Friday, March 31, 2017

സ്വാതിതിരുനാള്‍

ജീനിയസ്സ് എന്ന വിശേഷണം അര്‍ഹിക്കുന്നവരായുള്ള അപൂര്‍വം കേരളീയരില്‍ പ്രഥമഗണനീയനാണ് അദ്ദേഹം. ആധുനികമാനദണ്ഡം അനുസരിച്ചായാലും മുപ്പത്തഞ്ചുവയസ്സു തികയാത്ത ഒരാള പക്വമതി എന്നു വിവരിക്കാനാവില്ല. സ്വാതിതിരുനാള്‍ 34 വയസ്സു തികയുംമുമ്പ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

സ്വാതിതിരുനാള്‍
പതിനാറാം വയസ്സില്‍ തിരുവിതാംകൂറിന്റെ ഭരണഭാരം അദ്ദേഹം ഏറ്റെടുക്കുകയും പതിനെട്ടുവര്‍ഷക്കാലം ആ ചുമതല നിര്‍വഹിക്കുകയും ചെയ്തു. യുവാവായിരുന്ന ഈ ഭരണാധികാരി പ്രകടിപ്പിച്ച ദീര്‍ഘവീക്ഷണവും , വിശാലാശയത്വവും വിദ്യാവിവേകവും മറ്റധികം പേരില്‍ നമുക്ക് കാണാനാവില്ല. ദീര്‍ഘായുഷ്മാന്‍മാരായി ജീവിച്ച ധിഷണാശാലികള്‍ക്കുപോലും ആര്‍ജ്ജിക്കാനാവാത്തവിധം അസമാനങ്ങളാണ് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍. ഭരണനിപുണനും പ്രജാക്ഷേമതത്പരനുമായ രാജാവ്, കവി, കലാപോഷകന്‍, വാഗ്ഗേയകാരന്‍ എന്നിങ്ങനെ എത്രയോ മുഖങ്ങള്‍ അദ്ദേഹത്തിന്റെ അനാദൃശ്യ പ്രതിഭക്കുണ്ടായിരുന്നു. എങ്കിലും സ്വാതിതിരുനാളിനെ അനശ്വരനും അവിസ്മരണീയനുമാക്കുന്നത് അദ്ദേഹത്തിന്റെ സംഗീതകൃതികളാണ്.

സ്വാതിതിരുനാള്‍ എന്ന പ്രതിഭയുടെ ഓരോ മുഖവും വെവ്വേറെ വിലയിരുത്തപ്പെടേണ്ടതാണ്. തിരുവിതാംകൂറിന് അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവന്ന സന്ദര്‍ഭമായിരുന്നു സ്വാതിതിരുനാളിന്റെ ഭരണകാലം. അനവധി ഇംഗ്ലീഷ് സ്‌കൂളുകളുടെയും തിരുവനന്തപുരം സര്‍ക്കാര്‍ പ്രസ്സിന്റെയും നക്ഷത്രബംഗ്ലാവിന്റെയും മൃഗശാലയുടെയും സ്ഥാപനം പബ്ലിക്ക് ലൈബ്രറിയുടെ വികസനം, അലോപ്പതി ചികിത്സയുടെ പ്രചാരം, പല അനാചാരങ്ങളുടെയും നിരോധനം എന്നിങ്ങനെ നീണ്ടുപോകുന്നതാണ് ഭരണാധിപനെന്ന നിലയില്‍ അദ്ദേഹം നല്‍കിയിട്ടുള്ള മികച്ച സംഭാവനകള്‍. അദമ്യമായ സ്വാതന്ത്യാഭിവാഞ്ചയുടെതായ മറ്റൊരു മുഖവും അദ്ദേഹത്തിനുണ്ടായിരുന്നു. അന്തര്‍മുഖനായ കലാകാരനും ധിഷണാശാലിയുമായ ഈ ഭരണാധികാരിക്ക് കമ്പനി മേധാവികളുടെ കൈകടത്തലുമായി യോജിച്ചുപോകാന്‍ കഴിയാതിരുന്നത് സ്വാബാവികമാണ്. അതുകൊണ്ടുതന്നെ സ്വാതിതിരുനാളിന്റെ ജീവിതം അസ്വാസ്ഥ്യവും സംഘര്‍ഷവും നിറ്ഞ്ഞതായിരുന്നു. പ്രജാക്ഷേമത്തിനായി ഭരണം നിര്‍വഹിക്കുന്നതിനു മാത്രമല്ല കലാപ്രോത്സാഹനത്തിനുപോലും തനിക്കു സ്വാതന്ത്ര്യമില്ല എന്ന ബോധം അദ്ദേഹത്തെ നിരാശനാക്കി. ബ്രിട്ടീഷ് മേധാവിത്വത്തെ നേരിട്ടെതിര്‍ത്ത് വിജയം നേടാം എന്ന വ്യാമോഹം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഈ പ്രതിസന്ധിയില്‍ സ്വാതിതിരുനാളിന് ആശ്വാസം നല്‍കിയത് സംഗീതസപര്യ മാത്രമായിരുന്നു.

നാലുമാസം പ്രായമുള്ള ശിശുവായിരിക്കെ 1813 ആഗസ്റ്റ് 29ാം തീയതി സ്വാതിതിരുനാള്‍ തിരുവിതാംകൂര്‍ മഹാരാജാവായി പ്രഖ്യാപിക്കപ്പെട്ടു. കുഞ്ഞിന് പ്രയാപൂര്‍ത്തിയെത്തുന്നതുവരെ റീജന്റായിട്ടാണ് റാണിലക്ഷ്മിഭായി ഭരണം നിര്‍വഹിച്ചത്. സംസ്‌കൃതത്തിനും ഇംഗ്ലീഷിനും പുറമേ മറ്റു പലഭാഷകളിലും ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹം പ്രാവീണ്യം നേടി. സുകുമാരകലകളില്‍ അഭിരുചി പ്രദര്‍ശിപ്പിച്ച രാജകുമാരനെ ബാല്യത്തില്‍ത്തന്നെ സംഗീതവും നൃത്തലും അഭ്യസിപ്പിച്ചുതുടങ്ങിയിരുന്നു. കൊട്ടാരത്തിലെ ഭാഗവതര്‍തന്നെയാണ് സംഗീതത്തില്‍ ആദ്യശിക്ഷണം നല്‍കിയത്. ഇതില്‍ പ്രമുഖന്‍ കരമന സുബ്രമണ്യന്‍ ഭാഗവതരാണ്. എങ്കിലും സംഗീതസംബന്ധമായി അദ്ദേഹം അപാരപാണ്ഡിത്യം ആര്‍ജ്ജിച്ചത് വിദ്വാന്‍മാരായ ആളുകള്‍ നിറഞ്ഞിരുന്ന തന്റെ ചര്‍ച്ചകളില്‍നിന്നും പഠനങ്ങളില്‍നിന്നുും ആയിരിക്കണം.

തിരുവിതാംകൂറില്‍ ആദ്യമായി നിലങ്ങളും പാടങ്ങലും അളന്നു തിട്ടപ്പെടുത്തി അതിരുകള്‍ നിര്‍ണ്ണയിക്കുന്ന ‘ കണ്ടെഴുത്ത്’ നടന്നതും സ്വാതിതിരുനാളിന്റെ ഭരണകാലത്താണ്. 1836ല്‍ നടന്ന സംസ്ഥാനത്തെ ആദ്യ സെന്‍സസിനും നേതൃത്വം കൊടുത്തും ഇദ്ദേഹംതന്നെ. പാശ്ചാത്യ ചികിത്സാസമ്പ്രദായം തിരുവിതാംകൂറില്‍ പ്രചാരം നേടുന്നതും സ്വാതിതിരുനാളിന്റെ ഭരണകാലത്താണ്. അലോപ്പതി ചികിത്സയുടെ പ്രയോജനം രാജ്യത്തെ ജനങ്ങള്‍ക്കു സൗജന്യമായി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഒരു ആശുപത്രിയും അദ്ദേഹം ആരംഭിച്ചു. ദര്‍ബാര്‍ ഫിസിഷ്യന്‍ എന്നായിരുന്നു ഇവിടുത്തെ ഡോക്ടര്‍ അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യലബ്ധിവരെയും തിരുവിതാംകൂറിലെ ആരോഗ്യവകുപ്പധ്യക്ഷന്‍ ഈ പേരിലാണ് അറിയപ്പെട്ടിരുന്നത്.

സ്വാതിതിരുനാളിന്റെ വിവാഹം, ദാമ്പത്യജീവിതം, സന്താനങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ കുറവാണ്. പതിനെട്ടുവയസ്സു തികയുന്നതിനുമുമ്പേ അദ്ദേഹം വിവാഹിതനായിരുന്നു. തിരുവട്ടാറ്റു നാരായണിപ്പിള്ള ആയിരുന്നു വധു. അറിയപ്പെടുന്ന വീണ വിദുഷി ആയിരുന്നു നാരായണിപ്പിള്ള. സ്വാതിതിരുനാളിന്റെ സന്താനങ്ങളെക്കുറിച്ച് ഒരു ജീവചരിത്രഗ്രന്ഥത്തിലും പരാമര്‍ശിച്ചുകണ്ടിട്ടില്ല. അദ്ദേഹത്തിനു സന്താനങ്ങളുണ്ടായിരുന്നുവോ എന്നകാര്യം പോലും വ്യക്തമല്ല. പിന്‍തുടര്‍ച്ചാക്രമം മരുമക്കത്തായ വഴിക്കായിരുന്നതിനാല്‍ സ്വാതിതിരുനാളിന്റേതെന്നല്ല, നാടുഭരിച്ചിരുന്ന ഒറു രാജാവിന്റെയും സന്താനങ്ങളെക്കുറിച്ച് കേരളചരിത്രം പരാമര്‍ശിച്ചിട്ടില്ല എന്നതാണ് വസ്തുത.

മരണം സ്വയം വരിക്കുകയായിരുന്നു സ്വാതിതിരുനാള്‍ എന്നതാണ് വസ്തുത. മരണേച്ഛുവായി ആഹാരം കഴിക്കാന്‍ വിസമ്മതിച്ചും തന്റെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ആരെയും അറിയിക്കാതെയും പലദിവസങ്ങള്‍ അദ്ദേഹം കഴിച്ചുകൂട്ടി. ഒടുവില്‍ മരണത്തെ പുണര്‍ന്ന് തന്റെ എല്ലാ ദുഃഖങ്ങള്‍ക്കും വേദനകള്‍ക്കും എന്നെന്നേക്കുമായി വിരാമമിടുകയാണദ്ദേഹം ചെയ്തത്. രോഗബാധിതനായിരുന്നുവെങ്കിലും തന്നെ ചികിത്സിക്കാന്‍ അദ്ദേഹം അനുവദിച്ചില്ല. 1846 ഡിസംബര്‍ 25ാം തീയതി രാത്രി പത്തുമണിക്ക് അദ്ദേഹത്തിന്റെ മരണം സംഭവിച്ചു. ആഹാരം അമൃതേത്തും, രോഗബാധ ആലസ്യവും മരണം നാടുനീങ്ങലുമായി വിവരിക്കപ്പെട്ടിരുന്ന കൊട്ടാരത്തിലെ ജീവത്യാഗത്തെ സ്വാഭാവികമരണമായാണ് ചരിത്രത്തില്‍ കുറിക്കപ്പെട്ടത്.

No comments:

Post a Comment