Thursday, May 25, 2017

സദ്യ എങ്ങനെ?

സദ്യ' എന്ന വാക്ക് സംസ്കൃതത്തിലെ "സഗ്ധീദ:" എന്നതില്‍ നിന്നും ഉരുത്തിരിഞ്ഞ്‌ വന്നതാകാനാണ് കൂടുതല്‍ സാദ്ധ്യത. കാരണം അതിന്‍റെ വാച്യാര്‍ത്ഥം "ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊന്നിച്ചുള്ള മഹാഭോജനം" എന്നാകുന്നു. 'സദ്യ' എന്ന വാക്കിന്‍റെ ലളിതമായ അര്‍ത്ഥം "സഹഭോജനം" എന്നാകുന്നു.

BC 566 മുതല്‍ AD പത്താംനൂറ്റാണ്ട് വരെ തിരുവല്ല മുതല്‍ നാഗര്‍കോവില്‍ വരെ ഭരണം നടത്തിയിരുന്ന "ആയ്" രാജാക്കന്മാരുടെ കാലം മുതല്‍ സദ്യ ഉണ്ടായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. ഇതിന് ശേഷമാണ് ചേരരാജവംശം സ്ഥാപിതമായത്.

രണ്ടാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ഭൗമശാസ്ത്രജ്ഞനായ ക്ലോഡിയസ് ടോളാമി, ബാരിസ് നദി അഥവാ പമ്പാനദി മുതല്‍ കന്യാകുമാരി വരെ 'ആയ്' രാജഭരണം ഉണ്ടായിരുന്നുവെന്ന് പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ കിഴക്ക് തിരുനെല്‍വേലി വരെയും ഇവരുടെ ഭരണമുണ്ടായിരുന്നതിനാല്‍ സദ്യയുടെ സംഭാവനയില്‍ തമിഴ്നാടിന്‍റെ സ്വാധീനവും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാകുന്നു.

എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്പ്, ചവര്‍പ്പ് എന്നീ ആറ് രസങ്ങള്‍ ചേര്‍ന്ന സദ്യയെക്കുറിച്ച് ആയുര്‍വേദത്തിലും, ദിവസം ഒരുനേരം സദ്യയാവാമെന്ന് സിദ്ധവൈദ്യത്തിലും പരാമര്‍ശിക്കുന്നുമുണ്ട്. ആകയാല്‍ സദ്യ എന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പറയാതെ വയ്യ.

എങ്ങനെ വിളമ്പണം?
______________________

തൂശനിലയുടെ വാല്‍ഭാഗം, ഉണ്ണുന്ന ആളിന്‍റെ ഇടതുവശം വരുന്ന വിധം വാഴയിലയിട്ട്, അതില്‍ കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേനനുറുക്ക്, കൊണ്ടാട്ടം, പഴം എന്നിവ ഇലയുടെ ഇടത് ഭാഗത്തായും, പിന്നെയുള്ള തൊട്ടുകൂട്ടുന്ന അച്ചാര്‍, ഇഞ്ചിപ്പുളി എന്നിവ ഇലയുടെ ഇടത്തേ മൂലയിലും, ഇലയുടെ പകുതിമുതല്‍ വലത്തോട്ടായി അവിയല്‍, തോരന്‍, കാളന്‍ എന്നിവയും, ഇലയുടെ മദ്ധ്യത്തില്‍ താഴെയായി ചോറും അതില്‍ വലിയ പപ്പടവും ചെറിയ പപ്പടവും, നെയ്യ്, പരിപ്പ്, സാമ്പാര്‍, പുളിശ്ശേരി, പച്ചമോര് എന്നിവയും വിളമ്പുന്നു.

'ഇലയറിഞ്ഞ് വിളമ്പണം' എന്ന് പഴമക്കാര്‍ പറഞ്ഞിട്ടുണ്ട്. 'പന്തിയില്‍ പക്ഷം കാണിക്കരുത്' എന്നും പറഞ്ഞിട്ടുണ്ട്.

ആദ്യം പരിപ്പുമായി അല്പം ചോറൂണ്, ഇടയില്‍ തൊടുകറികളും, അച്ചാറുകളും, പിന്നെ സാമ്പാറുമായി അല്പം ചോറൂണ്, പിന്നെ പായസങ്ങള്‍, പിന്നെ പുളിശ്ശേരിയുമായി അല്പം ചോറൂണ്, പിന്നെ പച്ചമോര് കൂട്ടിയും അല്പം കുടിച്ചും വീണ്ടുമൊരു ചോറൂണ്. പിന്നെ പഴം കഴിക്കണം. നാരങ്ങയെടുത്ത് കയ്യില്‍ വെച്ച്, സദ്യ ഇഷ്ടമായാല്‍ ഇല നമ്മുടെ ഭാഗത്തേയ്ക്ക് മടക്കിവെച്ച് എഴുനേല്‍ക്കണം (സദ്യ ഇഷ്ടമായില്ലെങ്കില്‍ ഇല എങ്ങോട്ട് മടക്കണമെന്നോ അല്ലെങ്കില്‍ ഇല മടക്കരുതെന്നോ പഴമക്കാര്‍ പറഞ്ഞതായി എങ്ങും വായിച്ചിട്ടില്ല).

വീട്ടിലെത്തിയാല്‍ നാരങ്ങാ പിഴിഞ്ഞ് ഉപ്പോ പഞ്ചസാരയോ ചേര്‍ക്കാതെ വെള്ളം കുടിക്കണം. പിന്നെ ഉറക്കമാവാം. ഇതോടെ സദ്യ പൂര്‍ണ്ണം.

ഇന്നത്തെ ആളുകള്‍ക്ക് സദ്യയുടെ ചിട്ടവട്ടങ്ങളോ ഇലയില്‍ വിളമ്പുന്ന നാരങ്ങ എന്തിനെന്നോ അറിയില്ല. ദേശവ്യത്യാസം അനുസരിച്ച് സദ്യ വിളമ്പുന്ന രീതിയിലും വിഭവങ്ങളിലും കാതലായ മാറ്റങ്ങള്‍ കാണാറുണ്ട്‌.

കുണ്ഢലിനി

കുണ്ഡലിനി സുഷുമ്‌നയുടെ അടിഭാഗത്തുള്ള മൂലാധാര ചക്രത്തില്‍ തലകീഴായി മൂന്നരച്ചുറ്റായി ഉറങ്ങിക്കിടക്കുന്ന നിദ്രാശക്തിയുള്ള സര്‍പ്പമാണ്. യഥാവിധി പ്രാണായാമം ചെയ്യുമ്പോളുണ്ടാകുന്ന ചൂട് നിമിത്തം ഈ ശക്തി നിദ്രയില്‍ നിന്നുണര്‍ന്നുവരികയും അത് ക്രമേണ മേലോട്ടുള്ള ആറ് ചക്രങ്ങളെയും കടന്ന് മൂര്‍ദ്ധാവിലുള്ള സഹസ്രാരപത്മത്തിലെത്തി അവിടെ കുടികൊള്ളുന്ന ശിവചൈതന്യത്തില്‍ ലയിച്ച് യോഗി നിര്‍വികല്‍പ സമാധിയുടെ സുഖം അനുഭവിക്കുകയും ചെയ്യുന്നു.

ഇഡ, പിംഗല:

മൂലാധാരമൊഴിച്ചുള്ള മറ്റ് നാല് ആധാരചക്രങ്ങള്‍ സുഷുമ്‌നയിലാണ് സ്ഥിതിചെയ്യുന്നത്. ആറാമത്തെ ചക്രമായ ആജ്ഞ പുരികമദ്ധ്യത്തിലാണ്. സുഷുമ്‌നയെ ചുറ്റി ഇടവും വലവുമായി ഇഡ എന്നും പിംഗല എന്നും രണ്ടു നാഡികള്‍ പ്രാണനെ വഹിച്ചുകൊണ്ട് മേലും താഴെയുമായി ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു. ഇവ അതിസൂക്ഷ്മമായ നാഡികളാണ്. ഇഡയുടെ ദേവത ചന്ദ്രനായതുകൊണ്ട് അത് ചാന്ദ്രനാഡിയും പിംഗലയുടെ ദേവത സൂര്യനായതുകൊണ്ട് അത് സൂര്യനാഡിയും സുഷുമ്‌നയുടെ ദേവത അഗ്നിയായതുകൊണ്ട് അത് അഗ്നിനാഡിയുമാണ്. ശിവന്റെ രണ്ടു നേത്രങ്ങള്‍ സൂര്യചന്ദ്രന്മാരും നെറ്റിയിലെ നേത്രം അഗ്നിയുമാണ്. ഇഡയില്‍ക്കൂടി ചന്ദ്രപ്രവാഹമുണ്ടാകുന്നതുകൊണ്ട് അത് ശീതളമാണ്. പിംഗളയില്‍ക്കൂടി സൂര്യപ്രവാഹമുണ്ടാകുന്നതുകൊണ്ട് അത് ഊഷ്മളമാണ്. ഇഡ ഇടതു നാസികയില്‍ക്കൂടിയും പിംഗള വലതു നാസികയില്‍ക്കൂടിയും പ്രവഹിക്കുന്നു. ഇഡ തമപ്രകൃതിയും പിംഗള രജസ്സ് പ്രകൃതിയും ഉള്ളതാണ്. ഇഡ അമൃതപ്രവാഹിയും പിംഗള വിഷപ്രവാഹിയുമാണ്.

സുഷുമ്‌ന:

കുണ്ഡലിനിയില്‍ നിന്ന് 72000 നാഡികള്‍ ഉത്ഭവിക്കുന്നു. അവയില്‍ 72 എണ്ണം പ്രധാനപ്പെട്ടതും അവയില്‍ പത്തെണ്ണം അതിപ്രധാനവും അവ പ്രാണനെ ധരിക്കുന്നവകളുമാണ്. തന്നിമിത്തം പ്രാണന്‍, ചന്ദ്രന്‍, സൂര്യന്‍, അഗ്നി എന്നിവ അവയുടെ ദേവതകളാകുന്നു. പ്രാണന്‍ സുഷുമ്‌നയില്‍ക്കൂടി ചലിക്കുമ്പോള്‍ അഗാധമായ ധ്യാനവും ക്രമേണ സമാധ്യവസ്ഥയുമുണ്ടാകുന്നു.

കുണ്ഡലിനി വര്‍ത്തുളമായി, ഓജശ്ചക്തിയായി സുഷുമ്‌നയില്‍ക്കൂടി സഞ്ചരിച്ച് ഓരോ ചക്രങ്ങളെയും മറികടക്കുമ്പോള്‍ യോഗിക്ക് പലപല അനുഭൂതികളുണ്ടാകുകയും ശക്തിയാര്‍ജിക്കുകയും അയാള്‍ കേവലവും ശുദ്ധവുമായ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു.

പ്രാണായാമത്തിലെ കുംഭകം ചെയ്യുമ്പോള്‍ ഊര്‍ജ്ജമുണ്ടാവുകയും തന്നിമിത്തം കുണ്ഡലിനി ഉണരുകയും സുഷുമ്‌നാനാഡിയിലൂടെ മേലോട്ട് സഞ്ചരിക്കുകയും ചെയ്യുന്നു. ആറ് ഷഡാധാരചക്രങ്ങളെയും കടന്ന് സഹസ്രാരപത്മത്തിലെത്തി അതിന്റെ കര്‍ണികയ്ക്കുളളില്‍ കുടികൊള്ളുന്ന ശിവനുമായി ചേരുകയും ചെയ്യുമ്പോള്‍ യോഗി സച്ചിദാനന്ദസുഖം അനുഭവിക്കുന്നു. ആ യോഗി സര്‍വസ്വാതന്ത്ര്യവും സര്‍വൈശ്വര്യങ്ങളും മറ്റനേകം സിദ്ധികളും നേടുന്നു.

ഷഡാധാരചക്രങ്ങളിലെല്ലാം കുടികൊള്ളുന്നത് സൂക്ഷ്മശരീരത്തില്‍ നിഭൃതമായിരിക്കുന്ന ആത്മീയ ഊര്‍ജ്ജമാണ്. പ്രാണായാമത്തിന്റെ ശീലനംകൊണ്ട് നാഡികള്‍ സംശുദ്ധീകരിക്കപ്പെടുന്നു. യോഗിയുടെ ശരീരത്തില്‍ ലാഘവത്വം, ശരീരവര്‍ണത്തില്‍ തിളക്കം, ആമാശയാഗ്നിയുടെ വര്‍ദ്ധനവ്, ശരീരത്തിന്റെ കൃശത്വം, അവിരാമമായ ശാരീരികശാന്തി എന്നിവയുണ്ടാക്കുന്നു. ഇവകളെല്ലാം ആകമാനമുള്ള പരിശുദ്ധിയുടെ ലക്ഷണങ്ങളാണ്. മഹായോഗികള്‍ ഈ അവസ്ഥയിലിരുന്നാണ് ജീവാത്മാവിനെ പരമാത്മാവില്‍ ലയിപ്പിച്ചിട്ട് ജീവന്മുക്തി നേടുന്നത്.

നന്നായി ജീവിക്കാനുള്ള വഴി

വിദേശത്തു നിന്നെത്തിയ അനുജന്‍ ഏട്ടന് സമ്മാനിച്ചത് വിലയേറിയ നല്ലൊരു മ്യൂസിക് സിസ്റ്റം. അദ്ദേഹം സന്തോഷപൂര്‍വ്വം അത് സ്വീകരിച്ചു. പ്രവര്‍ത്തിപ്പിക്കാനായി പ്ലഗ് കുത്തി. സ്വിച്ച് ഓണ്‍ ചെയ്തു. ഒരു പൊട്ടല്‍, മിന്നല്‍, ചെറിയൊരുപുക, തീര്‍ന്നു.

ഗാരണ്ടിയുള്ളതു കൊണ്ട് കമ്പനിക്ക് സിസ്റ്റം തിരിച്ചയച്ചു. താമസിയാതെ കമ്പനിയില്‍ നിന്നും വിദഗ്ദ്ധരുടെ വിശദീകരണം ലഭിച്ചു.

“…ക്ഷമിക്കണം, ഇതിന്റെ കൂടെ ലഭിച്ച പുസ്തകം വായിച്ചിട്ടാണോ താങ്കള്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചത്? ഏത് വോള്‍ട്ടേജില്‍ വേണം ഇത് പ്രവര്‍ത്തിപ്പിക്കാന് എന്ന‍് പ്രത്യകം പരാമര്‍ശിച്ചിട്ടുണ‍്ട്. ‘6’ വോള്‍ട്ടിന് പകരം നിങ്ങള്‍ ഉപയോഗിച്ചത് 220 വോള്‍ട്ടാണ്… ഞ‍ങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല.”

ഇനി കൂടുതല്‍ വിശദീകരണം വേണ്ടതില്ലല്ലോ. നമ്മുടെ ശരീരം ദൈവം സമ്മാനിച്ച വിലയേറിയ, ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ഉപകരണമാണ്. ഇതെങ്ങനെ ഉപയോഗിക്കണം എന്നറിയാന്‍ ചില കൈപ്പുസ്തകങ്ങളും ദൈവം തന്നിട്ടുണ്ട്. അവയാണ് പുരാണങ്ങള്‍.

അതൊന്ന് വായിച്ചുനോക്കാതെ, മനസിലാക്കാതെ ഈ യന്ത്രം ഉപയോഗിച്ചാല്‍ അത് അകാലത്തുതന്നെ കേടാകും പാഴാകും ചിലപ്പോള്‍ നഷ്ടവുമാകും.

ഈ കൈപ്പുസ്തകങ്ങള്‍ ലളിതമായി വിശദീകരിക്കാനായി കാലാകാലങ്ങളില്‍ വിദഗ്ദ്ധന്മാരെ ദൈവം അയയ്ക്കാറുണ്ട്. അവരാണ് പുണ്യാത്മാക്കള്‍.

സ്വയം ജീവിച്ചു കാണിച്ച് അവര്‍ അത് വിശദീകരിക്കുന്നു അവരില്‍ നിന്നും ഈ ശരീരയന്ത്രം ഉപയോഗിക്കാന്‍ പഠിച്ചാല്‍ ജീവിതം ശരിക്കും രസിക്കാനാകും.

വിഗ്രഹാരാധന

വിഗ്രഹാരധന എന്നത് കേവലം ചില രൂപങ്ങളെയൊ ബിംബങ്ങളെയോ ആരാധിക്കുക എന്നത് മാത്രമല്ല.വാസ്തവത്തില്‍ വിഗ്രഹത്തെ ആരാധിക്കുന്നില്ല. വിഗ്രഹത്തില്‍ കൂടി എങ്ങും നിറഞ്ഞു നില്‍ക്കുന്ന ആ പരമചൈതന്യത്തെയാണ് ദര്‍ശിക്കുന്നത്.
നമ്മുടെ താത്പര്യങ്ങൾ ചിലപ്പോൾവിഗ്രഹങ്ങളായേക്കാം.പ്രകൃതിയില്‍ എന്തിനെ വേണമെങ്കിലും ഈശ്വരനായി ആരാധിക്കാം.കല്ലോ മരമോ അഗ്നിയോ വെള്ളമോ സൂര്യനോ മണ്ണോ കരിയോ എന്തുമാവാം.
ഈശ്വരനില്‍ എത്തിക്കാന്‍ നാം തെരഞ്ഞെടുക്കുന്ന മാര്‍ഗം എതെന്നല്ല അതില്‍ നാം എത്ര ശ്രദ്ധാലുക്കര്‍ ആണെന്നാണു നോക്കേണ്ടത്. ഈശ്വരനെന്ന പൂട്ട്‌ തുറക്കാനുള്ള ഒരു താക്കോല്‍ മാത്രമാണ് ക്ഷേത്രം. മനുഷ്യവബോധത്തിന്റെ അടിത്തട്ടില്‍ നിന്ന് ആരംഭിച്ചതാണ് അത്.ഉച്ചരിക്കുന്ന മന്ത്രത്തിനെ പ്രധിധ്വനിപിച്ചു മറ്റു ചിന്തകളില്‍ നിന്നും വിടുവിച്ചു പരിസരം ശബ്ദപൂരിതമാക്കി മനസ്സിനെ എകാഗ്രതയിലേക്ക് നയിക്കുന്നതാണ് ക്ഷേത്രം. പണ്ടൊക്കെ ഈശ്വര സാക്ഷാത് കാരത്തിനയിരുന്നു ക്ഷേത്രത്തില്‍ പോയിരുന്നത് എന്നാല്‍ നാം ഇന്ന് ക്ഷേത്രത്തില്‍ പോകുന്നത് കുറുക്കു വഴികള്‍ കണ്ടുപിടിക്കുവാനും വിലപേശാനും മറ്റുമാണ്.
ഏതെങ്കിലും ഭാവത്തില്‍( (വിഗ്രഹത്തില്‍ ) ഈശ്വരനെ ആരാധിക്കുന്നത് സഗുണ ആരാധനയാണ്.
മുസ്ലീങ്ങള്‍ മക്കയെ വളരെ പവിത്രമായി കാണുന്നു. അവിടേക്ക് നോക്കി നിസ്കരിക്കുന്നു. അവിടെ ഭക്തി വന്നില്ലെ. അതൊരു പ്രതീകമായില്ലെ. നിര്‍ഗുണമെന്ന് പറഞ്ഞാലും രൂപം വന്നപ്പോള്‍ ഗുണങ്ങള്‍ വന്നില്ലേ. ഗുണാതീതനായ ഈശ്വരന്റെ ഗുണങ്ങളെയാണല്ലോ ഓരോരുത്തരും വാഴ്ത്തുന്നത്.
എല്ലാവരും ആരാധന നടത്തുന്നത് മനസ്സിലെ ഒരു സങ്കല്പത്തിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് ദേശീയ പതാകയില്‍ നാം ദേശത്തെ ഉള്‍ക്കൊള്ളിക്കുന്നു, കൊടിയില്‍ പാര്‍ട്ടിയെ ഉള്‍ക്കൊള്ളിക്കുന്നു, പ്രാര്‍ത്ഥനക്ക്‌ പകരം മുദ്രാവാക്യങ്ങളും ക്ഷേത്രങ്ങള്‍ക്ക് പകരം രക്തസാക്ഷി മണ്ഡപങ്ങളും ഉടെലെടുക്കുന്നു. ക്ഷേത്രങ് ളോ പള്ളികളോ നശിച്ചാലെന്താ എന്ന് ചിന്തിക്കുന്നവര്‍ കൊടി കീറിയാല്‍ എന്താ തുണിയില്ലേ എന്ന് ചിന്തിക്കുന്നില്ല.
ഗാന്ധിയുടെ ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തുന്നവരും അറീഞ്ഞോ അറിയാതെയോ ആ വിഗ്രഹത്തെ പ്രണമിക്കുകയാനു . ദൈവ നിഷേധികളും യുക്തിവാദികളും നിരീശ്വരവിശ്വാസികളുമൊക്കെ അവരുടെ രഷ്ട്രീയ ‘ദൈവങ്ങളുടെ‘ ചിത്രങ്ങളും മൂർത്തികളും - statues- ഉണ്ടാക്കി പുഷ്പാർച്ചന നടത്തുന്നുണ്ട്. അതും ഒരു വിധത്തിൽ വിഗ്രഹാരാധന തന്നെ.
കാണുന്നതിനെ വിശ്വസിക്കുനതിനു യുക്തി വേണ്ട. കാണുന്നതിലൂടെ കാണാത്തതിനെ അറിയാനാണ് യുക്തിവേണ്ടത്. ഈശ്വര പ്രേമം സഗുണമായോ നിര്‍ഗുണമായോ ചെയ്യാം. ഈശ്വര സാക്ഷാത്കാരത്തിനു ക്ഷേത്രമോ സങ്കേതമോ ആവശ്യമില്ല അത് ഉപയോഗിച്ചാലും ഒരു കുഴപ്പവും ഇല്ല. ഇവ തമ്മില്‍ യാതൊരു സങ്കര്‍ഷവും ഇല്ല. രണ്ടും ശ്രേഷ്ടമാണ്.
ക്രിസ്തുമതത്തില്‍ മെഴുകുതിരി കത്തിക്കുന്നു . ക്രിസ്തുരൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്നു . അച്ഛന്റെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന മകന്‍ ഓര്‍ക്കുന്നത് പിതാവിനെയാണ്. ചിത്രകാരനെയല്ല. ഇതേപോലെ സാധാരണ ജനങ്ങളില്‍ സര്‍വ്വത്ര നിറഞ്ഞുനില്‍ക്കുന്ന ഈശ്വര ചൈതന്യത്തെകുറിച്ച് ബോധം ജനിപ്പിക്കുവാന്‍ വിഗ്രഹങ്ങള്‍ സഹായിക്കുന്നു. വിഗ്രഹത്തിനു മുന്നില്‍ നില്‍ക്കുന്നവര്‍ കണ്ണടച്ച് ഉള്ളിലാണ് ഈശ്വരനെ ദര്‍ശിക്കുന്നത്. ഉള്ളിലെ ചൈതന്യത്തെ ദര്‍ശിക്കാന്‍ വിഗ്രഹം സഹായകമായിത്തീരുന്നു.
നമ്മളുടെ ശരീരമാണ് ക്ഷേത്രം. അയഥാര്‍ത്ത്യങ്ങളുമായി താതാത്മ്യം പ്രാപിക്കാതെ കാപട്യമില്ലാതെ സത്യസന്ധമായി ജീവിക്കുന്നവനാണ് ഭക്തന്‍. നമ്മളുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് എങ്ങനെയുന്നു നോക്കിയാല്‍ മതി നമ്മള്‍ എങ്ങനെ എന്നു അറിയാന്‍.
വാസ്തവത്തില്‍ ഈശ്വരനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് നമ്മുടെ മനസ്സ്. നമ്മുടെ മുഖം തെളിഞ്ഞു കാണണമെങ്കില്‍, കണ്ണാടിയിലെ പൊടിയും മറ്റ് അഴുക്കുകളും തുടച്ചു മാറ്റണം. അതേ പോലെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കിയാല്‍ മാത്രമേ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയു. അതിനു പറ്റിയ മാര്‍ഗ്ഗമായിട്ടാണ് ക്ഷേത്രാരാധനയും മറ്റാചാരങ്ങളും സനാതന ധര്‍മത്തില്‍ നമ്മുടെ പൂവ്വികര്‍ വിധിച്ചിട്ടുള്ളത്. സനാതന ധര്‍മത്തില്‍ ഭക്തന്‍ ഈശ്വരനെ തിരയുന്നത് പുറമേയല്ല ഉള്ളിലാണ്. കാരണം, ഈശ്വരനെ പ്രത്യേകിച്ച് തിരയേണ്ട കാര്യമില്ല. ഈശ്വരന്‍ നമ്മുടെ മുന്നില്‍ തന്നെയുണ്ട്‌. എന്നാല്‍ മനസ്സിനെ മൂടിയിരിക്കുന്ന അഴുക്കുകള്‍ കാരണം കാണാനാകുന്നില്ല. അതിനാല്‍ മനസ്സിനെ വൃത്തിയാക്കിയാല്‍ മാത്രം മതി, ഈശ്വരനെ ദര്‍ശിക്കാനാകും.
പലപ്പോഴും നാമെല്ലാം മതമെന്ന വലിയ ഒരു കെട്ടില്‍ പിണഞ്ഞു കിടക്കുകയാണ്. മതം മനുഷ്യനെ നന്മയിലേക്ക് വഴി നടത്താനുള്ള ഒരു മാര്‍ഗം മാത്രമാണ്. മത മേധാവികള്‍ എപ്പൊഴും നമ്മെ ആ കുരുക്കില്‍ വരിഞ്ഞു മുറുക്കി തന്നെയിടും. മതങ്ങള്ക്കുവേണ്ടി മരിക്കാനും കൊല്ലുവാനും മനുഷ്യര്‍ വളരെ ഒരുക്കമാണ് മതങ്ങള്‍ പഠിപ്പിക്കുന്നപോലെ ജീവിക്കാന്‍ ആരും തയ്യാറല്ല. യഥാര്‍ത്ഥത്തില്‍ മതങ്ങള്‍ എന്താണ് പഠിപ്പിക്കുന്നത് എന്ന് ആരായുവാനുള്ള മനസ്സും ആരും കാണിക്കാറില്ല. ചോദ്യങ്ങള്‍ ചോദിക്കുവാന്‍ എല്ലാവര്‍ക്കും ഭയമാണ്. ഭയമുണ്ടാകുന്നത് അറിവില്ലാത്തതുകൊണ്ടാണ്.

ആരാണ് യഥാര്‍ത്ഥ ഭക്ത൯ .??

" ഒരു പ്രാണിയെയും വിധ്വേഷിക്കാതെ, എല്ലാവരോടും സ്നേഹവും ദയയും കാണിച്ചു ഒന്നിലും തന്റെതെന്ന സ്വാര്‍ത്ഥ ബുദ്ധി ഇല്ലാതെയും , അഹങ്കാരം കൈവേടിഞ്ഞും , ശത്രു- മിത്രം , മാനം-അപമാനം, സുഖം-ദുഖം, ശീതം-ഉഷ്ണം, സ്തുതി-നിന്ദ എന്നീ വേര്‍തിരിവുകള്‍ ഇല്ലാതെ സമഭാവനയോടെ പെരുമാരുന്നവനും , എല്ലായ്പ്പോഴും ക്ഷമയോടും സന്തുഷ്ട്ടിയോടും സമ ചിതത്തയോടും ആത്മ സംയമനതോടും എന്നില്‍ തന്നെ മനസും ബുദ്ധിയും ഉറപ്പിച്ചു ഭജിക്കുകയും ചെയ്യുന്നവന്‍ ആരോ അവന്‍ എന്റെ ഭക്തനാകുന്നു.."
"ആരെ ലോകം ഭയപ്പെടുന്നില്ലയോ..ആര് ലോകതിനെയും ഭയപ്പെടുന്നില്ലയോ , ആര് യാതൊരു വിധത്തിലുള്ള അപേക്ഷയും കൂടാതെ ശുദ്ധിയുള്ളവനായി കൊണ്ട് , അമിതമായ സന്തോഷമോ , ദേഷ്യമോ, ദുഖമോ, ആസക്തിയോ, വെറുപ്പോ, ഇല്ലാതെ നിസ്വാര്തതയോടെ കര്‍മം ചെയ്യുന്നുവോ അവനും എന്റെ പ്രിയ ഭക്തന്‍ തന്നെ.."
അര്‍ജുനനെ മുന്‍നിര്‍ത്തി കൊണ്ട് ഭഗവാ൯ ശ്രീകൃഷ്ണ൯ ലോകതിനോടായി "യഥാര്‍ത്ഥ ഭക്ത൯ " ആരെന്നു ഗീതയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത് ആണിത്..

അഹംഭാവം വെടിഞ്ഞു അഹംബോധം നേടുക എന്നതാണ് നിത്യമായ ആനന്ധത്തിലെക്കുള്ള ഒരേ ഒരു വഴി..

ദുർഗാ ദേവി അഷ്ടോത്തര നാമാവലി

1. ഓം ശ്രീ ദുര്‍ഗ്ഗായൈ നമഃ
2. ഓം ശ്രീ യൈ നമഃ
3. ഓം ഉമായൈ നമഃ
4. ഓം ഭാരത്യൈ നമഃ
5. ഓം ഭദ്രായൈ നമഃ
6. ഓം ശര്‍വാണ്യൈ നമഃ
7. ഓം വിജയായൈ നമഃ
8. ഓം ജയായൈ നമഃ
9. ഓം വാണ്യൈ നമഃ
10. ഓം സര്‍വ്വഗതായൈ നമഃ
11. ഓം ഗൗര്യൈ നമഃ
12. ഓം വാരാഹ്യൈ നമഃ
13. ഓം കമലപ്രിയായൈ നമഃ
14. ഓം സരസ്വത്യൈ നമഃ
15. ഓം കമലായൈ നമഃ
16. ഓം മാതം ഗ്യൈനമഃ
17. ഓം അപരായൈ നമഃ
18. ഓം അജായൈ നമഃ
19. ഓം ശാകംഭര്യൈ നമഃ
20. ഓം ശിവായൈ നമഃ
21. ഓം ചണ്ഡ്യൈ നമഃ
22. ഓം കുണ്ഡല്യൈ നമഃ
23. ഓം വൈഷ്ണവ്യൈ നമഃ
24. ഓം ക്രിയായൈ നമഃ
25. ഓം ക്രിയാമാര്‍ഗ്ഗായൈ നമഃ
26. ഓം ഐന്ദ്രൈ നമഃ
27. ഓം മധുമത്യൈ നമഃ
28. ഓം ഗിരിജായൈ നമഃ
29. ഓം സുഭഗായൈ നമഃ
30. ഓം അംബികായൈ നമഃ
31. ഓം താരായൈ നമഃ
32. ഓം പത്മാവത്യൈ നമഃ
33. ഓം ഹംസായൈ നമഃ
34. ഓം പത്മനാഭസഹോദര്യൈ നമഃ
35. ഓം അപര്‍ണ്ണായൈ നമഃ
36. ഓം ലളിതായൈ നമഃ
37. ഓം ധാത്ര്യൈ നമഃ
38. ഓം കുമാര്യൈ നമഃ
39. ഓം ശിഖിവാഹിന്യൈ നമഃ
40. ഓം ശാഭവ്യൈ നമഃ
41. ഓം സുമുഖ്യൈ നമഃ
42. ഓം മൈത്ര്യൈ നമഃ
43. ഓം ത്രിനേത്രായൈ നമഃ
44. ഓം വിശ്വരൂപായൈ നമഃ
45. ഓം ആര്യായൈ നമഃ
46. ഓം മൃഡാന്യെ നമഃ
47. ഓം ഹ്രീംകാര്യൈ നമഃ
48. ഓം ക്രോധീന്യൈ നമഃ
49. ഓം സുദിനായൈ നമഃ
50. ഓം അചലായൈ നമഃ
51. ഓം സൂക്ഷ്മായെ നമഃ
52. ഓം പരാത്പരായൈ നമഃ
53. ഓം ശോഭായൈ നമഃ
54. ഓം സുവര്‍ണ്ണായൈ നമഃ
55. ഓം ഹരിപ്രിയായൈ നമഃ
56. ഓം മഹാലക്ഷ്മ്യൈ നമഃ
57. ഓം മഹാസിദ്ധ്യൈ നമഃ
58. ഓം സ്വധായൈ നമഃ
59. ഓം സ്വാഹായൈ നമഃ
60. ഓം മനോډന്യൈ നമഃ
61. ഓം ത്രിലോകപരിപാലികായൈ നമഃ
62. ഓം ഉദ്ഭൂതായൈ നമഃ
63. ഓം ത്രിസന്ധ്യായൈ നമഃ
64. ഓം ത്രിപുരാന്തകായൈ നമഃ
65. ഓം ത്രിശക്ത്യൈ നമഃ
66. ഓം ത്രിപദായൈ നമഃ
67. ഓം ദുര്‍ഗ്ഗമായൈ നമഃ
68. ഓം ബ്രാഹൈമ്യ നമഃ
69. ഓം ത്രൈലോക്യവാസിന്യൈ നമഃ
70. ഓം പുഷ്കരായൈ നമഃ
71. ഓം അദ്രിസുതായൈ നമഃ
72. ഓം ഗൂഢായൈ നമഃ
73. ഓം ത്രിവര്‍ണ്ണായൈ നമഃ
74. ഓം ത്രിസ്വരായൈ നമഃ
75. ഓം ത്രിഗുണായൈ നമഃ
76. ഓം നിര്‍ഗ്ഗുണായൈ നമഃ
77. ഓം സത്യായൈ നമഃ
78. ഓം നിര്‍വ്വികല്പായൈ നമഃ
79. ഓം നിരഞ്ജനായൈ നമഃ
80. ഓം ജ്വാലിന്യൈ നമഃ
81. ഓം മാലിന്യൈ നമഃ
82. ഓം ചര്‍ച്ചായൈ നമഃ
83. ഓം ഖരവ്യാധോപനിബര്‍ഹിണ്യൈ നമഃ
84. ഓം കാമാക്ഷ്യൈ നമഃ
85. ഓം കാമിന്യൈ നമഃ
86. ഓം കാന്തായൈ നമഃ
87. ഓം കാമദായൈ നമഃ
88. ഓം കളഹം സിന്യൈ നമഃ
89. ഓം സലജ്ജായൈ നമഃ
90. ഓം കുലജായൈ നമഃ
91. ഓം പ്രാജ്ഞായൈ നമഃ
92. ഓം പ്രഭായൈ നമഃ
93. ഓം മദന സുന്ദര്യൈ നമഃ
94. ഓം വാഗീശ്വര്യൈ നമഃ
95. ഓം വിശാലാക്ഷ്യൈ നമഃ
96. ഓം സുമംഗല്യൈ നമഃ
97. ഓം കാള്യൈ നമഃ
98. ഓം മാഹേശ്വര്യൈ നമഃ
99. ഓം ചണ്ഡ്യൈ നമഃ
100. ഓം ഭൈരവ്യൈ നമഃ
101. ഓം ഭുവനേശ്വര്യൈ നമഃ
102. ഓം നിത്യായൈ നമഃ
103. ഓം സാനന്ദവിഭവായൈ നമഃ
104. ഓം സത്യജ്ഞാനായൈ നമഃ
105. ഓം തപോമയ്യൈ നമഃ
106. ഓം മഹേശ്വരപ്രിയങ്കര്യൈ നമഃ
107. ഓം മഹാത്രിപുര സുന്ദര്യൈ നമഃ
108. ഓം ദുര്‍ഗ്ഗാപരമേശ്വര്യൈ നമഃ 

രുഗ്മിണീസ്വയംവരം

വിദര്‍ഭ (കുണ്ധിനം) രാജ്യത്തിലെ രാജാവായ ഭീഷ്മകന് രുഗ്മി, രുഗ്മരഥന്‍ , രുഗ്മബാഹു , രുഗ്മകേശന്‍ , രുഗ്മാലി എന്നീ അഞ്ചു പുത്രന്മാരും രുഗ്മിണി എന്ന പുത്രിയും ഉണ്ടായിരുന്നു. രുഗ്മിണി അതീവ സുന്ദരിയും സത്സ്വഭാവിയും ആയിരുന്നു. ചെറുപ്പം മുതലേ ശ്രീകൃഷ്ണ ഭഗവാന്റെ ഗുണഗണങ്ങള്‍ കേട്ടറിഞ്ഞിരുന്ന രുഗ്മിണി, കൃഷ്ണന്‍ തന്റെ ഭര്‍ത്താവായി വരണമെന്ന് ആഗ്രഹിച്ചിരുന്നു. വിശ്വനായകനായശ്രീകൃഷ്ണ ഭഗവാനും രുഗ്മിണിയുടെ
സൌന്ദര്യത്തെക്കുറിച്ചു കേട്ടിരുന്നു. രുഗ്മിണി തന്റെ പത്നിയാകണമെന്ന് ഭഗവാനും ആഗ്രഹിച്ചു. രുഗ്മിണി വളര്‍ന്നു യൌവനയുക്തയായി . രുഗ്മി ഒരു ദുശ്ശാട്യക്കാരനായിരുന്നു. അയാളുടെ സുഹൃത്തുക്കള്‍ സാല്വന്‍, ശിശുപാലന്‍, ജരാസന്ധന്‍, ദന്തവക്ത്രന്‍ തുടങ്ങിയവരായിരുന്നു. ഇവരൊക്കെ ശ്രീകൃഷ്ണന്റെ ശതൃക്കളുമായിരുന്നു. അച്ഛനമ്മമാര്‍ക്കും ബന്ധുക്കള്‍ക്കും രുഗ്മിണിയെ കൃഷ്ണന് കല്യാണം കഴിച്ചു കൊടുക്കാനാണ് താല്‍പ്പര്യം. എന്നാല്‍ രുഗ്മി തന്റെ സഹോദരിയെ ശിശുപാലന് കല്യാണം കഴിച്ചുകൊടുക്കാന്‍ താല്‍പ്പര്യപ്പെട്ടു. നിവൃത്തിയില്ലാതെ ആയപ്പോള്‍ എല്ലാവരും ആ നിര്‍ബന്ധത്തിനു വഴങ്ങി. ഇതറിഞ്ഞ രുഗ്മിണി വളരെ ദുഖിതയായി. ഒരു വിശ്വസ്ത ബ്രാഹ്മണനെ വിളിച്ച് കൃഷ്ണനെ ഈ വിവരം അറിയിക്കാന്‍ അയച്ചു.
ബ്രാഹ്മണന്‍ ദ്വാരകയിലെത്തി ദ്വാരപാലന്മാരുടെ അനുവാദം വാങ്ങി ശ്രീകൃഷ്ണന്റെ സമീപമെത്തി ഭഗവാന്‍ ആ ബ്രാഹ്മണനെ വിധിയാംവണ്ണം പൂജിച്ച് തന്റെ ചാരത്തിരുത്തി ഇഷ്ടഭോജനങ്ങള്‍ നല്‍കി. സംതൃപ്തനായ ബ്രാഹ്മണന്‍ വിവരമെല്ലാം ശ്രീകൃഷ്നോട് പറഞ്ഞു. എളുപ്പമായ ഒരു മാര്‍ഗ്ഗവും പറഞ്ഞുകൊടുത്തു. അതായത് കുലദൈവമായ ഗൌരിയെ ആരാധിക്കാനായി ക്ഷേത്രത്തിലേക്ക് വരുമ്പോള്‍, അവിടെ വച്ച് രുഗ്മിണിയെ തേരില്‍ കയറ്റി കൊണ്ടുപോയാല്‍ മതി, എന്നാണു രുഗ്മിണി പറഞ്ഞയച്ചത്. രുഗ്മിണിയുടെ സന്ദേശവാര്‍ത്ത കേട്ട് ഭഗവാന്‍ അളവറ്റു സന്തോഷിച്ചു.

ദാരുകനെ തേരാളിയാക്കി, ഭഗവാന്‍ ആ ബ്രാഹ്മണനെയും കൂട്ടി വിദര്‍ഭയിലോട്ട് അതിവേഗത്തില്‍ യാത്രതിരിച്ചു. ഇതറിഞ്ഞ ബലരാമന്‍ അനുജനെ സഹായിക്കാനായി സൈന്യസമേതം വിദര്‍ഭയിലേക്ക് പുറപ്പെട്ടു. ഭീഷ്മകന്‍ തന്റെ പുത്രിയുടെ വിവാഹാഘോഷങ്ങളെല്ലാം ഒരുക്കിയിരുന്നു. വിപ്രരെ വരുത്തി കാല്‍കഴുകിച്ചു പൂജിച്ച് ദാനധര്‍മ്മങ്ങള്‍ ചെയ്തു. ദേവപൂജകള്‍ നടത്തി. അന്തപുരസ്ത്രീകള്‍ വധുവിനെ കുളിപ്പിച്ച് നന്നായി ചമയിച്ചൊരുക്കി.
ചേദിരാജാവായ ദമഘോഷനും മകനായ ശിശുപാലനും പൂജകളും ദാനങ്ങളും നടത്തി ചതുരംഗപ്പടയോടും വാദ്യഘോഷത്തോടും കൂടി വിദര്‍ഭ രാജധാനിയിലെത്തി. ഭീഷ്മകനും രുഗ്മിയും ബന്ധുക്കളും അവരെ സ്വീകരിച്ച് സല്‍ക്കാരങ്ങള്‍ ചെയ്തു. അംഗന്‍ , കലിംഗന്‍, മാളന്‍, കേകയന്‍, വംഗന്‍, മാഗധന്‍, കോസലന്‍, സാല്വന്‍ തുടങ്ങിയ രാജാക്കന്മാരും പരിവാരങ്ങളും സന്ഹിതരായിരുന്നു. സാല്വന്‍, ജരാസന്ധന്‍, വിഡൂരഥന്‍ , ദന്തവക്ത്രന്‍ തുടങ്ങിവര്‍ക്ക് ശ്രീകൃഷ്ണന്‍ വന്നു രുഗ്മിണിയെ കൊണ്ടുപോകുമെന്ന് സംശയമുള്ളതിനാല്‍ അവരൊക്കെ വന്‍ സൈന്യസന്നാഹത്തോടെയാണ് ആഗതരായത്.
ദ്വാരകയില്‍ പറഞ്ഞുവിട്ട ബ്രാഹ്മണനെ കാണാതെ രുഗ്മിണി ആകാംഷാഭരിതയായി. അപ്പോഴുണ്ട് അവളുടെ ഇടതു കണ്ണും കവിളും തുടയും തുടിച്ചു. ഇത് നാരിമാര്‍ക്ക് ശുഭലക്ഷണമായതുകൊണ്ട് രുഗ്മിണി സന്തോഷിച്ചു. അപ്പോഴേക്കും ആ ബ്രാഹ്മണന്‍ അവിടെയെത്തി ശ്രീകൃഷ്ണനും ബലരാമനും സൈന്യ വുമെല്ലാം എത്തിയ വിവരം
രുഗ്മിണിയെ അറിയിച്ചു. അതീവ സന്തുഷ്ടയായ രുഗ്മിണി പലതരം വിലപ്പെട്ട ദ്രവ്യങ്ങള്‍ ആ ബ്രാഹ്മണന് നല്‍കി വണങ്ങി നിന്നു . ബ്രാഹ്മണന്‍ ആശീര്‍വദിച്ചിട്ട്‌ അവിടെനിന്നും യാത്രയായി.

ശ്രീകൃഷ്ണനും ബലരാമനും വന്നിട്ടുണ്ടന്നറിഞ്ഞ
ഭീഷ്മകന്‍ അവരെ സ്വീകരിച്ച് സല്ക്കാരത്തോടെ താമസിപ്പിച്ചു. സുന്ദരരൂപനായ ശ്രീകൃഷ്ണനെ കണ്ട് തങ്ങളുടെ രാജകുമാരിയും ശ്രീകൃഷ്ണനുമായുള്ള വിവാഹം നടക്കേണമേയെന്ന് എല്ലാവരും ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിച്ചു. രുഗ്മിണി തോഴിമാരോടൊപ്പം ക്ഷേത്രത്തിലെത്തി പാര്‍വതിദേവിയെ നന്നായി പൂജിച്ച് , കൃഷ്ണന്‍ തന്റെ ഭര്‍ത്താവായി വരേണമേയെന്ന് മനംനൊന്ത് പ്രാര്‍ത്ഥിച്ചു.
പൂജകളെല്ലാം കഴിഞ്ഞ് തിരിച്ചുവരുന്ന രുഗ്മിണിയുടെ അതീവ സൌന്ദര്യത്തില്‍ പല രാജാക്കന്മാരും മോഹിച്ച് പ്രതിമ കണക്കെ നിന്നുപോയി. മന്ദം മന്ദം നടന്നടുക്കുന്ന ആ സ്ത്രീ രത്നത്തിന്റെ അടുത്ത് ശ്രീകൃഷ്ണന്‍ തേരുമായിചെന്ന് അവളെ ആ തേരില്‍ കയറ്റി യദുക്കളുടെ അകമ്പടിയോടെ പോവുകയും ചെയ്തു. ഭീഷ്മകനും അന്തപുരസ്ത്രീകളും ബന്ധുക്കളും വളരെയധികം സന്തോഷിച്ചു.

രാജക്കന്മാരെല്ലാം പടയോടെച്ചെന്ന് ശ്രീകൃഷ്ണനോടും
യാദവരോടും യുദ്ധം ചെയ്തുവെങ്കിലും രാജയപ്പെടുകയാണുണ്ടായത്. പക്ഷെ രുഗ്മിയാകട്ടെ, "കൃഷ്ണനെ വധിച്ച്‌ രുഗ്മിണിയെ വീണ്ടെടുത്തശേഷമേ ഇനി വിദര്‍ഭയില്‍ പ്രവേശിക്കുകയുള്ളൂ " എന്ന് പ്രതിജ്ഞചെയ്തു. രുഗ്മിയും ശ്രീകൃഷ്ണനും തമ്മില്‍ ഭയാനകമായ യുദ്ധം നടന്നു. രുഗ്മിയുടെ അസ്ത്രങ്ങളെല്ലാം കൃഷ്ണന്‍ എയ്തുമുറിച്ചു. രുഗ്മി വാള്‍ പ്രയോഗിച്ചപ്പോള്‍ കൃഷ്ണന്‍ ആ വാള്‍ എയ്തുമുറിച്ചു. അവസാനം കൃഷ്ണനും വാളെടുത്ത് രുഗ്മിയുടെ നേര്‍ക്ക്‌ പാഞ്ഞു. അപ്പോള്‍ രുഗ്മിണി, തന്റെ സഹോദരനെ കൊല്ലരുതെന്നും, അപരാധങ്ങള്‍ പൊറുത്ത് മാപ്പുകൊടുക്കണമെന്നും കേണപേക്ഷിച്ചു. തന്റെ പ്രിയതമയുടെ വാക്കുകള്‍ സ്വീകരിച്ച്, കൃഷ്ണന്‍ രുഗ്മിയെ വധിച്ചില്ല. എന്നാല്‍ അവനെ പിടിച്ചുകെട്ടി മീശയും കേശവും കരിച്ച് വിരൂപനാക്കി . രുഗ്മിയുടെ സേനയെയെല്ലാം വധിച്ച്‌ ബലരാമനും അപ്പോള്‍ അവിടെയെത്തി. രുഗ്മിയെ അഴിച്ചുവിട്ടശേഷം രുഗ്മിണിയെ ആശ്വസിപ്പിച്ചു . രുഗ്മി പ്രതിജ്ഞയനുസരിച്ച് പിന്നെ വിദര്‍ഭ രാജ്യത്ത് കയറിയിട്ടില്ല. ഭോജകുടം എന്ന ഒരു പുരം നിര്‍മ്മിച്ച്‌ അവിടെ താമസമാക്കുകയാണ് ചെയ്തത്.

ശ്രീകൃഷ്ണനും ബലരാമനും യാദവരും രുഗ്മിണിയേയും കൊണ്ട് ദ്വാരകയിലെത്തി. ദ്വാരകാവാസികള്‍ അത്യാഹ്ലാദപൂര്‍വ്വം അവരെ എതിരേറ്റു കൊണ്ടുവന്നു. പിന്നെ നല്ല മുഹൂര്‍ത്തം നോക്കി ശ്രീകൃഷ്ണന്റെയും രുഗ്മിണിയുടെയും സ്വയംവരം നടന്നു. അവര്‍ക്ക് പ്രദ്യുമ്നന്‍ എന്ന പേരില്‍ വിശ്രുതനായ ഒരു സല്പുത്രന്‍ ജനിച്ചു.

ശ്രീചക്രം

പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രത്തെ മഹത്വമേറിയതെന്നാണ് വിളിക്കപ്പെടുന്നത്. സ്നേഹത്തിന്റെയും മാതൃത്വത്തിന്റെയും വാത്സല്യത്തിന്റെയും ശക്തിയുടെയും രൂപമായി കരുതിവരുന്ന പരാശക്തി, ആരാധിക്കുന്നവരെ കൈവിടില്ലെന്നാണ് ഭക്തരുടെ വിശ്വാസം. ഇവിടെ പിതാവായി പരമശിവനെ സങ്കല്‍പ്പിക്കുകയാണെന്ന് കരുതിയാല്‍ മാതാവായി പാര്‍വ്വതിദേവിയെ കരുതേണ്ടിവരും. അതിനാല്‍, ശ്രീചക്രത്തെ പാര്‍വ്വതിദേവിയുടെ ലളിതസ്വരൂപമായിട്ടാണ് കരുതപ്പെടുന്നതും.

ജാമിതീയരൂപത്തിലെ വരകളും കോണുകളും രേഖകളുമാണ് ശ്രീചക്രത്തില്‍ പ്രത്യക്ഷമായി കാണപ്പെടുന്നത്. എന്നാല്‍ ശാസ്ത്രപ്രകാരം മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്‍ദശാരം, ബഹിര്‍ദശാരം, ചതുര്‍ദശാരം, അഷ്ടദളം, ഷോഡദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്. നടുവില്‍ ബിന്ദുവിനു ശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍ പരിച്ചേദിക്കുമ്പോള്‍ നാല്‍പ്പത്തിമൂന്ന്‍ ത്രികോണങ്ങള്‍ കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടു ചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാല് ദൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം. സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവയിലും പഞ്ചലോഹത്തിലും ശ്രീചക്രം വരച്ചെടുക്കാറുണ്ട്.

ഭഗവദ് ഗീത ഒരു ആത്മീയ ശാസ്ത്രം

മാനസികമായി തളർന്ന അർജ്ജുനനുള്ള കൃഷ്ണോപദേശമാണ് ഭഗവത് ഗീത. ഒരു മനഃശാസ്ത്രജ്ഞൻ മനോരോഗിയെ വിദഗ്ദ്ധമായി ചികിത്സിക്കുന്ന രീതിയിലാണ്. കൃഷ്ണൻ ഇവിടെ വിഷയം കൈകാര്യം ചെയ്യുന്നത്. അർജ്ജുനനെ മാനസിക സംഘർഷത്തിൽ നിന്ന് പുറത്തുകൊണ്ടുവരാൻ ആദ്യം തന്നെ അർജ്ജുനന്റെ മാനസ്സികാവസ്ഥയെ ഉൾകൊള്ളുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ട് ആർദ്രതയോടെ സഹതാപംകാണിക്കുന്ന കൃഷ്ണൻ ഒരു രോഗിക്ക് എപ്പോഴും തന്നോട് അനുകമ്പ കാണിക്കുന്നവരിലാണ് വിശ്വാസവും ശ്രദ്ധയും ഉണ്ടാവുക എന്നു വ്യക്തമാക്കുന്നു. ഇന്ന് വൈദ്യശാസ്ത്രം ഏറെ വളർന്നെങ്കിലും രോഗിയെക്കുറിച്ച് ചിന്തിക്കാതെ രോഗത്തെ ചികിത്സിക്കാനാണ് പല ചികിത്സകരും ആവേശം കാണിക്കുന്നത്. രോഗിയോട് അനുകമ്പയും സഹതാപവും കാണിക്കാത്ത ഒരു ഡോക്ടർക്കും ചികിത്സ പൂർണമാകാൻ സാധിക്കുകയില്ല. കാരണം രോഗത്തിന്റെ എല്ലാ വേദനകളും ദുഃഖങ്ങളും ഇരിക്കുന്നത് മനസ്സിലാണ് എന്നതു തന്നെ. ആധുനിക വൈദ്യശാസ്ത്രത്തിനു പോലും ഉൾക്കാഴ്ച്ച പകരാൻ 5000 വർഷങ്ങൾക്കു മുമ്പുള്ള ഭാരതീയ സംസ്കാരത്തിന് സാധിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ നമ്മുടെ സംസ്കാരത്തിന്റെ മഹത്ത്വം എത്രയായിരിക്കും.

പിന്നിട് അർജ്ജുനന്റെ മഹത്ത്വം തനിക്ക് നല്ലതുപോലെ അറിയാം എന്ന രീതിയിൽ കൃഷ്ണൻ സ്നേഹത്തോടെ സസാരിക്കുന്നു. ഏതു വ്യക്തിക്കും നല്ലോരു ഭൂതകാലം ഉണ്ടെന്നും അതു അയാൾക്ക് അഭിമാനിക്കനും സ്വയം ആദരിക്കാനും യോഗ്യത നൽക്കുന്നതാണെന്നും ഓർമ്മിപ്പിച്ചാൽ, ആ വ്യക്തിയുടെ ഭാവിയെക്കുറിച്ചുള്ള വ്യാകുലചിന്തകൾ നിറഞ്ഞ ചിന്തകൾ നിറഞ്ഞ മനസ്സിനെ ഭൂതകാലത്തിലെ നല്ല ചിന്തകളിലേക്ക് കൊണ്ടുപോകാൻ സാധിക്കും. അപ്പോൾ ആ വ്യക്തിക്ക് തന്നെ കുറിച്ചുള്ള അപകർഷതാബോധത്തിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കും. മനശാസ്ത്രത്തിന്റെ അത്ഭുതകരമായ ചികിത്സാരീതിയാണ് അർജ്ജുനനിൽ പ്രയോഗിക്കുന്നത്. ഭഗവാൻ കൃഷ്ണൻ പിന്നിട് അർജ്ജുനന് മന്തോപദേശം നൽക്കുന്നു. "ക്ഷുദ്രം ഹൃദയദൗർബല്യം തൃക്ത്വേത്തിഷ്ഠ് പരന്തപ". ഭഗവദ് ഗീതയിലെ മാനസീകോർജ്ജം നൽകുന്ന ശക്തിയുള്ള മന്ത്രമാണിത്. തന്നെ തളർത്തുന്ന മനസ്സിന്റെ ദൗബല്യങ്ങളെ വിട്ടുകൊണ്ട് അതിനെ കുറിച്ച് ചിന്തിക്കാതെ നല്ല കാര്യങ്ങൽ മാത്രം ചിന്തിക്കുവാനും അതിൽ മുഴുകുവാനും മനസ്സിനെ പ്രേരിപ്പിക്കുക." എന്നാണ്. പരസഹായം ഇല്ലാതെ മാനസ്സികമായി സ്വയം ഉയരാൻ സാധിച്ചാൽ പിന്നെ ജീവിത പരാജയം ഉണ്ടാകില്ല. ഭഗവദ്ഗീതയിൽ ഭഗവാൻ കൃഷ്ണൻ ഓരോരുത്തനും എങ്ങിനെയായാലാണ് ഉദാത്തമായ ജീവിത ശൈലിഉണ്ടാവുക എന്നു മനസ്സിലാക്കിത്തരുന്നു. അതിലെ തത്ത്വങ്ങൾ ഉൾക്കൊണ്ട് അത് ജീവിതത്തിന്റെ ഉന്നതിക്കായി ഉപയോഗപെടുത്തിയാൽ ജീവിച്ചിരിക്കുമ്പോൾ സമുന്നതമായമനസ്സിന്റെ ഉടമകളാവാൻ നമുക്ക് സാധിക്കും. അത്തരമൊരു അവസ്ഥയിൽ ദുഃഖത്തിനോ, ഭയത്തിനോ, സംശയത്തിനോ നമ്മേ സ്വാധീനിക്കാൻ കഴിയില്ല.

ഭഗവദ് ഗീതയിലെ സാംഖ്യയോഗത്തിലെ ശ്ലോകങ്ങൾ ശാസ്ത്രീയമായ ആത്മപഠനമാണ്. ഇതിൽ ഭഗവാൻ സ്നേഹത്തെ ഇങ്ങനെ നിർവചിച്ചിരിക്കുന്നു. സ്വയം ജീവിതത്തെ അറിയുകയും തന്നെത്തന്നെ മാനസ്സികമായി ഉയർത്തുകയും മറ്റുള്ളവരെ ഉയരാൻ സഹായിക്കുകയും ചെയ്യുന്നതാണ് സ്നേഹം. ഏതു പരിതസ്ഥിതികളിലും അസ്വസ്ഥതകളിൽ നിന്ന് പുറത്തുകടക്കാൻ കഴിവുളോരു മനസ്സിനെ നാം വികസിപ്പിച്ചെടുക്കണം. കാരണം ജീവിത സുഖം മുഴുവനിരിക്കുന്നത് സ്വസ്ഥമായ മനസ്സിലാണ്. ഒരു മനുഷ്യനെ വിജയിപ്പിക്കാൻ വഴികാണിച്ചു അമൂല്യമായ ആത്മീയശാസ്ത്രം തന്നെയാണ് ഭഗവദ് ഗീതാ.

ജപം

പ്രപഞ്ചത്തിലെ സമസ്ത ജിവജാലങ്ങളിലും വെച്ച് എറ്റവുംഉത്കൃഷ്ടതലത്തിലാണ് മനുഷ്യന്റെ സ്ഥാനം.

മനുഷ്യനെ സർവ്വോത് കൃഷ്ടനാക്കുന്നത് അവന്റെ വിശേഷബുദ്ധിയാണ്. എല്ലാ ജീവങ്ങളിലും വെച്ച് എറ്റവും ഉയർന്നതലത്തിൽ മനുഷ്യൻ വിരാജിക്കുന്നത് അവനിലുളള വിശേഷബുദ്ധിയൊന്നിനാലാണ് എന്ന് സൂക്ഷ്മമായി ചിന്തി ക്കുന്നആർക്കുംബോദ്ധ്യമാകും.
എന്തു കൊണ്ടന്നാൽ സ്ഥൂലേദേഹത്തിന്റെയും ഇന്ദ്രിയങ്ങളുടെയുമെല്ലാം പ്രത്യേകതകൾ നിരീക്ഷിക്കുമ്പോൾ മനുഷ്യനേകൾ ഉയർന്ന അനേകം ജിവജാലങ്ങൾ ഉണ്ടെന്നും അവയിലൊന്നുമില്ലാത്ത വൈശിഷ്ട്യം മനുഷ്യനുള്ളത് വിശേഷബുദ്ധിഒന്നിനാലാണെന്നും മനസ്സിലാക്കാനാവും.

ഈയൊരുവിശേഷ്ടതയോടൊത്ത മനുഷ്യന്റെ ജിവിതത്തിന്റെ ലക്ഷ്യമെന്ത് എന്നചോദ്യത്തിന് തിർത്തും വ്യത്യസ്‌തമായ മറുപടികൾ വ്യത്യസ്തമായ തലത്തിലുള്ള മനുഷ്യർ നൽകിയേക്കാമെങ്കിലും സുഖം സ്വസ്ഥത എന്നതൊക്കൊയാണ് ജിവിതലക്ഷ്യം എന്നതിൽഏവർക്കും സമാഭിപ്രായമാണുണ്ടാകുക. ആത്യന്തികമായ സുഖം എന്നത് സ്വസ്ഥതയിലാണെന്നും, സ്ഥസ്ഥതയാകട്ടെ സ്വസ്വരൂപത്തെ അറിഞ്ഞാലേ സാധ്യമാകൂ എന്നും മനസിലാക്കണം.
അതിനാൽത്തന്നെ സ്വസ്വരൂപബോധമാ കുന്നആത്മസാക്ഷാത്കാരണമാണ് പരമമായ ജന്മലക്ഷ്യമെന്നു നമ്മുടെ പൂർവ്വാചാര്യന്മാർ ഏകശബ്ദത്തിൽ ഉദ്ഘോഷിക്കുന്നു. ഈയൊരാത്മ സാക്ഷാത്കാരത്തെത്തന്നെയാണ് പരമമായ പുരുഷാർത്ഥമെന്നും മറ്റും വിവിധ വാക്കുകളാൽ പറയുന്നത്.

പലവിധ അജ്ഞാനാവരണങ്ങളാൽ ചുറ്റപ്പെട്ട് താൻ സുഖി എന്നും സ്ത്രീ എന്നും പുരുഷനെന്നും രോഗിയെന്നും ദരിദ്രനെന്നും മറ്റുമുള്ള പല വിധ കൽപനകളിൽ കഴിയുന്ന മനുഷ്യൻ ആ വിധ പരിമിതികളിൽനിന്നെല്ലാമുയർന്ന് തന്റെ ശരിയായ സച്ചിദാനന്ദസ്വരുപത്തെ അറിഞ്ഞ് ആയതിൽ അഭിന്നതെയെ പ്രവിക്കുന്നതാണ് ആത്മവിജ്ഞാനനമാകുന്ന മുക്തി. ഈയൊരു മുക്തിയാണ് പരമപുരുഷാർത്ഥമെന്ന് ശ്രുതി യുക്തൃനുഭവങ്ങളിലുടെ നന്മുടെ പൂർവ്വാചാര്യന്മാർ സമർത്ഥിക്കുന്നു.

ഈയൊരുലക്ഷ്യത്തിലേക്ക് നാം ഉയരുന്നതിനായി ആദ്യമായും വേണ്ടത് അന്തഃകരണത്തിന്റെ ശുദ്ധിയും ഏകാഗ്രതയുമാണ്. ഇതുപ്രാപിക്കാനായിക്കൊണ്ടാണ് നമ്മുടെ ശാസ്ത്രങ്ങളിൽ മുഖ്യമായും യജ്ഞങ്ങളെ വിധിച്ചിട്ടുളളത്. ഈശ്വരാരാധനാപരങ്ങളായ കർമ്മങ്ങളാണ് യജ്ഞ ശബ്ദത്താൽ പ്രധാനമായും പറയപ്പെടുന്നതെങ്കിലും അന്തഃകരണ ശുദ്ധ്യാർത്ഥം നാം അനുഷ്ഠിക്കുന്നതിനെയൊക്കെയും യജ്ഞ മെന്നറിഞ്ഞുകൊള്ളണം. വ്യത്യസ്ത സാധനതലങ്ങളെ അപേക്ഷിച്ച് അനേകം യജ്ഞ വിധാനങ്ങളെ ശാസ്ത്രങ്ങളിൽ ഉപദേ ശിക്കുമെങ്കിലും അവയിലൊക്കെവെച്ച് ഏറ്റ വും ഉയർന്ന യജ്ഞമായി ജപയജ്ഞത്തെ അറിയണം. ഭാഗവാൻതന്നെ ഗീതയിൽ "യ ജ്ഞാനം ജപ യജ്ഞോ√സ്മി " ( ഭ. ഗീ. 10-25 = യജ്ഞ ങ്ങളിൽ ഞാൻ ജപയജ്ഞമാകുന്നു) എന്ന് ജപ മഹിമയെ പറയുന്നുണ്ട്.

മനുഷ്യന്റെ അന്തഃകരണത്തെ ശുദ്ധമാക്കുന്ന സാധനാവിശേഷങ്ങളിൽ വെച്ച് ഏറ്റവും ഉത്കൃഷ്ടാമാകുന്നു ജപം. നിരന്തരം ശ്രദ്ധാപൂർവ്വം ചെയ്യപ്പെടുന്ന ജപം സാധകന്റെ അന്തഃകരണത്തെ ഒരു പോലെ ശുദ്ധവും ഏകാഗ്രവുമാക്കുന്നു.

ജപം നാമജപമെന്നും മന്ത്രജപമെന്നും ര ണ്ടുതരത്തിലുണ്ട്. ഇഷ്ടവേദേവതയുടെ നാമ ങ്ങളെ ശ്രദ്ധാപൂർവ്വം ആവർത്തിക്കുന്നത് നാമ ജപ മെന്നും ഋഷിമാരാൽ കണ്ടെത്തപ്പെട്ട് അനാദിയായ ഗുരുപരമ്പര ഉപദേശദേശക്രമത്തിലൂടെ കൈമാറിവന്ന വിശിഷ്ടങ്ങളായ മന്ത്രങ്ങളുടെ നിയമാനുസൃതമുളള ആവർത്തനം മന്ത്രജപ മെന്നും മനസ്സിലാക്കണം. ഇതിൽ നാമജപം ആർക്കും എപ്പോഴും എവിടെവെച്ചും ചെയ്യാം. എന്നാൽ മന്ത്രങ്ങൾ ഗുരൂപദേശമനുസരിച്ച് ജപിക്കപ്പെടേണ്ടവയാണ് .

ജപിക്കുന്നയാളുടെ തലത്തിനനുസരിച്ചും ജപത്തെ ഉച്ചം, മന്ദം, മൗനം എന്നിങ്ങനെ മൂന്നു തരമായി തിരിക്കാം. ഉച്ചത്തിൽ ജപിക്കുന്നതിനേക്കാൾ സൂക്ഷ്മമാണ് മന്ദമായി ജപിക്കുന്നതെന്നും ആയതിനേക്കാൾ സൂക്ഷ്മമാണ് മൗനജപമെന്നും മനസിലാ ക്കണം. കൂടുതൽ സൂക്ഷ്മതലങ്ങളിലേക്ക് സാധകൻ പ്രവേശിക്കുന്നതിനനുസരിച്ച് അവന്റെ മഹിമയും ഉയരുന്നു എന്നതിന്നാൽ യഥാക്രമം ഇവയുടെ ശ്രേഷ്ഠതയും മനസ്സിലാക്കാം. ഒന്ന് കൂടുതൽ സൂക്ഷ്മവും ശ്രേഷ്ഠവുമാണെന്നതിനാൽ ഏവർക്കും ആയത് ഒരു പോലെ അനുഷ്ഠേയമാകുന്നില്ല. മറിച്ച് ഒരോന്നും അതതാൾക്കാരുടെ അധികാരതലത്തിനനുസരിച്ചാണ് അനുഷ്ഠേയങ്ങളാകുന്നത്. കൂടുതൽ സൂക്ഷ്മത നാം സമ്പാദിക്കുന്നതി നന്നസരിച്ചുമാത്രമേ വാസ്തവത്തിൽ നന്മുക്ക് കൂടുതൽ സൂക്ഷ്മ സാധനാതലങ്ങളിലേക്ക് പ്രവേശം സിദ്ധിക്കുകയുള്ളൂ. ഉദാഹരണത്തിന് പ്രാഥമികമായി ഉച്ച- മന്ദജപങ്ങൾ ചെയ്ത് ഒട്ടുമേ അന്തഃകരണശുദ്ധിയും ഏകാഗ്രതയും സമ്പാദിച്ചിട്ടില്ലാത്ത ഒരാളെ സംബന്ധിച്ച് കൂടുതൽ സുക്ഷ്മമായ മൗനജപം സാദ്ധ്യമാകുന്നതല്ല. അത്തരമൊരാൾ മൗനജപത്തിനിരുന്നാൽ ഒന്നുകിൽ ഉറങ്ങുകയോ അല്ലെങ്കിൽ ഏതെങ്കിലും മനോരാജ്യത്തിൽ മുഴുകുകയോ ആവാം ഫലം.

സാധാരണയായി എല്ലാവിധ അഭ്യാസങ്ങളി ലുമെന്നപോലെ കൂടുതൽക്കൂടുതൽ അധികാരിയാവുന്നതിനനുസരിച്ചാണ് ജപത്തിലും ഒരാൾ കൂടുതൽ സൂക്ഷ്മവും ശ്രേഷ്ഠവുമായ തലങ്ങളിലേക്കു പ്രവേശിക്കു ക. അതിനാൽ പ്രാഥമികമായി ഉച്ചജപമാണ് വരുന്നത്.

തന്റെ മനസ്സിനു ചേരുന്നതായ ഈശ്വരനാമ ങ്ങളെ വാഗിന്ദ്രിയത്തിന്റെ സഹായത്തോടെ ഉ ച്ചത്തിൽ ചെയ്യുന്നതാണ് ഉച്ചജപം. ഉച്ച ജപം ചെയ്യുമ്പോൾ ശരീരമനസ്സുകളും, ജ്ഞാന കർ മ്മേന്ദ്രിയങ്ങളിൽ നിന്ന് ഓരോന്നും ( ശ്രവണേ ന്ദ്രിയം , വാഗിന്ദ്രിയം ) ജപ സാധനയിൽ പ്രവർ ത്തിക്കുന്നതിനാൽ മറ്റ് വിഷയങ്ങളിലേക്ക് മന സ്സ് തെന്നി-തെറ്റിപ്പോകുന്നതും, നിദ്രയ്ക്ക് കീഴ് പ്പെടുന്നതും ഉണ്ടാകില്ല. എന്നാൽ ഉച്ചജപം ചെയ്യുമ്പോഴും അന്തഃകരണം ഏകാഗ്രമാകുന്ന ലെങ്കിൽ എന്തുചെയ്യും എന്ന ചോദ്യം വരാം. കൂടുതൽ ശ്രദ്ധയോടെയും താദാത്മ്യഭാവത്തോ ടെയും ജപിക്കുകതന്നെ മാർഗ്ഗം. അഥവാ, ജപ ത്തെക്കാൾ സ്ഥൂലമായ സ്തോത്രം, ഭജന, അർച്ചന മുതലായ സാധനാക്രമങ്ങൾ അനുഷ്ഠിക്കുകയോ കുറച്ചുപേർ ഒന്നിച്ചിരുന്ന് ഏകമായ സ്വരത്തിൽ ഉച്ചത്തിൽ ജപിക്കുകയോ ആകാവുന്നതാണ്.

ഇപ്രകാരം ഉച്ച ജപം അനുഷ്ഠിച്ച് ആയതി ലൂടെ കുറച്ച് അന്തഃകരണശുദ്ധിയും ഐകാ ഗ്ര്യവും സമ്പാദിച്ചാൽ അടുത്ത സൂക്ഷ്മതലത്തിലേക്ക് കടക്കാം. അതായത്, മ ന്ദ ജപമാവാം. മന്ദജപത്തിൽ നാം ഉച്ചജപം ചെയ്തപോലെത്തന്നെ നാമത്തെ ആവർത്തി ക്കുന്നു. എന്നാൽ മന്ദമായിട്ടാണ് ഉച്ചാരണം എന്ന വ്യത്യാസമാണുള്ളത്. കുറച്ചുകൂടി ശ്രദ്ധയും ഭക്ത്യാവേശിതമായ സമർപ്പിതഭാവ വും ഉണ്ടാവുകയും വേണം.

അനന്തരം സൂക്ഷ്മമായ മൗനജപത്തിന് ഒരാൾ അധികാരിയാവുന്നു. ഇവിടെ ജപം തീർ ത്തും ആന്തരികമായിരിക്കുന്നു. ഇന്ദ്രിയങ്ങളു ടെ ചേർച്ചയില്ലാതെ മനസ്സിൽമാത്രം ജപം ആ വർത്തിക്കുകയാണ് മൗനജപത്തിൽ ചെയ്യുന്ന ത്. പൊതുവെ പറഞ്ഞാൽ അന്തഃകരണ ശുദ്ധ്യ ർത്ഥമുള്ള മന്ത്രജപങ്ങളൊക്കെയും ഇപ്രകാരമാണ് ചെയ്യുന്നത്. തീർത്തും ജപത്തിൽമാത്രം ശ്രദ്ധയർപ്പിച്ച് ഇന്ദ്രിയവ്യത്തി കൾക്കൊന്നും കീഴ്പ്പെടാതെ മനസ്സിൽ ജപം തുടരുന്നു. ഈ ജപത്തിൽ ഇന്ദ്രിയങ്ങളെ വിനി യോഗിക്കുന്നില്ല. എന്നതിനാൽ പ്രാഥമികതല ങ്ങളുടെ അനുഷ്ഠാനത്തിലൂടെ അന്തഃകരണ ത്തിന്റെ ഉദ്ദിഷ്ടമായ ഏകാഗ്രത വന്നിട്ടില്ലാത്ത യാൾക്ക് ഇത് സാധ്യമാകുന്നതല്ല. അയാളുടെ ഇന്ദ്രിയവ്യത്തികൾ മറ്റുവിഷയങ്ങളിലേക്കു നയിച്ചു എന്നും ജപം മുടങ്ങി എന്നും വരാം.അ തു കൊണ്ട് ജപസാധനയുടെ ആദ്യഘട്ടത്തിൽ ഇന്ദ്രിയങ്ങളുടെ സഹായം സ്വീകരിച്ചും തദ്വാരാ അവയെ അന്യവിഷയങ്ങളിലേക്ക് വ്യാപരിക്കു ന്നത് നിരോധിച്ചും കൊണ്ടുള്ള ഉച്ചജപമാണ് സ്വീകാര്യം. അതിലൂടെ അന്തഃകരണെകാഗ്ര്യം വരുന്ന മുറയ്ക്ക് കൂടുതൽ സൂക്ഷ്മമായ ഇന്ദ്രിയസഹായം ആവശ്യമില്ലാത്ത തലങ്ങളി ലേക്കു പ്രവേശിക്കാം.

മനോനിയന്ത്രണത്തിലൂടെയുള്ള അന്തഃ കരണത്തിന്റെ ഏകാഗ്രതയും ശുദ്ധിയുമാണ ല്ലോ നാം മുഖ്യമായും ജപത്തിലൂടെ ഉദേശിക്കു ന്നത്. നിയന്ത്രിക്കപ്പെടുന്നത് മനസ്സിനിഷ്ടമാവി ലെയന്നതിനാൽ ആയത് പലതരത്തിലും എതി ർക്കാൻ ശ്രമിക്കുമെന്നും അതിനാൽത്തന്നെ ജപത്തിനു ശ്രമിക്കുമ്പോൾ പലവിധങ്ങളായ അന്യവ്യത്തികൾ മനസ്സിൽ ഉണ്ടാകാമെന്നും മുൻകൂട്ടിത്തന്നെ അറിയണം. സാധനേതരങ്ങ ളായിവരുന്ന വ്യത്തികളെ ജപസഹായത്തോടെ ത്തന്നെ നിയന്ത്രിച്ചു നിഗ്രഹിക്കാൻ നാം പരിശീ ലിക്കണം. ജപനിഷ്ഠകൊണ്ട് അതു സാധിക്കും. കൂടുതൽക്കൂടുതൽ ശ്രദ്ധാപൂർവ്വം ജപം അനുഷ്ഠിക്കുക എന്നതും എപ്പോഴും വിവേകത്തോടെ കഴിയുക എന്നതുംതന്നെ മാർഗ്ഗം.

ഇങ്ങനെ ക്രമമായ സ്ഥൂലതലങ്ങളെ അതിക്രമിച്ച് മൗനജപത്തിലുറയ്ക്കുന്ന സാധ കനിൽ അന്യവ്യത്തികളൊന്നും ഉണ്ടാകുന്നതല്ല. ജപം മാത്രം നടക്കും.ഈ ഘട്ട ത്തിൽ അന്യവ്യത്തിനിരാസം ചെയ്യപ്പെട്ടതായ ആ അന്തഃകരണം ശരിയായ ധാരണയോടൊ ത്തരാണെന്നറിയണം.ഇത് ധ്യാനത്തിലേക്ക് നയിക്കുന്നു. പിന്നീട് ജപത്തിനും ഉപരിയുളള തായ ധ്യാനം എന്ന ചിത്തൈകാഗ്ര്യം - ഒരൊറ്റ ധ്യേയത്തിൽ ഉറച്ചുള്ള അന്തഃകരണത്തിന്റെ സ്ഥിതി - സിദ്ധമാകുന്നു. ഈയൊരുധ്യാനത്തി ലേക്കുയർത്താനാണ് നാം വാസ്തവത്തിൽ ജപമാകുന്ന മാർഗ്ഗത്തെ സ്വീകരിച്ചത്. ധ്യാനത്തിൽ ഏകതാനമായ ചിത്തവ്യത്തിപ്രവാ ഹം സാധിച്ചിരിക്കുന്നു. ഈ ധ്യാനത്തിൽ നിഷ്ഠ കൈവരുമ്പോൾ ക്രമേണ ധ്യാനിക്കുന്ന ഞാൻ , ധ്യാനം എന്ന ക്രിയ എന്നിവ വിലയിച്ച് ധ്യേയം മാത്രം ശേഷിക്കുകയും ആ ഒരവസ്ഥയിൽ സർ വ്വവിധ അവിദ്യാജനിതങ്ങളായ വ്യത്തികളും ഇല്ലാതായി സാധകൻ സ്വസ്വരൂപസ്ഥിതനാവു കയും ചെയ്യുന്നു. ഇപ്രകാരം ജപം ക്രമേണ നമ്മെ പരമമായ സ്വസ്ഥതയിലേക്കുയർത്തും.

ഒരു ചെറിയ ലേഖനത്തിന്റെ പരിധിയിൽ ഒതുങ്ങണമെന്നതിനാൽ ചുരുക്കമായിട്ടാണ് ഇവിടെ ജപത്തെക്കുറിച്ച് പ്രതിപാദിച്ചത്. ഇവിടെ നാം മനസ്സിലാക്കേണ്ടത് ജപത്തിൽ നാ മമന്ത്രോച്ചാരണത്തോടെപ്പം അർത്ഥാനു സന്ധാനവും മുഖ്യമെന്നതാണ്. അതായത്.ജപി ക്കുന്നതിനൊപ്പംതന്നെ ആയതിന്റെ അർത്ഥത്തെ ശരിയാംവണ്ണം ഭാവിക്കുകയും വേണം. ഉദാഹരണത്തിന് പ്രാഥമികമായി ഇഷ് ട ദേവതാനാമം ജപിക്കുന്ന തലത്തിൽ ഒരാൾക്കുള്ളിൽ ഇഷ്ടദേവതാരൂപസ്മരണം ഉണ്ടായിരിക്കണം. ഏറ്റവും പ്രഥമ ഘട്ടത്തിൽ ആ ഒരു സ്മരണം ഉറപ്പിക്കാൻ വിഗ്രഹാദി പ്രതീകങ്ങളുടെ സഹായം അത്യാവശ്യമാണ്. ക്രമേണ വിഗ്രഹം ആന്തരികമായിക്കൊള്ളും. ഇങ്ങനെ അർത്ഥാനുസന്ധാനത്തോടൊത്ത ജപമാണ് നന്മെ മുൻപറഞ്ഞ പ്രകാരം സൂക്ഷ്മതലങ്ങളി ലേക്ക് പ്രവേശിപ്പിക്കുന്നത്.

ഇപ്രകാരമുള്ള സാധനാ മാർഗ്ഗത്തിൽ പ്രവർത്തിക്കുന്നതിന് പ്രേരണ നൽകുന്നതിനും നാം ജിവിക്കുന്ന ചുറ്റുപാടുതന്നെ കൂടുതൽ ശാന്തവും സമാധാന പൂർണ്ണവും ആകുവാനും നമ്മുടെ സംസ്കാരം കൂടുതൽക്കൂടുതൽ ഉയരുന്നതിനും ഒക്കെയായിട്ടാണ് വീട്ടിലെല്ലാവരും ഒത്തുചേർന്നിരുന്ന് സന്ധ്യക്ക് ഒരു നേരമെങ്കിലും കുറച്ച് സമയം ജപിക്കുക എന്ന ഒരു ചിട്ടവെയ്ക്കപ്പെട്ടത് . ഈയൊരു സമൂഹസന്ധ്യാജപം നാം നിശ്ചയമായും അനു ഷ്ഠിക്കേണ്ടതാണ് .മറ്റു ലൗകികമായ വ്യത്തിക ളിൽ വ്യാപരിക്കാനുപയോഗിക്കാതെ സസ്യാസ മയമെങ്കിലും പരമേശ്വരവിചാരത്തോടെ എവരും ഒത്തുചേർന്ന് ജപിക്കുന്ന ചിട്ട നാം ശീലിച്ചു വെങ്കിൽ സാധാനാമാർഗ്ഗത്തിലൂടെ കൂടുതൽ സൂക്ഷ്മ തലത്തിലേക്കുയരാൻ ആയത് മാർഗ്ഗ മൊരുക്കും എന്നതിലും നമ്മുടെ ഗൃഹാന്തരീക്ഷം കൂടുതൽ സമാധാനപൂർവ്വവും ഐശ്വര്യവത്തുമാകുമെന്നതിലുംസംശയമില്ല.

ശ്രീ വരാഹം

ശ്രീമദ് ഭാഗവതം തൃതീയസ്കന്ധത്തില്‍ 13 മുതല്‍18 & 19 അധ്യായങ്ങള്‍ കൂടി വരാഹാവതാരം വിശദമായി പ്രതിപാദിക്കുന്നു…..
ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപപ്രജാപതി ഒരു നാള്‍ സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
ഈ സമയത്ത് അദ്ദേഹത്തിന്റെ പത്‌നിയായ ദിതി പ്രണയപുരസരം അദ്ദേഹത്തെ സമീപിച്ചു.
(കശ്യപന് രണ്ടു പത്നിമാരായിരുന്നു –അദിതി എന്ന ഭാര്യയില്‍നിന്നും ദേവന്മാരും, ദിതി എന്ന ഭാര്യയില്‍നിന്നും അസുരന്മാരും ജനിക്കുന്നു എന്നാണ് പറയുന്നത്).
ഈ സമയത്ത് പ്രേമചാപല്യങ്ങള്‍ കാണിക്കുന്നത് ഒട്ടുംതന്നെ ശരിയല്ലെന്ന് കശ്യപന്‍ പറഞ്ഞുവെങ്കിലും ദിതി അതിന് സമ്മതിച്ചില്ല. അവസാനം കശ്യപന്‍ അവളോടൊത്ത് രമിക്കുകയും അങ്ങനെ ഹിരണ്യാക്ഷന്‍ എന്നും ഹിരണ്യകശിപു എന്നും പേരോടുകൂടിയ രണ്ട് പുത്രന്മാര്‍ ജനിക്കുകയും ചെയ്തു.
(ഇവര്‍ വിഷ്ണുവിന്റെ ദ്വാരപാലകന്‍മാരായി ജയവിജയന്‍മാരുടെ ആദ്യത്തെ ജന്മമാണ്).
അപ്പോള്‍ അതും ചുരുക്കി പറയണമല്ലോ…
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു.
സനകാദികള്‍ അവരെ ശപിച്ചു.
ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു.
അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും…..
ആ രണ്ട് അസുരന്മാരും ലോകത്തെ പീഡിപ്പിച്ചുകൊണ്ട് സഞ്ചരിക്കുവാന്‍ തുടങ്ങി.
ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും ചെയ്തു….
അങ്ങനെ ഭഗവാന്‍ ഹിരണ്യാക്ഷനെ അന്വേഷിച്ചു സമുദ്രതലത്തില്‍
എത്തി.
മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെത്തു എന്നുമാണ് ഐതിഹ്യം
ശ്രീമന്നാരയണീയത്തില്‍ ദശകം 12 വരാഹാവതാരത്തെ വര്‍ണ്ണിക്കുന്നു..
വരാഹമൂര്‍ത്തിയായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാനെ സ്മരിച്ചുകൊള്ളുന്നു….
സര്‍വം ശ്രീകൃഷ്ണാര്‍പ്പണമസ്തു.

ശിവാലയ ഓട്ടം

മകരം, കുംഭം എന്നീ മാസങ്ങളുടെ മധ്യത്തിൽ ഹൈന്ദവരുടെ ആഘോഷമായ ശിവരാത്രിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു ആചാരമാണ് ശിവാലയ ഓട്ടം അഥവാ ചാലയം ഓട്ടം ശിവരാത്രി നാളിൽ ദ്വാദശ രുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ സവിശേഷത. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വിളവൻകോട്, കൽക്കുളം താലൂക്കുകളിലായുള്ള ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും കൊണ്ട് നടത്തുന്ന ദർശനമാണിത്.മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയഓട്ടത്തിനുപിന്നിലുള്ള ഐതിഹ്യം നിലനിൽക്കുന്നത്. ധർമ്മപുത്രൻ നടത്തിയ യാഗത്തിൽ പങ്കെടുക്കുവാൻ ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം വ്യാഘ്രപാദമുനിയെ കൂട്ടിക്കൊണ്ടുവരുവാൻ ഭീമസേനൻ പോയി. കടുത്ത ശിവഭക്തനായ വ്യാഘ്രപാദൻ തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടിപ്പായിച്ചു. ശ്രീകൃഷ്ണൻ നൽകിയ 12 രുദ്രാക്ഷങ്ങളുമായി ഭീമൻ വീണ്ടും തിരുമലയിൽ തപസ്സനുഷ്ഠിക്കുകയായിരുന്ന വ്യാഘ്രപാദനു സമീപമെത്തി. മുനി കോപിതനായി ഭീമനുനേരെ തിരിയുകയും ഭീമൻ പിന്തിരിഞ്ഞ് ഗോവിന്ദാ… ഗോപാലാ……. എന്നു വിളിച്ച് ഓടൻ തുടങ്ങുകയും ചെയ്തു. മുനി ഭീമന്റെ സമീപമെത്തുമ്പോൾ ഭീമൻ അവിടെ ഒരു രുദ്രാക്ഷം നിക്ഷേപിക്കും. അപ്പോൾ അവിടെ ഒരു ശിവലിംഗം ഉയർന്നുവരികയും ചെയ്യും. മുനി അവിടെ പൂജ നടത്തുമ്പോൾ ഭീമൻ മുനിയെ വീണ്ടും യാഗത്തിനു പോകാൻ പ്രേരിപ്പിക്കാൻ ശ്രമിക്കും. മുനി വീണ്ടും ഭീമന്റെ പുറകേ പോകുമ്പോൾ ഭീമൻ വീണ്ടും വീണ്ടും രുദ്രാക്ഷങ്ങൾ നിക്ഷേപിക്കുകയും ചെയ്യും. അങ്ങനെ 11 രുദ്രാക്ഷങ്ങളും നിക്ഷേപിക്കുകയും ശിവലിംഗങ്ങൾ ഉയർന്നു വരികയും ചെയ്തു. ഒടുവിൽ 12-ആമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദർശനം നൽകുകയും ചെയ്തു. അങ്ങനെ ഇരുവർക്കും ശിവനും വിഷ്ണുവും ഒന്നെന്ന് വ്യകതമായി. അദ്ദേഹം പിന്നീട് ധർമ്മപുത്രന്റെ യാഗത്തിൽ പങ്കുകൊണ്ടു. ഭീമൻ രുദ്രാക്ഷം നിക്ഷേപിച്ചതിന്റെ ഫലമായി സ്ഥപിതമായ 12 ശിവക്ഷേത്രങ്ങളിലാണ് ശിവാലയ ഓട്ടം നടക്കുന്നത്.തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ.100 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രങ്ങളിൽ കാൽനടയായി ദർശനം നടത്തുന്നതാണ് വഴിപാട്.
ഒരാഴ്ച വൃതം നോറ്റശേഷമാണ് വഴിപാട് സമർപ്പിക്കുന്നത്.ശിവരാത്രി ദിവസത്തിന്റെ തലേ ദിവസം വൈകുന്നേരം തിരുമല ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഓട്ടം ശിവരാത്രി ദിവസം വൈകുന്നേരത്തോടു കൂടി തിരുനട്ടാലം ക്ഷേത്രത്തിൽ അവസാനിക്കുന്നു. കാവി വസ്ത്രം, തുളസിമാല എന്നിവ അണിഞ്ഞ് കൈകളിൽ വിശറിയും ഭസ്മ സഞ്ചിയും കൊണ്ടാണ് ഭക്തർ ഈ ദർശനം നടത്തുന്നത്. ശിവക്ഷേത്രങ്ങളിലേക്കാണ് യാത്രയെങ്കിലും ഗോവിന്ദാ…. ഗോപാലാ…. എന്നീ വൈഷ്ണവമന്ത്രങ്ങളാണ് ഇവർ ഉരുവിടുന്നത്. അതിനാൽ ഇവർ ഗോവിന്ദന്മാർ എന്ന പേരിലും അറിയപ്പെടുന്നു.

ശിവാലയ ഓട്ടത്തിൽ പങ്കെടുക്കുന്നവർ വ്രതശുദ്ധിയോടെ വേണം പന്ത്രണ്ടു ക്ഷേത്രങ്ങളിലും ദർശനം നടത്തുവാൻ. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച്ച മുൻപെങ്കിലും മാലയിടണം, കരിക്കും പഴങ്ങളുമാണ് ഇവർ ഭക്ഷണമായി സ്വീകരിക്കേണ്ടത്.
ശിവാലയ ഓട്ടത്തിൽ പങ്കെടുക്കുന്നവരുടെ കൈയിൽ ഒരു വീശറി ഉണ്ട്, ഓരോ ക്ഷേത്രത്തിൽ ചെല്ലുമ്പോഴും അവിടുത്തെ ദേവനെ വീശാൻ ആണ് ഇത്. വീശരി യുടെ രണ്ടറ്റത്തും തുണി സഞ്ചികൾ ഉണ്ടാകും ഒന്ന് ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന ഭസ്മം സൂക്ഷിക്കാനും ഒന്ന് പണം സൂക്ഷിക്കാനും. പന്ത്രണ്ടു ക്ഷേത്രങ്ങളിലും കുളിച്ചിട്ടു വേണം ദർശനം നടത്താൻ, യാത്രക്കിടയിൽ പാനകം, ചുക്ക് വെള്ളം, ആഹാരം എന്നിവയും കൊടുക്കുന്നുണ്ട്. പ്രത്യേക പൂജകളും അഭിഷേകങ്ങളും അന്നവിടെ നടക്കുന്നുണ്ട്.

നല്ലൊരു സന്ദേശം

ഒരു വനത്തില്‍ ഒരു കാക്ക വളരെ സന്തോഷത്തോടെ, സംതൃപ്തജീവിതം നയിച്ചിരുന്നു.

എന്നാല്‍ ഒരു നാള്‍ കാക്ക, ഒരു അരയന്നത്തെ കാണാനിടയായി....

''ഈ അരയന്നം തൂവെളളയും ഞാന്‍ കരിക്കട്ട പോലെ കറുത്തതുമാണല്ലോ...''

കാക്ക ചിന്തിച്ചു....

''തീര്‍ച്ചയായും, ഈ ലോകത്തിലെ ഏററവും സന്തോഷവാനായ പക്ഷി ഈ അരയന്നം തന്നെയായിരിക്കും..''

തന്‍റെ മനസില്‍ തോന്നിയത് അവന്‍ അരയന്നത്തിനോട് വെളിപ്പെടുത്തി.

''ഓ...തീര്‍ച്ചയായും.''

അരയന്നം പറഞ്ഞു,
''ഞാന്‍ തന്നെയാണ് ഈ പ്രദേശത്തെ ഏററവും സന്തോഷവാനായിരുന്ന പക്ഷി, രണ്ടു വര്‍ണങ്ങളുളള ഒരു തത്തയെ നേരില്‍ കാണുന്നത് വരെ.''

''ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നത്, സൃഷ്ടിക്കപ്പെട്ടിട്ടുളളതില്‍ വെച്ച് ഏററവും സന്തോഷവാനായ പക്ഷി, രണ്ടു വര്‍ണങ്ങളുളള ആ തത്ത തന്നെയായിരിക്കും.''

കാക്ക അപ്പോള്‍തന്നെ തത്തയെ സമീപിച്ച് കാര്യങ്ങള്‍ പറഞ്ഞു.

തത്ത, വളരെ വിഷമത്തോടെ, ഇങ്ങനെ വിശദീകരിച്ചു,
''ഒരു മയിലിനെ കണ്ടുമുട്ടുന്നതുവരെയും ഞാന്‍ വളരെ സന്തോഷവാനായാണ് ജീവിച്ചത്''.
''എനിക്ക് രണ്ട് നിറങ്ങളെ ഉളളൂ. പക്ഷെ മയിലിന് ധാരാളം വര്‍ണങ്ങളുണ്ട്.''

പിന്നീട് കാക്ക മയിലിനെ കാണുന്നതിനായി ഒരു മൃഗശാലയിലെത്തി.

അപ്പോള്‍ അവിടെ മയിലിനെ കാണാനായി നൂറുകണക്കിന് ആള്‍ക്കാര്‍ സന്തോഷത്തോടെ
കൂടി നില്‍ക്കുന്നതു കണ്ടു.

ആള്‍ക്കാരെല്ലാം പോയികഴിഞ്ഞ് കാക്ക മയിലിനെ സമീപിച്ചു.

''പ്രിയ സുഹൃത്തെ, താങ്കള്‍ വളരെ സുന്ദരനാണ്''.

'' ദിനവും താങ്കളെ കാണാനായി ആയിരക്കണക്കിന് ജനങ്ങള്‍ വരുന്നു''.

''ഈ ആള്‍ക്കാര്‍ തന്നെ എന്നെ കണ്ടാല്‍ ആട്ടിപ്പായിക്കും.''

'' താങ്കളാണ്,താങ്കള്‍ മാത്രമാണ്,
ഈ ഗ്രഹത്തിലെ ഏററവും സന്തോഷവാനായ പക്ഷിയെന്ന് ഞാന്‍ കരുതുന്നു.''

മയില്‍ പറഞ്ഞു,
''ഈ ഗ്രഹത്തിലെ ഏററവും സുന്ദരനും സന്തോഷവാനുമായ പക്ഷി ഞാന്‍ തന്നെയാണെന്ന് എപ്പോഴും ചിന്തിച്ചിരുന്നു.''

'' പക്ഷെ എന്‍റെ സൗന്ദര്യം മൂലം ഞാന്‍ ഈ മൃഗശാലയില്‍ തടവില്‍പ്പെട്ടിരിക്കുന്നു.''

''മാത്രമല്ല, ഞാന്‍ ഇവിടം മുഴുവന്‍ വളരെ ശ്രദ്ധയോടെ പരിശോധിച്ചു.''

''അതില്‍ നിന്ന് ഒരു യാഥാര്‍ത്ഥ്യം എനിക്ക് മനസിലായി''.
''അതെന്തെന്നാല്‍, ഇവിടെ ഒരു കൂട്ടിലും അടച്ചിട്ടിട്ടില്ലാത്ത പക്ഷി കാക്ക മാത്രമാണ്.''

''കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഞാന്‍ ചിന്തിക്കുകയായിരുന്നു, കാക്കയായി ജനിച്ചിരുന്നെങ്കില്‍, ഹോ.... സന്തോഷത്തോടെ, എല്ലായിടങ്ങളിലും എനിക്ക്, പറന്നു രസിച്ചു നടക്കാമായിരുന്നല്ലോ''

ഇതാണ് നമ്മുടെയും യഥാര്‍ത്ഥ പ്രശ്നം.
നാം തന്നെ, നമ്മളെ മററുളളവരുമായി അനാവശ്യമായി താരതമ്യം ചെയ്യും. എന്നിട്ട് ദുഖിക്കും.

സ്രഷ്ടാവ് നമുക്ക് ഓരോരുത്തര്‍ക്കും തന്നിരിക്കുന്നത് എന്താണെന്നും അതിന്‍റെ മൂല്യം എത്രത്തോളമാണെന്നും നാം തിരിച്ചറിയുന്നില്ല.

ഈ അറിവില്ലായ്മ നമ്മെ ദുഖത്തിന്‍റെ പടുകുഴിയില്‍ കൊണ്ടെത്തിക്കും.

ദൈവം തന്ന അനുഗ്രഹങ്ങളും അവയുടെ മൂല്യവും തിരിച്ചറിയുക.

നമ്മുടെ സന്തോഷത്തെ ഇല്ലായ്മ ചെയ്യുന്ന, ഈ തരംതാണ, താരതമ്യപ്പെടുത്തല്‍ ഉപേക്ഷിക്കൂ.

അവനവനെ തന്നെ സ്വയം തിരിച്ചറിയൂ..

Tuesday, May 23, 2017

ക്ഷേത്രത്തിൽ നമസ്കാരം ചെയ്യേണ്ടതെങ്ങനെയാണ്?



അവിടെ വസിക്കുന്ന ദേവി ദേവന്മാരുടെ അനുഗ്രഹത്തിനായി പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും, സ്ത്രീകൾ പഞ്ചാംഗനമസ്കാരവും ചെയ്യണം. ഇത് കൊടിമരമുള്ള ക്ഷേത്രങ്ങളിൽ കൊടിമരച്ചുവട്ടിൽ മാത്രമെ ചെയ്യാവൂ. അല്ലാതെ കാണുന്നിടത്തെല്ലാം നമസ്കരിക്കാൻ പാടില്ല. നമസ്കരിക്കുന്നയാണിന്റെ കാലുകൾ കിഴക്കോട്ടും വടക്കോട്ടും നീട്ടുന്നത് ഉചിതമല്ല. ഉച്ചപൂജകഴിഞ്ഞ് നമസ്കരിക്കുമ്പോൾ പടിഞ്ഞാറോട്ട് കാലുകൾ നീട്ടരുത്. തെക്കും വടക്കും നോക്കിയിരിക്കുന്ന ക്ഷേത്രങ്ങളിൽ സാഷ്ടാംഗ പഞ്ചാംഗ നമസ്കാരങ്ങൾ പാടില്ല. ദൈവത്തെ രണ്ടുകയ്യും കൂപ്പി തലക്കുമീതെ 12 അംഗുലം ഉയരത്തിൽ വേണം വന്ദിക്കേണ്ടത്. ഗുരുക്കന്മാരെ രണ്ടുകയ്യും കൂപ്പി നെറ്റിക്കുനേരെ വന്ദിക്കണം.

സ്ത്രീകൾക്കു വേണ്ട, ശയനപ്രദക്ഷിണം

സ്ത്രീയും പുരുഷനുമെല്ലാം ദൈവത്തിന്റെ മക്കൾ. സ്രഷ്ടാവായ ദൈവത്തിനു മുന്നിൽ സ്ത്രീ എന്നും പുരുഷൻ എന്നുമുള്ള വ്യത്യാസം പോലുമില്ല. എല്ലാവരും ഒന്നു തന്നെ.
എന്നാൽ ചില ആചാരങ്ങളുടെ കാര്യത്തിൽ സ്ത്രീ-പുരുഷ വ്യത്യാസം ഉണ്ട്. ചില കാര്യങ്ങൾ സ്ത്രീകൾ ചെയ്യാൻ പാടില്ല, മറ്റു ചില ആചാരങ്ങൾ പുരുഷന്മാർക്കുള്ളതല്ല എന്നൊക്കെ പഴമക്കാർ പറയാറുണ്ട്. എന്തുകൊണ്ട് ഇങ്ങനെ?
ആചാരങ്ങളിലെ സ്ത്രീ-പുരുഷ വ്യത്യാസം സ്ത്രീവിരുദ്ധമോ പുരുഷവിരുദ്ധമോ അല്ല എന്നതാണു വസ്തുത.
ഉദാഹരണത്തിന്, ക്ഷേത്രങ്ങളിൽ ശയനപ്രദക്ഷിണം നടത്തുന്നതിൽ സ്ത്രീകൾക്കു വിലക്കുണ്ട്. പുരുഷന്മാർ മാത്രമേ ശയനപ്രദക്ഷിണം നടത്താൻ പാടുള്ളൂ. സ്ത്രീകൾക്കു പറഞ്ഞിരിക്കുന്നതു പദപ്രദക്ഷിണമാണ്. അതായത്, ഓരോ ചുവടും അടുത്തടുത്തുവച്ച് ഈശ്വരനെ മനസ്സിൽ പ്രാർഥിച്ചുകൊണ്ടു നടന്നുകൊണ്ടുള്ള പ്രദക്ഷിണം.
ശയനപ്രദക്ഷിണത്തിന്റെ കാര്യത്തിൽ സ്ത്രീപുരുഷന്മാർക്കിടയിൽ ഇത്തരമൊരു വ്യത്യാസം പഴമക്കാർ നിശ്ചയിച്ചത് തികച്ചും നല്ല ഉദ്ദേശ്യത്തോടെയാണെന്നു വ്യക്തം. കല്ലും മണ്ണും നിറഞ്ഞതോ കരിങ്കൽ പതിച്ചതോ ആയ ചുറ്റമ്പലമുറ്റത്ത് കിടന്ന് ഉരുണ്ടുകൊണ്ട് മൂന്നു തവണ പ്രദക്ഷിണം നടത്തുന്നതാണു ശയനപ്രദക്ഷിണം. സ്ത്രീശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾക്കു യോജിച്ചതല്ല ശയനപ്രദക്ഷിണം എന്നു പണ്ടുള്ളവർ മനസ്സിലാക്കി. അതുകൊണ്ടുതന്നെയാണു ശയനപ്രദക്ഷിണം സ്ത്രീകൾക്കു വിലക്കിയതും. അതേ സമയം, പ്രദക്ഷിണവഴിയിൽ ഓരോ ചുവടു വച്ചുള്ള പദപ്രദക്ഷിണം സ്ത്രീകൾക്ക് ഏറെ ഐശ്വര്യപ്രദവും ആരോഗ്യപ്രദവുമാണുതാനും.      

പരീക്ഷിത്ത്



 (പുരാണകഥകൾ)
🍀🍀🍀🍀🍀🍀🍀



ഈ പേര് എങ്ങനെ കിട്ടി? പണ്ടൊരിക്കല്‍ പാണ്ഡവന്മാര്‍ ഉപവാസത്തിനുശേഷം ഉപപ്ലാവ്യ നഗരത്തില്‍ താമസിക്കുമ്പോള്‍ ഒരു ബ്രാഹ്മണന്‍ അവിടെ വന്നു. ബ്രാഹ്മണന്‍ ഉത്തരയോട് പറഞ്ഞു. കൗരവന്മാര്‍ പരീക്ഷീണരാകുമ്പോള്‍ ഉത്തരയ്ക്കു ഒരു കുട്ടി ജനിക്കും. ആ കുട്ടി ഗര്‍ഭത്തില്‍വച്ചുതന്നെ പരീക്ഷിക്കപ്പെടും. ആ കുഞ്ഞിന് പരീക്ഷിത്ത് എന്ന് നാമകരണം ചെയ്യുമെന്നും. അങ്ങനെ ബ്രാഹ്മണന്റെ പ്രവചനം ഫലിച്ചു.


മഹാഭാരതം സൗപ്തികപര്‍വം 16-മത് അധ്യായത്തിലാണ് ഈ കഥ പറയുന്നത്. അഭിമന്യുവിന് ഉത്തരയിലുണ്ടായ ശിശുവാണ് പരീക്ഷിത്ത്. ഈ ശിശു മൃതനായിട്ടാണ് ജനിച്ചത്. അനന്തരം ശ്രീകൃഷ്ണന്‍ കുഞ്ഞിന് ജീവന്‍കൊടുത്തു രക്ഷിച്ചു. അര്‍ജുനന്റെ പൗത്രനായ പരീക്ഷിത്ത് ചന്ദ്രവംശത്തിലെ അത്യുജ്ജ്വലനായ രാജാവായിത്തീര്‍ന്നു.


കൗരവരും പാണ്ഡവരും തമ്മില്‍ ഭാരതയുദ്ധം ആരംഭിച്ചപ്പോള്‍ ഉത്തര ഗര്‍ഭിണിയായിരുന്നു. ദ്രോണപുത്രനായ അശ്വത്ഥാമാവ് അര്‍ധരാത്രിയില്‍ പാണ്ഡവരുടെ പടകുടീരത്തില്‍ പ്രവേശിച്ചു. ധൃഷ്ടദ്യുമ്‌നനെ വധിച്ചു. പിന്നീട് പാണ്ഡവരെ സംഹരിക്കുന്നതിനുവേണ്ടി ബ്രഹ്മശിരോസ്ത്രം പ്രയോഗിച്ചു. അതിനെ തടുക്കുന്നതിനുവേണ്ടി അര്‍ജ്ജുനനും ബ്രഹ്മശിരോസ്ത്രം അയച്ചു. രണ്ടു മഹാസ്ത്രങ്ങള്‍ ആകാശത്തില്‍ പായുന്നത് കണ്ട് മഹര്‍ഷിമാര്‍ പരിഭ്രാന്തരായി.


വിവരമറിഞ്ഞ് വ്യാസന്‍ ആദിയായവര്‍ രംഗത്തുവന്നു. ഉടന്‍ തന്നെ ബ്രഹ്മശിരോസ്ത്രം ഉപസംഹരിക്കുവാന്‍ രണ്ടുപേരോടും ഉപദേശിച്ചു. എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല. അശ്വത്ഥാമാവിന്റെ അസ്ത്രം അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തില്‍ തറച്ചു. അസ്ത്രത്തിന്റെ ആഘാതമേറ്റ് ഗര്‍ഭസ്ഥനായ ശിശു മരിച്ചു. ഇതുകണ്ട് കോപിഷ്ഠനായി ശ്രീകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞു: ”അശ്വത്ഥാമാവേ, ഗര്‍ഭത്തില്‍വച്ചു മരിച്ച ശിശു ജീവിക്കുകതന്നെ ചെയ്യും. അവന്‍ അടുത്ത കുരുരാജാവെന്ന പേരില്‍ പ്രസിദ്ധനായിത്തീരുകയും ചെയ്യും. എന്നാല്‍ നിന്റെ കാര്യം ദയനീയമാണ്. ശിശുഘാതകനായ നിന്നെ ബുദ്ധിമാന്മാര്‍ പാപി എന്നുവിളിക്കും. ശിശുഹത്യാപാപം മൂലം നീ മൂവായിരം വര്‍ഷം ഭൂമിയില്‍ അലയും. ആരും നിന്നെ അടുപ്പിക്കുകയില്ല. ആള്‍ക്കൂട്ടത്തില്‍ നിനക്ക് ഇരിപ്പിടം കിട്ടുകയില്ല. നിന്റെ ശരീരത്തില്‍ സര്‍വവ്യാധികളും പടര്‍ന്നുപിടിക്കും. എന്നാല്‍, ഈ ശിശുവാകട്ടെ സര്‍വാസ്ത്രവിദഗ്ധനായി അറുപതു സംവത്സരക്കാലം കുരുരാജാവെന്ന പേരില്‍ ഭരിക്കും.”


ഭാരതയുദ്ധം അവസാനിച്ചശേഷം ധര്‍മപുത്രന്‍ ഒരു അശ്വമേധയാഗം കഴിച്ചു. യാഗത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി ശ്രീകൃഷ്ണന്‍ ആദിയായ പ്രമുഖര്‍ ഹസ്തിനപുരത്തിലെത്തി. വിദുരര്‍ എല്ലാവരെയും വിളിച്ചുവരുത്തി. ഈ സമയം ഉത്തര മരിച്ച ശിശുവിനെ (ചാപിള്ളയെ) പ്രസവിച്ചു. എല്ലാവരും ദുഃഖിതരായി വിലപിച്ചു. ശ്രീകൃഷ്ണന്‍ അന്തഃപുരത്തില്‍ പ്രവേശിച്ചു. കുഞ്ഞിനെ പുനര്‍ജ്ജീവിപ്പിക്കണമെന്ന് എല്ലാവരും ശ്രീകൃഷ്ണനോട് അപേക്ഷിച്ചു. ശ്രീകൃഷ്ണന്‍ കുഞ്ഞിന് ജീവന്‍ കൊടുത്തനുഗ്രിച്ചു. ബ്രാഹ്മണവാക്യമനുസരിച്ച് കുഞ്ഞിന് പരീക്ഷിത്ത് എന്ന് നാമകരണം ചെയ്തു.

3, 4, 5 എന്നീ അധ്യായം മഹാഭാരതം ആദിപര്‍വം വിവാഹവും സന്താനജനനവും വിവരിക്കുന്നു-പരീക്ഷിത്ത് മാദ്രവതി എന്ന രാജകുമാരിയെ വിവാഹം കഴിച്ചു. ജനമേജയന്‍, ശ്രുതസേനന്‍, ഉഗ്രസേനന്‍, ഭീമസേനന്‍ എന്ന നാലുപുത്രന്മാര്‍ ജനിച്ചു. അങ്ങനെ സുഖമായി ജീവിച്ചു

നന്ദി
നമസ്കാരം
കൂടുതൽ അറിവുകൾക്കായി മൈ ഗോഡ് ബ്ലോഗിൽ അംഗം ആകുക
http://globalhinduheritagefoundation.blogspot.com/

മൈഗോഡ്  വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ നമസ്തേ എന്നും മൈഗോഡ് ന്റെ കിഴിൽ പ്രവർത്തിക്കുന്ന മാനവസേവ ചാരിറ്റബിൾ സൊസൈറ്റിയിൽ(  Reg.No:EKM/TC/294/2017)  അംഗമാകാൻ മാനവസേവ എന്നും നിങ്ങളുടെ  വാട്‌സ്ആപ്പിൽ നിന്നും +966534065218   എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കി അയക്കുക

മുന്നറിയിപ്പ്
മൈഗോഡ് വാട്‌സ്ആപ്പ് നിബന്തനകൾക്കു വിധേയമായി മാത്രമേ ഗ്രൂപ്പിൽ അംഗത്വം സ്വികരിക്കു

നന്ദി

നിസ്സംഗനായ ശുകദേവന്‍

പരാശരമഹര്‍ഷിയുടേയും സത്യവതിയുടേയും പുത്രനായിട്ടാണ് ഭഗവാന്‍ വേദവ്യാസമഹര്‍ഷി ജനിച്ചത്. വേദങ്ങളെ ഋഗ്‍വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്ന് നാലായി തിരിച്ച് ലോകത്തിനു നല്കി. പുരാണങ്ങളുടേയും ഉപപുരാണങ്ങളുടേയും, മഹാഭാരതം, ബ്രഹ്മസൂത്രം തുടങ്ങിയവകളുടേയും കര്‍ത്താവാണ് അദ്ദേഹം.
ആത്മാന്വേഷകര്‍ക്ക് പരമഗുരുവും സര്‍വ്വവേദാന്തസിദ്ധാന്തങ്ങളുടേയും സുനിശ്ചിതാവുമായ മഹാമുനിയുടെ സര്‍വ്വശ്രേഷ്ഠനായ പുത്രനാണ് ശ്രീശുകദേവന്‍. അമ്മയുടെ ഉദരത്തില്‍ ഒരു കുട്ടിയായി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബാഹ്യലോകത്തിന്റെ അനിത്യതയും ക്ഷണികത്വവും ശുകദേവന്‍ മനസ്സിലാക്കി. ഗര്‍ഭപാത്രത്തില്‍ കിടന്നുകൊണ്ടു തന്നെ ആത്മവിന്റെ യഥാര്‍ത്ഥ സ്വരൂപത്തെക്കുറിച്ച് ആ കുഞ്ഞ് ഗാഢമായി ചിന്തിച്ചു.
ജീവന് ഗര്‍ഭവാസകാലം അതീവ ക്ലേശകരവും അസഹ്യവുമാണ്. ജനിച്ച് ബാഹ്യലോകത്തിലേയ്ക്ക് പോകാമെന്നു കരുതിയാല്‍ അത് അതിനേക്കാളധികം കഷ്ടം! ശരീരമെടുക്കേണ്ടി വരുന്നതിനേക്കാള്‍ ദുഃഖകരമായി മറ്റൊരവസ്ഥയില്ല. ശരീരം നശിക്കുന്നതാണ്. നശിക്കാത്തത് ആത്മാവ് മാത്രമാണ്. കാണപ്പെടുന്നതെല്ലാം നശിക്കുമ്പോഴും ആത്മാവ് നിത്യസത്യ ബോധമായി നിലകൊളളുന്നു. ആ ആത്മാവ് ബോധസ്വരൂപമാണ്. പരമാനന്ദം. സച്ചിദാനന്ദം. തന്റെയുള്ളില്‍ താന്‍തന്നെയായിട്ടിരിക്കുന്ന ബോധസ്വരൂപം. ഏറ്റവും അദ്വിതീയവും സര്‍വ്വവ്യാപാരിയും സര്‍വ്വാന്തര്യാമിമായിരിക്കുന്ന ആത്മസത്ത. താന്‍ എല്ലാത്തിലും നിറഞ്ഞു നില്ക്കുന്നു. തന്നില്‍ നിന്ന് അന്യമായി മറ്റൊന്നില്ല.
പ്രപഞ്ചജീവിതം വ്യര്‍ത്ഥമാണെന്നറിഞ്ഞ് ജനിച്ച ശുകദേവന്‍ പിറന്നപ്പോള്‍ തന്നെ സത്യവും തത്ത്വജ്ഞാനവും നേടിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് മറ്റുള്ളവരില്‍ നിന്ന് വളരെ ഭിന്നനായി അദ്ദേഹം പരാശ്രയം കൂടാതെ വളരെക്കാലം പരിചിന്തനം ചെയ്തുനടന്നു. തന്റെ വിവേകബുദ്ധികൊണ്ട് ആത്മസ്വരൂപം എന്താണെന്ന് ദൃഢമായ ഒരു ധാരണലഭിച്ചു. അദ്ദേഹം വിചാരം ചെയ്തത് പലരും കണ്ടെത്തി.
ഇന്ദ്രിയങ്ങളില്‍ നിന്നും വിഷയങ്ങളില്‍നിന്നും വേറിട്ടു നില്ക്കുന്ന സത്തയാണ് ആത്മാവ്. അതിനാല്‍ ആത്മാവ് അനിര്‍വചനീയമാണ്. അഗമ്യമാണ്. അതിസൂക്ഷ്മമാണ്. അണുവിലും അണുവാണ്. മനസ്സാകുന്ന ആറാമത്തെ ഇന്ദ്രിത്തില്‍ അവസ്ഥിതമായിരിക്കുന്നതുകൊണ്ട് ആത്മാവ് അണുവിന്റെ ആകാരത്തോടുകൂടിയതാകുന്നു. അത് ചിന്മാത്രവും ആകാശതത്ത്വത്തേക്കാള്‍ സൂക്ഷ്മാതിസൂക്ഷ്മവും ആകുന്നു. പരമമായിരിക്കുന്ന ഈ ആത്മാവില്‍ കോടാനുകോടി നക്ഷത്രങ്ങളും ഗോളങ്ങളും എല്ലാം അടങ്ങുന്ന ബ്രഹ്മാണ്ഡം സ്ഥിതിചെയ്യുന്നു. ശക്തിക്രമമനുസരിച്ച് സൃഷ്ടിസ്ഥിതിലയാദ്യവസ്ഥകളെ പ്രാപിച്ചു കൊണ്ടിരിക്കുന്നു.
ആത്മാവിന്റെ രൂപത്തെപ്പറ്റി വര്‍ണ്ണിക്കുക സാധ്യമല്ല. ഇത് സ്ഥൂലവസ്തുവല്ല. സ്വരൂപമാണ്. പ്രകാശാത്മകമാണ്. ചൈതന്യമാണ്. സച്ചിദാനന്ദസ്വരൂപമാണ്. ആനന്ദവിജ്ഞാനരൂപമാണ്. അത് താന്‍ തന്നെയാകുന്നു. ഞാന്‍ ആത്മാവില്‍ നിന്ന് ഭിന്നനല്ല ആത്മാവാണ് ഞാന്‍. ഞാന്‍ തന്നെ ആത്മാവ്.
ഇങ്ങനെ തന്റെ ആത്മസത്തയെ വിചാരം ചെയ്ത ശ്രീശുകദേവന് യാഥാര്‍ത്ഥ്യങ്ങള്‍ ഏറെക്കുറെ മനസ്സിലായി. തന്റെ സൂക്ഷ്മബുദ്ധികൊണ്ടാണ് ഇത് സാധ്യമായത്. സ്വയം അന്വേഷിച്ചറിഞ്ഞ ഈ പരമതത്ത്വത്തില്‍ അദ്ദേഹം നിരന്തരം ലീനനായി ബാഹ്യലോകത്തെ അദ്ദേഹം മറന്നു.
വിഷയങ്ങളില്‍ ഏതൊരു വിധ ആഗ്രഹങ്ങളും ഇല്ലാത്തവനായി. ഭോഗാസക്തി തീരെയില്ല. മനസ്സിന് ചാഞ്ചല്യമില്ല. മനസ്സ് ശാന്തമാണ്. സ്വസ്ഥമാണ്. ശരീരത്തെ മോടി പിടിപ്പിക്കുന്ന ആടയാഭരണങ്ങളും വേഷഭൂഷാദികളും ഒട്ടും ഇല്ല. വസ്ത്രധാരണത്തില്‍ പോലും താല്പര്യമില്ല. പൂര്‍ണനഗ്നന്‍. കുട്ടികളെ പോലെ നിര്‍മ്മലന്‍. നിഷ്കളങ്കന്‍. യുവാവായി വളര്‍ന്നുവലുതായിട്ടും ഒരേ നിലതന്നെ. അദ്ദേഹത്തെ കാണുന്നവര്‍ക്ക് മനസ്സില്‍ ഭക്തിയും ബഹുമാനവും ഉണ്ടാകും.
ശുകദേവന്‍ നഗ്നനും നിസ്സംഗനുമായി സാവധാനം നടന്നു പോകുന്നതു കണ്ടാല്‍ പുരുഷന്മാര്‍ പരിഹസിക്കുകയോ സ്ത്രീകള്‍ ലജ്ജിക്കുകയോ ചെയ്യാറില്ല. നാണവും മാനാഭിമാനങ്ങളും ശ്രീശുകന്റെ സാന്നിധ്യത്തില്‍ ആര്‍ക്കും ഉണ്ടാകുന്നില്ല.
ഒരിക്കല്‍ ശുകദേവന്‍ മഹാമേരു പര്‍വ്വതത്തിലേയ്ക്കു പുറപ്പെട്ടു. മഹത്തായ പര്‍വ്വതത്തിന്റെ വിശാലമായ ഭൂവിഭാഗത്തിലൂടെ ആ യോഗീശ്വരന്‍ നടന്നു. ആ യാത്ര അവസാനിച്ചത് ഏകാന്തമായ ഒരിടത്താണ്. തന്റെ പിതാവായ കൃഷ്ണദ്വൈപായനമഹര്‍ഷി തപോനിഷ്ഠനായിരിക്കുന്നത് ശ്രീശുകന്‍ കണ്ടറിഞ്ഞു.
ധ്യാനത്തില്‍നിന്ന് കണ്ണുകള്‍ തുറന്ന് നോക്കിയ മഹര്‍ഷി തന്റെ മുമ്പില്‍ നില്‍ക്കുന്ന നിസ്സംഗനും ഉഗ്രതേജസ്സോടു കൂടിയവനുമായ ശ്രീ ശുകനെ കണ്ടു. തന്റെ പുത്രന്‍ എന്നതിനേക്കാളുപരി സ്വപ്രയത്നത്താല്‍ പരമജ്ഞാനിയായിത്തീര്‍ന്നിട്ടുള്ളവനാണ്. അറിവിന്റെ അപാരത കണ്ടറിഞ്ഞവന്‍. ഇന്ദ്രിയനിഗ്രവും വിഷയവിരക്തിയും ആത്മജ്ഞാനവും നേടിയ യുവാവ്. യോഗികള്‍ക്കും മുനിമാര്‍ക്കും ബഹുമാന്യനായ മഹാതേജസ്വി.
അവര്‍ മൗനമായി കുറെനേരം പരസ്പരം നോക്കിയിരുന്നുപോയി. ഒടുവില്‍ ശ്രീശുകന്‍ ശാന്തനായി ചോദിച്ചു:
“മഹര്‍ഷേ, അവിടുത്തേയ്ക്ക് അടിയന്റെ വിനീതനമസ്കാരങ്ങള്‍. പലതും അറിയുന്നതിനു വേണ്ടി അങ്ങയോട് ചിലത് ചോദിക്കാന്‍ ആഗ്രഹിക്കുന്നു.”
“താങ്കളുടെ ചോദ്യത്തില്‍ നമുക്ക് അതിയായ ജിജ്ഞാസയുണ്ട്. എന്താണെങ്കിലും.” വ്യാസമഹര്‍ഷി വളരെ താല്പര്യപൂര്‍വ്വം പറഞ്ഞു.
“മഹാമുനേ, ഈ സംസാരാഡംബരത്തിന്റെ ഉത്ഭവം എങ്ങനെയാണ്? ഇത് എങ്ങനെയാണ് വിലയം പ്രാപിക്കുന്നത്? ഇത് എന്താണ്? ആരുടേതാണ്? ഇത് എപ്പോഴുണ്ടായി? അങ്ങ് ദയവു ചെയ്ത് ഇതെല്ലാം എനിക്ക് പറഞ്ഞു തന്നാലും.” ശ്രീശുകന്‍ കരങ്ങള്‍ കൂപ്പി വ്യാസമഹര്‍ഷിയോട് അഭ്യര്‍ത്ഥിച്ചു.
വ്യാസമഹര്‍ഷിയ്ക്കു സന്തോഷമായി. എന്തെല്ലാമാണോ തന്റെ പുത്രന്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത് അവതന്നെയാണ് ഇപ്പോള്‍ ചോദിച്ചിരിക്കുന്നത്. പുത്രനു പറഞ്ഞു കൊടുക്കുവാനാഗ്രഹിച്ചിരിക്കുന്ന രഹസ്യമായ തത്ത്വങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
ശുകദേവന്റെ ജിജ്ഞാസ കണ്ടിട്ട് ആത്മജ്ഞാനിയായ വ്യാസമുനി സന്തുഷ്ടനായി.
“നമുക്ക് സന്തോഷമായി. ഈ സംസാരരാഡംബത്തിന്റെ ഉത്ഭവം മുതല്‍ എല്ലാം നാമിപ്പോള്‍ ഉപദേശിച്ചു തരാം. കേട്ടാലും.” വ്യാസമുനി എല്ലാക്കാര്യങ്ങളും പുത്രന് വേണ്ടതു പോലെ ഉപദേശിച്ചു പറഞ്ഞു കൊടുത്തു. എന്നിട്ട് നിറഞ്ഞ സംതൃപിയോടെ ശുകദേവന്റെ മുഖത്തേയ്ക്കു നോക്കി.
ശുകദേവന്റെ മുഖത്ത് നിരാശ നിറഞ്ഞു നില്ക്കുന്നത് വ്യാസമുനി കണ്ടു.
ശുകദേവന്‍ അലക്ഷ്യമായി മേരുപര്‍വ്വതത്തിന്റെ അനന്തതകളിലേയ്ക്ക് കണ്ണുകള്‍ പായിച്ചുകൊണ്ടിരുന്നു. പ്രതീക്ഷകളോടെയാണ് പിതാവായ മാമുനിയോട് അറിയേണ്ടവയായ പലതും ചോദിച്ചത്. പക്ഷേ തനിക്കു നേരത്തേതന്നെ അറിയാവുന്നവ തന്നെയാണ് മറുപടിയായി ഉപദേശിക്കുന്നത്. ശുകനു നിരാശ തോന്നി. പിതാവിന്റെ ഉപദേശങ്ങള്‍ വേണ്ടത്ര ശ്രദ്ധയോ താല്പര്യമോ പ്രകടിപ്പിച്ചില്ല. അലക്ഷ്യമായിട്ടിരുന്നു.
ശ്രീശുകന്റെ ഈ ഭാവം വ്യാസന് മനസ്സിലായി. മഹര്‍ഷി ആലോചിച്ചു. ശുകദേവന്‍ സ്വബുദ്ധ്യാല്‍ ആത്മതത്വം അറിഞ്ഞവനാണ്. വീണ്ടും സംശയം ഉണ്ടാകേണ്ട കാര്യമില്ല. സംശയം അവശേഷിക്കുന്ന സ്ഥിതിക്ക് ആ സംശയങ്ങളെ ഇല്ലാതാക്കിക്കൊടുക്കണം. പക്ഷേ ഉപദേഷ്ടാവായ താന്‍ പിതാവായതുകൊണ്ടാവാം വേണ്ടത്ര ശ്രദ്ധ പ്രകടിപ്പിക്കുന്നില്ല. മാത്രവുമല്ല ഇതെല്ലാം തനിക്കറിയാവുന്നതന്നെയെന്നും വിചാരിക്കുന്നുണ്ട്. അതിനാല്‍ ബന്ധുവല്ലാത്ത മറ്റൊരു ഗുരുവിന്റെ അടുക്കലേയ്ക്ക് ശ്രീശുകനെ അയയ്ക്കുകതന്നെ.
ഉദാസീനനായിട്ടിരിക്കുന്ന ശ്രീശുകനോട് ചെറുചിരിയോടെ വ്യാസമഹര്‍ഷി പറഞ്ഞു:
“ശ്രീശുകാ, നീ സ്വയം അറിഞ്ഞവതന്നെയാണ് ഞാനിപ്പോള്‍ ഉപദേശിച്ചവയെല്ലാം. വാസ്തവത്തില്‍ ഇക്കാര്യങ്ങളെ തത്ത്വപരമായിട്ട് ഞാനും അറിയുന്നില്ല. നിനക്ക് ഇക്കാര്യത്തില്‍ വളരെയധികം ജിജ്ഞാസയും സംശയങ്ങളുമുണ്ട്. നല്ലതു തന്നെ. അതിനാല്‍ ഈ വിഷയത്തില്‍ പരിപൂര്‍ണ്ണ ജ്ഞാനമുള്ള ഒരാളെ സമീപിക്കുക. മിഥിലാധിപതിയായ ജനകമഹാരാജാവ് നിന്റെ എല്ലാ സംശയങ്ങളേയും തീര്‍ക്കുവാന്‍ മാത്രം അറിവുള്ളവനാണ്. താല്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുക. ഒട്ടേറെ ജ്ഞാനികള്‍ക്ക് അദ്ദേഹം ആത്മോപദേശം നല്കിയിട്ടുണ്ട്. നീ ആഗ്രഹിക്കുന്ന ജ്ഞാനം അദ്ദേഹത്തില്‍നിന്ന് ലഭിക്കും. ഇപ്പോള്‍ തന്നെ പുറപ്പെട്ടാലും!”
പിതൃവാക്യം കേട്ട് ശ്രീശുകദേവന്‍ എഴുന്നേറ്റു. പിതാവിനെ നമസ്ക്കരിച്ചിട്ട് അവിടെ നിന്ന് നടന്നകന്നു. മഹാമേരുപര്‍വ്വതത്തിലൂടെ നടന്ന് അദ്ദേഹം താഴെയിറങ്ങി. സമതലഭൂമിയില്‍ കൂടി മിഥിലാപുരിയെ ലക്ഷ്യമാക്കി നടന്നു.
സമ്പദ്സമൃദ്ധമായ മിഥിലാപുരി എന്ന രാജ്യത്തെക്കുറിച്ചും ആ രാജ്യം ധാര്‍മ്മികമായി പരിപാലിക്കുന്ന ജനകമഹാരാജാവിനെ കുറിച്ചും ശ്രീശുകദേവന്‍ വളരെയധികം കേട്ടിട്ടുണ്ട്. മഹാരാജാവായി സിംഹാസനത്തിലിരുന്ന് രാജ്യഭരണം നടത്തുന്നവനെങ്കിലും മഹാജ്ഞാനിയാണദ്ദേഹം. അനേകപണ്ഡിതന്‍മാര്‍ക്കും മഹര്‍ഷിമാര്‍ക്കും ആത്മാന്വേഷകര്‍ക്കും എല്ലാത്തരത്തിലും ആശ്രയകേന്ദ്രമാണ് ജനകമഹാരാജാവ്. ആ പരിപൂര്‍ണ്ണ ജ്ഞാനിയില്‍നിന്ന് തനിക്ക് അറിവിന്റെ അപാരതയെ ഗ്രഹിക്കാനാകും. സംശയമില്ല.
ശ്രീശുകന്‍ വളരെദൂരം യാത്ര ചെയ്തത് ജനകമഹാരാജാവിന്റെ മിഥിലാപുരിയില്‍ പ്രവേശിച്ചു.
മനോഹരമായ തലസ്ഥാന നഗരം. സന്തുഷ്ടരായി നടക്കുന്ന ജനങ്ങള്‍. അതിമനോഹരങ്ങളും അംബരചുംബികളും മിഥിലാപുരിയില്‍ സകലപ്രൗഢിയും എടുത്തുകാട്ടുന്നവയുമാണ് രാജകൊട്ടാരങ്ങള്‍. പ്രധാന കൊട്ടാരത്തിന്റെ കവാടത്തിനു മുമ്പില്‍ ശുകദേവന്‍ എത്തിനിന്നു.
ദ്വാരപാലകന്‍മാര്‍ക്ക് വിസ്മയമായി. വേദവ്യാസമഹര്‍ഷിയുടെ പുത്രനും മഹാമതിയുമായ ശ്രീശുകന്‍ ഇതാ കണ്‍മുമ്പില്‍ വന്നുനില്ക്കുന്നു. മിഥിലാദേശം സന്ദര്‍ശിക്കാനെത്തുന്ന പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ കാണാന്‍ കഴിയുന്നത് ഇതാദ്യമാണ്. ഇത്രയും കാലം ഈ മഹാ‍ജ്ഞാനി മാത്രം എന്തു കൊണ്ട് ഇവിടെ സന്ദര്‍ശിക്കാന്‍ എത്തിയില്ല. അപ്രതീക്ഷിതമായി ഇപ്പോള്‍ എത്തിയിരിക്കുന്നു. മുനിമാരേയും തപസ്സികളേയും ആനന്ദിപ്പിക്കുന്നതില്‍ മഹാരാജാവിനുള്ള സാമര്‍ത്ഥ്യം ഇന്ന് പരിപൂര്‍ണ്ണമായി പ്രകടിപ്പിക്കപ്പെടും.
ശുകദേവന്‍ വന്നതറിഞ്ഞ് ദ്വാരപാലകന്മാര്‍ ജനകമഹാരാജാവിന്റെ സമീപത്തേയ്ക്ക് കുതിച്ചു. രാജാവിനെ വണങ്ങി വൃത്താന്തം അറിയിച്ചു.
“പ്രഭോ, വ്യാസമഹര്‍ഷ്യുടെ ധീരനായ പുത്രന്‍ ശുകദേവന്‍ കൊട്ടാരവാതില്‍ക്കല്‍ നില്‍ക്കുന്നു!”
ഇതുകേട്ട് ജനകമഹാരാജാവ് അവജ്ഞയോടെ പറഞ്ഞു: “അദ്ദേഹം അവിടെത്തന്നെ നില്ക്കട്ടെ!”
ദ്വാരപാലകന്‍മാര്‍ ഒന്നും മിണ്ടാതെ കവാടത്തിലേയ്ക്കുമടങ്ങി. ശുകദേവന്‍ ജനകമഹാരാജാവിന്റെ അനുമതിയും കാത്ത് അവിടെ തന്നെ ഒരു പ്രതിമയെപ്പോലെ ശാന്തഗംഭീരനായി നിന്നു.
ഏഴുദിവസങ്ങള്‍ കടന്നുപോയി. അതുവരെ ജനകമഹാരാജാവ് തന്റെ അതിഥിയെപ്പറ്റി ആരോടും ഒന്നും അന്വേഷിച്ചില്ല. എട്ടാം ദിവസം ശ്രീശുകനെ കൊട്ടാരത്തിന്റെ മുറ്റത്തേയ്ക്കു ക്ഷണിച്ചു.
“കവാടത്തിനു പുറത്തു നില്ക്കുന്ന ശുകദേവനെ കടത്തിവിടൂ!” ജനകന്റെ ആജ്ഞപ്രകാരം കവാടത്തിനു പുറത്തു നിന്ന് അകത്തുകടന്ന ശ്രീശുകദേവന്‍ ഏഴുദിവസം അവിടെ കാത്തു നില്ക്കേണ്ടിവന്നു. ആരും ഒന്നും അന്വേഷിച്ചില്ല. പഴയപടി കാത്തുനിന്നു. വീണ്ടും എട്ടാം ദിവസം അദ്ദേഹത്തെ അന്തഃപുരത്തിലേയ്ക്ക് ക്ഷണിച്ചു. അവിടെയും ഏഴുദിവസങ്ങള്‍ കാത്തുനില്ക്കേണ്ടിവന്നു. ​എന്നാല്‍ രാജാവ് ശുകദേവന്റെ മുമ്പില്‍ വരികയോ സംസാരിക്കുകയോ എന്തെങ്കിലും അന്വേഷിക്കുകയോ പോലും ചെയ്തില്ല. ഇപ്പോള്‍ ആകെ ഇരുപത്തിയൊന്ന് ദിവസങ്ങള്‍ കഴിഞ്ഞിരുന്നു.
ഇരുപത്തിരണ്ടാം ദിവസം ജനകമഹാരാജാവ് തന്റെ വിശിഷ്ടാതിഥിയെ കാണുവാനും സ്വീകരിക്കുവാനും തയ്യാറായി. കൊട്ടാരത്തിലെ ഏറ്റവും സുന്ദരികളും യുവതികളുമായ സ്ത്രീകളോട് മനോഹരമായ ഒരുക്കങ്ങള്‍ ചെയ്യാന്‍ ഏര്‍പ്പാടാക്കി. അവര്‍ വളരെ ഭംഗിയില്‍ അണിഞ്ഞൊരുങ്ങി. പൂക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, നിറദീപങ്ങള്‍, മുത്തുക്കുടകള്‍, താളമേളങ്ങള്‍, വാദ്യങ്ങള്‍, പട്ടുവസ്ത്രങ്ങള്‍ എന്നിവകളെല്ലാം എടുത്ത് അനേക വാല്യക്കാരോടും നൃത്തക്കാരോടുമൊപ്പം വേഗമെത്തി. രാജാവ് അവരോടും വിവിധ പ്രകാരത്തിലുള്ള ഭോജനദ്രവ്യങ്ങളോടും, മറ്റു സുയോഗ്യവസ്തുക്കളോടും കൂടി ശുകദേവന്റെ മുമ്പില്‍ നേരിട്ട് ചെന്ന് സല്‍ക്കാരങ്ങള്‍ ആരംഭിച്ചു. ചക്രവര്‍ത്തിമാര്‍പോലും കൊതിക്കുന്നതരത്തിലുള്ള ഗംഭീരസ്വീകരണമാണ് ശുകദേവന് രാജാവ് നല്‍കിയത്.
ശുകനെ സ്വര്‍ണ്ണപ്പല്ലക്കില്‍ കയറ്റിയിരുത്തി കൊട്ടാരത്തിനു പ്രദക്ഷിണം നടത്തി. സുഗന്ധദ്രവ്യങ്ങള്‍കൊണ്ട് കുളിപ്പിച്ചു. വിശിഷ്ടവസ്ത്രങ്ങള്‍ നല്കി. സ്വാദൂറുന്ന ഭക്ഷണപാനീയങ്ങള്‍ മതിയാവോളം ഒരുക്കിവച്ചു. സുന്ദരിമാരായ യുവതികളെക്കൊണ്ട് ശുശ്രൂഷകള്‍ ചെയ്യിപ്പിച്ചു. അവര്‍ മനോഹരഗാനങ്ങള്‍ പാടി. നൃത്തമാടിത്തിമിര്‍ത്തു. ശുകനെ ലാളിച്ചു.
എന്നാല്‍ ശുകദേവന്‍ സൗമ്യവദനനായി നിലകൊണ്ടു. തനിക്ക് നല്‍കപ്പെട്ട ഭോഗവസ്തുക്കളും ഉഗ്രന്‍ സ്വീകരണങ്ങളുമൊന്നും ആകര്‍ഷണീയങ്ങളായി അദ്ദേഹത്തിനു തോന്നിയില്ല. സുന്ദരാംഗനകളുടെ ലാളനകള്‍ക്ക് അദ്ദേഹത്തിന്റെ മനസ്സിനെ ഇളക്കാനായില്ല. പ്രപഞ്ചത്തിലെ സുഖഭോഗങ്ങളെല്ലാം ശുകദേവന് വെറുക്കപ്പെട്ട വസ്തുക്കളായിരുന്നു. ദൃഢമായ ഒരു വന്‍പര്‍വ്വതത്തിനുമുമ്പില്‍ നേരിയ ഇളം കാറ്റുപോലെയായിപ്പോയി ജനകദേവന്റെ സ്വീകരണപദ്ധതികളെല്ലാം.
ഉറച്ച കരിമ്പാറക്കെട്ടുപോലെ ആത്മാവില്‍ മനസ്സ് ഏകാഗ്രവും ദൃഢവുമാക്കിയവനാണ് ശുകദേവന്‍. ജനകമഹാരാജാവ് കൊണ്ടുവന്ന സുഖഭോഗങ്ങളെല്ലാം ശുകദേവന് നിസ്സാരങ്ങളായിരുന്നു. വളരെ വിധത്തില്‍ പ്രലോഭനങ്ങളെ ഉണ്ടാക്കിയിട്ടും ശുകദേവന്റെ മനസ്സിനെ വ്യതിചലിപ്പിക്കുവാന്‍ രാജാവിനായില്ല.
ശുകദേവന്‍ ഏറ്റവും ശാന്തനായി നിലകൊണ്ടു. തികച്ചും വികാര രഹിതന്‍. പ്രസന്നചിത്തന്‍, സമഭാവനായുക്തന്‍, സംഗദോഷരഹിതന്‍. നിര്‍മ്മലനായ പൂര്‍ണ്ണചന്ദ്രനെപ്പോലെ ശുഭ്രതേജസ്സോടുകൂടിയവന്‍.
താന്‍ ഏര്‍പ്പെടുത്തിയ പ്രലോഭനങ്ങളെ അതിജീവിച്ചു നില്ക്കുന്ന ശുകദേവനെ സമീപിച്ച് ജനകമഹാരാജാവ് ഭക്തിപൂര്‍വ്വം നമസ്ക്കരിച്ചു. എന്നിട്ട് എളിമയോടെ തല കുനിച്ചുകൊണ്ട് പറഞ്ഞു:
“മഹാനുഭാവനായ മഹര്‍ഷേ, സാദരനമസ്ക്കാരങ്ങള്‍. അങ്ങ് അങ്ങയുടെ പ്രാപഞ്ചികവിഷയങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നവനാണ്. ഇപ്പോള്‍ അങ്ങ് എല്ലാ മനോരഥങ്ങളും നേടിയവനുമായിട്ടിരിക്കുന്നു. ഇനി അവിടുത്തേയ്ക്ക് എന്തെങ്കിലും നേടാനുള്ളതായി നാം കാണുന്നില്ല. എങ്കിലും ഈ സന്ദര്‍ഭത്തില്‍ വിനീതനായി ചോദിക്കുകയാണ്. അങ്ങേയ്ക്ക് എന്തെങ്കിലും ആഗ്രഹം ബാക്കിയായിട്ട് ഉണ്ടെങ്കില്‍ ദയവായി പറഞ്ഞാലും. അവിടുത്തെ ഏതാഗ്രഹത്തെയാണ് ഇനി എന്നാല്‍ പൂര്‍ത്തിയാക്കേണ്ടതായിട്ടുള്ളത്.” ജനകമഹാരാജാവ് ഈ വിധം ഭവ്യതയോടെ ചോദിച്ചു.
ഇതുകേട്ട് ശ്രീശുകന്‍ നിന്നിടത്തു നിന്ന് ഒന്നിളകി. ചെറുതായിട്ടെങ്കിലും മനസ്സു തുറന്ന് വിശാലമായിട്ടൊന്നു പുഞ്ചിരിച്ചു. എന്നിട്ട് ജനകമഹാരാജാവിന്റെ മുമ്പിലേയ്ക്ക് നടന്നടുത്ത് ആ പാദങ്ങളില്‍ ദീര്‍ഘദണ്ഡ നമസ്ക്കാരം ചെയ്തു. എഴുന്നേറ്റിട്ട് ജിജ്ഞാസയോടെ പറഞ്ഞു:
“അല്ലായോ ഗുരുശ്രേഷ്ഠ, അടിയന് ചില സംശയങ്ങള്‍ അവശേഷിക്കുന്നു. ഈ സാംസ്കാരിക പ്രപഞ്ചം എങ്ങനെയുണ്ടാകുന്നു? ഇത് എങ്ങനെ വിലയം പ്രാപിക്കുന്നു? ഇതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വേണ്ടതുപോലെ എനിക്ക് ഉപദേശിച്ചു നല്‍കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.”
“മഹാമുനേ, വ്യാസപുത്രനായ അവിടുത്തേയ്ക്ക് പ്രപഞ്ച നിഗൂഢകളില്‍ സംശയം അവശേഷിക്കുന്നുവെന്നതില്‍ വിസ്മയം തോന്നുന്നു. ഗുരുസ്ഥാനത്തുനിന്ന് ഉപദേശിക്കുവാന്‍ മാത്രം ശക്തനല്ലെന്നിരിക്കിലും കാര്യങ്ങള്‍ പറഞ്ഞുതരാം. കേട്ടാലും.” സന്തോഷപൂര്‍വ്വം ജനകമഹാരാജാവ് ആത്മതത്ത്വം ഉപദേശിക്കുവാന്‍ തുടങ്ങി.
ശുകദേവന്‍ ശ്രദ്ധയോടെ കേട്ടിരുന്നു. ​എന്നാല്‍ മഹാരാജാവ് പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ വ്യാസഭഗവാന്‍ ഉപദേശിച്ചതിന്റെ ആവര്‍ത്തനം മാത്രമായിരുന്നു. അതിനാല്‍ തെല്ല് മടുപ്പു തോന്നിയ ശുകദേവന്‍ പറഞ്ഞു.
“ഈ കാര്യങ്ങളൊക്കെ എന്റെ അച്ഛന്‍ എന്നോട് പറഞ്ഞിട്ടുള്ളവയാണ്. എന്നുമാത്രമല്ല, ഞാന്‍ ആദ്യമേ സ്വയമേവ മനസ്സിലാക്കിയിട്ടുള്ളവയുമാണ്. അങ്ങ് എന്നോട് ഇപ്പോള്‍ പറഞ്ഞതും അതേ കാര്യങ്ങള്‍ തന്നെയാണ്. ശാസ്ത്രങ്ങളിലും ഇതു തന്നെ ഉദ്ഘോഷിക്കുന്നു. ഇനി പറയാം പ്രപഞ്ചമെന്നത് വാസ്തവത്തില്‍ ഇല്ലാത്തതാണ്. മനസ്സിന്റെ സങ്കല്പവികല്പങ്ങളെക്കൊണ്ടാണ് പ്രപഞ്ചത്തിന്റെ ഉല്പത്തിയും നാശവും സംഭവിക്കുന്നത്. സങ്കല്പം കൊണ്ട് പ്രപഞ്ചം ഉല്പന്നമാകുന്നു. അത് നഷ്ടമായാല്‍ പ്രപഞ്ചത്തിനു നാശം സം‌ഭവിക്കുന്നു. ഈ പ്രപഞ്ചം അതിഗര്‍ഹണീയവും വാസ്തവത്തില്‍ ഇല്ലാത്തതുമാണെന്ന് എനിക്കറിയാം. അപ്പോള്‍ പിന്നെ എന്താണ് വാസ്തവത്തില്‍ ഉള്ളത് ? എന്താണ് യഥാര്‍തഥ വസ്തു ? ഈ കാര്യം എനിക്ക് അങ്ങ് വേണ്ടതുപോലെ പറഞ്ഞുതന്നാലും! എന്റെ ചിത്തം ജഗത‍് വിഷയത്തില്‍ ഭ്രമിച്ചു നട്ടം തിരിയുകയാണ്. അങ്ങ് സത്യത്തെ പറഞ്ഞു തന്നാലും. അവിടുത്തെ സദുപദേശംകൊണ്ടു മാത്രമേ എനിക്ക് ശാന്തി ലഭിക്കുകയുള്ളൂ.”
ശുകദേവന്റെ അഭ്യര്‍ത്ഥന കേട്ടിട്ട് ജനകമഹാരാജാവ് ശാന്തനായി ഉപദേശിച്ചു തുടങ്ങി.
“ശുകദേവാ! ഇനി ഞാന്‍ അങ്ങേയ്ക്ക് ജ്ഞാനത്തെപ്പറ്റി സവിസ്തരം ഉപദേശിച്ചു തരാം. യഥാര്‍ത്ഥജ്ഞാനം എല്ലാ ജ്ഞാനങ്ങളുടേയും സാരവും സര്‍വ്വരഹസ്യവുമാകുന്നു. പരമമായ ഈ ജ്ഞാനത്തെ ആര്‍ജ്ജിക്കുന്നവനാണ് യഥാര്‍ത്ഥപുരുഷന്‍. അവന്‍ വളരെവേഗം മുക്ത്യാവസ്ഥയെ പ്രാപിക്കും.”
വാസ്തവത്തില്‍ ഈ ദൃശ്യപ്രപഞ്ചം മനസ്സിന്റെ ഭ്രമം മാത്രമാണ്. ഈ ദൃശ്യപ്രപഞ്ചം ഭ്രമമാണെന്ന് ദൃഢമായി അറിഞ്ഞുകഴിഞ്ഞാല്‍ മനസ്സിന്റെ ഭ്രമം മാറി. അതോടെ അവാസ്തവികവിഷയങ്ങളില്‍നിന്ന് മനസ്സ് വേറിട്ട് ശുദ്ധമായിത്തീരും. ജ്ഞാനം പൂര്‍ണ്ണമായി ലഭിച്ചു കഴിഞ്ഞാല്‍ നിര്‍വ്വാണശക്തി കൈവരുന്നു. അത് മനസ്സിന്റെ നിര്‍വൃതിയാണ്. മനസ്സില്‍ വാസനകള്‍ അല്പം പോലും അവശേഷിക്കരുത്. മനസ്സില്‍ നിന്ന് വാസനകളെ അശേഷേണ ഇല്ലാതാക്കുന്നതാണ് ഏറ്റവും പരമവും ശ്രേഷ്ഠവുമായ ത്യാഗം. വിമലമായ മനസ്സിന്റെ അത്യുദാത്തമായ ത്യാഗപരിസമാപ്തിയുടെ ഫലമാണ് ശ്രേഷ്ഠമായ മോക്ഷാവസ്ഥ.
ശുദ്ധമായ കാമനകളോടും, അര്‍ത്ഥശൂന്യമായ ജീവിതത്തോടും കൂടി ആരാണോ അറിയേണ്ട യഥാര്‍ത്ഥ തത്ത്വങ്ങള്‍ അറിഞ്ഞിട്ടുള്ളത് അവനാണ് ജീവന്മുക്തന്‍. ഹേ, ശുകദേവാ! അറിഞ്ഞാലും. പദാര്‍ത്ഥഭാവനാദാര്‍ഢ്യമാണ് ബന്ധനം. വാസനാനാശം തന്നെ മോക്ഷം.
ജീവന്‍മുക്തനെക്കുറിച്ച് ഇനി വിശദീകരിക്കാം. തപസ്സ് മുതലായ സാധനകള്‍ ഒന്നും അനുഷ്ഠിക്കാതെ തന്നെ സ്വാഭാവികമായി ലോകത്തിലെ സുഖഭോഗങ്ങളില്‍ നിന്ന് വിരക്തനായിരിക്കുന്നവന്‍ ആരാണോ അവനാണ് ജീവന്‍മുക്തന്‍. പ്രാപഞ്ചിക സുഖദുഃഖങ്ങള്‍ ജീവന്‍മുക്തനെ ബാധിക്കുന്നില്ല. അപ്പപ്പോള്‍ ലഭിക്കുന്ന സുഖത്തില്‍ സന്തുഷ്ടിയോ ദുഃഖത്തില്‍ അസന്തുഷ്ടിയോ അനുഭവപ്പെടുന്നില്ല. ഏതവസ്ഥയും ജീവന്‍മുക്തന് ഒന്നുപോലെതന്നെ. കാമം, ക്രോധം, ഹര്‍ഷം, ശോകം തുടങ്ങിയ വികാരങ്ങളില്‍ നിന്ന് വിമുക്തനും അഹങ്കാരയുക്തമായ വാസനയെ സ്വാഭാവികമായിത്തന്നെ പരിത്യജിച്ചവനുമാണ് ജീവന്മുക്തന്‍.
അവന്‍ ചിത്തത്തിന്റെ ഉദാത്തഭാവനയെ ആശ്രയിച്ച് സദാ ത്യാഗിയായിരിക്കും. പദാര്‍ത്ഥങ്ങളില്‍ കാമനകളില്ല. ബാഹ്യവിഷയങ്ങള്‍ മനസ്സിനെ യാതൊരു തരത്തിലും ബാധിക്കുന്നില്ല. എപ്പോഴും അന്തര്‍മുഖമായ ദൃഷ്ടി. ശുദ്ധമായ, ശാന്തമായ മനസ്സ്. ചിത്തം സദാ സ്വസ്വരൂപമായ ആത്മാവില്‍ ലയിച്ചിരിക്കുന്നു. ആഗ്രഹമോ ആസക്തിയോ ഇല്ലാത്ത ഉദാസീനഭാവം, പ്രശാന്തഭാവം.
ജീവന്‍മുക്തന്‍ രാഗദ്വേഷരഹിതനും ദുഃഖാദികളില്‍ നിരപേക്ഷനുമാണ്. ധാര്‍മ്മിക കര്‍മ്മങ്ങള്‍ അഅനുഷ്ഠിക്കുന്നവനായി കാണപ്പെടുമെങ്കിലും കര്‍മ്മാസക്തിയോ, ഫലേച്ഛയോ ഉണ്ടായിരിക്കുകയില്ല. അവന്‍ ധര്‍മ്മാധര്‍മ്മങ്ങളില്‍ നിര്‍ലിപ്തനായിരിക്കും. കര്‍മ്മനിരതനെങ്കിലും മോഹരഹിതനും ഉദ്വേഗരഹിതനുമായിരിക്കും. എല്ലാത്തിനും സാക്ഷിയെന്നോണം ജീവിതം നയിക്കും. ആഹാരം, വസ്ത്രധാരണം, ശയനം, ദേഹസംരക്ഷണം തുടങ്ങിയവയിലൊന്നും പ്രത്യേക നിഷ്ക്കര്‍ഷത പുലര്‍ത്തിയില്ല. പുളിപ്പ്, മധുരം, ഉപ്പ്, കയ്പ് എന്നിവയെ വേര്‍തിരിച്ചു പരിഗണിക്കുന്നില്ല. ആഹാരപദാര്‍ത്ഥങ്ങളെ സ്വാദിഷ്ടം, അസ്വാദിഷ്ടം, ദുസ്വാദിഷ്ടം എന്നിങ്ങനെ നോക്കുന്നില്ല. എല്ലാ രസങ്ങളേയും ഒന്നായിക്കരുതി ആഹാരം കഴിക്കുന്നു. ആപത്ത്, ഐശ്വര്യം, ദാരിദ്ര്യം തുടങ്ങിയ വിഭിന്നദശകളില്‍ സമഭാവനയോടുകൂടി എല്ലാ പരിതഃസ്ഥിതികളിലും സന്തുഷ്ടചിത്തനായിരിക്കും. ജനനമരണങ്ങളില്‍ ഹര്‍ഷശോകങ്ങളുണ്ടാകുന്നില്ല. സൃഷ്ടി-സ്ഥിതി-ലയാവസ്ഥകളിലും ഉന്നതി, അവനതികളിലും സമചിത്തനായിരിക്കാന്‍ ജീവന്‍മുക്തനു കഴിയുന്നു. ഒന്നിനോടും മമതയോ ഈര്‍ഷ്യയോ ഇല്ല.
ലോകത്തിലെ എല്ലാ സമ്പദ്സമൃദ്ധികളുടേയും മദ്ധ്യേവിരാജിക്കുന്നവനെങ്കിലും ജീവന്‍മുക്തന്‍ എല്ലാത്തിനേയും പരധനമെന്നപോലെ കരുതി നിസ്പൃഹനായിരിക്കുന്നു. ആത്മാവില്‍മാത്രം പൂര്‍ണ്ണത്വാനുഭൂതിയോടിരിക്കുന്ന ആ മഹാത്മാവിനെയാണ് അറിവുള്ളവര്‍ ജീവന്‍മുക്തനെന്നു വിളിക്കുന്നത്.
ജീവന്മുക്തനായ മഹാത്മാവ് ദേഹമുള്ളിടത്തോളം കാലം ദേഹസ്ഥിതനായി കാണപ്പെടുന്നു. തന്റെ ശരീരത്തെ കാലസാത്ക്കരിച്ചതിനുശേഷം ജീവന്‍മുക്തപദത്തെയും ത്യജിച്ച് നിശ്ചലമായ പവനനെപ്പോലെ വിദേഹമുക്താവസ്ഥയെ പ്രാപിക്കുന്നു. വിദേഹമുക്താവസ്ഥയില്‍ അഭിവ്യക്തമാകാത്തതും അനിര്‍വ്വചനീയവുമായ സത്ത് മാത്രമാണ് അവശേഷിക്കുന്നത്. അത് അത്യന്തം പൂര്‍ണ്ണമാണ്. ഭാവനാരഹിതമാണ്.
ഹേ ശുകദേവാ,അങ്ങ് ബാഹ്യവും ആഭ്യന്തരവും ആയ ദൃശ്യങ്ങള്‍ കണ്ടിട്ടും അതിനെ കാണാത്തവനായിട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അങ്ങ് സമ്പൂര്‍ണ്ണമായ കൈവല്യാവസ്ഥയില്‍ കേവലം സാക്ഷിരൂപത്തില്‍തന്നെ സ്ഥിതിചെയ്യുന്നു. ഇനി എന്താണ് സംശയിക്കുവാനുള്ളത്?
ജനകമഹാരാജാവിന്റെ ഉപദേശങ്ങളെല്ലാം കേട്ട് ശ്രദ്ധയോടിരിക്കുകയായിരുന്നു ശ്രീശുകദേവന്‍. ഇതിനോടകം അദ്ദേഹത്തിന്റെ സംശയങ്ങളെല്ലാം നശിച്ചു കഴിഞ്ഞിരുന്നു. ശോകം,ഭയം, സംശയം, ഭ്രമം എന്നിവയൊന്നും കൂടാതെ കാമനാഹീനനായി പരമതത്ത്വസ്വരൂപമായ ആത്മാവില്‍ സ്ഥിരചിത്തനായിത്തീര്‍ന്നു.
“പ്രഭോ, ആ തത്ത്വം എന്നില്‍ വിളങ്ങുന്നതായി ഞാനനുഭവിക്കുന്നു.” നിര്‍വികാരനായി ശുകദേവന്‍ മൊഴിഞ്ഞു.
“ഞാന്‍ ധന്യനായി.” ജനകമഹാരാജാവ് സംതൃപ്തിയോടെ സാവധാനം എഴുന്നേറ്റു.
“ഇനി ഞാന്‍ മഹാമേരുവിലേയ്ക്ക് നടക്കട്ടെ.”
“അങ്ങയുടെ നിശ്ചയംപോലെ എല്ലാം സമംഗളം ഭവിക്കട്ടെ.”
ജനകമഹാരാജാവിന്റെ കൊട്ടാരത്തില്‍നിന്ന് ശ്രീശുകദേവന്‍ യാത്ര പറഞ്ഞിറങ്ങി. നേരെ മഹാമേരു പര്‍വ്വതത്തിലെത്തി. അവിടെ വ്യാസഭഗവാന്‍ കാത്തിരിക്കുകയായിരുന്നു. പുത്രന്റെ പ്രശാന്തസുന്ദരമായ ഭാവവും തേജസ്സും കണ്ട് മഹാമുനി സംതൃപ്തനായി.
ശ്രീശുകദേവന്‍ ആയിരം വര്‍ഷം മഹാമേരു പര്‍വ്വതത്തില്‍ വസിച്ച് ആത്മാനുചിന്തനത്തിലൂടെ നിര്‍വ്വികല്പസമാധിയിലെത്തിയ അദ്ദേഹം സങ്കല്പദോഷവിനിര്‍മുക്തനായി. ശുദ്ധസ്വരൂപനായി ആത്മപദത്തില്‍ താദാത്മ്യം പ്രാപിച്ചു.
ഓം തത് സത്
അവലംബം – മഹോപനിഷത്ത് , രണ്ടാം അദ്ധ്യായം