ജൂണ്‍ 18, നിർജ്ജല ഏകാദശി; ഒരു വർഷം മുഴുവൻ ഫലം | വ്രതം എടുക്കേണ്ട രീതി, പ്രാധാന്യം, ഐതിഹ്യം
പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശിവ്രതം. ഓരോ ഏകാദശിക്കും വ്യത്യസ്ത ഫലങ്ങളാണ് ഉള്ളത്. മിഥുന മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് നിർജ്ജല ഏകാദശിയെന്ന് അറിയപ്പെടുന്നത്. ഇത്തവണത്തെ നിർജ്ജല ഏകാദശി ജൂണ്‍ 18 ചൊവ്വാഴ്ചയാണ്.
വര്‍ഷത്തിലെ 24 ഏകാദശികളില്‍ വച്ച് ഏറ്റവും കഠിനമായ ഏകാദശി വ്രതമായാണ് നിര്‍ജ്ജല ഏകാദശി വ്രതത്തെ കണക്കാക്കുന്നത്. ജലപാനം പോലുമില്ലാതെ ഏകാദശിവ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വര്‍ഷം മുഴുവന്‍ ഏകാദശി അനുഷ്ഠിച്ചതിന്റെ ഫലം ലഭിക്കുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ഈ ഏകാദശിവ്രതമെടുക്കുന്നതുമൂലം ദീര്‍ഘായുസും കൈവല്യപ്രാപ്തിയുമുണ്ടാകുമെന്നാണ് വിശ്വാസം.
തികഞ്ഞ ഭക്തിയോടെ മനസില്‍ ഈശ്വര നാമം ജപിച്ചുകൊണ്ടുവേണം ഈ ദിവസം മുഴുവന്‍ കഴിച്ചുകൂട്ടാന്‍. ഈ വ്രതാനുഷ്ഠാനത്തിനു ശേഷം ദ്വാദശിയിലെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സ്നാനം, വിഷ്ണുപൂജ, കഴിവിനനുസരിച്ചുള്ള ദാനം, അന്നദാനം എന്നിവ ചെയ്യണം.
ഐതിഹ്യം
ഭീമന്‍ ഒരിക്കല്‍ വ്യാസ ഭഗവാനോട് ഏകാദശിയനുഷ്ഠാനവുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലുണ്ടായ ഒരുകാര്യം പറഞ്ഞു. തന്റെ സഹോദരങ്ങളും ദ്രൗപതിയും അമ്മയുമെല്ലാം ഏകാദശിവ്രതം അനുഷ്ഠിക്കാറുണ്ട്. തന്നോടും ഈ വ്രതമെടുക്കാന്‍ പറഞ്ഞുവെന്നും എന്നാല്‍, തനിക്ക് വിശപ്പു സഹിക്കാന്‍ കഴിയാത്തതിനാല്‍ അതിന് സാധിക്കുന്നില്ലെന്നും ദാനം ചെയ്യുകയും ഭഗവാന് അര്‍ച്ചന നടത്തുകയും ചെയ്യാമെന്നും നിരാഹാരം അനുഷ്ഠിക്കാതെ എങ്ങനെ വ്രതമെടുക്കാമെന്നു പറഞ്ഞുതരണമെന്നും വ്യാസനോട് ഭീമന്‍ ആവശ്യപ്പെട്ടു.
അതിന് മറുപടിയായി വ്യാസന്‍ പറഞ്ഞത്, നരകത്തെ വെറുക്കുകയും സ്വര്‍ഗത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ രണ്ട് ഏകാദശിവ്രതങ്ങളെടുക്കാനാണ്. അതിന് മറുപടിയായി ഭീമന്‍ പറഞ്ഞത്, ഒരു നേരം മാത്രം ഭക്ഷണം കഴിച്ചുകൊണ്ട് തനിക്ക് ജീവിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് ഏതൊരു വ്രതം കൊണ്ടുമാത്രം തനിക്ക് മംഗളം ഭവിക്കുമെന്ന് പറഞ്ഞുതരണമെന്നുമാണ്. അതിന് മറുപടിയായി വ്യാസഭഗവാന്‍ പറഞ്ഞത്: മിഥുന മാസത്തിലെ ഏകാദശി വ്രതം അനുഷ്ഠിക്കാനാണ്. കുളിക്കുന്നതിലൂടെയും ആചമനം ചെയ്യുന്നതിലൂടെയും മാത്രം ജലം സ്വീകരിക്കുക. മറ്റ് ആഹാരങ്ങള്‍ തീര്‍ത്തും ഉപേക്ഷിക്കണം. ജീവിതകാലം മുഴുവന്‍ ഈ വ്രതം അനുഷ്ഠിച്ചാല്‍ സകല ഏകാദശി ദിവസങ്ങളിലും ആഹാരം കഴിച്ച പാപവും ഇല്ലാതാകുമെന്നും വ്യാസന്‍ പറഞ്ഞു.
വ്യാസന്റെ ഉപദേശം സ്വീകരിച്ച ഭീമന്‍ ജലപാനമില്ലാതെ വ്രതം അനുഷ്ഠിക്കുകയും ദ്വാദശി ദിവസം പുലര്‍ച്ചെ ബോധരഹിതനാവുകയും ചെയ്തു. തുടര്‍ന്ന് പാണ്ഡവര്‍ ഗംഗാജലവും തുളസീതീര്‍ഥവും കൊടുത്ത് അദ്ദേഹത്തിന്റെ ബോധക്കേട് മാറ്റിയെന്നുമാണ് ഐതിഹ്യം. നിർജ്ജല ഏകാദശിപോലുള്ള വ്രതങ്ങളെടുക്കുമ്പോള്‍ ആരോഗ്യസ്ഥിതികൂടി ശ്രദ്ധിക്കേണ്ടതാണ്.
ഏകാദശി വ്രതമെടുക്കുന്നവർ
ഏകാദശി നോൽക്കുന്നവർ തലേദിവസം ഒരിക്കൽ എടുത്ത് വ്രതം ആരംഭിക്കണം. അന്ന് നിലത്ത് കിടന്നുറങ്ങണം. ഏകാദശി നാൾ സൂര്യോദയത്തിന് മുൻപ് ഉണര്‍ന്ന് ശുഭ്ര വസ്ത്രം ധരിച്ച് ഭഗവത് നാമങ്ങൾ ജപിക്കണം. വിഷ്ണു സഹസ്രനാമം, ഭഗവത് ഗീത, നാരായണീയം, ഭാഗവതം തുടങ്ങിയവ വായിക്കുന്നത് ഉത്തമമാണ്. അതിനു കഴിയാത്തവർ ‘ഓം നമോ ഭഗവതേ വാസുദേവായ’എന്ന മന്ത്രമോ ‘ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’ എന്ന മന്ത്രമോ ജപിക്കാം. മഹാവിഷ്ണുവിന്റെ അഷ്ടോത്തരം കേൾക്കുന്നതും ജപിക്കുന്നതും നല്ലതാണ്. ഈ ദിവസം കഴിയുന്നത്ര ഭഗവത് കീര്‍ത്തനങ്ങൾ കേൾക്കുകയും വിഷ്ണു ക്ഷേത്രത്തിൽ ദര്‍ശനം നടത്തുകയും ചെയ്യുക.
ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്.
രാവിലെ വ്രതം അവസാനിപ്പിക്കണം. രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്.
ഏകാദശി വ്രതമെടുക്കാൻ കഴിയാത്തവർ
ഏകാദശി വ്രതം നോൽക്കാൻ കഴിയാത്തവർ വിഷ്ണു മന്ത്രങ്ങൾ ജപിക്കുന്നതും വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ കഴിക്കുന്നതും പുണ്ണ്യമായി കണക്കാക്കുന്നു. തുളസിമാല, തൃക്കൈവെണ്ണ, പാൽപ്പായസം, പുരുഷ സൂക്തം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാട് നടത്തുന്നത് ഐശ്വര്യപ്രദമാണ്.
എല്ലാ പാപങ്ങളും നശിക്കാൻ മോക്ഷദാതാവായ ഗുരുവായൂരപ്പന്‍റെ അനുഗ്രഹമുണ്ടാകാൻ ദിനം മുഴുവൻ നാമ ജപത്തോടെ കഴിയുക. മനഃശുദ്ധിയോടെയും ഭക്തിയോടെയും അനുഷ്ഠിക്കുന്ന ഏകാദശി വ്രതം രോഗശാന്തി, കുടുംബ സ്വസ്ഥത, മന:ശാന്തി, ആയുരാരോഗ്യം, സമ്പത്തും കീര്‍ത്തിയും, ശത്രുനാശം, സന്താന സൗഭാഗ്യം എന്നിവ അനുഭവിക്കുന്നതിന് ഇടയാക്കും. ജീവിതാന്ത്യത്തിൽ മോക്ഷവും ലഭിക്കും.
ഏകാദശിദിവസം ചെയ്യേണ്ട വഴിപാടുകളും ഫലങ്ങളും
പുരുഷ സൂക്താര്‍ച്ചന – ഇഷ്ട സന്താന ലബ്ധി
ഭാഗ്യ സൂക്താര്‍ച്ചന – ഭാഗ്യസിദ്ധി, ധനാഭിവൃദ്ധി
ആയുര്‍ സൂക്താര്‍ച്ചന – ആയുര്‍വർദ്ധന, രോഗമുക്തി
വെണ്ണനിവേദ്യം – ബുദ്ധിവികാസത്തിന്
പാൽപായസ നിവേദ്യം – ധനധാന്യ വർധന
പാലഭിഷേകം – കോപശമനം, കുടുംബസുഖം
സന്താനഗോപാലാർച്ചന – സത്സന്താന ലാഭം
സഹസ്രനാമ അര്‍ച്ചന – ഐശ്വര്യം , മംഗളസിദ്ധി
നെയ് വിളക്ക്നേ – ത്രരോഗശമനം, അഭിഷ്ടസിദ്ധി
സുദർശനഹോമം – രോഗശാന്തി
No comments:
Post a Comment