Wednesday, August 5, 2015

സുബ്രഹ്മണ്യതത്ത്വം


ശുദ്ധബ്രഹ്മത്തില്‍നിന്ന് ഉത്ഭവിച്ച മണി പോലുള്ള മഹാതേജസ്സോടു കൂടിയവന്‍ എന്നാണ്, സുബ്രഹ്മണ്യ പദത്തിന്റെ അര്‍ഥം. ഗുരുവിനും ഗുരുവാകയാല്‍ - പിതാവായ ശിവന് ഓംകാരത്തിന്റെ അര്‍ഥം പറഞ്ഞുകൊടുത്തതിനാല്‍ - സ്വാമിനാഥന്‍ എന്നു പേരുണ്ടായി. നാലു ദിക്കുകളേയും കീഴ്‌മേലുള്ള വിദിക്കുകളേയും വീക്ഷിച്ചു രക്ഷിക്കുന്നതിനായി അറുമുഖനായിത്തീര്‍ന്നു. വള്ളി, ദേവയാന, വടിവേല്‍ എന്നിവ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി ഇവയെ സൂചിപ്പിക്കുന്നു. അഹങ്കാരാദി ദുര്‍ഗുണങ്ങളെ നശിപ്പിക്കാത്തിടത്തോളം കാലം ജനന മരണങ്ങളില്‍ ഉഴന്നുകൊണ്ടിരിക്കും. ദുര്‍ഗുണങ്ങളായ തമസ്സില്‍നിന്ന് കാരുണ്യാതിരേകത്താല്‍, ആത്മാവിനെ മോചിപ്പിച്ചു മോക്ഷാര്‍ഹമാക്കിത്തീര്‍ത്തതിനെയാണ് ശൂരപത്മാസുരവധം കഥ സൂചിപ്പിക്കുന്നത്. മാതാപിതാക്കള്‍ വ്യാധിഗ്രസ്തരായ പുത്രന്മാരെ ശസ്ത്രക്രിയക്ക് വിധേയരാക്കുന്നത് പുത്രസ്‌നേഹത്താല്‍ പ്രേരിതരായിട്ടാണല്ലോ. മഹത്തായ മനുഷ്യജന്മം കിട്ടിയിട്ടും ഉപര്യുപരി തീരാപ്പാപത്തിന് അധീനരായിത്തീരാതിരിക്കുവാനാണ് ഭഗവാന്‍ ദുഷ്ടന്മാരെ നിഗ്രഹിക്കുന്നത്. അതോടൊപ്പം ആത്മമോചനം നല്‍കി അവരെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത്.

പഞ്ചേന്ദ്രിയങ്ങളില്‍ മതിമയങ്ങി, മായാശക്തിയില്‍ മുങ്ങിക്കിടക്കുന്നവര്‍ സ്വന്തം നിലപാടിനെക്കുറിച്ച് യാഥാര്‍ഥ്യബോധമുള്ളവരല്ല. ജ്ഞാനോപദേശം സിദ്ധിച്ചാല്‍ മാത്രമേ ആത്മാവ് പഞ്ചേന്ദ്രിയങ്ങളില്‍ നിന്നു മുക്തമായിത്തീരൂ. ഇന്ദ്രിയമുക്തമായ ആത്മാവ് സായൂജ്യം കാംക്ഷിച്ച് ഈശ്വരസാന്നിധ്യം പ്രാപിക്കുമ്പോള്‍, ആത്മാവിനെ തന്നോട് ഐക്യപ്പെടുത്തുമെന്നാണ് വള്ളിസുബ്രഹ്മണ്യകഥയുടെയും രാധാമാധവകഥയുടേയുമെല്ലാം തത്ത്വം വെളിപ്പെടുത്തുന്നത്.

സുബ്രഹ്മണ്യന് വെളുത്ത ഷഷ്ഠിയും പൂയവുമാണ് പ്രധാനം. തുലാമാസത്തിലെ ഷഷ്ഠിയും തൈപൂയവും കൂടുതല്‍ പ്രധാനമാണ്. 'ഓം ഷണ്‍മുഖായ നമഃ' എന്നാണ് മൂലമന്ത്രം. ഒരു ധ്യാനശ്ലോകം താഴെ ചേര്‍ക്കുന്നു.

ധ്യായേത് ഷണ്‍മുഖമിന്ദുകോടി സദൃശം രത്‌നപ്രഭാശോഭിതം
ബാലാര്‍ക്കദ്യുതിഷട്കിരീടവിലസത്‌കേയൂരഹാരാന്വിതം
കര്‍ണാലംബിതകുണ്ഡലപ്രവിലസത്ഗണ്ഡസ്ഥലീശോഭിതം
കാഞ്ചീകങ്കണകിങ്കിണീരവയുതം ശൃംഗാരസാരോദയം.

No comments:

Post a Comment