Tuesday, August 30, 2016

നിലവിളക്ക് കൊളുത്തുന്നത് എന്തിന് ?

വീടുകളിലും അമ്പലങ്ങളിലും നിലവിളക്ക് കൊളുത്തേണ്ട ആവശ്യം ഇല്ല, പകരം സി.എഫ്.എല്‍ ലാമ്പ് മതി എന്നും, പണ്ട് വൈദ്യുതി ഇല്ലാതിരുന്നതുകൊണ്ടാണ് നിലവിളക്ക് കൊളുത്തിയിരുന്നത് എന്നും ചില യുക്തിവാദികള്‍ പറയുകയുണ്ടായി. അവര്‍ക്ക് നല്‍കിയ മറുപടി നിങ്ങളുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു. ഏവരും നിലവിളക്കിന്റെ മഹാത്മ്യം അറിഞ്ഞിരിക്കുക, അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കുക:-

നാം വീടുകളിലും മറ്റും ഉപയോഗിക്കുന്ന വൈദ്യുത ബള്‍ബുകളും, ഒരു നിലവിളക്കും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. ഉദാഹരണമായി പറഞ്ഞാല്‍; ഒരു വിളക്കിലെ പ്രകാശം നമുക്ക് കോടിക്കണക്കിനു വിളക്കുകളിലേക്ക് പകരുവാന്‍ കഴിയും. മാത്രമല്ല ഒരു വിളക്കില്‍ ഒരിക്കല്‍ കൊളുത്തിയ പ്രകാശം ഒരിക്കലും അണയാതെ "കെടാവിളക്കായി" സൂക്ഷിക്കുവാനും കഴിയും. ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ നൂറു വര്ഷം മുന്‍പ് തൃശ്ശൂരിലെ കാരമുക്ക് ശ്രീ ചിദംബര നാഥ ക്ഷേത്രത്തില്‍ കൊളുത്തിയ ദീപം ഇന്നും അണഞ്ഞിട്ടില്ല, ഗുരുദേവന്‍ കൊളുത്തിയ ജ്ഞാനത്തിന്റെ പ്രതീകമായി നാം ഇന്നും അത് അണയാതെ സൂക്ഷിക്കുന്നു. ഇങ്ങിനെ ഉള്ള കെടാവിളക്കുകള്‍ നൂറ്റാണ്ടുകളായി പ്രഭ ചൊരിയുന്ന ഒരുപാട് പുണ്യസ്ഥലങ്ങള്‍ വേറെയും ഉണ്ട് ഈ ലോകത്തില്‍...,.

ജ്ഞാനം, അതായത് അറിവ്; പ്രകാശം അതിനെ പ്രതിനിധാനം ചെയ്യുന്നു. ഇരുട്ട് അറിവില്ലായ്മയെ കുറിക്കുന്നു. ഒരു വിളക്കില്‍ നിന്നും മറ്റൊരു വിളക്കിലേക്ക് പ്രകാശം പകര്‍ത്തുമ്പോള്‍ പഴയ വിളക്കിലെ വെളിച്ചത്തിനോ അതിന്റെ പ്രഭയ്ക്കോ ഒരു മാറ്റവും സംഭവിക്കുന്നില്ല, മറിച്ച് ആ ദീപം അത് പോലെ തന്നെ നിലനിന്ന് കൊണ്ട്, തന്റെ ഗുണം മറ്റൊന്നിലേക്കു പകര്‍ത്തുന്നു. ഇനി കാലപ്പഴക്കം കൊണ്ട് വിളക്കിന് കേടുപാടുകള്‍ വന്നാല്‍ പോലും, അതേ ദീപം അണയാതെ മറ്റൊരു വിളക്കിലേക്ക് മാറ്റുവാന്‍ കഴിയും.

വിളക്ക് ശരീരത്തെയും, അതിലെ ദീപം അറിവിനെയും സൂചിപ്പിക്കുന്നു. ഒരൊറ്റ തിരി ദീപത്തില്‍ നിന്നും ഒരു ക്ഷേത്രത്തിനു അകത്തും പുറത്തും ഉള്ള എല്ലാ വിളക്കുകളും തെളിയിക്കുന്ന "ചുറ്റുവിളക്ക്" എന്ന ചടങ്ങ് വെറുതെ ഉള്ളതല്ല, സാമാന്യ ബുദ്ധി ഉള്ള ഒരുവന് "ചിന്തിച്ചാല്"‍ അതിന്റെ പൊരുള്‍ പിടികിട്ടും.

ഇതൊന്നുമറിയാതെ; വിളക്ക് കൊളുത്താന്‍ മടിക്കുന്ന ''മത ഭ്രാന്തന്മാര്‍'' മന്ത്രി വേഷം കെട്ടുന്ന നമ്മുടെ നാട്ടിലെ ജനങ്ങളുടെ കാര്യം എന്ത് പറയാന്‍ ?
യുക്തിവാദികളോട് ഒരു ചോദ്യം: മുകളില്‍ വിവരിച്ച രീതിയില്‍ ഉപയോഗിക്കാവുന്ന ഒരു വിളക്ക് നിങ്ങളുടെ അറിവില്‍ ഉണ്ടോ ? അതായത് വര്‍ഷങ്ങളോളം അണയാതെ സൂക്ഷിക്കാവുന്ന, ഒന്നില്‍ നിന്നും പ്രകാശം മറ്റൊന്നിലേക്കു പകര്ത്താവുന്ന, പ്രകൃതിയെ ചൂഷണം ചെയ്തു നിര്‍മ്മിക്കുന്ന ഇന്ധനങ്ങള്‍ ഉപയോഗിക്കാത്ത, നിലവിളക്കിനെക്കാള്‍ ചെലവ് കുറഞ്ഞ ഒരു വിളക്ക് ? ഉണ്ടെങ്കില്‍ അതൊരു വലിയ ഉപകാരം ആയിരിക്കും.

No comments:

Post a Comment