പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ (1)
അര്‍ജുനന്‍ പറഞ്ഞു: ഹേ കൃഷ്ണാ! ഞാന്‍ പ്രകൃതിയെയും പുരുഷനെയും, ക്ഷേത്രത്തെയും, ക്ഷേത്രജ്ഞനെയും, ജ്ഞാന ത്തിനെയും (അറിവ്), ജ്ഞേയത്തിനെയും (അറിയപ്പെടേണ്ടത്) അറിയാന്‍ ആഗ്രഹിക്കുന്നു.
ശ്രീഭഗവാനുവാച
ഇദം ശരീരം കൌന്തേയ ക്ഷേത്രമിത്യഭിധീയതേ ഏതദ്യോ വേത്തി തം പ്രാഹുഃ ക്ഷേത്രജ്ഞ ഇതി തദ്വിദഃ (2)
ശ്രീകൃഷ്ണന്‍ പറഞ്ഞു: ഹേ കുന്തീപുത്രാ! ഈ ശരീരം ക്ഷേത്രം എന്നു പറയപ്പെടുന്നു. യാതൊരുവന് ഇതിനെ അറിയുന്നുവോ അവനെ ക്ഷേത്രജ്ഞന്‍ എന്ന് അവയെ (രണ്ടിനെയും) അറിയുന്നവര്‍ പറയുന്നു.
ക്ഷേത്രജ്ഞം ചാപി മാം വിദ്ധി സര്‍വ്വക്ഷേത്രേഷു ഭാരത ക്ഷേത്രക്ഷേത്രജ്ഞയോര്‍ജ്ഞാനം യത്തജ്ജ്ഞാനം മതം മമ (3)
ഹേ പാര്‍ഥാ! എല്ലാ ക്ഷേത്രങ്ങളിലും (ശരീരങ്ങളിലും) ഞാനാണ് ക്ഷേത്രജ്ഞനെന്നു നീ അറിയുക. ക്ഷേത്രക്ഷേത്രജ്ഞന്മാരെ (ദേഹാത്മാക്കളെ) ക്കുറിച്ചുള്ള അറിവാണ് ജ്ഞാനമെന്ന് ഞാന്‍ കരുതുന്നു.
തത്ക്ഷേത്രം യച്ച യാദൃക്ച യദ്വികാരി യതശ്ച യത് സ ച യോ യത്പ്രഭാവശ്ച തത്സമാസേന മേ ശൃണു (4)
ആ ക്ഷേത്രം എന്താണ്? അത് എങ്ങനെയുള്ളതാണ്? അതിന് എന്തു വികാരങ്ങളാണുള്ളത്? ഏത് ഏതില്‍ നിന്നുണ്ടായത്? ക്ഷേത്രജ്ഞന്‍ ആരാണ്? ക്ഷേത്രജ്ഞന്റെ പ്രഭാവമെന്താണ്? ഇവയെല്ലാം സംക്ഷേപിച്ച് എന്നില്‍ നിന്ന് നീ കേട്ടാലും.
ഋഷിഭിര്‍ബഹുധാ ഗീതം ഛന്ദോഭിര്‍വിവിധൈഃ പൃഥക് ബ്രഹ്മസൂത്രപദൈശ്ചൈവ ഹേതുമദ്ഭിര്‍വിനിശ്ചിതൈഃ (5)
ഇത് (ക്ഷേത്രക്ഷേത്രജ്ഞന്മാരെക്കുറിച്ചുള്ള ഈ ജ്ഞാനം) ഋഷീശ്വരന്മാരാല് യുക്തിയുക്തവും സുനിശ്ചിതവുമായ വിവിധ വേദമന്ത്രങ്ങളിലൂടെയും ബ്രഹ്മസൂത്രപദങ്ങളിലൂടെയും വര്‍ണിക്കപ്പെട്ടി ട്ടുള്ളതാണ്.
മഹാഭൂതാന്യഹംകാരോ ബുദ്ധിരവ്യക്തമേവ ച ഇന്ദ്രിയാണി ദശൈകം ച പഞ്ച ചേന്ദ്രിയഗോചരാഃ (6) ഇച്ഛാ ദ്വേഷഃ സുഖം ദുഃഖം സംഘാതശ്ചേതനാ ധൃതിഃ ഏതത്ക്ഷേത്രം സമാസേന സവികാരമുദാഹൃതം (7)
പഞ്ചമഹാഭൂതങ്ങള്‍ (സുക്ഷ്മതന്മാത്രകള്‍), അഹങ്കാരം, ബുദ്ധി, അവ്യക്തം (മൂലപ്രകൃതി അഥവാ മായ), അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ച് കര്‍മ്മേന്ദ്രിയങ്ങള്‍, അഞ്ച് ഇന്ദ്രിയവിഷയങ്ങള്‍, ഇച്ഛാ, ദ്വേഷം, സുഖം, ദുഃഖം, ശരീരം, ചേതന, ധൈര്യം എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ക്ഷേത്രമെന്നു അതിന്റെ രൂപഭേദങ്ങളോടൊപ്പം സംക്ഷേപിച്ച് വര്‍ണിക്കപ്പെട്ടിരിക്കുന്നു.
അമാനിത്വമദംഭിത്വമഹിംസാ ക്ഷാന്തിരാര്‍ജവം ആചാര്യോപാസനം ശൌചം സ്ഥൈര്യമാത്മവിനിഗ്രഹഃ (8) ഇന്ദ്രിയാര്‍ഥേഷു വൈരാഗ്യമനഹംകാര ഏവ ച ജന്മമൃത്യുജരാവ്യാധിദുഃഖദോഷാനുദര്‍ശനം (9) അസക്തിരനഭിഷ്വംഗഃ പുത്രദാരഗൃഹാദിഷു നിത്യം ച സമചിത്തത്വമിഷ്ടാനിഷ്ടോപപത്തിഷു (10) മയി ചാനന്യയോഗേന ഭക്തിരവ്യഭിചാരിണീ വിവിക്തദേശസേവിത്വമരതിര്‍ജനസംസദി (11) അദ്ധ്യാത്മജ്ഞാനനിത്യത്വം തത്ത്വജ്ഞാനാര്‍ഥദര്‍ശനം ഏതജ്ജ്ഞാനമിതി പ്രോക്തമജ്ഞാനം യദതോഽന്യഥാ (12)
വിനയം, ആത്മപ്രശംസ ചെയ്യായ്ക, ഹിംസിക്കാതിരിക്കുക, ക്ഷമ, ഋജുത്വം (കളവില്ലായ്മ), ഗുരുശുശ്രുഷ, ശുചിത്വം, നിഷ്ഠ, ആത്മനിയന്ത്രണം, ഇന്ദ്രിയവിഷയങ്ങളില്‍ വിരക്തി, അഹങ്കാര രാഹിത്യം, ജനനം, മരണം, ജര, വ്യാധി, ദുഃഖം എന്നിവയുടെ ദോഷവശങ്ങളെക്കുറിച്ച് വിചാരം ചെയ്യുക, ആസക്തിയില്ലായ്മ, പുത്രകളത്രഗൃഹാദികളില്‍ താദാത്മ്യമില്ലാതിരിക്കുക, ഇഷ്ടമുള്ളതോ ഇഷ്ടമില്ലാത്തതോ വന്നുചേരുമ്പോള്‍ സദാ സമചിത്തനായിരിക്കുക, എന്നില്‍ അനന്യവും അചഞ്ചലമായ ഭക്തിയുണ്ടായിരിക്കുക, നിര്‍ജനമായ സ്ഥലത്ത് താമസിക്കുക, ജനമദ്ധ്യത്തിലിരിക്കാന് ഇഷ്ടപ്പെടായ്ക, ആത്മജ്ഞാനത്തില് നിഷ്ഠ, തത്ത്വജ്ഞാനത്തിന്റെ സാരം അറിയുക എന്നിവയാണ് ജ്ഞാനമെന്ന് പറയപ്പെടുന്നത്. ഇതിന് വിരോധമായിട്ടുള്ളത് അജ്ഞാനവുമാകുന്നു.
ജ്ഞേയം യത്തത്പ്രവക്ഷ്യാമി യജ്ഞാത്വ മൃതമശ്നുതേ അനാദിമത്പരം ബ്രഹ്മ ന സത്തന്നാസദുച്യതേ (13)
അറിയപ്പെടേണ്ടതേതോ അതു ഞാന്‍ പറയാം. യാതൊന്നിനെ അറിഞ്ഞാലാണോ മരണമില്ലാത്ത നിലയെ പ്രാപിക്കുന്നത്, അതാണ് അനാദിയും അതിശ്രേഷ്ഠവുമായ ബ്രഹ്മം. അത് സത്ത് (ഉള്ളത്) എന്നോ അസത്ത് (ഇല്ലാത്തത്) എന്നോ പറയുവാന്‍ നിവൃത്തിയില്ല.
സര്‍വ്വതഃ പാണിപാദം തത് സര്‍വ്വതോഽക്ഷിശിരോമുഖം സര്‍വതഃ ശ്രുതിമല്ലോകേ സര്‍വ്വമാവൃത്യ തിഷ്ഠതി (14)
എല്ലാഭാഗത്തും കൈകാലുകളുള്ളതും, എല്ലായിടത്തും നേത്രശിരോ മുഖങ്ങളുള്ളതും, സര്‍വത്ര കര്‍ണങ്ങളോടു കൂടിയതുമായ അത് സര്‍വത്ര വ്യാപിച്ചു സ്ഥിതി ചെയ്യുന്നു.
സര്‍വ്വേന്ദ്രിയഗുണാഭാസം സര്‍വ്വേന്ദ്രിയവിവര്‍ജിതം അസക്തം സര്‍വ്വഭൃച്ചൈവ നിര്‍ഗുണം ഗുണഭോക്തൃ ച (15) ബഹിരന്തശ്ച ഭൂതാനാമചരം ചരമേവ ച സൂക്ഷ്മത്വാത്തദവിജ്ഞേയം ദൂരസ്ഥം ചാന്തികേ ച തത് (16) അവിഭക്തം ച ഭൂതേഷു വിഭക്തമിവ ച സ്ഥിതം ഭൂതഭര്തൃ ച തജ്ജ്ഞേയം ഗ്രസിഷ്ണു പ്രഭവിഷ്ണു ച (17)
ഇന്ദ്രിയങ്ങളില്ലാതെ തന്ന ഇന്ദ്രിയഗുണങ്ങളാല്‍ പ്രശോഭിക്കുന്നതും, ഒന്നിലും ബന്ധപ്പെടുന്നില്ലെങ്കിലും എല്ലാറ്റിനേയും ഭരിച്ചുകൊണ്ടി രിക്കുന്നതും, ഗുണമില്ലാതെ ഗുണങ്ങളെ അനുഭവിക്കുന്നതും, ജീവരാശികളുടെ ഉള്ളിലും പുറത്തും സ്ഥിതിചെയ്യുന്നതും, ചരവും അചരവുമായിരിക്കുന്നതും, അടുത്തും, ദൂരെയും വര്‍ത്തിക്കുന്നതുമാണ് അത്. അത് വിഭജിക്കപ്പെട്ടില്ലെങ്കിലും വിഭജിക്കപ്പെട്ടതുപോലെ ഭൂതങ്ങളില്‍ ഇരിക്കുന്നു. അത് ഭുതങ്ങളെ ഭരിക്കുകയും സംഹരിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നു എന്നറിയണം.
ജ്യോതിഷാമപി തജ്ജ്യോതിസ്തമസഃ പരമുച്യതേ ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം ഹൃദി സര്‍വ്വസ്യ വിഷ്ഠിതം (18)
പ്രകാശങ്ങള്‍ക്കെല്ലാം പ്രകാശമായിട്ടുള്ള ആ ബ്രഹ്മം അന്ധകാര ത്തിന്നപ്പുറമായിട്ടുള്ളതാണെന്നു പറയുന്നു. അറിവും (ജ്ഞാനം) അറിയപ്പെടേണ്ടതും (ജ്ഞേയം) അറിവിനാല്‍ എത്തിച്ചേരേണ്ടതും (ജ്ഞാനഗമ്യം) എല്ലവരുടെയും ഹൃദയത്തെ അധിവസിക്കുന്നതും അതു (ബ്രഹ്മം) തന്നെ.
ഇതി ക്ഷേത്രം തഥാ ജ്ഞാനം ജ്ഞേയം ചോക്തം സമാസതഃ മദ്ഭക്ത ഏതദ്വിജ്ഞായ മദ്ഭാവായോപപദ്യതേ (19)
ഇപ്രകാരം ക്ഷേത്രം, ജ്ഞാനം, ജ്ഞേയം എന്നിവയെപ്പറ്റി ഞാന്‍ സംക്ഷേപിച്ചു പറഞ്ഞു കഴിഞ്ഞു. എന്റെ ഭക്തന്‍ ഇതിനെ അറിഞ്ഞിട്ട് എന്റെ ഭാവത്തിന് (ഞാനുമായി ഐക്യം പ്രാപിക്കുവാന്‍) അര്‍ഹനായിത്തീരുന്നു.
പ്രകൃതിം പുരുഷം ചൈവ വിദ്ധ്യനാദീ ഉഭാവപി വികാരാംശ്ച ഗുണാംശ്ചൈവ വിദ്ധി പ്രകൃതിസംഭവാന്‍ (20)
പ്രകൃതി, പുരുഷന്‍ എന്നിവ രണ്ടും അനാദികളാണ് എന്നറിയണം. വികാരങ്ങളും ഗുണങ്ങളും പ്രകൃതിയില്‍ നിന്ന് ഉദ്ഭവിക്കുന്ന വയാണെന്നും അറിയുക.
കാര്യകാരണകര്‍തൃത്വേ ഹേതുഃ പ്രകൃതിരുച്യതേ പുരുഷഃ സുഖദുഃഖാനാം ഭോക്തൃത്വേ ഹേതുരുച്യതേ (21)
ദേഹേന്ദ്രിയമനോബുദ്ധികളുടെ ഉല്പത്തിക്ക് ഹേതു പ്രകൃതിയാകുന്നു. പുരുഷന്‍ (ജീവന്‍) ആണ് സുഖദുഃഖങ്ങളുടെ അനുഭുതിക്കു കാരണ മായിത്തീരുന്നത്.
പുരുഷഃ പ്രകൃതിസ്ഥോ ഹി ഭുങ്ക്തേ പ്രകൃതിജാന്‍ ഗുണാന്‍ കാരണം ഗുണസംഗോഽസ്യ സദസദ്യോനിജന്മസു (22)
പുരുഷന്‍ (ജീവന്‍) പ്രകൃതിയില്‍ ഇരുന്നുകൊണ്ട്, പ്രകൃതിയില്‍ നിന്നുണ്ടാകുന്ന സുഖദുഃഖാദി ഗുണങ്ങളെ അനുഭവിക്കുന്നു. ഈ പുരുഷന്‍ ഉത്തമവും നീചവുമായ യോനികളില്‍ ജനിക്കുവാന്‍ കാരണം പ്രകൃതിഗുണങ്ങളോടുള്ള സംഗമാണ്.
ഉപദ്രഷ്ടാനുമന്താ ച ഭര്‍ത്താ ഭോക്താ മഹേശ്വരഃ പരമാത്മേതി ചാപ്യുക്തോ ദേഹേഽസ്മിന്പുരുഷഃ പരഃ (23)
ഈ ശരീരത്തില്‍ വര്‍ത്തിക്കുന്ന പരമപുരുഷന്‍ സാക്ഷിയെന്നും, അനുവദിക്കുന്നവനെന്നും, ഭരിക്കുന്നവനെന്നും, അനുഭവിക്കുന്നവ നെന്നും മഹേശ്വരനെന്നും, പരമാത്മാവെന്നും വിളിക്കപ്പെടുന്നു.
യ ഏവം വേത്തി പുരുഷം പ്രകൃതിം ച ഗുണൈഃ സഹ സര്‍വ്വഥാ വര്‍ത്തമാനോഽപി ന സ ഭൂയോഽഭിജായതേ (24)
പുരുഷനെയും ഗുണങ്ങളോടുകൂടിയ പ്രകൃതിയേയും ഇപ്രകാരം അറിയുന്നവന്‍ ഏതുവിധത്തില്‍ ജീവിച്ചാലും അവന്‍ വീണ്ടും ജനിക്കുന്നതല്ല.
ധ്യാനേനാത്മനി പശ്യന്തി കേചിദാത്മാനമാത്മനാ അന്യേ സാംഖ്യേന യോഗേന കര്‍മയോഗേന ചാപരേ (25)
ചിലര്‍ ധ്യാനംകൊണ്ട് ശുദ്ധമായ ഹൃദയത്താല്‍ ആത്മാവിനെ ബുദ്ധിയിലറിയുന്നു; മറ്റു ചിലര്‍ സാംഖ്യയോഗം കൊണ്ടും വേറെ ചിലര്‍ കര്‍മ്മയോഗം കൊണ്ടും ആത്മാവിനെ ദര്‍ശിക്കുന്നു.
അന്യേ ത്വേവമജാനന്തഃ ശ്രുത്വാന്യേഭ്യ ഉപാസതേ തേഽപി ചാതിതരന്ത്യേവ മൃത്യും ശ്രുതിപരായണാഃ (26)
ഇത് ഇപ്രകാരം അറിയാത്തവര്‍ അന്യന്മാര്‍ പറഞ്ഞുകേട്ടതനുസരിച്ച് ഉപാസിക്കുന്നു. കേട്ടറിഞ്ഞതിനെ പരമലക്ഷ്യമായി കരുതുന്നവരായ അവരും മരണത്തെ തരണം ചെയ്യുന്നതാണ്.
യാവത്സഞ്ജായതേ കിഞ്ചിത്സത്ത്വം സ്ഥാവരജംഗമം ക്ഷേത്രക്ഷേത്രജ്ഞസംയോഗാത്തദ്വിദ്ധി ഭരതര്‍ഷഭ (27)
ഹേ ഭരതവംശശ്രേഷ്ഠാ, സ്ഥാവരവും ജംഗമവുമായുള്ള ജനിക്കുന്ന തെല്ലാം തന്നെ ക്ഷേത്ര-ക്ഷേത്രജ്ഞന്മാരുടെ സംയോഗത്തില്‍ നിന്നാണ് ഉണ്ടാകുന്നത് എന്ന് അറിയൂ.
സമം സര്‍വ്വേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം വിനശ്യത്സ്വവിനശ്യന്തം യഃ പശ്യതി സ പശ്യതി (28)
ജീവജാലങ്ങളിലെല്ലാം സമമായി സ്ഥിതിചെയ്യുന്നവനും നശിക്കുന്നവയിലെല്ലാം അവിനാശിയായി വര്‍ത്തിക്കുന്നവനുമായ പരമേശ്വരനെ ആരാണോ ദര്‍ശിക്കുന്നത് അവന്‍ ശരിയായി കാണുന്നു (അവന്‍ സത്യത്തെ അറിയുന്നു).
സമം പശ്യന്‍ ഹി സര്‍വ്വത്ര സമവസ്ഥിതമീശ്വരം ന ഹിനസ്ത്യാത്മനാത്മാനം തതോ യാതി പരാം ഗതിം (29)
ഈശ്വരന്‍ സര്‍വത്ര ഒരുപോലെ വ്യാപിച്ചിരിക്കുന്നതായി കാണുന്നവന്‍ (അജ്ഞാനം നിമിത്തം ആത്മാവിനെ അറിയാ തിരിക്കുന്നതിലൂടെ) തന്നെ സ്വയം നശിപ്പിക്കുന്നില്ല. അതുകൊണ്ട് അവന്‍ പരമപദത്തെ അണയുന്നു.
പ്രകൃത്യൈവ ച കര്‍മാണി ക്രിയമാണാനി സര്‍വ്വശഃ യഃ പശ്യതി തഥാത്മാനമകര്‍ത്താരം സ പശ്യതി (30)
കര്‍മങ്ങളെല്ലാം ചെയ്യപ്പെടുന്നത് പ്രകൃതിയാല്‍ മാത്രമാണെന്നും ആത്മാവ് ഒന്നും ചെയ്യാത്തവനാണെന്നും ആരാണോ കാണുന്നത് അവന് യഥാര്‍ഥ്യത്തെ അറിയുന്നു.
യദാ ഭൂതപൃഥഗ്ഭാവമേകസ്ഥമനുപശ്യതി തത ഏവ ച വിസ്താരം ബ്രഹ്മ സമ്പദ്യതേ തദാ (31)
വൈവിധ്യമാര്‍ന്ന ജീവജാലം ഏകവസ്തുവില്‍ തന്നെ സ്ഥിതിചെയ്യുന്നതായും, അതില്‍ നിന്നു തന്നെ വികാസം പ്രാപിക്കുന്നതായും ഒരുവന്‍ എപ്പോള്‍ അറിയുന്നുവോ, അപ്പോള്‍ അവന്‍ ബ്രഹ്മമായിത്തീരുന്നു.
അനാദിത്വാന്നിര്‍ഗുണത്വാത് പരമാത്മായമവ്യയഃ ശരീരസ്ഥോഽപി കൌന്തേയ ന കരോതി ന ലിപ്യതേ (32)
ഹേ കൗന്തേയ! അനാദിയും നിര്‍ഗുണനും ആകയാല്‍ ഈ പരമാത്മാവ് ശരീരത്തില്‍ വര്‍ത്തിക്കുന്നുണ്ടെങ്കിലും യാതൊന്നും ചെയ്യുകയോ ഒന്നിനോടും സക്തനാകുകയോ ചെയ്യുന്നില്ല.
യഥാ സര്‍വ്വഗതം സൌക്ഷ്മ്യാദാകാശം നോപലിപ്യതേ സര്‍വ്വത്രാവസ്ഥിതോ ദേഹേ തഥാത്മാ നോപലിപ്യതേ (33)
സര്‍വവ്യാപിയായ ആകാശം സുക്ഷ്മത്വം നിമിത്തം എപ്രകാരം മലിനപ്പെടാതിരിക്കുന്നുവോ, അപ്രകാരം തന്നെ ദേഹത്തില്‍ സര്‍വ്വത്ര വ്യാപ്തനായിരിക്കുന്ന ആത്മാവും മലിനപ്പെടുന്നില്ല.
യഥാ പ്രകാശയത്യേകഃ കൃത്സ്നം ലോകമിമം രവിഃ ക്ഷേത്രം ക്ഷേത്രീ തഥാ കൃത്സ്നം പ്രകാശയതി ഭാരത (34)
ഹേ ഭാരത! സൂര്യന്‍ ഏകനായി ഈ ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്നതുപോലെ ദേഹത്തില്‍ വര്‍ത്തിക്കുന്ന പുരുഷന്‍ ദേഹത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്നു.
ക്ഷേത്രക്ഷേത്രജ്ഞയോരേവമന്തരം ജ്ഞാനചക്ഷുഷാ ഭൂതപ്രകൃതിമോക്ഷം ച യേ വിദുര്‍യാന്തി തേ പരം (35)
ഇപ്രകാരം ക്ഷേത്രവും ക്ഷേത്രജ്ഞനും തമ്മിലുള്ള വ്യത്യാസത്തേയും, ഭുതപ്രകൃതിമോക്ഷത്തെയും ജ്ഞാനദൃഷ്ടികൊണ്ടു കണ്ടറിയുന്നവര്‍ പരമമായ പദത്തെ പ്രാപിക്കുന്നു. (ഭൂതങ്ങളുടെ ഹേതുവായ പ്രകൃതിയുടെ അഭാവമാണ് ഭൂതപ്രകൃതിമോക്ഷം. പ്രകൃതി അഥവാ അവിദ്യ ഇല്ലാത്തതാണ് എന്ന് അറിയുന്നവന്‍ മോക്ഷം പ്രാപിക്കുന്നു എന്നു താത്പര്യം).
ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗോ നാമ ത്രയോദശോഽധ്യായഃ
അഥ ചതുര്‍ദശോഽധ്യായഃ
No comments:
Post a Comment