രത്തോട് അപേക്ഷിച്ചു. ‘ഞാന്‍ എന്തെങ്കിലും തപസ്സോ പുണ്യമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശക്തി ഞാന്‍ സമര്‍പ്പിക്കുന്നു. ഹേ സുദര്‍ശനചക്രമേ ശാന്തമാകൂ. ഉടന്‍തന്നെ സുദര്‍ശനചക്രം ശാന്തമായി. മഹര്‍ഷിയെ രാജാവ് വേണ്ടവണ്ണം സല്‍ക്കരിച്ച് യാത്രയാക്കി.

രാമായണം

ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം]ഇംഗ്ലീഷ്:Ramayana. രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. വാല്മീകിരാമായണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ്‌ വാല്മീകിരാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീർന്നത്.

പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ പ്രതിഫലിച്ചുകാണാം. ഇന്ന് കാണുന്ന രാമായണം നിരവധി പ്രക്ഷിപ്തഭാഗങ്ങൾ ചേർന്നതാണ്‌. രാമനെ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന ആദ്യരൂപത്തോട് വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്ത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ പിന്നീട് ചേർക്കപ്പെട്ടതാണ്‌ എന്ന വാദമുണ്ട്. രാമനെ ഈശ്വരനായി വാഴ്ത്തുന്ന സന്ദർഭങ്ങൾ എല്ലാം തന്നെ പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദിക്കപ്പെടുന്നു‌.രാമായണത്തിൽ രാമനെ ഈശ്വരനായി ഉദ്ഘോഷിക്കുന്ന സന്ദർഭങ്ങൾ‍ കൂടുതലും കാണുന്നത് ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും ആണ്‌. ഈ രണ്ടുകാണ്ഡങ്ങളും രാമായണത്തോട് പിൽക്കാലത്ത് കൂട്ടിചേർക്കപ്പെട്ടതാണെന്ന് പല പണ്ഡിതന്മാരും കാര്യകാരണ സഹിതം തെളിയിച്ചു കഴിഞ്ഞു. ഉത്തരകാണ്ഡത്തിന്റേയും ബാലകാണ്ഡത്തിന്റേയും രചനാശൈലി രാമായണത്തിന്റെ പ്രാമാണിക കാണ്ഡത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കുന്നതും തന്ന ഇതിനുള്ള തെളിവാണ്‌. പല ഗ്രന്ഥകർത്താക്കളും തങ്ങളുടെ കൃതികളിൽ ഉത്തരകാണ്ഡത്തെ ഉൾക്കൊള്ളിച്ചിട്ടുമില്ല.രാമായണം കഞ്ചാവടിച്ചുണ്ടായ തോന്നലിൽ നിന്ന് രചിക്കപ്പെട്ടതാണെന്നും എല്ലാം മിഥ്യയാണെന്നും വാദിക്കപ്പെടുന്നു.

രാമായണം ബൗദ്ധകൃതിയെ അടിസ്ഥാനപ്പെടുത്തിയതാണെന്നും; ക്രി.മു. മൂന്നാം ശതകത്തിൽ എഴുതപ്പെട്ട ദശരഥജാതകത്തിലെ സ്രോതസ്സായ രാമകഥയാണ്‌ (ഇത് വളരെക്കാലം മുൻപേ വായ്മൊഴിയായി പ്രചരിച്ചിരുന്നു) രാമായണത്തിനടിസ്ഥാനം എന്നും ചില ചരിത്രകാരന്മാർ വാദിക്കുന്നു

ഐതിഹ്യം
--------------
രാമായണം കാവ്യരൂപത്തിൽ രചിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള ഐതിഹ്യം അനുസരിച്ച് വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദമുനിയിൽ നിന്നാണ്‌ വാല്മീകി രാമകഥ കേൾക്കാനിടയായത്. നാരദനോടുള്ള വാല്മീകിയുടെ ചോദ്യം

ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ

അതായത് ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ്‌ നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.

എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാൽ ഏറെക്കുറെ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ ദശരഥമഹാരാജാവിന്റെ മൂത്തമകൻ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടർന്ന് നാരദൻ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു.

പിന്നീടൊരിക്കൽ‍ ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം[a]

"മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"

എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു.

ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു. അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്. ഇതിൽ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാല്മീകി എഴുതിയതല്ല എന്നും അത് പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദമുണ്ട്.

രചയിതാവ്
--------------------
വാല്മീകി മഹർഷിയാണ്‌ രാമയണത്തിന്റെ രചയിതാവ് എന്നാണ് ലഭിച്ചിട്ടുള്ള രേഖകളിൽ നിന്ന് അനുമാനിക്കുന്നത്. ഈ കവിയുടെ ജീവചരിത്രത്തെപ്പറ്റിയുള്ള പ്രാമാണികമായ തെളിവുകളുടെ അഭാവം ഉണ്ട് എന്നത് നിസ്തർക്കമാണ്. പാരമ്പര്യമനുസരിച്ച് അദ്ദേഹം ആദ്യം ഒരു കൊള്ളക്കാരനായിരുന്നു. എന്നാൽ സന്യാസം സ്വീകരിച്ചശേഷം ദീർഘകാലത്തെ തപസ്സിനു ശേഷം അദ്ദേഹം രാമായണം രചിക്കാനുള്ള സാമർത്ഥ്യം നേടിയെടുത്തു. അദ്ദേഹം ഒരു ശിവഭക്തനായിരുന്നു. ഇത് സംബന്ധിച്ച ആദ്യത്തെ പരാമർശം സ്കന്ദപുരാണത്തിലാണുള്ളത്. എന്നാൽ ഇതിന്റെ പ്രാചീനതയെക്കുറിച്ച് സന്ദേഹമുയർന്നിട്ടുണ്ട്. കാരണം സ്കന്ദപുരാണത്തിലെ കൂടുതൽ വിവരങ്ങളും എട്ടാം നൂറ്റാണ്ടിനുശേഷമുള്ളതാണ് എന്നതും ധാരാളം പ്രക്ഷിപ്തങ്ങൾ കലർന്നതുമാണെന്നതാണ്‌.

പ്രമാണികരാമായണത്തിൽ യുദ്ധകാണ്ഡത്തിലെ ഫലശ്രുതിയിലല്ലാതെ ഒരിടത്തും വാല്മീകിയെക്കുറിച്ച് പ്രസ്താവമില്ല. എന്നാൽ പിന്നീടെഴുതപ്പെട്ട രാമായണത്തിൽ ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും പ്രസ്താവങ്ങൾ കാണാം. കൂടാതെ മഹാഭാരതത്തിലും വാല്മീകിയെപ്പറ്റി സൂചനകൾ ലഭിക്കുന്നു. [b] മഹാഭാരതത്തിലെ അനുശാസനപർവ്വത്തിൽ ഒരു വാദത്തിൽ വാല്മീകിയെ ബ്രഹ്മഘ്നൻ എന്നാക്ഷേപിക്കുന്നുണ്ട്. വാല്മീകി കൊള്ളക്കാരനായിരുന്നു എന്ന കഥകൾ പ്രചരിപ്പിക്കാൻ ഈ അനുമാനമായിരിക്കണം എന്ന് കാമിൽ ബുൽകെ അഭിപ്രായപ്പെടുന്നു.

തൈത്തീര്യപ്രാതിശാഖ്യത്തിൽ വൈയാകരണനായ ഒരു വാല്മീകി മഹർഷിയെപ്പറ്റി പറയുന്നു. ഇദ്ദേഹം ആദികവിയിൽ നിന്നും വ്യത്യസ്തനാണ് എന്ന് യാക്കോബിയും വെബ്ബറും അഭിപ്രായപ്പെടുന്നു. മഹാഭാരതത്തിലെ ഉദ്യോഗപർവ്വത്തിലെ സുപർണ്ണ വാല്മീകിയെപ്പറ്റി പറയുന്നുണ്ട്. സുപർണ്ണവംശം ക്ഷത്രിയരായിരുന്നതിനാൽ ആദികവിയും സുപർണ്ണവാല്മീകിയും വ്യത്യസ്തരായിരിക്കണം.

ബാലകാണ്ഡത്തിന്റേയും ഉത്തരകാണ്ഡത്തിന്റേയും രചനയോടെയാണ്‌ ആദികവി വാല്മീകിയും മഹർഷി വാല്മീകിയും ഒന്നാണെന്ന ധാരണ പരക്കെ സ്വീകരിക്കപ്പെട്ടു തുടങ്ങിയത്. ബാലകാണ്ഡത്തിന്റെ പ്രാരംഭത്തിൽ വാല്മീകി നാരദനിൽ നിന്ന് രാമകഥ കേൾക്കുന്നതിനിടയായതിനേയും പിന്നീട് രാമായണം എഴുതിയശേഷം ഗായകരായ തന്റെ രണ്ട് ശിഷ്യന്മാരോട് രാമകഥ പ്രചരിപ്പിക്കാൻ നിർദ്ദേശിച്ചതിനേയും സൂചിപ്പിച്ചിരിക്കുന്നു. ഉത്തരകാണ്ഡത്തിൽ സീതാ പരിത്യാഗത്തിനുശേഷം സീതയെ വാല്മീകി സം‌രക്ഷിക്കുന്നതിനേയും മറ്റും പറയുന്നു. ഉത്തരകാണ്ഡത്തിൽ വാല്മീകി താൻ പ്രചേതസ്സിന്റെ പത്താമത്തെ പുത്രനാണെന്ന് പറയുന്നു. അനേകായിരം വർഷം അദ്ദേഹം തപസ്സു ചെയ്തിരുന്നുവെന്നും സൂചിപ്പിക്കുന്നു.(ദക്ഷീണാത്യരാമായണത്തിൽ -ഉത്തരകാണ്ഡം 111 എന്നാൽ ഉത്തരകാണ്ഡത്തിന്റെ രചയിതാവിൻ വാല്മീകി ഒരു കൊള്ളക്കാരനായിരുന്നു എന്ന കഥ സ്വീകാര്യമായിരുന്നില്ല എന്ന അനുമാനമാണ്‌ ഇത് നൽകുന്നത്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ആദികവിയും വാല്മീകി മഹർഷിയും ഒന്നാണെന്നത് സർവ്വസമ്മമായിത്തുടങ്ങുകയും വാല്മീകിയെ രാമായണത്തിന്റെ സംഭവങ്ങളുടെ സമകാലീനാക്കിത്തീർക്കുകയും ചെയ്തുതുടങ്ങി. ഉത്തരകാണ്ഡത്തിന്റെ രചനാകാലത്ത് വാല്മീകിയും അയോദ്ധ്യയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് സ്ഥാപിച്ചു തുടങ്ങി. വാല്മീകിയെ ദശരഥന്റെ സുഹൃത്തായും ചിത്രീകരിക്കുന്നു.

പില്ക്കാലത്തെ പലരചനകളിലും വാല്മീകിയും ഭാർഗ്ഗവ ച്യവനമഹർഷിയും ഒന്നാണെന്ന സങ്കല്പം പ്രചരിച്ചു തുടങ്ങി. ച്യവനമഹർഷി അനേകായിരം വർഷം തപസ്സിരുന്ന് ശരീരം മുഴുവൻ ചിതല്പുറ്റ് (വാല്മീകം) വന്നു മൂടിയെന്ന കഥ വാല്മീകിയുമായി ബന്ധപ്പെടുത്തിക്കാണുന്നു.

സംക്ഷിപ്തം
-----------------------
മഹാവിജ്ഞനും ബ്രഹ്മർഷിമാരിൽ പ്രധാനിയുമായ വാല്മീകി യുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദനോട് വാല്മീകി മഹർഷി 'ധൈര്യം, വീര്യം, ശമം, സത്യവ്രതം, വിജ്ഞാനം, കാരുണ്യം, സൗന്ദര്യം, പ്രൗഢി, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങൾ ഒത്തുചേർന്ന ഏതെങ്കിലും മനുഷ്യൻ ഭൂമുഖത്തുണ്ടോ എന്ന ചോദ്യം ചോദിക്കുകയും അതിനുത്തരമായി നാരദൻ മഹർഷിക്ക് രാമകഥ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നിടത്താണ്‌ രാമയണം ആരംഭിക്കുന്നത്. നാരദന്റെ അഭിപ്രായത്തിൽ ശ്രീരാമന്‌ സദൃശ്യനായി മറ്റൊരാളുണ്ടായിരുന്നില്ല.ഗാംഭീര്യത്തിൽ സമുദ്രത്തേയും സൗന്ദര്യത്തിൽ പൂർണ്ണചന്ദ്രനേയും ക്രോധത്തിൽ കാലാഗ്നിയേയും ക്ഷമയിൽ ഭൂമിദേവിയേയും രാമനു സമാനമായി അദ്ദേഹം വിവരിച്ചു. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥമഹാരജാവിന്റെ പട്ടമഹിഷിയായ കൗസല്യയിൽ ഉണ്ടായ ആദ്യപുത്രനാണ്‌ രാമൻ. മറ്റുഭാര്യമാരായ സുമിത്രയിൽ ലക്ഷ്മണനെന്നും കൈകേയിൽ ഭരതനെന്നും മറ്റു പുത്രന്മാരും അദ്ദേഹത്തിനുണ്ടായിരുന്നു. ദശരഥൻ മൂത്തപുത്രനെന്ന നിലയിൽ അനന്തരാവകാശിയായി രാമനെയാണ്‌ കണ്ടിരുന്നത്. പ്രജകളുടെ ഹിതത്തിനനുസരിച്ച് രാമനെ യുവരാജാവായി അഭിഷേകം ചെയ്യാനൊരുങ്ങിയ വേളയിൽ ചില നാടകീയ സംഭവങ്ങൾ ഉണ്ടായി.


തന്റെ മകൻ ഭരതൻ രാജാവാകണമെന്ന് അതിയായി ആഗ്രഹിച്ച കൈകേയി പണ്ടെന്നോ രാജാവ് തനിക്ക് നൽകിയ വരത്തിന്റെ പിൻ‌ബലത്താൽ ഭരതനെ രാജാവാക്കണമെന്നും രാമനെ വാനപ്രസ്ഥത്തിനയക്കണമെന്നും ശഠിച്ചു. സത്യവ്രതനായ ദശരഥപുത്രൻ പിതാവിന്റെ മാനം രക്ഷിക്കാനായി സഹോദരനായ ലക്ഷ്മണനോടും ഭാര്യ സീതയോടും ഒപ്പം യാതൊരു പരിഭവവുമില്ലാതെ വനത്തിലേക്ക് തിരിച്ചു. നിഷാദരാജാവായ ഗുഹൻ അവരെ ഗംഗ കടത്തിവിടുകയും കാട്ടിൽ വച്ച് ഭരദ്വാജമുനിയെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചിത്രകൂടത്തിൽ താമസിക്കാനാരംഭിക്കുകയും ചെയ്തു. ആ നാളുകളിൽ ദശരഥൻ ചരമമടഞ്ഞു. യുവരാജാവായി ഭരണം തുടരാൻ ഭരതൻ വിസമ്മതിച്ചു. രാമനെ അന്വേഷിച്ച് ഭരതൻ കാട്ടിലേക്ക് പോകുകയും രാമനെ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഭരതന്റെ അഭ്യർത്ഥനപ്രകാരം സിംഹാസനത്തിലേക്ക് തിരിച്ചു ചെല്ലാൻ രാമൻ വിസമ്മതിച്ചു. സാന്ത്വനങ്ങളോടെ ഭരതനെ അദ്ദേഹം തിരിച്ചയച്ചു. രാമന്റെ പാദുകങ്ങളെ സ്വീകരിച്ച് അത് മുൻനിർത്തി ഭരതൻ രാജ്യഭാരം നിർവഹിക്കുന്നു.

വീണ്ടും നഗരത്തിൽ നിന്ന് ആളുകൾ എത്തിയെങ്കിലോ എന്ന ആശങ്കകൊണ്ട് രാമൻ കൂടുതൽ ദുർഗ്ഗമമായ ദണ്ഡകാരണ്യത്തിലേക്ക് താമസം മാറ്റി. വിരാധനെന്ന് രാക്ഷസനെ അദ്ദേഹം വധിക്കുന്നു. അഗസ്ത്യമഹർഷിയുടെ ആശ്രമത്തിൽ നിന്ന് ദേവേന്ദ്രന്റെ വില്ലും ബാണങ്ങളൊഴിയാത്ത ആവനാഴിയും അദ്ദേഹം നേടുന്നു. മുനിമാർക്ക് രക്ഷക്കായി രാക്ഷസന്മാരെ വധിക്കാൻ അദ്ദേഹം സഹായിക്കാമെന്നേൽകുന്നു. രാക്ഷസരാജാവായ രാവണന്റെ സഹോദരി ശൂർപ്പണഖയുടെ അംഗഛേദം വരുത്തുന്നത് ഇക്കാലത്താണ്‌. രാവണൻ ശൂർപ്പണഖയുടെ ആഗ്രഹപ്രകാരം പ്രതികാരത്തിനായി പതിനാലായിരം ഘോരരാക്ഷസന്മാരെ അയക്കുന്നു. എന്നാൽ ഇവരെയെല്ലാം രാമൻ എതിർത്ത് തോല്പിക്കുന്നു. മാരീചൻ എന്ന രാക്ഷസന്റെ മായകൊണ്ട് രാവണൻ സീതയെ അപഹരിച്ച് തന്റെ രാജ്യമായ ലങ്കയിലേക്ക് കൊണ്ടുപോകുന്നു. ഇതിനെ തടഞ്ഞ ജടായുവിനെ രാവണൻ വധിച്ചു.

സീതയെ അന്വേഷിച്ചു നടക്കുന്ന രാമലക്ഷ്മണന്മാർ പമ്പാ തീരത്തുവച്ച് ഹനുമാനെ കാണുന്നു. ഹനുമാന്റെ ആഗ്രഹപ്രകാരം സുഗ്രീവനേയും അവർ പരിചയപ്പെടുത്തുന്നു. സുഗ്രീവനെ സ്വന്തം ജ്യേഷ്ഠനായ ബാലിയുടെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിച്ച് ബാലിവധം നടത്തുന്നു. പകരമായി സീതയെ അന്വേഷിക്കുന്ന ചുമതല സുഗ്രീവൻ തന്റെ വാനരസേനയെ ഏല്പിക്കുന്നു.

വാനരപ്പടയിൽ പക്ഷിശ്രേഷ്ഠനും ജടായുവിന്റെ സഹോദരനുമായ സമ്പാതിയിൽ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് ഹനുമാൻ നൂറുയോജന വിസ്താരമുള്ള ദക്ഷിണമഹാസമുദ്രം ലംഘിച്ച് ലങ്കയിലെത്തുന്നു. അശോകവനിയിൽ വച്ച് സീതയെ കാണുകയും രാമന്റെ വിശേഷങ്ങൾ അറിയിക്കുകയും ചെയ്ത് രാമന്റെ മുദ്രാമോതിരം കാണിച്ച് വിടവാങ്ങി വരും വഴിക്ക് രാവണനു പിടികൊടുത്ത ഹനുമാന്റെ വാലിനു തീവക്കാൻ രാവണൻ കല്പിക്കുന്നു. വാലിലെ തീയുമായി ഓടിനടന്ന ഹനുമാൻ കൊട്ടാരത്തിനു തീ കൊടുത്ത് നേരമ്പോക്ക് നടത്തുകയും ചെയ്യുന്നു. രാവണന്റെ സേനാപതികളേയും ഇളയമകനായ അക്ഷയകുമാരനേയും ഹനുമാൻ കൊന്നൊടുക്കുന്നു. രാവണനെ വെല്ലുവിളിച്ചശേഷം സമുദ്രം വീണ്ടും തിരിച്ച് ചാടിക്കടന്ന് രാമനടുത്തെത്തി വിവരം അറിയിക്കുന്നു.

രാമൻ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ചെയ്ത് സമുദ്രതീരത്തെത്തുന്നു. സേതുബന്ധനം ചെയ്ത് വാനരസേനകളോടൊത്ത് ലങ്കയിലെത്തി യുദ്ധം ചെയ്യുന്നു. യുദ്ധത്തിൽ രാവണനെ വധിക്കുകയും തുടർന്ന് സീതയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. വിഭീഷണനെ രാജാവായി വാഴിച്ചശേഷം രാമൻ തിരിച്ചു പോരുന്നു. സീതയോട് രാമൻ ക്രൂരമായാണ്‌ സംസാരിച്ചത്. എന്നാൽ സീത അഗ്നിയിൽ തന്റെ വിശുദ്ധി തെളിയിച്ച് രാമന്റെ മനസ്സിനെ വിജയിക്കുന്നു.

ശ്രീരാമൻ അയോദ്ധ്യയിൽ വൻ വരവേല്പ് നൽകുകയും അദ്ദേഹം സിംഹാസനാവരോഹണം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രജകൾ കൃതയുഗത്തിലെന്ന പോലെ മംഗളകരമായി കഴിഞ്ഞുകൂടി. രോഗങ്ങൾ, ബാലമരണം, വിധവകൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവയൊന്നുമില്ലാത്ത രാമരാജ്യം അവർക്ക് ലഭിച്ചു.


പ്രധാനമായും രണ്ടുഭാഗമായാണ്‌ രാമായണം വികസിച്ചിരിക്കുന്നത്‌ എന്നാണ്‌ പാശ്ചാത്യചരിത്രകാരന്മാരുടെ അഭിപ്രായം. അഞ്ചു കാണ്ഡങ്ങൾ മാത്രമുള്ള രാമായണത്തിൽ ബാലകാണ്ഡം, ഉത്തരകാണ്ഡം എന്നിവ പിന്നീട്‌ കൂട്ടിച്ചേർത്തവയാണ്‌ എന്നാണ്‌
രാമകഥയിലെ വാനരന്മാരും ഋക്ഷന്മാരും രാക്ഷസന്മാരും വിന്ധ്യപ്രദേശത്തിലേയും മദ്ധ്യഭാരതത്തിലേയും ആദിവാസികളായ അനാര്യ(ദ്രാവിഡരും മറ്റും) ഉപജാതികളായിരുന്നു. ഇത് മിക്കവാറും എല്ലാ ചരിത്രകാരന്മാരും സമ്മതിക്കുന്നു. വാല്മീകി രാമായണത്തിൽ ഈ ആദിവാസികളെ വാനരന്മാരെന്നും ഋഷന്മാരെന്നും പറഞ്ഞിട്ടുണ്ടെങ്കിലും പ്രാരംഭത്തിൽ ഇവരെല്ലാം തന്നെ മനുഷ്യരായി കരുതപ്പെട്ടിരുന്നു എന്ന് ആദികാവ്യത്തിലെ അനേകം സ്ഥലങ്ങളിൽ നിന്നും മനസ്സിലാക്കാം. രാമയണത്തിലെ വാനരന്മാർ മനുഷ്യരെപ്പോലെ ബുദ്ധിസമ്പന്നരാണ്‌, മനുഷ്യരുടെ ഭാഷ, സംസ്കാരം എന്നിവ അവർക്കുമുണ്ട്.

വാനരന്മാരുടെ പേര്‌, അവരെ കുരങ്ങുകളുടെ പോലെ കാണപ്പെട്ടതിനാലാണെന്നൊരു കൂട്ടം ചരിത്രകാരന്മാർ വാദിക്കുമ്പോൾ ജൈനരാമായണം അനുസരിച്ച് അവരുടെ കൊടിയുടെ അടയാളം അപ്രകാരമായിരുന്നതിനാൽ കവി വാനരന്മാർ എന്ന് വിശേഷിപ്പിച്ചു എന്നാണ്‌ മറ്റൊരു വിഭാഗം കരുതുന്നത്. കരടിയുടെ ചിഹ്നം കൊടിയിലുണ്ടായിരുന്നവരെ ഋഷന്മാരെന്നും വിളിച്ചിരുന്നതിക്കാരണത്താലാണ്‌.



മറ്റൊരനുമാനം ഇക്കാലത്തെ ആദിവാസികളേയും പോലെ തന്നെ ഈ ജാതികൾ വിഭിന്നമായ മൃഗങ്ങളേയും സസ്യങ്ങളേയും ആരാധിച്ചിരുന്നുവെന്നും ഏത് മൃഗത്തേയും സസ്യത്തേയും ആരാധിച്ചിരുന്നുവോ അതേ പേരിൽ തന്നെ വിളിക്കപ്പെടുകയും അതേ രീതിയിൽ വസ്ത്രധാരണം നടത്തുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു . ഇതിനെ ടോട്ടം എന്ന ഗോത്രവിഭാഗത്തിൽ പെടുത്തിയാണ്‌ ആധുനിക ചരിത്രകാരന്മാർ കാണുന്നത്. ജടായു, സമ്പ്രാതി,(ഗരുഡൻ) ജാംബവാൻ(കരടി) വിഭീഷണൻ (വാനരൻ) രാവണൻ(രാക്ഷസൻ) എന്നീ ടോട്ടങ്ങളെ രാമയണത്തിൽ പ്രസ്താവിച്ചിരിക്കുന്നു.