Sunday, August 16, 2015

സമ്പാതി

ജടായുവിന്റെ സോദരനായ ഈ ഗൃദ്ധ്രപ്രവരന്‍ ശ്രീരാമഭക്തനും പരോക്ഷമായെങ്കിലും ഭഗവത്സേവാനിയോഗമുള്ളവനുമാണ്. സോദരനുമായുണ്ടായ ഒരു ബലപരീക്ഷണവേളയില്‍ സൂര്യസന്നിധിയോളം പറന്നുയരാനുള്ള ഉദ്യമത്തിനിടയില്‍ ജടായുവിന്റെ ചിറകുകള്‍ അഗ്നിക്കിരയാവാതെ രക്ഷിയ്ക്കാനുള്ള ശ്രമത്തില്‍ സ്വന്തം പക്ഷങ്ങളറ്റ് ദൂരെ ഭൂമിയില്‍ പതിച്ച്, സോദരനേയും പുറംലോകത്തേയും കാണാതെ മഹേന്ദ്രാചലപര്‍വതപാര്‍ശ്വേയുള്ള ഒരു ഗുഹയില്‍ ഏകാന്തജീവിതം നയിയ്ക്കുകയായിരുന്നു സമ്പാതി. ഒരു മഹാമുനിയില്‍ നിന്നു ജ്ഞാനോപദേശം നേടി, ദേഹാഭിമാനങ്ങള്‍ നശ്വരവും പലപ്പോഴും നിത്യശോകകാരണവുമാണെന്നു മനസ്സിലാക്കി ഭഗവത് സേവയിലൂടെ മോക്ഷത്തിനായി പ്രാര്‍ത്ഥനാനിരതനായിരിയ്ക്കുന്ന സമ്പാതിയുടെ തത്വ ബോധനാവചനങ്ങള്‍ തികച്ചും അര്‍ത്ഥവത്താണ്. ജനനമരണ സങ്കീര്‍ണ്ണതകളെ ലളിതമായ വരികളില്‍ വിസ്തരിയ്ക്കുന്നു. ദേഹോഹമെന്നുള്ള ബുദ്ധിയുണ്ടായ് വരുമാഹന്ത! നൂനമാത്മാവിനുമായയാ!!സീതാന്വേഷണവ്യഗ്രരായ വാനരരില്‍നിന്നു ജടായൂ മരണവാര്‍ത്ത കേട്ട് ശോകാര്‍ദ്രനായി അവരുടെ സഹായത്തോടെ സോദരനായുള്ള ഉദകക്രിയകള്‍ ചെയ്തശേഷം തന്റെ ദീര്‍ഘഗൃദ്ധ്രനേത്രങ്ങളാല്‍ ലങ്കാപുരിയില്‍ അശോകാവനിയില്‍ ശിംശപാവൃക്ഷത്തണലില്‍ നിശാചരികള്‍ക്കിടയില്‍ ശോകഗ്രസ്ഥയായ് സീതാദേവിയിരിപ്പുണ്ടെന്ന വൃത്താന്തവും സമുദ്രോപരി ചാടി ലങ്കയിലെത്തുകയേ ദേവിയെക്കണ്ടുകിട്ടാന്‍ ഏകമാര്‍ഗമുള്ളൂ എന്നതും കപികളെ ധരിപ്പിയ്ക്കുന്നു. ഈ ദുഷ്ക്കരകര്‍മ്മം ചെയ്യാനായി അവരില്‍ ആത്മവിശ്വാസമുണര്‍ത്തുന്നതും തന്റെ സോദരനെക്കൊന്ന ദുഷ്ടനാം രാവണന്‍ രാഘവനാല്‍ വധിയ്ക്കപ്പെടുമെന്ന് ദീര്‍ഘദൃഷ്ടിയോടെ ശുഭപ്രതീക്ഷയേകുന്നതും സമ്പാതി തന്നെ. സീതാവൃത്താന്തം വാനരരോട് പറഞ്ഞതോടെ നവപക്ഷങ്ങള്‍ മുളച്ച സമ്പാതി ഊര്‍ജ്ജസ്വലനായി പറന്ന് വിഹായസ്സില്‍ മറയുകയാണ്. ഭഗവത്ഭക്തരെ സഹായിയ്ക്കുക എന്നതും ഒരുമോക്ഷസാധനയാണെന്ന് സമ്പാതി സ്വജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. രാമനാമത്തിനുസമാനമായ് മാമകേ മാനസേ മറ്റു തോന്നീലഹോ...നല്ലതുമേന്മേല്‍വരേണമേ നിങ്ങള്‍ക്കു കല്യാണഗാത്രിയെ കണ്ടുകിട്ടേണമേ!!....എന്നുപറഞ്ഞു പറന്നു മറഞ്ഞിതത്യുന്നതനായ സമ്പാതി വിഹായസാ....ശ്രീരാമ രാമരാമ ശ്രീരാമഭദ്രാ

No comments:

Post a Comment