Wednesday, June 6, 2018

രാജാവും അരയന്നങ്ങളും


ഒരു നഗരത്തിൽ ചിത്രരഥൻ എന്ന് പേരുള്ള ഒരു രാജാവുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ഒരു വലിയ താമരപ്പൊയ്കയുണ്ടായിരുന്നു. ആ പൊയ്കയിൽ
സ്വർണ്ണ നിറത്തിലുള്ള ധാരാളം അരയന്നങ്ങൾ താമസിച്ചിരുന്നു

ഓരോ ആറുമാസം കൂടുമ്പോഴും ഈ അരയന്നങ്ങൾ ഓരോരുത്തരും ഓരോ പൊൻതൂവൽ രാജാവിന് കൊടുക്കും. 

അങ്ങിനെയിരിക്കെ ഒരുദിവസം ആ കുളത്തിൽ വെള്ളി നിറത്തിലുള്ള മറ്റൊരു പക്ഷി വന്നുചേർന്നു.പുതിയ അതിഥിയെ കണ്ട സ്വർണ്ണ അരയന്നങ്ങൾ അവനോട് പറഞ്ഞു: "നീ എന്തിനാണിവിടേക്ക് വന്നത്? ഞങ്ങൾ രാജാവിന് പൊൻതൂവലുകൾ കൊടുത്ത് സ്വന്തമാക്കിയ കുളമാണ് ഇത്. വേഗം ഇവിടെ നിന്ന് പോകുന്നതാണ് നിനക്ക് നല്ലത്. "

ഇങ്ങിനെ പരസ്പരം പറഞ്ഞ് പറഞ്ഞ് അവർ തമ്മിൽ വഴക്കായി. അവസാനം വെള്ളിനിറമുള്ള പക്ഷി രാജാവിന്റെ സമീപത്തുചെന്ന് ഇങ്ങിനെ അറിയിച്ചു: "രാജാവേ! ഈ കുളം അങ്ങയുടേതല്ലെ? ഇവിടെ ആര് താമസിക്കണമെന്ന് തീരുമാനിക്കേണ്ടത് അങ്ങല്ലെ? എന്നെ അവിടെ താമസിക്കാൻ അവിടത്തെ താമസക്കാരായ സ്വർണ്ണ അരയന്നങ്ങൾ സമ്മതിക്കുന്നില്ല. അവിടുന്ന് തന്നെ ഇതിന് ഒരു പരിഹാരം ഉണ്ടാക്കിയാലും"

പക്ഷികളുടെ വഴക്കിനെപ്പറ്റി കേട്ട രാജാവിന് അവരോട് എല്ലാം വല്ലാത്ത
ദ്വേഷ്യം തോന്നി. അദ്ദേഹം തന്റെ ഭടന്മാരെ വിളിച്ച് എല്ലാ പക്ഷികളേയും കൊല്ലാനായി കൽപ്പനയിട്ടു, . തങ്ങളെ കൊല്ലുവാൻ ആയുധവുമെടുത്ത് വരുന്ന രാജഭടന്മാരെ കണ്ട വെള്ളി നിറത്തിലുള്ള പക്ഷിയും, സ്വർണ്ണ അരയന്നങ്ങളും എല്ലാം പേടിച്ച് വേഗം തന്നെ ആ കുളം ഉപേക്ഷിച്ചു രക്ഷപ്പെട്ടു പോയി. രാജാവാകട്ടെ തന്റെ ബുദ്ധിമോശം കൊണ്ട് എല്ലാവരേയും നഷ്ടപ്പെട്ടു പോയതിൽ ദുഃഖിതനായിത്തീരുകയും ചെയ്തു.

അഭയം പ്രാപിച്ചവനെ പരിഗണിച്ചില്ലെങ്കിൽ കൈയിലുള്ളതും കൂടി നഷ്ടമാകും🔥

No comments:

Post a Comment