തിരുനക്കര ദേവനും അവിടുത്തെ കാളയും
തിരുവിതാംകൂറിൽ കോട്ടയം പട്ടണത്തിന്റെ മദ്ധ്യഭാഗത്തുള്ള തിരുനക്കര ക്ഷേത്രത്തെപ്പറ്റി പലരും കേട്ടിരിക്കാനിടയുണ്ട്. അവിടത്തെ സ്വയംഭൂവായ ശിവനെയും കാളയെയും പറ്റിയുള്ള ഐതിഹ്യങ്ങൾ വായനക്കാർക്കു രസാവഹങ്ങളായിരിക്കുമെന്നു വിശ്വസിക്കുന്നു.പണ്ടൊരു തെക്കുംകൂർ രാജാവിനു തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിൽ തിങ്ങൾ ഭജനം (മാസന്തോറും തൊഴുക) പതിവുണ്ടായിരുന്നു. ഒരു മാസത്തിന്റെ അവസാനദിവസം അവിടെയെത്തിയാൽ അന്നും പിറ്റേദിവസവുമായി രണ്ടുമാസത്തെ തൊഴുക കഴിച്ചു പോരാമല്ലോ. അങ്ങനെയാകുമ്പോൾ ആണ്ടിൽ ആറു യാത്ര കൊണ്ടു കഴിക്കാമല്ലോയെന്നു വിചാരിച്ച് ആ തമ്പുരാൻ അപ്രകാരമാണ് അതു നടത്തിപ്പോന്നത്. അങ്ങനെ വളരെക്കാലം അദ്ദേഹം അതു മുടക്കം കൂടാതെ നടത്തിക്കൊണ്ടിരുന്നു. കാലക്രമേണ ആ തമ്പുരാനു പ്രായാധിക്യവും രോഗപീഡകളും നിമിത്തം അന്യദേശസഞ്ചാരം ദുസ്സാദ്ധ്യാമായിത്തീർന്നു. പരസഹായം കൂടാതെ ഒന്നും ചെയ്‌വാൻ ശക്തനല്ലാതെയായിട്ടും ഈശ്വരഭക്തനായ അവിടേക്കു തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിലെ തിങ്ങൾഭജനം മുടക്കുന്നതിനു ധൈര്യമുണ്ടായില്ല.അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ, ഒരു മാസാന്ത്യദിവസം ആ തമ്പുരാൻ പരിവാരസമേതം തൃശ്ശിവപേരൂരെത്തി. വളരെ പ്രയാസപ്പെട്ട് ഒരുവിധം കുളികഴിച്ച് പരസഹായത്തോടുകൂടി വടക്കുന്നാഥന്റെ നടയിൽച്ചെന്നു തൊഴുതുകൊണ്ട്, "അല്ലയോ ഭക്തവത്സലനായ ഭഗവാനേ! എന്റെ ഈ നിയമം മുടങ്ങീട്ടു ജീവിച്ചിരിക്കുകയെന്നുള്ളത് എനിക്കു വളരെ സങ്കടമാണ്. ഇവിടെ വന്നു ദർശനം കഴിച്ചു പോകാൻ ഞാൻ ശക്തനല്ലാതെയും തീർന്നിരിക്കുന്നു. അതിനാൽ കഴിയുന്നതും വേഗത്തിൽ എന്നെ അവിടുത്തെ തൃപ്പാദാരവിന്ദങ്ങളിൽ ചേർത്തുകൊള്ളണേ" എന്നു പ്രാർത്ഥിച്ചു. അന്ന് അത്താഴം കഴിഞ്ഞ് തമ്പുരാൻ കിടന്നുങ്ങിയ സമയം ആരോ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന്, "ഇനി എന്നെക്കാണാനായി ഇങ്ങോട്ടു വന്നു ബുദ്ധിമുട്ടണമെന്നില്ല. ഞാൻതിരു"നക്കര"ക്കുന്നിൽ വന്നേക്കാം. എന്റെ പുരോഭാഗത്തു വൃഷഭനും എന്റെ പശ്ചാൽഭാഗത്ത് ഒരുവെളുത്ത ചെത്തിയും കാണപ്പെടും" എന്നു പറഞ്ഞതായി തോന്നി. ഉടനെ തമ്പുരാൻ കണ്ണു തുറന്നു നോക്കി. അപ്പോൾ ആരെയും കണ്ടില്ല. ഇതു വടക്കുന്നാഥൻതന്നെ തന്നെക്കുറിച്ചു പ്രസാദിച്ചിട്ട് അടുക്കൽവന്ന് അരുളിച്ചെയ്തതാണെന്ന് അദ്ദേഹം വിശ്വസിച്ചുകൊണ്ടു പിന്നെയും കിടന്നുറങ്ങുകയും ചെയ്തു. പിറ്റേദിവസം പതിവുപോലെ ദേവദർശനവും ഭക്ഷണവും കഴിച്ചു തമ്പുരാൻ തൃശ്ശിവപേരൂർനിന്നു പോന്നു. മടങ്ങിപ്പോരുംവഴി തമ്പുരാൻ വൈക്കത്തു പെരുംതൃക്കോവിലപ്പനെക്കൂടി തൊഴുതിട്ടുപോരാമെന്നു വിചാരിച്ച് അവിടെയിറങ്ങി. തൊഴാനായി അമ്പലത്തിൽ ചെന്നപ്പോൾ താടിയും തലയും വളർത്തി, രുദ്രാക്ഷമാലകളും ഭസ്മവും ധരിച്ച് പരവശനായ ഒരു ബ്രാഹ്മണനെ അവിടെ ക്കണ്ടിട്ട് അദ്ദേഹം ആരാണെന്നും മറ്റും തമ്പുരാൻ അവിടെയുണ്ടായിരുന്നവരിൽ ചിലരോടു ചോദിച്ചു. അപ്പോൾ ഒരാൾ, അദ്ദേഹം ഒരു നമ്പൂരിയാണെന്നും ഇല്ലം വൈക്കത്തുതന്നെയാണെന്നും ഇല്ലപ്പേരു "പേരേപ്പറമ്പ്" എന്നാണെന്നും ദാരിദ്രദുഃഖം സഹിക്കാൻ വയ്യാതെയായിട്ടു വൈക്കത്തപ്പനെ സേവിക്കുകയാണെന്നും സംവത്സരഭജനം കഴിഞ്ഞിട്ടു രണ്ടുമൂന്നു ദിവസമായെന്നും അദ്ദേഹത്തിനു നിത്യവൃത്തിക്കുതന്നെ യാതൊന്നുമില്ലെന്നു തന്നെയല്ല, നാലഞ്ചു പെൺകിടാങ്ങളെ വേളികഴിച്ചു കൊടുക്കാൻ വൈകിയിരിക്കുന്നുണ്ടെന്നും മറ്റുമുള്ള വിവരം തമ്പുരാനെ ഗ്രഹിപ്പിക്കുകയും ചെയ്തു. അതുകേട്ടു തമ്പുരാൻ ആ നമ്പൂരിയെ അടുക്കൽ വിളിച്ച്, "എന്റെ കൂടെ പോരാമെങ്കിൽ ഒന്നോ രണ്ടോ പെൺകൊടയ്ക്കുവേണ്ടുന്ന വക ഉണ്ടാക്കിത്തന്നേക്കാം" എന്നു പറഞ്ഞു. അതു കേട്ട് ഏറ്റവും സന്തുഷ്ടമാനസനായി ഭവിച്ച നമ്പൂരി "കല്പനപോലെ ചെയ്യാം" എന്നു പറയുകയും തമ്പുരാൻ പോന്നപ്പോൾ ഒരുമിച്ചു പോരികയും ചെയ്തു.അന്നു തെക്കുംകൂർ രാജാക്കന്മാർക്കു രാജവാഴ്ചയുള്ള കാലമായിരുന്നു. അവരുടെ രാജധാനി അന്ന് ഇപ്പോൾ തിരുനക്കരക്ഷേത്രമിരിക്കുന്ന സ്ഥലത്തിനു ഒരു നാഴിക വടക്കുമാറി "തളിയിൽ" എന്നസ്ഥലത്തായിരുന്നു. അതിനാൽ പേരേപ്പറമ്പ് നമ്പൂരി തെക്കുംകൂർ രാജാവിനോടുകൂടി അവിടെ വന്നു താമസിച്ചു. അങ്ങനെ താമസിച്ചിരുന്ന കാലത്തു പേരേപ്പറമ്പ് നമ്പൂരി ഒരു ദിവസം തമ്പുരാന്റെ അടുക്കൽ അറിയിച്ചുംകൊണ്ടു തിരുനക്കര സ്വാമിയാരുമഠത്തിലേക്ക് പോന്നു. സ്വാമിയാരെക്കണ്ട് തന്റെ സ്ഥിതി അറിയിച്ചാൽ വല്ലതും സഹായമുണ്ടായെങ്കിലോ എന്നു വിചാരിച്ചാണ് നമ്പൂരി പോയത്. അപ്രകാരം അദ്ദേഹം സ്വാമിയാരെക്കണ്ടു വിവരമറിയിക്കുകയും ചാതുർമ്മാസ്യം അടുത്തിരിക്കുന്നതിനാൽ നമ്പൂരി അതു കഴിഞ്ഞിട്ടു പോയാൽ മതിയെന്നും വല്ലതും സ്വല്പമായിട്ടെങ്കിലും സഹായിക്കാമെന്നും സ്വാമിയാർ അരുളിച്ചെയ്യുകയും ചെയ്തു. അതിനാൽ നമ്പൂരി അവിടെ താമസിച്ചു.ഇപ്പോൾ തിരുനക്കരക്ഷേത്രമിരിക്കുന്ന സ്ഥലം അന്നു വെറും കാടായിട്ടു കിടക്കുകയായിരുന്നു. "നക്കരക്കുന്ന്" എന്നാണ് ആ സ്ഥലത്തിന് അന്നു പേരു പറഞ്ഞുവന്നിരുന്നത്. അവിടെ ദേവസാന്നിദ്ധ്യവും ക്ഷേത്രവുമുണ്ടായതിന്റെ ശേഷമാണ് നക്കര തിരുനക്കരയായത്. നക്കര തന്നെ "നൽക്കര" ലോപിച്ചുണ്ടായതുമാണ്. സ്വാമിയാർ മഠത്തിലെ ഭൃത്യന്മാർ ആ കുന്നിൻപുറത്തു ചേന, ചേമ്പ് മുതലായവ കൃഷിചെയ്യുക പതിവായിരുന്നു. ചാതുർമാസ്യം കഴിയുന്ന ദിവസം സ്വാമിയാർ മഠത്തിൽ ചുരുക്കത്തിലൊരു സദ്യ പതിവുള്ളതിനാൽ അന്നു രാവിലെ ആ വാലിയക്കാരിൽ രണ്ടുപേർ ചേന പറിക്കാനായി ഒരു മൺവെട്ടി (തൂമ്പ) എടുത്ത് ഒന്നു വെട്ടിയപ്പോൾ അവിടെനിന്നു രക്തപ്രവാഹമുണ്ടാവുകയും അതുകണ്ട് അവർ ഭയപ്പെട്ട് ഓടിച്ചെന്നു വിവരം സ്വാമിയാരുടെ അടുക്കൽ അറിയിക്കുകയും ചെയ്തു. സ്വാമിയാർ അതു കേട്ട് അവിടെച്ചെന്നു മണ്ണു മറിച്ചുനോക്കിയപ്പോൾ അവിടെ ഒരു ശിവലിംഗം മുളച്ചിരിക്കുന്നതായി കണ്ടു. ഇങ്ങനെ സ്വയംഭൂവായിട്ടുള്ള ബിംബം കണ്ടാൽ ഉടനെ നിവേദ്യം കഴിപ്പിക്കാഞ്ഞാൽ അതു മറഞ്ഞുപോകുമെന്നുള്ളതിനാൽ സ്വാമിയാർ സ്വാമിയാർമഠത്തിൽനിന്നു തന്നെ ഉണക്കലരി, പൂവ് മുതലായ സാധനങ്ങൾ വരുത്തി പേരേപ്പറമ്പു നമ്പൂരിയെക്കൊണ്ടു നിവേദ്യം വെപ്പിച്ച് ഉടനെ ഒരു പൂജ കഴിപ്പിച്ചു.അതിന്റെശേഷം സ്വാമിയാർ ഈ വിവരം തെക്കുംകൂർ രാജാവിന്റെ അടുക്കൽ എഴുതിയയച്ച് അറിയിക്കുകയും ചെയ്തു.ഈ വർത്തമാനം കേട്ടപ്പോൾ തനിക്കു തൃശ്ശിവപേരൂരിൽ വെച്ചുണ്ടായ സ്വപ്നം ശരിയായല്ലോ എന്നു വിചാരിച്ച് തെക്കുംകൂർ രാജാവിനു വളരെ സന്തോഷമുണ്ടാവുകയും അദ്ദേഹം ഉടനെ നക്കരക്കുന്നിലെത്തുകയും ചെയ്തു. തമ്പുരാൻ വന്നു നോക്കിയപ്പോൾ ശിവലിംഗവും അതിന്റെ മുൻവശത്തായി ഒരു വൃഷഭനും സ്വല്പം വടക്കോട്ടുമാറി വായുകോണിലായി ഒരു വെളുത്ത ചെത്തിയും മുളച്ചിരിക്കുന്നതായി കാണുകയും ഇതു തൃശ്ശിവപേരൂർ വടക്കുന്നാഥൻ ഇളകൊണ്ടതുതന്നെയാണെന്നു തീർച്ചപ്പെടുത്തുകയും ചെയ്തു. പിന്നെ തെക്കുംകൂർ രാജാവ് അവിടെ നാലു ഗോപുരങ്ങളും മാളികയായിട്ടും കൂത്തമ്പലം മുതലായവയോടുകൂടിയും ഒരു മഹാക്ഷേത്രത്തിനു വേണ്ടുന്ന ലക്ഷണങ്ങളെല്ലാമൊപ്പിച്ച് അമ്പലം പണികഴിപ്പിക്കയും നിത്യനിദാനം, മാസവിശേഷം, ആട്ടവിശേഷം മുതലയ വകയ്ക്കെല്ലാം വേണ്ടുന്ന വസ്തുവഹകൾ, ദേവസ്വംവകയായി തിരിച്ചുവെക്കുകയും ചെയ്തു. അതിൻപ്രകാരം അവിടെ പ്രതിദിനം അഞ്ചു പൂജ, മൂന്നുശീവേലി, നവകം, പഞ്ചഗവ്യം മുതലായവയും ആണ്ടിൽ തുലാം, മീനം, മിഥുനം ഈ മാസങ്ങളിലായി മൂന്നുൽസവങ്ങളും പതിവായിത്തീർന്നു. ഒരു മഹാക്ഷേത്രത്തിൽ വേണ്ടുന്നവയെല്ലാം ഈ ക്ഷേത്രത്തിലും ആ തമ്പുരാൻ ഏർപ്പെടുത്തി. അങ്ങനെ തിരുനക്കരക്ഷേത്രം പ്രസിദ്ധമായിത്തീരുകയും ചെയ്തു. അവിടെ പേരേപ്പറമ്പു നമ്പൂരിയെത്തന്നെ ശാന്തിക്കാരനാക്കി. ചെങ്ങഴശ്ശേരി, പുന്നശ്ശേരി ഇങ്ങനെ രണ്ടില്ലങ്ങളിലുള്ള മൂത്തതിന്മാരെ ദേവന്റെ പരിചാരകപ്രവൃത്തികൾക്കും സ്വാമിയാർമഠത്തിലെ വാലിയക്കാരായിരുന്ന നെടുമങ്ങാടൻ, പാലക്കോടൻ എന്നിവരുടെ തറവാട്ടേക്കു ക്ഷേത്രത്തിൽ വിളക്കെടുപ്പും നെല്ലുകുത്തും നടത്തുന്നതിനുള്ള സ്ഥാനം കൊടുത്ത് അവരെ ആ വകയ്ക്കും നിയമിക്കുകയും ചെയ്തു.ഇത്രയൊക്കെക്കഴിഞ്ഞപ്പോൾ ഈ ദിക്കുകാർക്ക് ഒരു വലിയഉപദ്രവം നേരിട്ടു. തിരുനക്കര ദേശത്തും അടുത്ത പ്രദേശങ്ങളിലും നെല്ലോസസ്യാദികളോ കൃഷി ചെയ്താൽ എല്ലാം രാത്രികാലങ്ങളിൽ ഒരു വെള്ളക്കാള വന്നു വേലി പൊളിച്ച് അകത്തുകടന്നു തിന്നു നശിപ്പിച്ചുതുടങ്ങി. ഈ കാള ആരുടെയാണെന്നും എവിടെ നിന്നുവരുന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ആർക്കും നിശ്ചയമില്ല! അവനെ പിടിക്കാൻ കിട്ടുകയുമില്ല. നല്ല നിലാവുള്ള കാലത്തു ദൂരെനിന്നു നോക്കിയാൽ അവൻ നിന്നു തിന്നുന്നതുകാണാം.ആളുകൾ അടുത്തു ചെല്ലുമ്പോൾ എങ്ങനെയോ അവൻ ചാടിപ്പൊയ്ക്കളയും. ഇങ്ങനെയായിട്ടു ജനങ്ങൾ വളരെ കഷ്ടപ്പെട്ടു. ഇങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രാത്രിയിൽ നല്ല നിലാവുള്ള കാലത്തു തിരുനക്കരെനിന്ന് ഏകദേശം രണ്ടു നാഴിക പടിഞ്ഞാറ് "വേളൂർ" എന്ന ദേശത്ത് ഒരു കണ്ടത്തിൽവെച്ച് ഒരു പറയൻ ഈ കാളയെ കല്ലെടുത്തെറിയുകയും മറ്റും ചെയ്തു. ആ രാത്രിയിൽത്തന്നെ ഒരു കാള തന്റെ അടുക്കൽ വന്ന് "അങ്ങ് ദേവനു വേണ്ടുന്നതെല്ലാം പതിവുവെച്ചല്ലോ.എനിക്കെന്താണ് പതിവൊന്നും വെക്കാഞ്ഞത്? ഞാൻ ആ ദേവന്റെ വാഹനമാണല്ലോ. ഞാൻകണ്ടവരുടെ വിളവുകൾ കട്ടുതിന്നു കാലം കഴിക്കേണ്ടതായിവന്നുവല്ലോ. അതു നിമിത്തം ഞാനിന്ന് ഒരു പറയന്റെ ഏറുകൊള്ളേണ്ടതായിട്ടും വന്നു. ഇതു വലിയ സങ്കടം തന്നെ" എന്നു പറഞ്ഞതായി തെക്കുംകൂർ രാജാവിന് ഒരു സ്വപ്നമുണ്ടായി. ഇതിനെക്കുറിച്ചു തമ്പുരാൻ പ്രശ്നംവെപ്പിച്ചു നോക്കിയപ്പോൾ സ്വപ്നത്തിൽ കാണപ്പെട്ട കാള തിരുനക്കരദ്ദേവന്റെ കാളതന്നെ ആണെന്നും അതിനുകൂടി പതിവായി നിവേദ്യത്തിൽ ഒരു വഹ വെയ്ക്കേണ്ടതാണെന്നും വിധിക്കുകയും കാളയെ വേളൂരുവെച്ച് ഒരു പറയൻ കല്ലെടുത്തെറിഞ്ഞ വിവരം അറിയുകയും ചെയ്യുകയാൽ തമ്പുരാൻ, വേളൂർവെച്ചു കാള ഏതു നിലത്തിൽനിന്നു തിന്നപ്പോൾ ഏറു കൊണ്ടുവോ ആ നിലം ആ വൃഷഭന്റെ നിവേദ്യം വകയ്ക്കാക്കി ദേവസ്വത്തിലേക്കു വിട്ടുകൊടുത്തു. ആ നിലത്തിന് ഇപ്പോഴും "കാളക്കണ്ടം" എന്നാണ് പറഞ്ഞുവരുന്നത്. ഇപ്രകാരം തെക്കുംകൂർ രാജാവ് തിരുനക്കരക്ഷേത്രത്തിനു വേണ്ടുന്ന പുഷ്ടികളെല്ലാം വരുത്തുകയും അവിടെ തന്റെ തിങ്ങൾഭജനം നിർവിഘ്നമായി നടത്തിക്കൊണ്ടു തന്നെയിരിക്കുകയും അതിനു മുടക്കം വരാതെ അദ്ദേഹം ചരമഗതിയെ പ്രാപിക്കുകയും ചെയ്തു.തിരുനക്കരദ്ദേവന്റെ ചൈതന്യവും പ്രസിദ്ധിയും അസാമാന്യമായി വർദ്ധിക്കുകയാൽ അവിടെ അവസാനമില്ലാതെ വഴിപാടുകൾ വന്നുതുടങ്ങി. പ്രതിദിനം അഞ്ചുമാറും ചതുശ്ശതവും എട്ടും പത്തും പന്തിരുനാഴിയും മറ്റുമുണ്ടായിത്തുടങ്ങിയതിനാൽ ശാന്തിക്കു തന്നെക്കൊണ്ടു മതിയാകാതെ വരികയാൽ പേരേപ്പറമ്പു നമ്പൂരി തിരുനക്കരെനിന്നു മൂന്നു നാഴിക കിഴക്കു "മാങ്ങാനം" എന്ന ദേശത്തുള്ള "മടപ്പള്ളി" എന്നില്ലപ്പേരായ ഒരു നമ്പൂരിയെക്കൂടി കീഴ്ശാന്തിയായിച്ചേർത്തു. അങ്ങനെ രണ്ടുപേരും കൂടി ശാന്തി കുറച്ചുകാലം ശാന്തി നടത്തിയപ്പോഴേക്കും അതുകൊണ്ടുണ്ടായ സമ്പാദ്യം നിമിത്തം പേരേപ്പറമ്പു നമ്പൂരിയുടെ ദാരിദ്രം അശേഷം നീങ്ങുകയും അദ്ദേഹം നല്ല സമ്പന്നനായിത്തീരുകയും ചെയ്തു. അതിനാൽ അദ്ദേഹം ശാന്തി മടപ്പള്ളിനമ്പൂരിയെത്തന്നെ ഏൽപ്പിച്ചിട്ടു വൈക്കത്തുതന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു. എങ്കിലും ആ ഇല്ലത്തുനിന്ന് ഒരാൾ മാസത്തിലൊരിക്കൽ തിരുനക്കരെ വന്ന് ഒരു ദിവസം ഒരു പന്തീരടിപ്പൂജ കഴിക്കുക പതിവാണ്.അതിപ്പോഴും നടത്തിവരുന്നുണ്ട്.മടപ്പള്ളി നമ്പൂരി ശാന്തികഴിച്ചുകൊണ്ടിരുന്ന കാലത്തും മുൻ പതിവനുസരിച്ച് ശീവേലികൾക്ക് എഴുന്നള്ളിക്കുക മൂത്തതിന്മാരായിരുന്നു. എന്തോ കാരണവശാൽ തെക്കുംകൂർ രാജാവിന് ഒരു മൂത്തതിന്റെപേരിൽ വിരോധം ജനിക്കുകയാൽ ആ മൂത്തതിനെ വെടിവെച്ചുകൊന്നു കളയുന്നതിനു രാജഭടന്മാർക്ക് കല്പനകൊടുത്തു. അവർ മൂത്തതെന്നു വിചാരിച്ച് മടപ്പള്ളി നമ്പൂരിയെ വെടിവെച്ചുകൊന്നു. അതിനാൽ ആ നമ്പൂരിയുടെ അന്തർജനം തിരുനക്കര നടയിൽവെച്ചു പ്രാണത്യാഗം ചെയ്തു കളഞ്ഞു. അതോടുകൂടി ആ നമ്പൂരിയുടെ ഇല്ലം അന്യം നിൽക്കുകയും ചെയ്തു. അന്നുമുതൽ തിരുനക്കരെ മതിൽക്കകത്ത് അന്തർജനങ്ങൾ കടന്നു കൂടെന്നും മൂത്തതിന്മാർ എഴുന്നള്ളിച്ചുകൂടെന്നും ഏർപ്പാടു വെയ്ക്കുകയും ചെയ്തു. അതു രണ്ടു കൂട്ടവും ഇവിടെ പതിവില്ല. തിരുനക്കരദ്ദേവന്റെ കാളയ്ക്കു ചില കാലങ്ങളിൽ നീര് (വലിയ കുരു) ഉണ്ടായിപൊട്ടുമെന്നും അതു രാജ്യത്തു വലിയ ആപത്തുണ്ടാകുന്ന കാലങ്ങളിലാണ് പതിവെന്നുമുള്ളതു പ്രസിദ്ധമാണല്ലോ. മഹാരാജാക്കന്മാർ നാടുനീങ്ങിയതായ 933, 973, 986, 1004, 1004, 1022, 1036, 1055 ഈ ആണ്ടുകളിൽ ഈ കാളയ്ക്കു നീരുണ്ടാവുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നാണ് കേട്ടിട്ടുള്ളത്. ഇങ്ങനെ നീരുണ്ടാകുന്ന കാലങ്ങളിൽ ദോഷപരിഹാരാർഥമായി ഈ ക്ഷേത്രത്തിൽ വിശേഷാൽ ചില അടിയന്തിരങ്ങൾ പതിവുണ്ട്. ആ വകയ്ക്ക് ആയിരത്തിച്ചില്വാനം പണം വീതമാണ് സർക്കാരിൽനിന്നു ചെലവു ചെയ്തുവന്നത്. ജനങ്ങൾക്ക് പരിഷ്കാരവും ആ പതിവ് ഇപ്പോഴില്ല. ഈവക സംഗതികളിൽ വിശ്വാസമില്ലായ്കയും പൊട്ടുകയുമൊന്നും പതിവില്ല. ഇനിയുള്ള കാലത്ത് അതൊന്നുമുണ്ടാകുമെന്നു തോന്നുന്നില്ല🙏🏻ഹരി ഓം
No comments:
Post a Comment