Saturday, June 25, 2016

മുച്ചിലോട്ടു ഭഗവതി (തെയ്യം)

മുച്ചിലോട്ടു ഭഗവതി (തെയ്യം)

മുച്ചിലോട്ടു ഭഗവതി മലബാറിൽ കെട്ടിയാടപ്പെടാറുള്ള
തെയ്യങ്ങളിൽ വാണിയസമുദായക്കാരുടെ തെയ്യങ്ങളിൽ ഒന്നാണ് മുച്ചിലോട്ടു ഭഗവതി.

മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല. ഭഗവതിയുടെ മുഖമെഴുത്തിന് കുറ്റിശംഖും പ്രാക്കും എന്നാണ് പറയുന്നത്.സ്വാത്വിക ആയതിനാൽ ചടുലമായ ചലനവും വാക്കും ഈ തെയ്യത്തിനില്ല. സർവാലങ്കാര ഭൂഷിതയായി, സുന്ദരിയായി നവവധു പൊലെയാണ് ഈ തെയ്യം. നിത്യ കന്യകയായ ദേവിയുടെ താലികെട്ടാണ് പെരുങ്കളിയാട്ടം.12 വർഷം കൂടുമ്പോഴാണ് പെരുംകളിയാട്ടം നടത്തുന്നത്.അറിവുകൊണ്ട് വിജയം നേടിയപ്പോൾ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കൽപ്പിച്ചതിനാൽ, അപമാനഭാരത്താൽ അഗ്നിയിൽ ജീവൻ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതി[1].മുച്ചിലോട്ടു ഭഗവതിയെ മുച്ചിലോട്ടച്ചിയെന്നും, മുച്ചിലോട്ടമ്മയെന്നും, മുച്ചിലോട്ട് പോതിയെന്നും വിളിക്കാറുണ്ട്.

രണ്ടു രീതിയിൽ ചരിത്രമുണ്ട്. 1) ഐതിഹ്യം 2) തോറ്റം പാട്ട്

ഐതിഹ്യം

മുച്ചിലോട്ടു ഭഗവതി തെയ്യം

പെരിഞ്ചെല്ലൂർ (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ വച്ച് നടന്ന വാദപ്രതിവാദത്തിൽ പ്രഗല്ഭരെ തോൽപ്പിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ചവർ അവൾ‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരികി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ട്മൊരുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു. എണ്ണയുമായി ആ വഴി പോയ മുച്ചിലോടനോട് (വാണിയ സമുദായത്തിൽ പെട്ടയാൾ) തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോടൻ എണ്ണ മുഴുവൻ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ വന്ന മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളിൽ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.

തോറ്റം പാട്ട്

തോറ്റം പാട്ട് മാത്രം തെളിവാക്കുകയാണെങ്കിൽ ദൈവം ബ്രാഹ്മണ കന്യകയാണെന്ന് ഉറപ്പിക്കാനാവില്ല. ഐതിഹ്യത്തിൽ മാത്രമാണ്‌ ബ്രാഹ്മാണകന്യകയിടെ കഥപറയുന്നത്.

വാണിയ സമുദായം

മുച്ചിലോട്ടുഭഗവതി തെയ്യം
വാണിയസമുദായക്കാർ തങ്ങളുടെ കുലദേവതയായി ആരാധിക്കുന്നത് മുച്ചിലോട്ട് ഭഗവതിയെയാണ്. ഉത്തരകേരളത്തിലെ വാണിയസമുദായം ഒൻപതില്ലക്കാരാണ്‌> തെയ്യം ഇവരെ "ഒമ്പതില്ലേ"? എന്നാണ്‌ അഭിസംബോധന ചെയ്യുന്നത്. ഈ ഒമ്പതില്ലക്കാർക്ക് പതിനാല്‌ കഴകവും (പെരുംകാവു സ്ഥാനം) പതിനെട്ടു സ്ഥാനവും (ദേശത്തിലെ കാവ്) ഉണ്ട്. ഒമ്പതില്ലക്കാരിൽ തച്ചോറൻ രണ്ടിടത്തും നരൂർ, പള്ളിക്കര മുമ്മൂന്ന് കഴകങ്ങളിലും വ്യാപിച്ചിരിക്കുന്നു.

മുച്ചിലോട്ട് കാവുകൾ

കാസർഗോഡ് മുതൽ പാനൂർ വരെ 18 പ്രധാന മുച്ചിലോട്ടുകാവുകൾ ഉണ്ട്. “ആദി മുച്ചിലോട്ട്” എന്ന നിലയിൽ ഏറ്റവും പ്രാധാന്യം കരിവെള്ളൂർ മുച്ചിലോട്ടിനാണ്. മുച്ചിലോട്ടുകാവുകളിലെ കളിയാട്ട സമയത്ത് അന്നദാനത്തിന് വളരെ പ്രാധാന്യമുണ്ട്.

മുച്ചിലോട്ട് ഭഗവതിയൂടെ പ്രാചീന സങ്കേതങ്ങളായി തെയ്യം മുൻപു സ്ഥനവാചാലിൽ അനുസ്മരിക്കുന്ന ഏഴ് കാവുകൾ:-

കരിവെള്ളൂർ - ഉത്ഭവസ്ഥാനം
തൃക്കരിപ്പൂർ
കോറോം -പയ്യന്നൂർ
കൊട്ടില - പഴയങ്ങാടി
കവിണിശ്ശേരി - ചെറുകുന്ന്
വളപട്ടണം - പുതിയതെരു
നമ്പ്രം - നണിയൂർ (മയ്യിൽ) 

No comments:

Post a Comment