പതിനെട്ടാം പടിയുടെ സാംഗത്യത്തേക്കുറിച്ച് ശ്രീമദ് അയ്യപ്പ ഗീതയില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിക്ക് അയ്യപ്പന്‍ നല്‍കിയ ദിവ്യോപദേശങ്ങളാണ് അയ്യപ്പഗീതയിലെ പ്രതിപാദ്യം.
18 അദ്ധ്യായങ്ങളുള്ള അയ്യപ്പഗീത കാശിയിലെ തിലപാണ്ഡികേശ്വരമഠത്തിലെ സന്യാസിവര്യനായിരുന്ന ശ്രീസ്വാമി അച്യുതാനന്ദമഹാരാജ് രചിച്ചതാണ്. അയ്യപ്പഗീതയ്ക്ക് ശ്രീ ജ്ഞാനാനന്ദ സരസ്വതി സ്വാമികള്‍ രചിച്ച മലയാള വ്യാഖ്യാനത്തെ ആസ്പദമാക്കിയാണ് പതിനെട്ടാം പടിയുടെ തത്വം ഇവിടെ ഉള്‍ക്കൊള്ളിക്കുന്നത് (കന്യാകുമാരി ആനന്ദകുടീരം ശ്രീമദ് അയ്യപ്പഗീത വ്യാഖ്യാനസഹിതം പ്രസിദ്ധികരിച്ചിട്ടുണ്ട്).
അയ്യപ്പഗീതയിലെ പതിനെട്ടാം അദ്ധ്യായമായ അയ്യപ്പദര്‍ശനയോഗത്തിലാണ് പതിനെട്ടാം പടിയെക്കുറിച്ച് വര്‍ണ്ണിക്കുത്. ജ്ഞാനാനന്ദസരസ്വതി സ്വാമികള്‍ പറയുന്നു- ”പ്രകൃതിതത്വങ്ങളാകുന്ന പഞ്ചകോശങ്ങളാല്‍ മറയ്ക്കപ്പെട്ട ആത്മസ്വരൂപം തെന്നയാണ് ശബരിമലയിലെ അയ്യപ്പ വിഗ്രഹമെന്നാണ് പതിനെട്ടാം അദ്ധ്യായംകൊണ്ട് സമര്‍ത്ഥിക്കുന്നത്.
അല്ലെങ്കില്‍ പ്രസ്തുത ആത്മസ്വരൂപത്തെ ഉല്‍ബോധിപ്പിക്കുകയും സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗ്ഗത്തെ നിര്‍ദ്ദേശിക്കുകയുമാണ് ശബരിമലയിലെ അയ്യപ്പവിഗ്രഹം. അതിനാല്‍ ശബരിമല ശാസ്തൃദര്‍ശനം ഒരു പ്രകാരത്തില്‍ ആത്മദര്‍ശനം തന്നെ അല്ലെങ്കില്‍ ആത്മദര്‍ശനത്തിനുള്ള പ്രചോദനമെങ്കിലുമാണ്.”
ജ്ഞാനാമൃതപാനംകൊണ്ട് സംതൃപ്തയായ ശബരി അയ്യപ്പഭഗവാനെ സ്തുതിക്കുന്നു.
ശ്രേണീ തേ പ്രഥമാ തു സര്‍വ്വജഗതാം സന്ധാരിണീ മേദിനീ
സോപാനസ്യതഥാ പരാസു വിമലാ തത്വം ജലം ശോഭനം
തേജസ്തസ്യ തൃതീയകാ ച തമസോരാശേരലം ഭക്ഷകം
ഭൂയോ വായുരലങ്കരോതി ഭഗവന്‍ വ്യോമസ്ഥിതാ പഞ്ചമീ 1
ഷഷ്ഠീ തസ്യ വിരാജതേ തു രുചിരാ ശ്രേണീ തു വാണീ ശുഭാ
ഭൂയഃ പാണിയുഗഞ്ച മംഗളമയീ സാ സ്യാദനംഗാരിജ!
പാദൗ ചാപി സുഗണ്യതേ സുരഗുരോ ശ്രേണീ പുനശ്ചാഷ്ടമീ
പായുശ്ചേന്ദ്രിയ മസ്യ സുഷ്ഠു നവമീ സഞ്ജായതേ ശങ്കരീ 2
രമ്യം തേഖലു തസ്യ ദേവ ദശമീ ശ്രേണീ ച ശിശ്‌നേന്ദ്രിയം
ശ്രോത്രം ചാത്ര പ്രചണ്ഡശാസ്ത്ര കുശലഞ്ചൈകാദശീ ശ്രേണികാ
ത്വക് ഭൂയോപി ച ശോഭനാ രസപതേ തത്വം പരം ദ്വാദശീ
ചക്ഷുശ്ചാപി സ്വരൂപദര്‍ശനകരം ജേഗീയതേ ശ്രേണികാ 3
ഘ്രാണശ്ചൈവ ചതുര്‍ദശീ പരതരം ഗന്ധോദ്വഹം സാ ശുഭാ
സ്വാദ്വസ്വാദുവിചാരണേ ച രസനാ ജിഹ്വാഗ്രദേശസ്ഥിതാ
ശ്രേണീ പഞ്ചദശീ മനോ മനനകൃല്‍ ശ്രേണീ വരാ ഷോഡശീ
ബുദ്ധിര്‍ബ്ബോധകരീ സദാ ശുഭകരീ ശ്രേണീ മനോമോദിനീ 4
ശ്രേണീ തേ പരിമാര്‍ജ്ജിതാ സകലദാ കാമപ്രവാഹാനലാ
സോപാനസ്യ വിരാജതേ/തിജയിനീ ജീവാത്മതത്വേന യാ
ശ്രീശേശാത്മജനസ്യ പന്തളപതേരീശസ്യ ശാന്തിപ്രദാ
ഇത്യഷ്ടാദശതത്വമച്യുതപദസ്ഥാ
(ശ്രീമദ് അയ്യപ്പഗീത പതിനെട്ടാം അദ്ധ്യായം 1 മുതല്‍ 5 വരെ ശ്ലോകങ്ങള്‍)
പതിനെട്ടുപടികളെയും ധ്യാനിച്ചു വന്ദിക്കുവാന്‍ ഏറ്റവും ഉചിതമായ ശ്ലോകങ്ങളാണിവ. ഈ ശ്ലോകങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് സ്വാമി ജ്ഞാനാനന്ദ സരസ്വതി പറയുന്നു- ”സൂക്ഷ്മ ശരീരത്തിന് ആകെ പതിനേഴു ഘടകങ്ങളാണുള്ളത്. പ്രസ്തുത പതിനേഴു ഘടകങ്ങളും ജീവത്വമാകുന്ന അഭിമാനവും കൂടി പതിനെട്ടു തടസ്സങ്ങളാണ് ജീവന് ആത്മാവിനെ ദര്‍ശിക്കാന്‍ സമ്മതിക്കാതെ നില്‍ക്കുന്ന മുഖ്യങ്ങളായ പ്രതിബന്ധങ്ങള്‍. ആ പ്രതിബന്ധങ്ങളെ അതിക്രമിച്ചാല്‍ മാത്രമേ ആത്മസാക്ഷാല്‍ക്കാരത്തിന് അര്‍ഹതയുണ്ടാവുകയുള്ളൂ. പ്രസ്തുത പതിനെട്ട് പ്രതിബന്ധങ്ങളാണ് ശബരിമലക്ഷേത്രത്തിലെ പതിനെട്ടു പടികളാണിവിടെ സമര്‍ത്ഥിക്കുത്.
ശബരിമല ക്ഷേത്രത്തില്‍ പതിനെട്ടു പടികള്‍ കയറിയാണ് ഭഗവല്‍ സന്നിധാനത്തിലെത്തുന്നത്. അപ്പോഴാണല്ലോ ഭഗവദ്ദര്‍ശനം സാധിക്കുന്നത്. അന്തര്‍യ്യാമിയായ ആത്മാവിനെ ദര്‍ശിക്കാനുള്ള പതിനെട്ടു തത്വപ്രതിബന്ധങ്ങളെയാണ് പതിനെട്ടു പടികളാക്കി കെട്ടിയിരിക്കുത്. അതില്‍ അഞ്ചു പടികളുടെ താത്വിക സ്വരൂപത്തെയാണ് ആദ്യ പദ്യം കൊണ്ടുപന്യസിക്കുന്നത്.
പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളാണ് ആദ്യത്തെ അഞ്ചുപടികളെന്നാണു പറയുന്നത്. ഒന്നാമത്തേതു ഭൂമിയുടെയും രണ്ടാമത്തേതു ജലത്തിന്റെയും മൂന്നാമത്തേത് അഗ്നിയുടേയും നാലാമത്തേത് വായുവിന്റേയും അഞ്ചാമത്തേത് ആകാശത്തിന്റെയും പ്രതീകങ്ങളാണ്.
ജീവോപാധികളുടെ മുഖ്യങ്ങളായ ഘടകങ്ങള്‍ പഞ്ചഭൂതങ്ങള്‍ തന്നെ. സ്ഥൂലസൂക്ഷ്മാകാരമായ ജഗത്തു മുഴുവന്‍പഞ്ചഭൂതമയം തന്നെ അകവും പുറവും മുഴുവന്‍ പഞ്ചഭൂതവികാരങ്ങളാല്‍ നിറയപ്പെട്ടിരിക്കുന്നു. ആത്മാവിന്റെ ഏറ്റവും പുറമേയുള്ള കനത്ത ആവരണങ്ങളും പഞ്ചഭൂതങ്ങള്‍ തന്നെ. അതിനാല്‍ ആദ്യം അതിക്രമിക്കേണ്ടിയിരിക്കുന്
പഞ്ചഭൂതങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ കര്‍മ്മേന്ദ്രിയങ്ങളാണു സൂക്ഷ്മശരീരത്തിലെ മുഖ്യങ്ങളായ അഞ്ചു ഘടകങ്ങള്‍. ജീവിതവും ജീവിതത്തിലെ എല്ലാ അനുഭവങ്ങളും ജനനമരണങ്ങളും എന്നു വേണ്ട, ജീവന്റെ എല്ലാ അനുഭവങ്ങളും കര്‍മ്മമയങ്ങളാണ്. കര്‍മ്മങ്ങള്‍ക്കെല്ലാം ആസ്പദം കര്‍മ്മേന്ദ്രിയങ്ങളുമാണ്. വാക്ക്, പാണി, പാദം, പായു, ഉപസ്ഥം ഇവയാണ് അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍.
ശബരിമല ക്ഷേത്രത്തിലെ 18 പടികളില്‍ ആദ്യത്തെ അഞ്ചെണ്ണം കഴിഞ്ഞാല്‍ ആറു മുതല്‍ പത്തുവരെയുള്ള പടികള്‍ ക്രമേണ വാക്ക്, പാണി, പാദം, പായു, ഉപസ്ഥം എീ അഞ്ച് കര്‍മ്മേന്ദ്രിയങ്ങളുടെ പ്രതീകമാണ്.
പതിനെട്ട്, പന്ത്രണ്ട്, പതിമൂന്ന് എന്നീ മൂന്നുപടികള്‍ ശ്രോത്രം, ത്വക്ക്, ചക്ഷുസ്സ് എന്നീ മൂന്നു ജ്ഞാനേന്ദ്രിയങ്ങളുടെയും പ്രതീകമാണ്. പതിനാലും പതിനഞ്ചും പടികള്‍ ഘ്രാണേന്ദ്രിയം, രസനേന്ദ്രിയം എന്നീ രണ്ടു ജ്ഞാനേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്.
പതിനാറാമത്തെ പടി മനനാത്മകതത്വമായ മനസ്സിന്റേയും പതിനേഴാമത്തേതു ബോധാത്മകതത്വമായ ബുദ്ധിയുടെയും പ്രതീകങ്ങളാണ്. അങ്ങിനെ പതിനേഴു പടികളും സൂക്ഷ്മശരീരത്തിന്റെ പതിനേഴു ഘടകങ്ങളുടെ പ്രതീകങ്ങളോ, ഉല്‍ബോധകങ്ങളോ ആണ്.
പഞ്ചഭൂതങ്ങള്‍ അഞ്ച്, കര്‍മ്മേന്ദ്രിയങ്ങള്‍ അഞ്ച്, ജ്ഞാനേന്ദ്രിയങ്ങള്‍ അഞ്ച്, മനസ്സും ബുദ്ധിയും കൂടിയ അന്തഃകരണം രണ്ട്. ഇങ്ങിനെ ആകെ പതിനേഴു ഘടകങ്ങളാണ് സൂക്ഷ്മശരീരത്തിലൂള്ളത്. അവയും അവയുടെ വൃത്തികളുമാണ് ജീവന് ഈശ്വരദര്‍ശനത്തിനു തടസ്സങ്ങളായിട്ടിരിക്കന്നുത
പതിനെട്ടാമത്തേത് ജീവാത്മതത്വം തന്നെയാണ്. നാനാമുഖങ്ങളായ ആഗ്രഹപരമ്പരകള്‍ പ്രവഹിച്ചുകൊണ്ട് എല്ലാറ്റിന്റേയും കര്‍ത്താവും ഭോക്താവുമായഭിമാനിക്കുന്ന അഭിമാനസ്വരൂപമായ ജീവാത്മാവുതന്നെ പതിനെട്ടാമത്തെ തത്ത്വം. അതിന്റെ പ്രതീകം അല്ലെങ്കില്‍ ഉല്‍ബോധകമാണ് പതിനെട്ടാമത്തെ പടി. അതിനേയും അതിക്രമിക്കുമ്പോഴാണ് ഒരാള്‍ക്ക് ഈശ്വരദര്‍ശമുണ്ടാവുന്നത്.
അങ്ങിനെയാണല്ലോ ശബരിമല ക്ഷേത്രത്തിലേയും സ്ഥിതി. ഇങ്ങിനെ തത്വോല്‍ബോധകങ്ങളും ശാന്തിപ്രദങ്ങളുമായ പ്രസ്തുത പതിനെട്ടു പടികളേയും ഞാന്‍ വന്ദിക്കുന്നു.”
No comments:
Post a Comment