Monday, October 2, 2017

അദ്ധ്യായം 10 - വിഭൂതിയോഗഃ

ശ്രീഭഗവാനുവാച

ഭൂയ ഏവ മഹാബാഹോ ശൃണു മേ പരമം വചഃ യത്തേഽഹം പ്രീയമാണായ വക്ഷ്യാമി ഹിതകാമ്യയാ (1)

ശ്രീകൃഷ്ണന്‍ പറഞ്ഞു: അര്‍ജുനാ! പ്രിയമുള്ളവനായ നിന്റെ ഹിത മാഗ്രഹിച്ചുകൊണ്ട് ഞാന്‍ വീണ്ടും പറയുന്ന ഉത്കൃഷ്ടമായ വാക്കുകളെ കേട്ടാലും.

ന മേ വിദുഃ സുരഗണാഃ പ്രഭവം ന മഹര്‍ഷയഃ അഹമാദിര്‍ഹി ദേവാനാം മഹര്‍ഷീണാം ച സര്‍വ്വശഃ (2)

ദേവന്മാരോ മഹര്‍ഷിമാരോ എന്റെ ഉദ്ഭവത്തെ അറിയുന്നില്ല. എല്ലാ പ്രകാരത്തിലും മഹര്‍ഷിമാരുടെയും, ദേവന്മാരുടെയും ഉദ്ഭവസ്ഥാനം ഞാനാണ്.

യോ മാമജമനാദിം ച വേത്തി ലോകമഹേശ്വരം അസമ്മൂഢഃ സ മര്‍ത്യേഷു സര്‍വ്വപാപൈഃ പ്രമുച്യതേ (3)

എന്നെ അനാദിയായും ജന്മമില്ലാത്തവനായും ജഗത്തിന്റെ പരമേശ്വര നായും അറിയുന്നവന്‍ മനുഷ്യരില്‍ വെച്ച് വ്യാമോഹമില്ലാത്ത വനാണ്. അവന്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തനാവുന്നു.

ബുദ്ധിര്‍ജ്ഞാനമസമ്മോഹഃ ക്ഷമാ സത്യം ദമഃ ശമഃ സുഖം ദുഃഖം ഭവോഽഭാവോ ഭയം ചാഭയമേവ ച (4) അഹിംസാ സമതാ തുഷ്ടിസ്തപോ ദാനം യശോഽയശഃ ഭവന്തി ഭാവാ ഭൂതാനാം മത്ത ഏവ പൃഥഗ്വിധാഃ (5)

ബുദ്ധി, ജ്ഞാനം, വ്യാമോഹമില്ലായ്മ, ക്ഷമ, സത്യം, ദമം, ശമം, സുഖം, ദുഃഖം, ജനനം, മരണം, ഭയം, അഭയം, അഹിംസ, സമത്വം, സന്തോഷം, തപസ്സ്, ദാനം, യശസ്സ്, അയശസ്സ് എന്നീ വിവിധ ഭാവങ്ങള്‍ ജീവികള്‍ക്ക് എന്നില്‍ നിന്നാണ് ഉണ്ടാകുന്നത്.

മഹര്‍ഷയഃ സപ്ത പൂര്‍വ്വേ ചത്വാരോ മനവസ്തഥാ മദ്ഭാവാ മാനസാ ജാതാ യേഷാം ലോക ഇമാഃ പ്രജാഃ (6)

പ്രാചീനരും, എന്നില്‍ മനസ്സുറപ്പിച്ചവരുമായ ഏഴു മഹര്‍ഷിമാരും, നാലു മനുക്കളും എന്റെ മനസ്സില്‍ നിന്ന് ഉദ്ഭവിച്ചവരാണ്. ലോകത്തിലുള്ള ഈ പ്രജകളെല്ലാം അവരില്‍ നിന്നുണ്ടായവരാണ്.

ഏതാം വിഭൂതിം യോഗം ച മമ യോ വേത്തി തത്ത്വതഃ സോഽവികമ്പേന യോഗേന യുജ്യതേ നാത്ര സംശയഃ (7)

യാതൊരുവന്‍ എന്റെ ഈ വിഭൂതിയെയും (മഹത്വം അഥവാ ഐശ്വര്യം), യോഗശക്തിയെയും ശരിയായി അറിയുന്നുവോ അവന്‍ അചഞ്ചലമായ യോഗത്തില്‍ പ്രതിഷ്ഠിതനാകുന്നു; അതില്‍ സംശയമില്ല.

അഹം സര്‍വ്വസ്യ പ്രഭവോ മത്തഃ സര്‍വ്വം പ്രവര്‍തതേ ഇതി മത്വാ ഭജന്തേ മാം ബുധാ ഭാവസമന്വിതാഃ (8)

ഞാനാണ് എല്ലാത്തിന്റെയും ഉദ്ഭവസ്ഥാനമെന്നും സകലതും എന്നില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും അറിഞ്ഞ് ബുദ്ധിമാന്മാര്‍ ഭക്തിഭാവത്തോടുകൂടി എന്നെ ഭജിക്കുന്നു.

മച്ചിത്താ മദ്ഗതപ്രാണാ ബോധയന്തഃ പരസ്പരം കഥയന്തശ്ച മാം നിത്യം തുഷ്യന്തി ച രമന്തി ച (9)

എന്നില്‍ മനസ്സുറപ്പിച്ചവരും, എല്ലാ ഇന്ദ്രിയങ്ങളും എന്നില്‍ ലയിപ്പിച്ചവരുമായ ഭക്തന്മാര്‍ സദാ എന്നെക്കുറിച്ച് പരസ്പരം അറിയിക്കുകയും, സംസാരിക്കുകയും ചെയ്തുകൊണ്ട് സന്തോഷിക്കു കയും ആനന്ദിക്കുകയും ചെയ്യുന്നു.

തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂര്‍വ്വകം ദദാമി ബുദ്ധിയോഗം തം യേന മാമുപയാന്തി തേ (10)

സദാ എന്നില്‍ മനസ്സുറപ്പിച്ചവരും, പ്രീതിപൂര്‍വം എന്നെ ഭജിക്കുന്ന വരുമായ അവര്‍ക്ക് ഞാ‍ന്‍ ബുദ്ധിയോഗത്തെ നല്കുകയും അതിലൂടെ അവര്‍ എന്നെ പ്രാപിക്കുകയും ചെയ്യുന്നു.

തേഷാമേവാനുകമ്പാര്‍ഥമഹമജ്ഞാനജം തമഃ നാശയാമ്യാത്മഭാവസ്ഥോ ജ്ഞാനദീപേന ഭാസ്വതാ (11)

(അവരുടെ) ഹൃദയത്തിലിരിക്കുന്നവനായ ഞാന്‍ അവരോടുള്ള അനുകമ്പ ഹേതുവായി (അവരിലുള്ള) അജ്ഞാനത്തില്‍ നിന്നുണ്ടായ അന്ധകാരത്തെ ഉജ്ജ്വലമായ ജ്ഞാനദീപം കൊണ്ട് നശിപ്പിക്കുന്നു.

അര്‍ജുന ഉവാച

പരം ബ്രഹ്മ പരം ധാമ പവിത്രം പരമം ഭവാന്‍ പുരുഷം ശാശ്വതം ദിവ്യമാദിദേവമജം വിഭും (12) ആഹുസ്ത്വാമൃഷയഃ സര്‍വ്വേ ദേവര്‍ഷിര്‍നാരദസ്തഥാ അസിതോ ദേവലോ വ്യാസഃ സ്വയം ചൈവ ബ്രവീഷി മേ (13)

അര്‍ജുനന്‍ പറഞ്ഞു: പരബ്രഹ്മവും, പരമമായ നിവാസസ്ഥാനവും, പരമപാവകനും അങ്ങുതന്നെ. അങ്ങ് ശാശ്വതനും, ദിവ്യനും, ആദിദേവനും, ജന്മഹീനനും, സര്‍വവ്യാപിയുമായ പുരുഷനാണെന്നു ദേവര്‍ഷിയായ നാരദനും, അസിതന്‍, ദേവലന്‍, വ്യാസന്‍ എന്നീ ഋഷിമാരും പറഞ്ഞിട്ടുണ്ട്. അവിടുന്നു സ്വയം അതുതന്നെ എന്നോടു പറയുന്നു.

സര്‍വ്വമേതദൃതം മന്യേ യന്മാം വദസി കേശവ ന ഹി തേ ഭഗവന്വ്യക്തിം വിദുര്‍ദേവാ ന ദാനവാഃ (14)

കേശവാ! അങ്ങ് പറയുന്നതെല്ലാം സത്യം തന്നെയെന്ന് ഞാന്‍ കരുതുന്നു. ഭഗവാനേ! അങ്ങയുടെ പ്രഭാവത്തെ ദേവന്മാരും ദാനവ ന്മാരും അറിയുന്നില്ല.

സ്വയമേവാത്മനാത്മാനം വേത്ഥ ത്വം പുരുഷോത്തമ ഭൂതഭാവന ഭൂതേശ ദേവദേവ ജഗത്പതേ (15)

പുരുഷോത്തമനും സര്‍വഭൂതങ്ങളുടെയും ഉദ്ഭവസ്ഥാനവും, ഈശ്വരനും, ജഗത്പതിയുമായ കൃഷ്ണാ! അങ്ങ് സ്വയം അങ്ങയെ ആത്മാവായി (ഞാന്‍ ആത്മാവാണ് എന്ന്) അറിയുന്നു.

വക്തുമര്‍ഹസ്യശേഷേണ ദിവ്യാ ഹ്യാത്മവിഭൂതയഃ യാഭിര്‍വിഭൂതിഭിര്‍ലോകാനിമാംസ്ത്വം വ്യാപ്യ തിഷ്ഠസി (16)

അങ്ങയുടെ ദിവ്യങ്ങളായ വിഭൂതികളെയും, അങ്ങ് ഏതേതു വിഭൂതികളാല്‍ ഈ ലോകങ്ങളെ വ്യാപിച്ചു നില്ക്കുന്നുവോ അവയേയും അങ്ങു പൂര്‍ണ്ണമായി പറയേണ്ടതാണ്.

കഥം വിദ്യാമഹം യോഗിംസ്ത്വാം സദാ പരിചിന്തയന്‍ കേഷു കേഷു ച ഭാവേഷു ചിന്ത്യോഽസി ഭഗവന്മയാ (17)

ഭഗവാനേ! നിരന്തരം ധ്യാനിച്ചുകൊണ്ട് ഞാന്‍ അങ്ങയെ എങ്ങനെ യാണ് അറിയുക? ഏതേതു ഭാവങ്ങളിലാണ് (വസ്തുക്കളിലാണ്) ഞാന്‍ അങ്ങയെ ധ്യാനിക്കേണ്ടത്?

വിസ്തരേണാത്മനോ യോഗം വിഭൂതിം ച ജനാര്‍ദന ഭൂയഃ കഥയ തൃപ്തിര്‍ഹി ശൃണ്വതോ നാസ്തി മേഽമൃതം (18)

ജനാര്‍ദ്ദനാ! അങ്ങയുടെ യോഗത്തേയും വിഭൂതികളെയും വീണ്ടും വിസ്തരിച്ച് പറഞ്ഞാലും. അങ്ങയുടെ അമൃതസമമായ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കുന്ന എനിക്ക് ഒരിക്കലും തൃപ്തി ഉണ്ടാകുന്നില്ല.

ശ്രീഭഗവാനുവാച

ഹന്ത തേ കഥയിഷ്യാമി ദിവ്യാ ഹ്യാത്മവിഭൂതയഃ പ്രാധാന്യതഃ കുരുശ്രേഷ്ഠ നാസ്ത്യന്തോ വിസ്തരസ്യ മേ (19)

കൃഷ്ണന്‍ പറഞ്ഞു: ഹേ അര്‍ജുനാ! എന്റെ ദിവ്യങ്ങളായ വിഭൂതികളെ അവയുടെ പ്രാധാന്യമനുസരിച്ച് നിന്നോടു പറയാം. അവയെ വിശദീകരിക്കുകയാണെങ്കില്‍ അതിന് ഒരന്തവുമുണ്ടാവില്ല.

അഹമാത്മാ ഗുഡാകേശ സര്‍വ്വഭൂതാശയസ്ഥിതഃ അഹമാദിശ്ച മധ്യം ച ഭൂതാനാമന്ത ഏവ ച (20)

അര്‍ജുനാ! ഞാന്‍ സകലഭൂതങ്ങളുടെയും ഹൃദയത്തി‍ല്‍ സ്ഥിതി ചെയ്യുന്ന ആത്മാവാണ്. സകലചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്.

ആദിത്യാനാമഹം വിഷ്ണുര്‍ജ്യോതിഷാം രവിരംശുമാന്‍ മരീചിര്‍മംരുതാമസ്മി നക്ഷത്രാണാമഹം ശശീ (21)

ആദിത്യന്മാരില്‍ വിഷ്ണുവും, ജ്യോതിസ്സുകളില്‍ അത്യുജ്വലനായ സൂര്യനും, വായുദേവന്മാരില്‍ മരീചിയും, നക്ഷത്രങ്ങളില്‍ (നശിക്കാത്ത വസ്തുക്കളില്‍) ചന്ദ്രനും ഞാനാണ്.

വേദാനാം സാമവേദോഽസ്മി ദേവാനാമസ്മി വാസവഃ ഇന്ദ്രിയാണാം മനശ്ചാസ്മി ഭൂതാനാമസ്മി ചേതനാ (22)

വേദങ്ങളില്‍ ഞാന്‍ സാമവേദമാണ്; ദേവന്മാരില്‍ ഞാന്‍ ഇന്ദ്രനുമാണ്. ഇന്ദ്രിയങ്ങളില്‍ ഞാന്‍ മനസ്സാകുന്നു. ഭൂതങ്ങളിലുള്ള ബുദ്ധിയും ഞാനാണ്.

രുദ്രാണാം ശങ്കരശ്ചാസ്മി വിത്തേശോ യക്ഷരക്ഷസാം വസൂനാം പാവകശ്ചാസ്മി മേരുഃ ശിഖരിണാമഹം (23)

രുദ്രന്മാരില്‍ ശങ്കരനും, യക്ഷന്മാരിലും രാക്ഷസന്മാരിലും കുബേരനും ഞാനാണ്. വസുക്കളില്‍ അഗ്നിയും, പര്‍വതങ്ങളില്‍ മഹാമേരുവും ഞാനാണ്.

പുരോധസാം ച മുഖ്യം മാം വിദ്ധി പാര്‍ഥ ബൃഹസ്പതിം സേനാനീനാമഹം സ്കന്ദഃ സരസാമസ്മി സാഗരഃ (24)

അര്‍ജുനാ! പുരോഹിതന്മാരില്‍ മുഖ്യനായ ബൃഹസ്പതിയാണ് ഞാന്‍ എന്നറിഞ്ഞാലും. സൈന്യാധിപന്മാരില്‍ ഞാന്‍ സ്കന്ദനാണ്. ജലാശയങ്ങളില്‍ സമുദ്രവും ഞാനാണ്.

മഹര്‍ഷിണാം ഭൃഗുരഹം ഗിരാമസ്മ്യേകമക്ഷരം യജ്ഞാനാം ജപയജ്ഞോഽസ്മി സ്ഥാവരാണാം ഹിമാലയഃ (25)

ഞാന്‍ മഹര്‍ഷിമാരില്‍ ഭൃഗുവും, വാക്കുകളില്‍ ഏകാക്ഷരമായ ഓങ്കാരവുമാകുന്നു. യജ്ഞങ്ങളില്‍ ജപയജ്ഞവും സ്ഥാവരങ്ങളില്‍ ഹിമാലയവും ഞാനാണ്.

അശ്വത്ഥഃ സര്‍വ്വവൃക്ഷാണാം ദേവര്‍ഷീണാം ച നാരദഃ ഗന്ധര്‍വ്വാണാം ചിത്രരഥഃ സിദ്ധാനാം കപിലോ മുനിഃ (26) ഉച്ചൈഃശ്രവസമശ്വാനാം വിദ്ധി മാമമൃതോദ്ഭവം ഐരാവതം ഗജേന്ദ്രാണാം നരാണാം ച നരാധിപം (27)

എല്ലാ വൃക്ഷങ്ങളിലും വെച്ച് അശ്വത്ഥവും, ദേവര്‍ഷിമാരില്‍ നാരദനും, ഗന്ധര്‍വന്മാരില്‍ ചിത്രരഥനും, സിദ്ധന്മാരില്‍ കപിലമുനിയും ഞാനാണ്. അശ്വങ്ങളില്‍ അമൃതത്തില്‍ നിന്നുണ്ടായ (അമൃത ത്തിനുവേണ്ടി സമുദ്രമഥനം ചെയ്തപ്പോ‍ ഉദ്ഭവിച്ച) ഉച്ചൈഃശ്രവസ്സും, ഗജേന്ദ്രന്മാരില്‍ ഐരാവതവും, മനുഷ്യരില്‍ രാജാവും ഞാനാണ് എന്നറിഞ്ഞാലും.

ആയുധാനാമഹം വജ്രം ധേനൂനാമസ്മി കാമധുക് പ്രജനശ്ചാസ്മി കന്ദര്‍പഃ സര്‍പാണാമസ്മി വാസുകിഃ (28) അനന്തശ്ചാസ്മി നാഗാനാം വരുണോ യാദസാമഹം പിതൃണാമര്യമാ ചാസ്മി യമഃ സംയമതാമഹം (29)

ആയുധങ്ങളില്‍ വജ്രവും, പശുക്കളില്‍ കാമധേനുവും, ജനകന്മാരില്‍ കാമദേവനും, സര്‍പ്പങ്ങളില്‍ വാസുകിയും ഞാനാണ്. നാഗങ്ങളില്‍ അനന്തനും ഞാനാണ്. ജലദേവതമാരില്‍ വരുണനും, പിതൃക്കളില്‍ അര്യമാവും, നിയന്താക്കളില്‍ യമനും ഞാനാണ്.

പ്രഹ്ലാദശ്ചാസ്മി ദൈത്യാനാം കാലഃ കലയതാമഹം മൃഗാണാം ച മൃഗേന്ദ്രോഽഹം വൈനതേയശ്ച പക്ഷിണാം (30)

ദൈത്യന്മാരി‍‍ല്‍ പ്രഹ്ലാദന്‍ ഞാനാണ്. കണക്കെടുക്കന്നവരില്‍ കാലവും ഞാനാണ്. മൃഗങ്ങളില്‍ സിംഹവും, പക്ഷികളില്‍ ഗരുഡനും ഞാനാണ്.

പവനഃ പവതാമസ്മി രാമഃ ശസ്ത്രഭൃതാമഹം ഝഷാണാം മകരശ്ചാസ്മി സ്രോതസാമസ്മി ജാഹ്നവീ (31)

ശുദ്ധീകരിക്കുന്നവരില്‍ വായു ഞാനാണ്. ആയുധധാരികളില്‍ രാമനും ഞാനാണ്. മത്സ്യങ്ങളില്‍ സ്രാവും, നദികളില്‍ ഗംഗയും ഞാനാണ്.

സര്‍ഗാണാമാദിരന്തശ്ച മധ്യം ചൈവാഹമര്‍ജുന അധ്യാത്മവിദ്യാ വിദ്യാനാം വാദഃ പ്രവദതാമഹം (32)

അര്‍ജുനാ! സൃഷ്ടികളുടെ ഉല്പത്തിസ്ഥിതിലയങ്ങള്‍ ഞാനാണ്. വിദ്യകളില്‍ അദ്ധ്യാത്മവിദ്യയും, തര്‍ക്കിക്കുന്നവരുടെ വാദവും ഞാനാണ്.

അക്ഷരാണാമകാരോഽസ്മി ദ്വന്ദ്വഃ സാമാസികസ്യ ച അഹമേവാക്ഷയഃ കാലോ ധാതാഹം വിശ്വതോമുഖഃ (33)

അക്ഷരങ്ങളില്‍ അകാരവും, സമാസങ്ങളില്‍ ദ്വന്ദ്വവും ഞാനാകുന്നു. ക്ഷയമില്ലാത്ത കാലവും, സകലദിക്കുകളിലും മുഖമുള്ള ജഗത്പാലകനും ഞാനാകുന്നു.

മൃത്യുഃ സര്‍വ്വഹരശ്ചാഹമുദ്ഭവശ്ച ഭവിഷ്യതാം കീര്‍ത്തിഃ ശ്രീര്‍വാക്ച നാരീണാം സ്മൃതിര്‍മേധാ ധൃതിഃ ക്ഷമാ (34)

സകലതിനെയും സംഹരിക്കുന്ന മൃത്യു ഞാനാകുന്നു. സമൃദ്ധിയുള്ളവരാ കുവാന്‍ പോകുന്നവരുടെ സമൃദ്ധിയും, സ്ത്രൈണഗുണങ്ങളായ കീര്‍ത്തി, ശ്രീ, വാക്ക്, സ്മൃതി, ബുദ്ധി, ധൈര്യം, ക്ഷമ എന്നിവയും ഞാനാകുന്നു.

ബൃഹത്സാമ തഥാ സാമ്നാം ഗായത്രീ ഛന്ദസാമഹം മാസാനാം മാര്‍ഗശീര്‍ഷോഽഹമൃതൂനാം കുസുമാകരഃ (35)

സാമമന്ത്രങ്ങളില്‍ ബൃഹത്സാമവും, ഛന്ദസ്സുകളില്‍ ഗായത്രിയുമാണ് ഞാന്‍. മാസങ്ങളില്‍ മാ‍ര്‍ഗശീര്‍ഷവും, ഋതുക്കളില്‍ വസന്തവും ഞാനാകുന്നു.

ദ്യൂതം ഛലയതാമസ്മി തേജസ്തേജസ്വിനാമഹം ജയോഽസ്മി വ്യവസായോഽസ്മി സത്ത്വം സത്ത്വവതാമഹം (36)

വഞ്ചിക്കുന്നവര്‍ കളിക്കുന്ന ചൂതുകളിയും, തേജസ്വികളുടെ തേജസ്സും, വിജയവും, പ്രയത്നവും, സാത്വികന്മാരുടെ സത്വഗുണവും ഞാനാകുന്നു.

വൃഷ്ണീനാം വാസുദേവോഽസ്മി പാണ്ഡവാനാം ധനഞ്ജയഃ മുനീനാമപ്യഹം വ്യാസഃ കവീനാമുശനാ കവിഃ (37)

വൃഷ്ണികളില്‍ ഞാന്‍ വാസുദേവനാകുന്നു. ഞാന്‍ പാണ്ഡവന്മാരില്‍ അര്‍ജുനനും, മുനികളില്‍ വ്യാസനും, കവികളില്‍ (ജ്ഞാനികളില്‍) ശുക്രനുമാകുന്നു.

ദണ്ഡോ ദമയതാമസ്മി നീതിരസ്മി ജിഗീഷതാം മൌനം ചൈവാസ്മി ഗുഹ്യാനാം ജ്ഞാനം ജ്ഞാനവതാമഹം (38)

ശിക്ഷ നല്കുന്നവരുടെ ദണ്ഡവും (ശിക്ഷയും), ജയേച്ഛുക്കളിലെ നയവും ഞാനാകുന്നു. രഹസ്യങ്ങളില്‍ മൗനവും, ജ്ഞാനികളുടെ ജ്ഞാനവും ഞാനാകുന്നു.

യച്ചാപി സര്‍വ്വഭൂതാനാം ബീജം തദഹമര്‍ജുന ന തദസ്തി വിനാ യത്സ്യാന്മയാ ഭൂതം ചരാചരം (39)

അര്‍ജുനാ! സകലഭൂതങ്ങളുടേയും ഉല്പത്തികാരണമായത് യാതൊന്നാണോ അത് ഞാനാണ്. എന്നെക്കൂടാതെ ജീവിക്കുവാന്‍ കഴിയുന്നതായി ചരവും അചരവുമായ യാതൊരു വസ്തുവുമില്ല.

നാന്തോഽസ്തി മമ ദിവ്യാനാം വിഭൂതീനാം പരന്തപ ഏഷ തൂദ്ദേശതഃ പ്രോക്തോ വിഭൂതേര്‍വിസ്തരോ മയാ (40)

അര്‍ജുനാ! എന്റെ ദിവ്യങ്ങളായ വിഭൂതികള്‍ക്ക് അന്തമില്ല. എന്റെ വിഭൂതികളെക്കുറിച്ചുള്ള ഈ വിവരണം ഞാന്‍ സംക്ഷേപിച്ച് പറഞ്ഞിട്ടുള്ളതാണ്.

യദ്യദ്വിഭൂതിമത്സത്ത്വം ശ്രീമദൂര്‍ജിതമേവ വാ തത്തദേവാവഗച്ഛ ത്വം മമ തേജോംഽശസംഭവം (41)

വിഭൂതിയോടുകൂടിയോ, ഐശ്വര്യത്തോടുകൂടിയോ, കരുത്തോടു കൂടിയോ ഉള്ള ഏതെല്ലാം വസ്തുവുണ്ടോ അവയെല്ലാം എന്റെ തേജസ്സിന്റെ അംശത്തില്‍ നിന്നുണ്ടായതുതന്നെയെന്ന് നീ അറിഞ്ഞാലും.

അഥവാ ബഹുനൈതേന കിം ജ്ഞാതേന തവാര്‍ജുന വിഷ്ടഭ്യാഹമിദം കൃത്സ്നമേകാംശേന സ്ഥിതോ ജഗത് (42)

അര്‍ജുനാ! അല്ലെങ്കില്‍ തന്നെ വിസ്തൃതമായ ഇതിനെയെല്ലാം അറിഞ്ഞിട്ട് നിനക്കെന്തു കാര്യം? എന്റെ ഒരംശം കൊണ്ട് ഈ ജഗത്തിനെ മുഴുവന്‍ താങ്ങിയിട്ട് ഞാന്‍ വര്‍ത്തിക്കുന്നു.

വിഭൂതിയോഗം എന്ന പത്താമദ്ധ്യായം സമാപ്തം.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ വിഭൂതിയോഗോ നാമ ദശമോഽധ്യായഃ

അഥൈകാദശോഽധ്യായഃ

No comments:

Post a Comment