Monday, October 2, 2017

അദ്ധ്യായം 12 - ഭക്തിയോഗഃ

അര്‍ജുന ഉവാച

ഏവം സതതയുക്താ യേ ഭക്താസ്ത്വാം പര്യുപാസതേ യേ ചാപ്യക്ഷരമവ്യക്തം തേഷാം കേ യോഗവിത്തമാഃ (1)

അര്‍ജുനന്‍ പറഞ്ഞു: ഇപ്രകാരം സദാ അങ്ങയില്‍ മനസ്സുറപ്പിച്ച് അങ്ങയെ ഉപാസിക്കുന്ന ഭക്തന്മാരോ, അതോ അവ്യക്തമായ അക്ഷരബ്രഹ്മത്തെ ഉപാസിക്കുന്നവരോ, ഇവരില്‍ ഏറ്റവും ശ്രേഷ്ഠ രായ യോഗികള്‍ ആരാണ്?

ശ്രീഭഗവാനുവാച

മയ്യാവേശ്യ മനോ യേ മാം നിത്യയുക്താ ഉപാസതേ ശ്രദ്ധയാ പരയോപേതാഃ തേ മേ യുക്തതമാ മതാഃ (2)

ഭഗവാന്‍ പറഞ്ഞു: എന്നില്‍ മനസ്സുറപ്പിച്ച് സ്ഥിരമായ നിഷ്ഠയോടും പരമമായ ശ്രദ്ധയോടും കുടി എന്നെ ആരാധിക്കുന്നുവര്‍ ആരാണോ അവരാണ് ഏറ്റവും ശ്രേഷ്ഠരായ യോഗികള്‍ എന്നാണ് എന്റെ അഭിപ്രായം.

യേ ത്വക്ഷരമനിര്‍ദ്ദേശ്യമവ്യക്തം പര്യുപാസതേ സര്‍വ്വത്രഗമചിന്ത്യം ച കൂടസ്ഥമചലം ധ്രുവം (3) സന്നിയമ്യേന്ദ്രിയഗ്രാമം സര്‍വ്വത്ര സമബുദ്ധയഃ തേ പ്രാപ്നുവന്തി മാമേവ സര്‍വ്വഭൂതഹിതേ രതാഃ (4)

എന്നാല്‍ ഇന്ദ്രിയ സംയമനം ചെയ്തുകൊണ്ട് അവിനാശിയും, അവര്‍ണനീയവും, അവ്യക്തവും, സര്‍വത്ര വ്യാപ്തവും, അചിന്തനീയവും, മാറ്റമില്ലാത്തതും, ചലിക്കാത്തതും, നിത്യവുമായ ബ്രഹ്മത്തെ ഉപാസിക്കുകയും, സകലതിലും സമബുദ്ധിയോടെ യിരിക്കയും, സകലചരാചരങ്ങളുടെയും ഹിതത്തിനായി പ്രവര്‍ത്തി ക്കുകയും ചെയ്യുന്നരും എന്നെത്തന്നെ പ്രാപിക്കുന്നു.

ക്ലേശോഽധികതരസ്തേഷാമവ്യക്താസക്തചേതസാം അവ്യക്താ ഹി ഗതിര്‍ദുഃഖം ദേഹവദ്ഭിരവാപ്യതേ (5)

അവ്യക്തത്തില്‍ (നിര്‍ഗുണബ്രഹ്മത്തില്‍) മനസ്സുറപ്പിച്ചവര്‍ക്ക് ക്ലേശം അധികമായി ഉണ്ടാകുന്നതാണ്. എന്തെന്നാല്‍ അവ്യക്തത്തിനെ ഉപാസിക്കുന്നത് ദേഹികള്‍ക്ക് ദുഷ്കരമായിട്ടുള്ളതാകുന്നു.

യേ തു സര്‍വ്വാണി കര്‍മാണി മയി സംന്യസ്യ മത്പരഃ അനന്യേനൈവ യോഗേന മാം ധ്യായന്ത ഉപാസതേ (6) തേഷാമഹം സമുദ്ധര്‍താ മൃത്യുസംസാരസാഗരാത് ഭവാമി നചിരാത്പാര്‍ഥ മയ്യാവേശിതചേതസാം (7)

സമലകര്‍മ്മങ്ങളേയും എന്നില്‍ സമര്‍പിച്ചിട്ട് എന്നെ പരമ ലക്ഷ്യമായി കരുതുന്നവരും, അന്യവിഷയങ്ങളില്‍ നിന്ന് വിട്ട്, അനന്യഭക്തിയോടെ എന്നെ ധ്യാനിക്കുന്നവരുമായവര്‍ ആരാണോ, എന്നില്‍ ഉറപ്പിച്ച മനസ്സോടുകൂടിയവരായ അവരെ ഞാന്‍ വേഗം തന്നെ സംസാരസാഗരത്തില്‍ നിന്നു കരകയറ്റുന്നതാണ്.

മയ്യേവ മന ആധത്സ്വ മയി ബുദ്ധിം നിവേശയ നിവസിഷ്യസി മയ്യേവ അത ഊര്‍ധ്വം ന സംശയഃ (8)

നീ എന്നില്‍ തന്നെ നിന്റെ മനസ്സുറപ്പിക്കുക. നിന്റെ ബുദ്ധിയെയും എന്നില്‍ സ്ഥാപിക്കുക. അതിനുശേഷം നീ എന്നില്‍ തന്നെ നിവസിക്കും, സംശയമില്ല.

അഥ ചിത്തം സമാധാതും ന ശക്നോഷി മയി സ്ഥിരം അഭ്യാസയോഗേന തതോ മാമിച്ഛാപ്തും ധനഞ്ജയ (9)

എന്നില്‍ സ്ഥിരമായി മനസ്സിനെ നിര്‍ത്തുവാ‌ന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ അഭ്യാസയോഗത്തലൂടെ എന്നെ പ്രാപിക്കുവാന്‍ ശ്രമിക്കൂ.

(മനസ്സിനെ നിരന്തരം മറ്റു വിഷയങ്ങളില്‍ നിന്ന് പിന്‍ തിരിപ്പിച്ച് ഈശ്വരനില്‍ ഉറപ്പിക്കുന്ന അഭ്യാസമാണ് അഭ്യാസയോഗം).

അഭ്യാസേഽപ്യസമര്‍ഥോഽസി മത്കര്‍മപരമോ ഭവ മദര്‍ഥമപി കര്‍മാണി കുര്‍വ്വന്‍ സിദ്ധിമവാപ്സ്യസി (10)

അഭ്യാസയോഗം അനുഷ്ഠിക്കുവാനും നിനക്ക് കഴിയില്ലെങ്കില്‍ എന്നില്‍ സമര്‍പ്പിച്ച് കര്‍മ്മം ചെയ്യുക. എന്നില്‍ സമര്‍പ്പിച്ച് കര്‍മ്മം ചെയ്തുകൊണ്ടും നീ സിദ്ധിയെ പ്രാപിക്കുന്നതാണ്.

അഥൈതദപ്യശക്തോഽസി കര്തും മദ്യോഗമാശ്രിതഃ സര്‍വ്വകര്‍മംഫലത്യാഗം തതഃ കുരു യതാത്മവാന്‍ (11)

ഇതിനും (എന്നില്‍ സമര്‍പ്പിച്ച് കര്‍മ്മം ചെയ്യുവാനും) നീ അശക്തനാണെങ്കി‍ല്‍, പിന്നീട് എന്നെ ശരണം പ്രാപിച്ച് ആത്മസംയമനത്തോടുകൂടി സകലകര്‍മ്മങ്ങളുടെയും ഫലത്തെ ത്യജിച്ചാലും.

(കര്‍മ്മഫലത്യാഗമെന്നതുകൊണ്ട് കര്‍മ്മഫലത്തിനോടുള്ള ആസ ക്തിയെ ത്യജിക്കലാണ് ഉദ്ദേശിച്ചിട്ടുള്ളത്).

ശ്രേയോ ഹി ജ്ഞാനമഭ്യാസാജ്ജ്ഞാനാദ്ധ്യാനം വിശിഷ്യതേ ധ്യാനാത്കര്‍മഫലത്യാഗസ്ത്യാഗാച്ഛാന്തിരനന്തരം (12)

അഭ്യാസത്തെക്കാള്‍ ജ്ഞാനവും, ജ്ഞാനത്തെക്കാള്‍ ധ്യാനവും ശ്രേഷ്ഠമാകുന്നു. കര്‍മ്മഫലത്യാഗം ധ്യാനത്തെക്കാളും വിശിഷ്ടമാണ്. (കര്‍മ്മഫല) ത്യാഗത്തില്‍ നിന്ന് ഉടന്‍തന്നെ ശാന്തി ഉണ്ടാകുന്നു.

അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്രഃ കരുണ ഏവ ച നിര്‍മമോ നിരഹങ്കാരഃ സമദുഃഖസുഖഃ ക്ഷമീ (13) സന്തുഷ്ടഃ സതതം യോഗീ യതാത്മാ ദൃഢനിശ്ചയഃ മയ്യര്‍പിതമനോബുദ്ധിര്‍യോ മദ്ഭക്തഃ സ മേ പ്രിയഃ (14)

സകല ജീവജാലങ്ങളോടും ദ്വേഷമില്ലാത്തവനും, മൈത്രിയും, കരുണയുമുള്ളവനും, മമതയില്ലാത്തവനും, അഹങ്കാരരഹിതനും, സുഖദുഃഖങ്ങളെ ഒരുപോലെ കണക്കാക്കുന്നവനും, ക്ഷമയുള്ളവനും, സന്തുഷ്ടനും, യോഗനിഷ്ഠനും, ആത്മസംയമനവും, ദൃഢനിശ്ചയ വുമുള്ളവനും, മനസ്സും ബുദ്ധിയും എന്നില്‍ അര്‍പിച്ചവനുമായ എന്റെ ഭക്തന്‍ ആരാണോ, അവന്‍ എനിക്കു പ്രിയപ്പെട്ടവനാകുന്നു.

യസ്മാന്നോദ്വിജതേ ലോകോ ലോകാന്നോദ്വിജതേ ച യഃ ഹര്‍ഷാമര്‍ഷഭയോദ്വേഗൈര്‍മുക്തോ യഃ സ ച മേ പ്രിയഃ (15)

ലോകത്തെ ക്ലേശപ്പെടുത്താതിരിക്കുകയും, ലോകത്താല്‍ ക്ലേശിക്ക പ്പെടാതിരിക്കുകയും ചെയ്യുന്നവനും, സന്തോഷം, അസൂയ, ഭയം, ഉത്കണ്ഠ എന്നിയവയില്‍ നിന്ന് മുക്തനുമായവന്‍ ആരാണോ, അവനും എനിക്ക് പ്രിയപ്പെട്ടവനാകുന്നു.

അനപേക്ഷഃ ശുചിര്‍ദക്ഷ ഉദാസീനോ ഗതവ്യഥഃ സര്‍വ്വാരംഭപരിത്യാഗീ യോ മദ്ഭക്തഃ സ മേ പ്രിയഃ (16)

ആഗ്രഹങ്ങളില്ലാത്തവനും ശുചിത്വമുള്ളവനും, സമര്‍ത്ഥനും, ഉദാസീനനും, ദുഃഖമില്ലാത്തവനും, സ്വാര്‍ഥകര്‍മ്മങ്ങളെ പരിത്യജിച്ച വനുമായ ഭക്തന്‍ എനിക്ക് പ്രിയപ്പെട്ടവനാകുന്നു.

യോ ന ഹൃഷ്യതി ന ദ്വേഷ്ടി ന ശോചതി ന കാംക്ഷതി ശുഭാശുഭപരിത്യാഗീ ഭക്തിമാന്‍ യഃ സ മേ പ്രിയഃ (17)

സന്തോഷിക്കുകയോ ദ്വേഷിക്കുകയോ ദുഃഖിക്കുകയോ ആഗ്രഹി ക്കുകയോ ചെയ്യാത്തവനും, ശുഭാശുഭകര്‍മ്മങ്ങളെ പരിത്യജിച്ചവനും, ഭക്തിയുള്ളവനുമായവന്‍ എനിക്ക് പ്രിയപ്പെട്ടവനാകുന്നു.

സമഃ ശത്രൌ ച മിത്രേ ച തഥാ മാനാപമാനയോഃ ശീതോഷ്ണസുഖദുഃഖേഷു സമഃ സംഗവിവര്‍ജിതഃ (18) തുല്യനിന്ദാസ്തുതിര്‍മൗനീ സന്തുഷ്ടോ യേന കേനചിത് അനികേതഃ സ്ഥിരമതിര്‍ഭക്തിമാന്‍ മേ പ്രിയോ നരഃ (19)

ശത്രുമിത്രങ്ങള്‍, മാനാപമാനങ്ങള്‍, സുഖദുഃഖങ്ങള്‍, ശീതോഷ്ണങ്ങള്‍ എന്നിവയെ സമമായി കാണുന്നവനും, ആസക്തിയില്ലാത്തവനും, നിന്ദാസ്തുതികളെ തുല്യമായി കാണുന്നവനും, മൗനിയും, കിട്ടിയതുകൊണ്ടു തൃപ്തിയടയുന്നവനും, വീടില്ലാത്തവനും, സ്ഥിരമായ ബുദ്ധിയോടുകൂടിയവനുമായ ഭക്തന്‍ എനിക്കു പ്രിയപ്പെട്ടവനാകുന്നു.

യേ തു ധര്‍മ്യാമൃതമിദം യഥോക്തം പര്യുപാസതേ ശ്രദ്ദധാനാ മത്പരമാ ഭക്താസ്തേഽതീവ മേ പ്രിയാഃ (20)

അമൃതമയമായ ഈ ധര്‍മ്മത്തെ ഞാന്‍ ഉപദേശിച്ചതു പോലെ അനുഷ്ഠിക്കുന്നവര്‍ ആരാണോ, ശ്രദ്ധയുള്ളവരും, എന്നെ പരമലക്ഷ്യവുമായി കാണുന്നവരുമായ ആ ഭക്തന്മാര്‍ എനിക്ക് അത്യന്തം പ്രിയപ്പെട്ടവരത്രേ.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ ഭക്തിയോഗോ നാമ ദ്വാദശോഽധ്യായഃ

അഥ ത്രയോദശോഽധ്യായഃ

No comments:

Post a Comment